Thursday, February 19, 2015

വായകൊണ്ടുള്ള വെടിക്കെട്ടുകൾ



 വായകൊണ്ടുള്ള വെടിക്കെട്ടുകൾ    

 

പല പൂര പറമ്പുകളിൽ പോകുമ്പോഴും അവിടെ പൊട്ടുന്ന ഡൈനകളെക്കാൾ  വലിയ "വെടികൾ" വായകൊണ്ട് പൊട്ടിക്കുന്ന അപരിചിതരായ ചിലരെ കാണാറുണ്ട്. നിങ്ങളിൽ പലർക്കും ഇത്തരം അനുഭവങ്ങൾ  ഉണ്ടാകും. ആനകളെ കുറിച്ചും, വെടിക്കെട്ടിനെ കുറിച്ചും, പൂരങ്ങളെ കുറിച്ചും ഒക്കെ ഇത്തരം സംസാരങ്ങൾ കേൾക്കാം. അടുത്ത സമയത്ത് കണ്ണേങ്കാവ് പൂരത്തിന് പോയപ്പോളുണ്ടായ ഒരു അനുഭവം ഞാൻ പങ്കുവെക്കാം.......



കണ്ണേങ്കാവിൽ വടക്കുമുറിയുടെ വെടിക്കെട്ട് കഴിഞ്ഞ് പാടവരമ്പിൽ അടുത്ത ദേശത്തിന്റെ വെടിക്കെട്ടിനായിരിക്കുമ്പോളാണ് ഒരാൾ പറയുന്നത് കേൾക്കുന്നത് ഇതൊന്നും അല്ല വെടിക്കെട്ട്, പാലക്കാട് ജില്ലയി ലൊക്കെ പോവണം ഒന്നര മണിക്കൂറൊക്കെ നിന്ന് പൊട്ടും......ഈശ്വരാ......ഞാൻ അങ്ങേരെ ഒന്ന് നോക്കി, പുള്ളി കൂടെ വന്ന ആളോട് പറയുന്നതാണ്........ഞാൻ അത്ഭുതത്തോടെ  ശ്രദ്ധിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു പിന്നെ എന്നോടും കൂടി ആയി സംസാരം........



നെമ്മാറ ഒരു വേല ഉണ്ട് പോയിട്ടുണ്ടോ........ഞാനും അയാൾടെ കൂടെയുള്ള പുള്ളിയും ഇല്ലെന്നു തലയാട്ടി........ഒന്നര കോടിയുടെ വെടിക്കെട്ടാണ്.......ഒന്നര ലക്ഷം ചെറിയ കുഴികളാണ്, മൊളേം, കുറ്റീം ഒക്കെ വേറെ , പിന്നെ വലുത് ആയിരത്തിലധികം....... J C B ഉപയോഗിച്ച് കുഴികുത്തുന്ന ലോകത്തിലെ തന്നെ ഏക വെടിക്കെട്ട്  അവിടെ ആണ്.......കേട്ടു കൊണ്ടിരുന്ന മറ്റെ പുള്ളി "J C B  യോ ? " അതെന്തിനാ ??....... ഇയ്യെന്താ കരുത്യേ.......അമ്മാതിരി സാധനങ്ങളല്ലേ പൊട്ടിക്കണത്, കിണറ് പോലെയുള്ള കുഴികള് വേണം, ഒരു വല്യേ ലോറീല് ഒരെണ്ണം ഒക്കെ വെക്കാൻ പറ്റൂ, അത് പൊക്കാൻ തന്നെ വേണം അമ്പതാള്.........



അതുംകൂടി കേട്ടതോടെ ഞാനെന്റെ നെഞ്ചിൽ  കയ് വെച്ചു, അതെങ്ങാനും പൊട്ടിപോയാലോ........ ന്റെ  ഹൃദയം.......



കേട്ടു നിക്കണ പുള്ളിയുടെ അടുത്ത ചോദ്യം " ഒന്നര ലക്ഷം കുഴികള് ന്നൊക്കെ പറയുമ്പോ അത് കുയിക്കാൻ തന്നെ എത്ര ദീസം വേണ്ടേരും ന്നും???



ഉത്തരം : പിന്നെ വേണ്ടേ ?? ഒന്നോന്നരമാസം കുഴിക്കാൻ തന്നെ എടുക്കും, പത്തഞ്ഞൂറ് പണിക്കാരും.........സാധനം കൊണ്ടരണ ലോറ്യോളാണെങ്കിൽ തലങ്ങും വിലങ്ങും അഞ്ചാറെണ്ണം, ഇറക്കാ കൊണ്ടരാ, ഇറക്കാ കൊണ്ടരാ.......അതന്നെ ഓലുക്ക് പണി.......പിന്നെ ഇങ്ങക്ക് വേറെ ഒരു കാര്യം അറിയോ ഇമ്മടെ അവിടുത്തെ പോലെ ഒന്നും അല്ലെയ് അവിടെ കാശിനൊന്നും ഒരു പ്രശ്നോം ഇല്ലാത്ത നായന്മാരാ, അവര് മാത്രേ നെമ്മാറ കമ്മിറ്റീലുള്ളൂ........വല്ലങ്ങിക്ക് എല്ലാരും ഉണ്ട്......അവരിക്ക് പിന്നെ വേറൊരു പ്രശനം ണ്ട് , രണ്ട് മൂന്ന് കിലോമീറ്ററൊക്കെ കുഴിച്ചു വെക്കും അതില് പകുതീലും വെക്കില്ല ആളെ പറ്റിക്കണ പണിയാ , ന്നാലും മിക്കവാറും വെടിക്കെട്ട് ഒരതാ നന്നാവാ......പിരിക്കാനൊക്കെ പോണത് കളക്ടറും, എസ് പീം, എസ് ഐയും ഒക്കെ ആണ് പിന്നെ പൈസ കിട്ടതിരിക്കോ.......(ഹി ഹി ഹി എങ്ങനെ ചിരിക്കാതിരിക്കും, പരമാവധി കണ്ട്രോൾ ചെയ്തു ബാക്കി കൂടി കേൾക്കണമല്ലോ........) ഒരു വീട്ടില് എത്ര ജോലിക്കാരുണ്ടോ അവരടെ ഒക്കെ ഒരു മാസത്തെ ശമ്പളം അതാണ്പിരിവു.......പിന്നെ സ്പോണ്സർ ചെയ്യണതാണെങ്കിലോ കല്യാണും, കോഴിക്കാരില്ലേ സുഗുണ ഓരും, ശോഭേടെ നായരും ഒക്കെ ആണ്......ഒക്കെ കോടികളാണ് കൊടുക്കണത്........



ഞങ്ങടെ മുഖത്തെ സംശയം കണ്ടിട്ടോ എന്തോ പുള്ളി വീണ്ടും തുടങ്ങി.........ഇക്ക് ഇതൊക്കെ അറിയണത് എങ്ങനാന്നോ നമ്മടെ സ്വന്തക്കാരുണ്ടേ അവിടെ........ഞാനിതൊക്കെ ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്........വേറൊന്നും കൂടിയുണ്ട് ലോകത്ത് പെണ്ണുങ്ങൾ വെളിച്ചപ്പാടാവുന്ന ഏക അമ്പലവും അതാണ്‌, നെല്ലിയാമ്പതി അമ്മ എന്ന പറയ.......അവിടൊരു മല ണ്ട് അതിന്റെ മോളിലാ ശരിക്കുള്ള അമ്പലം ങ്ങള് പോവുമ്പൊ കാണാം........ഇപ്രാശ്യം എന്തായാലും പോണ്ടാ ട്ടോ വെള്ളിയാഴ്ചയാണ്........അവിടെ ചൊവ്വേം വെള്ളീം പൂരം വന്നാൽ വല്യേ പ്രശ്നാ........ചോര കാണും ന്നാ പറയ.......ന്റെ ഒരു ഫ്രെണ്ട് ഞാൻ പറയണത് കേൾക്കാതെ പോയി പരിക്ക് പറ്റീട്ടുണ്ട്........ഞാൻ ദിവസങ്ങളിൽ പൂരം വന്നാൽ പോവലില്ല.......



ഇതൊക്കെ ആണെങ്കിലും വേറൊരു കാര്യം അറിയോ ?? ഇതിനെക്കാൾ കൂടുതല് മരുന്നുള്ള ഒരു സ്ഥലം അതിന്റെ അടുത്തുണ്ട് കാവശ്ശേരി പറക്കുട്ടി കാവ്......ഫുള്ള് പൈസേം ഗൾഫീന്നാ ഇവടെ പേരിനു ഓരോ കമ്മിറ്റീകൾ ഉണ്ടെന്നേയുള്ളൂ പ്രവർത്തനം മുഴോനെ ഗൾഫിലാ.........രണ്ട് കോടിയുടെ വെടിക്കെട്ടാ........നാൽ മൂന്ന് പന്ത്രണ്ട് വെടിക്കെട്ട്‌, ഉച്ചക്കൊരു ഈടു പൊട്ടിക്കലുണ്ട് മൂന്നു ടീം , ലോകത്ത് വേറെ എവ്ടേം ഇല്ല അങ്ങനൊന്ന് ന്നാ അവര് പറയണേ, ഞാനും കണ്ടിട്ടില്ല........അഞ്ചാറ് കിലോമീറ്റർ അപ്പുറത്ത് നിന്നാ പൊട്ടി വരാ, ഒരു തലക്ക് ന്ന് മറ്റേ തലക്കില് മരുന്നിടാൻ മോട്ടോർ സൈക്കിളിലാ മരുന്ന് പണിക്കാരും കമ്മിറ്റീക്കാരും പോവാ, അത്ര ദൂരാ( ഞാനൊന്നൂടെ നെഞ്ചമർത്തി........ഇതൊന്നും കേട്ടു പൊട്ടല്ലെ ഹൃദയമേ.......) അതോണ്ടെന്താ മുഴോനെ നന്നായി ആര്ക്കും കാണാൻ പറ്റില്ല.....;) 



(ഇനി പുള്ളി പറയണത് ഇതുപോലെ തന്നെ വലിയ വിടലുകൾ ആണെങ്കിലും പേഴ്സണലായിട്ടു എനിക്ക് ഒരുപാട് സന്തോഷം തന്ന കാര്യങ്ങളാണ്.........തുടരട്ടെ.......)



വെടിക്കെട്ട് നന്നായി കാണണെങ്കിൽ  ഇതുപോലെ വേറൊരു പറക്കുട്ടികാവുണ്ട് തിരുവില്വാമലേൽ........അതാ മൂന്നാമത്തെ വല്യേ വെടിക്കെട്ട് നടക്കണ സ്ഥലം....(അപ്പൊ ഞാൻ പറഞ്ഞു പറക്കോട്ടുകാവല്ലേ കേട്ടിട്ടുണ്ട് ന്ന് , അതിൽ പുള്ളി ഒന്നൂടെ ചാർജ്  ആയി.....) ....പാറേടെ മോളിലിരുന്നാ കാണാ വെടിക്കെട്ട്, കുണ്ടിലാ അമ്പലം അവിടുന്നിങ്ങനെ പൊട്ടിവരും.....എമ്മാരി പൊട്ടാ ന്നോ, അണ്ണൻ ലോറി കേറ്റം വലിക്കണ പോലെ വേണോ വേണ്ടേ  വേണോ വേണ്ടേ ന്ന് പറഞ്ഞാ ഓരോ സാധനങ്ങള് ഇങ്ങനെ പൊങ്ങ.......ഉപ്പുമാങ്ങ ഭരണികള് പോലെ ണ്ടാവും, മ്മളിങ്ങനെ മുകളിലിരിക്കണോണ്ട് ശരിക്കും കാണാം.......എല്ലാടത്തും രണ്ടും മൂന്നും ദിവസം മുന്നേ സാമ്പിൾ,അവടെ ഒരാഴ്ച മുന്നേ ആണ്,പിന്നെ പൂരം വരേം പോട്ടലന്നെ പൊട്ടല്.......പൂരത്ത്തിന്റന്നു പത്തു പതിനഞ്ച് പൊട്ടലാ,  ഓരോന്നും തൊടങ്ങുമ്പോളും പൊട്ടലാ ,ഒരോർത്തീലു നിന്നാൽ വേറെ എവ്ടുന്നൊക്കെ പൊട്ടണതും കാണാം.......അവ്ടുതോര്ക്ക് തന്നെ അറിയില്ല എവ്ടൊക്കെ പൊട്ടല് ന്ന്........



അതുവരെ വായും പൊളിച്ച് കേട്ടു നിന്ന മറ്റെ ആളപ്പോൾ,  അല്ല ഈ വടക്കാഞ്ചേരീലെ  പൂരം നല്ല പൊട്ടലാണ് ന്ന് കേട്ടിട്ടുണ്ടല്ലോ ന്ന്.......



 ഉത്തരം : ഏത് ഉത്രാളിയോ ? അവിടെ നല്ല പൊട്ടലൊക്കെയുണ്ട് എന്നാലും ഇത്രയൊന്നും വരില്ല........(എന്റെ അഭിപ്രായത്തിൽ ഇന്ന് കേരളത്തിലെ നമ്പർ വണ്‍ ഉത്രാളി ആണ്, എന്നാലും ക്ഷമിച്ചു കേട്ടു നിന്നു........) അതിന്റെ കുറച്ചപ്പുറത്ത് ഒരു പൂരണ്ട്, അത്താണീൽ.......കുറ്റിയങ്കാവു.......അവിടുത്തെ സാമ്പിൾ ആണ് സൂപ്പർ, പൂരോം അത് പോലെ ഒക്കെ ഉണ്ടാവും......അതും കഴിഞ്ഞാൽ ചേലക്കരേൽ ഒന്നുണ്ട് ആനയോന്നും ഉണ്ടാവില്ല രാത്രി മുതൽ നേരം വെളുക്കൊളം പൊട്ടലന്നെ.......അതും കഴിഞ്ഞാ ഉത്രാളി വരുള്ളൂ........തൃശൂരോക്കെ പേരേയുള്ളൂ കാര്യല്ല്യാ, ഞാൻ പോവലൊന്നും ഇല്ല.......ഇനിപ്പോ ഈ മാസം ലാസ്റ്റ് കുന്നങ്കുളത്ത് ഒന്നുണ്ട് പന്തല്ലൂർ, മ്മക്ക് പോണം ട്ടോ ഞാൻ വിളിക്കാം ന്ന് മറ്റെ ആളോട്.......അതുകഴിഞ്ഞ് അതിന്റപ്പറത്ത് ഒരു കല്ലടി ക്കുന്ന് പൂരം ഉണ്ട് (കല്ലഴി ആകും ഉദ്ദേശിച്ചത് ന്ന് തോന്നുന്നു),അതും ഗംഭീരാണ്.......മ്മക്ക് പോവാം.......



വീണ്ടും മറ്റെ ആളിന്റെ ചോദ്യം അപ്പൊ പിന്നെങ്ങനെ തൃശൂരിനും,നെമ്മാറക്കും മാത്രം ഇത്ര പേര് ?



ഉത്തരം : അതിനെന്റെടാ അവിടൊന്നും വെടിക്കെട്ട് മാത്രല്ലലോ ആനേം, കൊട്ടും ഒക്കെ വാശിപൊറത്തല്ലേ.......കോടികളല്ലെ ഇട്ട് കളിക്കണത്........ഒരാൾ അഞ്ചു പറഞ്ഞാൽ മറ്റെ ആളു പത്തു പറഞ്ഞു ലേലം വിളിക്കും, വാശി തന്നെ വാശി......... പണ്ട് ഗുരുവായൂര് കേശവനെ ലേലത്തിൽ പിടിച്ചത് വല്ലങ്ങിയാ ഇരുപത് ലക്ഷത്തിന് , നെമ്മാറ പത്തിനാ വിളിച്ചത് വല്ലങ്ങി നേരെ ഡബിൾ......ആ വാശിക്ക് നെമ്മാറക്കാര് ഇറക്കിയ ആനയാ ഇന്നത്തെ തെച്ചിക്കോട് രാമേന്ദ്രൻ.......അന്ന് ഒന്നും അല്ല ആന, അവര് ആ കാശ് ഇറക്കി മൂന്നാല് മാസം വെറുതെ തിന്നാനൊക്കെ കൊടുത്ത് ഈ കോലത്തിലാക്കി ആനേനെ............ആന ഇത്തിരി പെശകാ, എല്ലാ കൊല്ലോം ഒന്ന് രണ്ട്‌ പേരെ ഒക്കെ തട്ടും........എന്നാലും അന്ന് തൊട്ട് കേസോ എന്ത് കുണ്ടാമണ്ടി ആണെങ്കിലും എല്ലാ വർഷവും  നെമ്മാറക്കാര് രാമേന്ദ്രനെ എഴുന്നള്ളിക്കും.........ഇപ്രാവശ്യം അമ്പത് ലെക്ഷത്തിൽ കൊറഞ്ഞ് ആന പരിപാടിയെ എടുക്കുന്നില്ല.......



(ഇപ്പോ വേറെ ഒരു കാര്യം ഓർമ്മ വരുന്നുണ്ട് നാലഞ്ച് വർഷം മുന്നേ മഞ്ഞുമ്മൽ രംഗനാഥൻ  എന്ന ആനക്ക് അങ്ങാടിപ്പുറത്ത് ഒരു സ്വീകരണം കൊടുത്തിരുന്നു,അന്നവിടെ ഒരാൾ പറയുന്ന കേട്ടു ഇതാണ് മഞ്ഞളാംകുഴി അലിയുടെ ആന , സംഗതി അയാള് മുസ്ലീമാണെങ്കിലും ഭഗവതിക്ക് എഴുന്നള്ളിക്കാൻ ആനയെ ഫ്രീ ആയി കൊടുത്തതാ അതോണ്ടാ ഈ സ്വീകരണം ഒക്കെ........)



ഞാൻ : ഈ ലെക്ഷത്തിനും കോടിക്കും ഒന്നും ഒരു വിലയും ഇല്ലാതെ പൊട്ടിക്കാണ്  ലെ.......കഴിഞ്ഞ വർഷവും ഈ ആന തന്നെ ആണൊ നെമ്മാറക്ക് വന്നത് ? അത്ര ഗംഭീരൻ ആനയാണോ ?? പേപ്പറിലൊക്കെ  ആളെ കൊന്നതൊക്കെ വായിച്ചിട്ടുണ്ട്.......



ഉത്തരം : പിന്നെന്താ എല്ലാ വർഷവും രാമേന്ദ്രൻ തന്നെ, കഴിഞ്ഞകൊല്ലോം ഞാൻ പോയതല്ലേ........അവൻ ഇങ്ങനെ നിന്നാലുണ്ടല്ലോ ഒരു മല പോലെ ആണ്........ആ കൊമ്പിൽ നമ്മക്ക് കിടക്കാം(അയാൾടെ രണ്ടു കയ്യും വീണെടുത്ത  കൊമ്പുകൾ പോലെ ആക്കി) , എത്ര തലപോക്കിയാലും നിലത്ത് ഒരു മീറ്റർ തുമ്പി ചുരുണ്ട് കിടക്കും(അയാൾടെ വലത്തെ കൈ നീട്ടി ഒരു മീറ്റർ)........... !!!!



ഈശ്വരാ...... എന്റെ കണ്ണ് തള്ളിപ്പോയി........ഞാനെന്റെ കൈ നെഞ്ചിൽ നിന്നും തലയിലേക്ക് വെച്ചു....... അപ്പോളേക്കും ഭാഗ്യത്തിന് കാഞ്ഞൂർ ദേശം വെടിക്കെട്ടിനുള്ള സിഗ്നൽ ലാത്തിരി കത്തിച്ചു........ഇതിനോളം വരില്ല ആ വെടിക്കെട്ട് എന്നറിയാമായിരുന്നെങ്കിലും,കാമറയുമായി അങ്ങോട്ടേക്ക് നീങ്ങി...........



സംഗതി ഒരു കാര്യം ഉറപ്പാണ്,അയാൾ  പൂരങ്ങൾകൊക്കെ പോകുന്ന ആളാണ്‌........ പുള്ളിക്കാരന് ഇതിന്റെ ഒക്കെ അറ്റോം , മൂലേം ഒക്കെ കുറേശെ അറിയാം.....ബാക്കി ഇത്തിരി പൊടിപ്പും തൊങ്ങലും ഒക്കെ വെച്ചു സ്വ ശൈലിയിൽ സൃഷ്ടിക്കുന്നതാകാം,അല്ലെങ്കിൽ അങ്ങനെയുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കുന്നതാകാം........ഒരു കമ്മിറ്റീക്കാരും, ദേശക്കാരും ഇക്കാര്യത്തിൽ മോശമല്ലല്ലോ.......!!!!!! പിന്നെ വെയിലുകൊണ്ട് ക്ഷീണിച്ചും , ഉറക്കം ഒഴിച്ചും ഒക്കെ പൂരം കാണുന്ന നമുക്കും വേണ്ടേ ഇതുപോലെ ചില നേരം പോക്കുകൾ.......പൂരപരമ്പുകളിൽ........