Saturday, February 19, 2011

പൈങ്കിളി....



നീ വന്ന് ഈ കൊമ്പില്‍
വിരലൂന്നിയപ്പോള്‍
എന്‍ ഹൃദയം പിടഞ്ഞതേത്
വേദനയാലാവാം....പൈങ്കിളി....??
നിന്നെ പോലൊരുവള്‍
പുസ്തകതാളുകളിലൊളിപ്പിച്ച
മയില്പ്പീലികളില്‍
സ്വപ്നങ്ങളൊരുക്കി
നീലമിഴിയില് പ്രണയം നിറച്ച്
രാധയായി പാറികളിച്ചിരുന്നു
വന ജ്യോത്സ്ന
അവളെ ഇറുകെ പുണര്ന്നു
വസന്തം
അവളില്‍ വര്ണ്ണങ്ങള്‍ നിറച്ചു
ഒരു പുതുമഴ വന്നപ്പോള്‍ അവളൊരു
വേഴാമ്പലിനെ പോലെ പൊട്ടിച്ചിരിച്ചു
പുതുമണ്ണിന്‍ മണം അവളില്‍
ലഹരി നിറച്ചു.....
പറന്നുല്ലസ്സിച്ചവളുടെ
നാണത്തിന്‍ ചിറകുകളോരോന്നായ്
ഉരിഞ്ഞേതോ വേടന്മാര്‍
ചുട്ടെടുത്തതീ
മരത്തിനു കീഴിലായിരുന്നു....

Saturday, February 12, 2011

ഫെബ്രുവരി-14

ചെമ്പനീര്‍ പൂവേ
നീ അന്നേതോ രാവില്‍
നീലമഞ്ഞില്‍ വിരിഞ്ഞെന്‍
കണ്മുന്നില്‍ മിഴിചിമ്മിയോ.....
പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളികള്‍
പ്രണയപാരവശ്യത്താല്‍
നിന്റെ ചുവന്ന ദളങ്ങള്‍ക്കുള്ളി-
ലൊളിക്കുവാന്‍ വെമ്പുന്നോ.....
ഓ, മറന്നുപോയി
നാളെയാണല്ലോ അല്ലെ
ആ ദിനം....ഫെബ്രുവരി-14
നിനക്കതിരാവിലെ ഒരുങ്ങണമല്ലൊ
പ്രണയാക്ഷരങ്ങളാല്‍ നിറച്ച ബഹു-
വര്‍ണ്ണപത്രങ്ങള്‍ പലതും ധരിച്ച്
ചിത്രനൂലുകള്‍ കൊണ്ട് ടൈ കെട്ടി
പ്രണയനാടകങ്ങള്‍ക്ക് ചെവിയോര്‍ത്ത്
ആണില്‍ നിന്നു പെണ്ണിലേക്കും
പെണ്ണില്‍ നിന്നു ആണിലേക്കും
പല കൈ മറിഞ്ഞ്
പല മെയ് ഉരുമ്മി
ചവറു കൂനയിലേക്ക്.......
ഇനി ഞാന്‍ തന്നെ മുഴക്കാം
നിന്റെ യാത്രക്കുള്ള ആദ്യ വിസില്‍.....