Saturday, September 10, 2011

പ്രണയം വിസ്മയിപ്പിച്ചു


പ്രണയം വിസ്മയിപ്പിച്ചു.......


പ്രണയം പോലെ തന്നെ ബ്ലെസ്സിയുടെ പ്രണയവും എന്നെ വിസ്മയിപ്പിച്ചു......വളരെ വ്യത്യസ്തമായ സിനിമ അനുഭവം, മലയാള സിനിമ ഇന്നുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയം എന്നൊക്കെ പറയാമെങ്കിലും അതിനും അപ്പുറം ആത്മാവുള്ള ഒരു സിനിമ എന്നാണു ഞാനിതിനെ വിശേഷിപ്പിക്കുന്നത്.....പ്രണയം എന്ന പേര് പോലെ തന്നെ മനോഹരമായ ഒരു ചലച്ചിത്ര കാവ്യം......മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ കറ തീര്‍ന്ന അനേകായിരം ഫാന്‍സില്‍ ഒരാളാണെങ്കിലും, ഈ സിനിമയെ ബ്ലെസ്സിയുടെ സിനിമ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം........കാരണം അദ്ദേഹം അത് അര്‍ഹിക്കുന്നു.........സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും അത് സമ്മതിക്കും, അത്രയ്ക്ക് മനോഹരമായാണ് ഓരോ ഭാഗങ്ങളും സംവിധാനം ചെയ്തിരിക്കുന്നതും, തിരക്കഥ എഴുതിയിരിക്കുന്നതും............ഓരോ ഷോട്ടിലും അദേഹത്തിന്റെ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.......ജീവിത ഗന്ധിയായ കഥാപാത്രങ്ങള്‍ , ഇമ്പമാര്‍ന്ന ഗാനങ്ങള്‍ , മികച്ച സംഭാഷണ ശകലങ്ങള്‍ , അപ്രതീക്ഷിതമായ ക്ലൈമാക്സ് ......... അങ്ങനെ അങ്ങനെ നീളുന്നു ഈ സിനിമയുടെ വിശേഷങ്ങള്‍ ..............

ഈ സിനിമയില്‍ എടുത്തുപറയേണ്ട ഒരു പ്രധാന കാര്യം കഥാപാത്രങ്ങള്‍ക്ക് ഏററവും അനുയോജ്യരായ നടീനടന്മാരെ തന്നെ സംവിധായകന്‍ കണ്ടെത്തി അഭിനയിപ്പിചിരിക്കുന്നു എന്നതാണ് (ബ്ലെസ്സിയുടെ ഈ അടുത്ത കാലത്ത് വന്ന ഭ്രമരം ഇഷ്ടപ്പെട്ടുവെങ്കിലും,ആ സിനിമയില്‍ ലാലിന്റെ സുഹൃത്തുക്കളുടെ വേഷം ചെയ്ത പുതുമുഖങ്ങളുടെ അഭിനയം ആ സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിരുന്നു) .........മത്സരിച്ചു അഭിനയിക്കുക എന്നതിന് ഒരു ഉത്തമ മാതൃക ആയി പ്രണയം.........ലാലേട്ടനും, അനുപം കേര്‍ , ജയപ്രദ , അനൂപ്‌ മേനോന്‍ എന്നിവരിലൂടെ ആണ് കഥാപാത്രങ്ങള്‍ ജീവിക്കുന്നത്............അതില്‍ ആദ്യത്തെ മൂന്നു പേരെയും കുറിച്ചു പ്രത്യേകിച്ചു ഒന്നും പറയേണ്ടതില്ലല്ലോ........ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരും, നടിയും.........അനൂപ്‌ മേനോന്‍ എന്ന വ്യക്തിയുടെ കഴിവും, നടനെന്ന നിലയിലുള്ള മികവും ഞാനാദ്യം ശ്രദ്ധിക്കുന്നത് പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയിലൂടെയാണ് ............ലാലേട്ടന്‍ നായകനായി അഭിനയിച്ചു തകര്‍ത്ത ആ സിനിമ പക്ഷെ ജനങ്ങള്‍ക്കിടയില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ല..........എങ്കിലും എന്റെ അഭിപ്രായത്തില്‍ അതിലെ സംവിധായകന്‍ സിദ്ധാര്‍ഥന്‍ എന്ന കഥാപാത്രം ലാലേട്ടന്റെ 10 മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ...........മലയാളത്തില്‍ ലാലേട്ടനെ കൊണ്ടുമാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രം........പ്രതിഭാശാലിയായ ഒരു തിരക്കഥ കൃത്തിനെ കൊണ്ട് മാത്രം സൃഷ്ടിക്കുവാന്‍ കഴിയുന്ന കഥാപാത്രം.........പ്രണയിനിയെ ഒരിക്കല്‍ പോലും കാണാതെ ശബ്ദത്തിലൂടെ മാത്രം പ്രണയിക്കുന്ന നായകനിലൂടെ,പ്രണയത്തിന്റെ അത്യപൂര്‍വമായ , ദിവ്യമായ ഒരു സങ്കല്പം ആണ് പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമ സമ്മാനിക്കുന്നത് ...........മാംസ നിബദ്ധമാല്ലാത്ത്ത രാഗം (A love without Lust) എന്ന സങ്കല്‍പ്പത്തിനു ഊന്നല്‍ കൊടുക്കുന്നതിനോടൊപ്പം തന്നെ , മാംസ നിബദ്ധമായ പ്രണയവും അതി വിദഗ്ദമായി തന്നെ അനൂപ്‌ മേനോന്‍ എന്ന തിരക്കഥ കൃത്ത് കൂട്ടിയിണക്കിയിരിക്കുന്നു.........ഒരിക്കല്‍ പോലും കാണാതെ ശബ്ദത്തിലൂടെ , അല്ലെങ്കില്‍ വാക്കുകളിലൂടെ മാത്രം അറിഞ്ഞു ആത്മാവിനെ പ്രണയിക്കുക , എന്തൊരു അനുഭൂതി ആണല്ലേ...........ഞാനൊരുപാട് ഇഷ്ടപെടുന്നു അങ്ങനത്തെ ഒരു റിലേഷനെ, സ്വാര്‍ത്ഥതയില്ലാത്ത, ലക്ഷ്യങ്ങളില്ലാത്ത, അതിര്‍വരമ്പുകളില്ലാത്ത പ്രണയം...........ആ അപ്പോള്‍ പറഞ്ഞുവന്നത് ആ സിനിമയിലൂടെ ആണ് അനൂപ്‌ മേനോന്‍ എന്ന പ്രതിഭയെ ഞാന്‍ ആദ്യമായി അറിയുന്നത്..........പിന്നീടാണ് തിരക്കഥ എന്ന സിനിമ കാണുന്നത് അതില്‍ അനൂപ്‌, "സൌത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക സൂപ്പര്‍ സ്റാര്‍ (ഹി ഹി ) " എന്ന് സ്വയം പറയുന്ന നായകനേക്കാള്‍ മികച്ച അഭിനയം ആണ് കാഴ്ചവെച്ചത് ...........പിന്നീട് അവതരണത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ട്രാഫിക് , കൊക്ക്ടൈല്‍ എന്നീ സിനിമകളിലും അനൂപിന്റെ മികച്ച വേഷങ്ങള്‍ കണ്ടു.............പ്രണയത്തിലും വ്യത്യസ്തമായ ഒരു വേഷവുമായി അനൂപ്‌ മികവു തെളിയിച്ചിട്ടുണ്ട്............

ഇനി പ്രണയത്തിന്റെ മററു വിശേഷങ്ങളിലേക്ക് ............ഈ സിനിമ പ്രണയം എന്നൊരു വിഷയത്തെ മാത്രം അല്ല കൈകാര്യം ചെയ്യുന്നത്........ഇന്നത്തെ സമൂഹത്തിലേക്കും, സമൂഹത്തില്‍ നില നില്‍ക്കുന്ന മൂല്യച്ചുതികളിലേക്കും കാമറ ഫോക്കസ് ചെയ്യുന്നുണ്ട് ........ പ്രായമായവരോടു മക്കള്‍ക്കുണ്ടാകുന്ന അവഗണന,ചെറിയ ചെറിയ പ്രശ്നങ്ങളില്‍ ആലോചനയില്ലാതെ പിരിയുന്ന ദാമ്പത്യം, സ്വന്തം ലോകത്തിനുള്ളില്‍ നിന്നുമാത്രം മററുള്ളവരെയും നോക്കികാണുന്ന പ്രവണത, ഒരു സ്ത്രീയും, പുരുഷനും തമ്മില്‍ സംസാരിച്ചാല്‍ , അല്ലെങ്കില്‍ ഒരു സൌഹൃദം ഉണ്ടായാല്‍ അതില്‍ "സെക്സ്" എന്ന ഒരു അര്‍ത്ഥമേയുള്ളൂ എന്ന് വരുത്തി തീര്‍ക്കുന്ന സമൂഹത്തിന്റെ കപടമായ ആത്മാഭിമാനം,പുത്തന്‍ തലമുറയുടെ സൌഹൃദവും, പ്രണയവും എന്നീ വിഷയങ്ങളെയും ബ്ലെസ്സി ഈ ചിത്രത്തിലൂടെ തുറന്നു കാണിക്കുന്നുണ്ട്.......പ്രണയത്തിനു പ്രായ ഭേദമില്ല എന്ന് നമ്മളെല്ലാം കേട്ടിട്ടുള്ളതാണ്, അതിനൊരു നേര്‍ സാക്ഷ്യം ആകുന്നു ഈ മനോഹര പ്രണയ ചിത്രം.........

പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന (എന്റെ എക്കാലത്തെയും പ്രിയപ്പെട്ട) ചിത്രത്തിനു ശേഷം മഴയുടെ ആര്‍ദ്ര ഭാവങ്ങളെ ഇത്രയും മനോഹരമായി, സന്ദര്‍ഭോചിതമായി ചിത്രീകരിച്ച വേറൊരു സിനിമയും മലയാളത്തില്‍ ഉണ്ടായതായി അറിവില്ല............മഴയേയും, പ്രണയത്തെയും അത്രയ്ക്ക് മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു ഇതില്‍ ........പത്മരാജന്റെ പ്രിയ ശിഷ്യനും, പ്രിയ നായകനും ഒന്നിക്കുമ്പോള്‍ അതില്‍ അതിശയിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ.......
ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സംഭാഷണ ശകലങ്ങളും, ഭാവാഭിനയത്തിന്റെ മഹത്തായ രസക്കൂട്ടുകളുമായി, ഒരു വശം തളര്‍ന്ന,സ്വന്തമായി എണീററ് നില്‍ക്കുവാന്‍ പോലുമാകാത്ത, മനസ്സില്‍ പ്രണയം ഇപ്പോളും കാത്തു സൂക്ഷിക്കുന്ന, വാര്‍ദ്ധക്യം മനസ്സിനെ തളര്ത്താത്ത മാത്യൂസ് എന്ന കഥാപാത്രമായി ലാലേട്ടന്‍ അതിശയിപ്പിക്കുന്നു..........
എന്തുകൊണ്ട് അദ്ദേഹത്തെ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന് വിളിക്കുന്നു എന്നതിന് ഒരുദാഹരണം കൂടിയായി മാത്യൂസ് ..........അനുപം കേര്‍ അവതരിപ്പിച്ച വിഭാര്യനായി, ഭാര്യയുടെ ഓര്‍മ്മകളില്‍ കഴിയുന്ന അച്ചുതമേനോനും, ജയപ്രദയുടെ ഒരേസമയം സ്നേഹത്തിന്റെ രണ്ടു തലങ്ങള്‍ അവതരിപ്പിക്കുന്ന ഗ്രേസും സിനിമ കണ്ടിറങ്ങിയിട്ടും മനസ്സില്‍ തങ്ങി നില്കുന്നു.......പുത്തന്‍ തലമുറയുടെ സൌഹൃദവും, പ്രണയവും തന്മയത്വത്തോടെ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങള്‍ മേഘയും, അരുണും..........


40 വര്‍ഷമായി
തനിക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് തിരിച്ചറിയുന്ന അച്യുതമേനോന്‍റെ വേദന, തന്റെ മുന്‍ ഭര്‍ത്താവിനെ ഓര്‍ത്തുള്ള ഗ്രേസിന്‍റെ നൊമ്പരങ്ങള്‍ ,അത് മറച്ചു വെക്കുവാന്‍ ഭര്‍ത്താവിനു മുന്നില്‍ സ്വയം റൊമാന്റിക് ആവാനുള്ള ഗ്രേസിന്റെ ശ്രമങ്ങള്‍ , മാത്യൂസിനുള്ള സ്നേഹ പരിചരണം,അവര്‍ തമ്മിലുള്ള പരസ്പര ധാരണ, അവരുടെ ആത്മ ബന്ധം ,അവരുടെ ഹൃദയവികാരങ്ങള്‍ എല്ലാം ബ്ലെസി അതിമനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് പ്രണയത്തില്‍ ........തളര്‍ന്നു കിടക്കുന്ന മാത്യൂസിനെ ഗ്രേസ് പരിചരിക്കുന്ന രംഗങ്ങള്‍ കണ്ടിരുന്നപ്പോള്‍ തന്മാത്രയിലെ രമേശനെയും,ഭാര്യയേയും ഓര്‍ത്തു പോയി.......സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന മാത്യൂസിന്റെ കണ്ണുകളില്‍ നിന്നും ഇടക്ക് പൊഴിഞ്ഞിരുന്ന കണ്ണീരിനോപ്പം എന്റെയും കണ്ണുകള്‍ നനഞ്ഞിരുന്നു..........പത്മരാജന്റെ നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന സിനിമയില്‍ സോളമന്‍ , സോഫിയയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന രംഗം ഓര്‍മ്മയില്ലേ.....?? സോംഗ് ഓഫ് സോംഗ് സിലെ "നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം അതി കാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തു പൂവിടുകയും,മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോക്കാം........അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും......!!!" എന്ന വരികള്‍ പറഞ്ഞായിരുന്നു അത്............അത് മലയാള സിനിമയിലെ ഏററവും മികച്ച പ്രണയാര്‍ദ്രമായ വാചകമാണ്...........അതുപോലെ ഈ പ്രണയത്തിലും ബൈബിളില്‍ നിന്ന് ചില വാചകങ്ങള്‍ സന്ദര്‍ഭോചിതമായി ചേര്‍ത്തിട്ടുണ്ട്..........അത് ഒരിക്കല്‍ മാത്രം കണ്ടതോണ്ട് വ്യക്തമായി ഓര്‍മ്മ വരുന്നില്ല, എങ്കിലും വളരെ നല്ല വരികള്‍ ആണ്, ആ സിനിമയില്‍ വ്യക്തമായ ഒരു സ്വാധീനം ആ വരികള്‍ക്കുണ്ട് എന്ന് പറയാതെ വയ്യ...........

ഓ എന്‍ വി എഴുതി, എം ജയചന്ദ്രന്‍ ഈണമിട്ട ഗാനങ്ങളും, പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ് ...........ഓരോ ഇമോഷനും ചേര്‍ന്നുലയിച്ചു നില്‍ക്കുന്ന സംഗീതം.....ബ്ലെസ്സിയുടെ തന്മാത്രക്കും, ഭ്രമരത്തിനും ശേഷം ഈ സിനിമയിലും ലാലേട്ടന്‍ ഒരു പാട്ട് പാടിയിട്ടുണ്ട് , ലിയോണ്‍ കൊഹെന്‍ രചിച്ച “ഐ ആം യുവര്‍ മാന്‍ ...” എന്നാരംഭിക്കുന്ന ഇംഗ്ലീഷ് ഗാനമാണ് മോഹന്‍ലാല്‍ ആലപിച്ചത്......ശരീരത്തിനേററ സ്ട്രോക്ക് തന്റെ മനസ്സിനെ ബാധിച്ചിട്ടില്ല എന്ന് മാത്യൂസ് ഉറപ്പിക്കുന്നത് ആ പാട്ടിലൂടെ ആണ്.........സതീഷ്‌ കുറുപ്പിന്റെ ഛായാഗ്രഹണ പാടവം ചിത്രത്തിന്റെ ആസ്വാദനത്തെ വ്യക്തമായി സ്വാധീനിച്ചിട്ടുണ്ട്........സീനുകള്‍ ഓരോന്നും അതിന്റെ തനിമ ചോരാതെ തന്നെ പകര്‍ത്താന്‍ സതീഷിനു കഴിഞ്ഞിട്ടുണ്ട്........പ്രണയം കണ്ടിരിക്കുമ്പോള്‍ എന്റെ ഇഷ്ട കഥാപാത്രങ്ങളായ തൂവാനതുമ്പികളിലെ ജയകൃഷ്ണനും, ക്ലാരയും , നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകളിലെ സോളമനും, സോഫിയയും , ദേവാസുരത്തിലെ നീലകണ്ടനും , ഭാനുമതിയും എന്തുകൊണ്ടോ ഇടക്കിടെ ഓര്‍മ്മകളില്‍ തെളിഞ്ഞിരുന്നു...........

വരണ്ടുണങ്ങാന്‍ തുടങ്ങിയിരിക്കുന്ന മലയാള സിനിമയിലേക്ക് ബ്ലെസ്സിയിലൂടെ പെയ്തിറങ്ങിയ മഴയാണ് പ്രണയം.........ഈ പ്രണയമഴയില്‍ ആവോളം നനയുക.....മനസ്സും , ശരീരവും ഒന്ന് കുളിരണിയട്ടെ......ഈ ഓണത്തിനു ഇതിലും നല്ലൊരു സമ്മാനം മനസ്സില്‍ പ്രണയം കാത്തു സൂക്ഷിക്കുന്ന നിങ്ങള്‍ക്ക് കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയില്ലാ.......ഒരു ദിവസം വൈകിയാണെങ്കിലും എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍ .........