Thursday, February 19, 2015

വായകൊണ്ടുള്ള വെടിക്കെട്ടുകൾ



 വായകൊണ്ടുള്ള വെടിക്കെട്ടുകൾ    

 

പല പൂര പറമ്പുകളിൽ പോകുമ്പോഴും അവിടെ പൊട്ടുന്ന ഡൈനകളെക്കാൾ  വലിയ "വെടികൾ" വായകൊണ്ട് പൊട്ടിക്കുന്ന അപരിചിതരായ ചിലരെ കാണാറുണ്ട്. നിങ്ങളിൽ പലർക്കും ഇത്തരം അനുഭവങ്ങൾ  ഉണ്ടാകും. ആനകളെ കുറിച്ചും, വെടിക്കെട്ടിനെ കുറിച്ചും, പൂരങ്ങളെ കുറിച്ചും ഒക്കെ ഇത്തരം സംസാരങ്ങൾ കേൾക്കാം. അടുത്ത സമയത്ത് കണ്ണേങ്കാവ് പൂരത്തിന് പോയപ്പോളുണ്ടായ ഒരു അനുഭവം ഞാൻ പങ്കുവെക്കാം.......



കണ്ണേങ്കാവിൽ വടക്കുമുറിയുടെ വെടിക്കെട്ട് കഴിഞ്ഞ് പാടവരമ്പിൽ അടുത്ത ദേശത്തിന്റെ വെടിക്കെട്ടിനായിരിക്കുമ്പോളാണ് ഒരാൾ പറയുന്നത് കേൾക്കുന്നത് ഇതൊന്നും അല്ല വെടിക്കെട്ട്, പാലക്കാട് ജില്ലയി ലൊക്കെ പോവണം ഒന്നര മണിക്കൂറൊക്കെ നിന്ന് പൊട്ടും......ഈശ്വരാ......ഞാൻ അങ്ങേരെ ഒന്ന് നോക്കി, പുള്ളി കൂടെ വന്ന ആളോട് പറയുന്നതാണ്........ഞാൻ അത്ഭുതത്തോടെ  ശ്രദ്ധിക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു പിന്നെ എന്നോടും കൂടി ആയി സംസാരം........



നെമ്മാറ ഒരു വേല ഉണ്ട് പോയിട്ടുണ്ടോ........ഞാനും അയാൾടെ കൂടെയുള്ള പുള്ളിയും ഇല്ലെന്നു തലയാട്ടി........ഒന്നര കോടിയുടെ വെടിക്കെട്ടാണ്.......ഒന്നര ലക്ഷം ചെറിയ കുഴികളാണ്, മൊളേം, കുറ്റീം ഒക്കെ വേറെ , പിന്നെ വലുത് ആയിരത്തിലധികം....... J C B ഉപയോഗിച്ച് കുഴികുത്തുന്ന ലോകത്തിലെ തന്നെ ഏക വെടിക്കെട്ട്  അവിടെ ആണ്.......കേട്ടു കൊണ്ടിരുന്ന മറ്റെ പുള്ളി "J C B  യോ ? " അതെന്തിനാ ??....... ഇയ്യെന്താ കരുത്യേ.......അമ്മാതിരി സാധനങ്ങളല്ലേ പൊട്ടിക്കണത്, കിണറ് പോലെയുള്ള കുഴികള് വേണം, ഒരു വല്യേ ലോറീല് ഒരെണ്ണം ഒക്കെ വെക്കാൻ പറ്റൂ, അത് പൊക്കാൻ തന്നെ വേണം അമ്പതാള്.........



അതുംകൂടി കേട്ടതോടെ ഞാനെന്റെ നെഞ്ചിൽ  കയ് വെച്ചു, അതെങ്ങാനും പൊട്ടിപോയാലോ........ ന്റെ  ഹൃദയം.......



കേട്ടു നിക്കണ പുള്ളിയുടെ അടുത്ത ചോദ്യം " ഒന്നര ലക്ഷം കുഴികള് ന്നൊക്കെ പറയുമ്പോ അത് കുയിക്കാൻ തന്നെ എത്ര ദീസം വേണ്ടേരും ന്നും???



ഉത്തരം : പിന്നെ വേണ്ടേ ?? ഒന്നോന്നരമാസം കുഴിക്കാൻ തന്നെ എടുക്കും, പത്തഞ്ഞൂറ് പണിക്കാരും.........സാധനം കൊണ്ടരണ ലോറ്യോളാണെങ്കിൽ തലങ്ങും വിലങ്ങും അഞ്ചാറെണ്ണം, ഇറക്കാ കൊണ്ടരാ, ഇറക്കാ കൊണ്ടരാ.......അതന്നെ ഓലുക്ക് പണി.......പിന്നെ ഇങ്ങക്ക് വേറെ ഒരു കാര്യം അറിയോ ഇമ്മടെ അവിടുത്തെ പോലെ ഒന്നും അല്ലെയ് അവിടെ കാശിനൊന്നും ഒരു പ്രശ്നോം ഇല്ലാത്ത നായന്മാരാ, അവര് മാത്രേ നെമ്മാറ കമ്മിറ്റീലുള്ളൂ........വല്ലങ്ങിക്ക് എല്ലാരും ഉണ്ട്......അവരിക്ക് പിന്നെ വേറൊരു പ്രശനം ണ്ട് , രണ്ട് മൂന്ന് കിലോമീറ്ററൊക്കെ കുഴിച്ചു വെക്കും അതില് പകുതീലും വെക്കില്ല ആളെ പറ്റിക്കണ പണിയാ , ന്നാലും മിക്കവാറും വെടിക്കെട്ട് ഒരതാ നന്നാവാ......പിരിക്കാനൊക്കെ പോണത് കളക്ടറും, എസ് പീം, എസ് ഐയും ഒക്കെ ആണ് പിന്നെ പൈസ കിട്ടതിരിക്കോ.......(ഹി ഹി ഹി എങ്ങനെ ചിരിക്കാതിരിക്കും, പരമാവധി കണ്ട്രോൾ ചെയ്തു ബാക്കി കൂടി കേൾക്കണമല്ലോ........) ഒരു വീട്ടില് എത്ര ജോലിക്കാരുണ്ടോ അവരടെ ഒക്കെ ഒരു മാസത്തെ ശമ്പളം അതാണ്പിരിവു.......പിന്നെ സ്പോണ്സർ ചെയ്യണതാണെങ്കിലോ കല്യാണും, കോഴിക്കാരില്ലേ സുഗുണ ഓരും, ശോഭേടെ നായരും ഒക്കെ ആണ്......ഒക്കെ കോടികളാണ് കൊടുക്കണത്........



ഞങ്ങടെ മുഖത്തെ സംശയം കണ്ടിട്ടോ എന്തോ പുള്ളി വീണ്ടും തുടങ്ങി.........ഇക്ക് ഇതൊക്കെ അറിയണത് എങ്ങനാന്നോ നമ്മടെ സ്വന്തക്കാരുണ്ടേ അവിടെ........ഞാനിതൊക്കെ ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്........വേറൊന്നും കൂടിയുണ്ട് ലോകത്ത് പെണ്ണുങ്ങൾ വെളിച്ചപ്പാടാവുന്ന ഏക അമ്പലവും അതാണ്‌, നെല്ലിയാമ്പതി അമ്മ എന്ന പറയ.......അവിടൊരു മല ണ്ട് അതിന്റെ മോളിലാ ശരിക്കുള്ള അമ്പലം ങ്ങള് പോവുമ്പൊ കാണാം........ഇപ്രാശ്യം എന്തായാലും പോണ്ടാ ട്ടോ വെള്ളിയാഴ്ചയാണ്........അവിടെ ചൊവ്വേം വെള്ളീം പൂരം വന്നാൽ വല്യേ പ്രശ്നാ........ചോര കാണും ന്നാ പറയ.......ന്റെ ഒരു ഫ്രെണ്ട് ഞാൻ പറയണത് കേൾക്കാതെ പോയി പരിക്ക് പറ്റീട്ടുണ്ട്........ഞാൻ ദിവസങ്ങളിൽ പൂരം വന്നാൽ പോവലില്ല.......



ഇതൊക്കെ ആണെങ്കിലും വേറൊരു കാര്യം അറിയോ ?? ഇതിനെക്കാൾ കൂടുതല് മരുന്നുള്ള ഒരു സ്ഥലം അതിന്റെ അടുത്തുണ്ട് കാവശ്ശേരി പറക്കുട്ടി കാവ്......ഫുള്ള് പൈസേം ഗൾഫീന്നാ ഇവടെ പേരിനു ഓരോ കമ്മിറ്റീകൾ ഉണ്ടെന്നേയുള്ളൂ പ്രവർത്തനം മുഴോനെ ഗൾഫിലാ.........രണ്ട് കോടിയുടെ വെടിക്കെട്ടാ........നാൽ മൂന്ന് പന്ത്രണ്ട് വെടിക്കെട്ട്‌, ഉച്ചക്കൊരു ഈടു പൊട്ടിക്കലുണ്ട് മൂന്നു ടീം , ലോകത്ത് വേറെ എവ്ടേം ഇല്ല അങ്ങനൊന്ന് ന്നാ അവര് പറയണേ, ഞാനും കണ്ടിട്ടില്ല........അഞ്ചാറ് കിലോമീറ്റർ അപ്പുറത്ത് നിന്നാ പൊട്ടി വരാ, ഒരു തലക്ക് ന്ന് മറ്റേ തലക്കില് മരുന്നിടാൻ മോട്ടോർ സൈക്കിളിലാ മരുന്ന് പണിക്കാരും കമ്മിറ്റീക്കാരും പോവാ, അത്ര ദൂരാ( ഞാനൊന്നൂടെ നെഞ്ചമർത്തി........ഇതൊന്നും കേട്ടു പൊട്ടല്ലെ ഹൃദയമേ.......) അതോണ്ടെന്താ മുഴോനെ നന്നായി ആര്ക്കും കാണാൻ പറ്റില്ല.....;) 



(ഇനി പുള്ളി പറയണത് ഇതുപോലെ തന്നെ വലിയ വിടലുകൾ ആണെങ്കിലും പേഴ്സണലായിട്ടു എനിക്ക് ഒരുപാട് സന്തോഷം തന്ന കാര്യങ്ങളാണ്.........തുടരട്ടെ.......)



വെടിക്കെട്ട് നന്നായി കാണണെങ്കിൽ  ഇതുപോലെ വേറൊരു പറക്കുട്ടികാവുണ്ട് തിരുവില്വാമലേൽ........അതാ മൂന്നാമത്തെ വല്യേ വെടിക്കെട്ട് നടക്കണ സ്ഥലം....(അപ്പൊ ഞാൻ പറഞ്ഞു പറക്കോട്ടുകാവല്ലേ കേട്ടിട്ടുണ്ട് ന്ന് , അതിൽ പുള്ളി ഒന്നൂടെ ചാർജ്  ആയി.....) ....പാറേടെ മോളിലിരുന്നാ കാണാ വെടിക്കെട്ട്, കുണ്ടിലാ അമ്പലം അവിടുന്നിങ്ങനെ പൊട്ടിവരും.....എമ്മാരി പൊട്ടാ ന്നോ, അണ്ണൻ ലോറി കേറ്റം വലിക്കണ പോലെ വേണോ വേണ്ടേ  വേണോ വേണ്ടേ ന്ന് പറഞ്ഞാ ഓരോ സാധനങ്ങള് ഇങ്ങനെ പൊങ്ങ.......ഉപ്പുമാങ്ങ ഭരണികള് പോലെ ണ്ടാവും, മ്മളിങ്ങനെ മുകളിലിരിക്കണോണ്ട് ശരിക്കും കാണാം.......എല്ലാടത്തും രണ്ടും മൂന്നും ദിവസം മുന്നേ സാമ്പിൾ,അവടെ ഒരാഴ്ച മുന്നേ ആണ്,പിന്നെ പൂരം വരേം പോട്ടലന്നെ പൊട്ടല്.......പൂരത്ത്തിന്റന്നു പത്തു പതിനഞ്ച് പൊട്ടലാ,  ഓരോന്നും തൊടങ്ങുമ്പോളും പൊട്ടലാ ,ഒരോർത്തീലു നിന്നാൽ വേറെ എവ്ടുന്നൊക്കെ പൊട്ടണതും കാണാം.......അവ്ടുതോര്ക്ക് തന്നെ അറിയില്ല എവ്ടൊക്കെ പൊട്ടല് ന്ന്........



അതുവരെ വായും പൊളിച്ച് കേട്ടു നിന്ന മറ്റെ ആളപ്പോൾ,  അല്ല ഈ വടക്കാഞ്ചേരീലെ  പൂരം നല്ല പൊട്ടലാണ് ന്ന് കേട്ടിട്ടുണ്ടല്ലോ ന്ന്.......



 ഉത്തരം : ഏത് ഉത്രാളിയോ ? അവിടെ നല്ല പൊട്ടലൊക്കെയുണ്ട് എന്നാലും ഇത്രയൊന്നും വരില്ല........(എന്റെ അഭിപ്രായത്തിൽ ഇന്ന് കേരളത്തിലെ നമ്പർ വണ്‍ ഉത്രാളി ആണ്, എന്നാലും ക്ഷമിച്ചു കേട്ടു നിന്നു........) അതിന്റെ കുറച്ചപ്പുറത്ത് ഒരു പൂരണ്ട്, അത്താണീൽ.......കുറ്റിയങ്കാവു.......അവിടുത്തെ സാമ്പിൾ ആണ് സൂപ്പർ, പൂരോം അത് പോലെ ഒക്കെ ഉണ്ടാവും......അതും കഴിഞ്ഞാൽ ചേലക്കരേൽ ഒന്നുണ്ട് ആനയോന്നും ഉണ്ടാവില്ല രാത്രി മുതൽ നേരം വെളുക്കൊളം പൊട്ടലന്നെ.......അതും കഴിഞ്ഞാ ഉത്രാളി വരുള്ളൂ........തൃശൂരോക്കെ പേരേയുള്ളൂ കാര്യല്ല്യാ, ഞാൻ പോവലൊന്നും ഇല്ല.......ഇനിപ്പോ ഈ മാസം ലാസ്റ്റ് കുന്നങ്കുളത്ത് ഒന്നുണ്ട് പന്തല്ലൂർ, മ്മക്ക് പോണം ട്ടോ ഞാൻ വിളിക്കാം ന്ന് മറ്റെ ആളോട്.......അതുകഴിഞ്ഞ് അതിന്റപ്പറത്ത് ഒരു കല്ലടി ക്കുന്ന് പൂരം ഉണ്ട് (കല്ലഴി ആകും ഉദ്ദേശിച്ചത് ന്ന് തോന്നുന്നു),അതും ഗംഭീരാണ്.......മ്മക്ക് പോവാം.......



വീണ്ടും മറ്റെ ആളിന്റെ ചോദ്യം അപ്പൊ പിന്നെങ്ങനെ തൃശൂരിനും,നെമ്മാറക്കും മാത്രം ഇത്ര പേര് ?



ഉത്തരം : അതിനെന്റെടാ അവിടൊന്നും വെടിക്കെട്ട് മാത്രല്ലലോ ആനേം, കൊട്ടും ഒക്കെ വാശിപൊറത്തല്ലേ.......കോടികളല്ലെ ഇട്ട് കളിക്കണത്........ഒരാൾ അഞ്ചു പറഞ്ഞാൽ മറ്റെ ആളു പത്തു പറഞ്ഞു ലേലം വിളിക്കും, വാശി തന്നെ വാശി......... പണ്ട് ഗുരുവായൂര് കേശവനെ ലേലത്തിൽ പിടിച്ചത് വല്ലങ്ങിയാ ഇരുപത് ലക്ഷത്തിന് , നെമ്മാറ പത്തിനാ വിളിച്ചത് വല്ലങ്ങി നേരെ ഡബിൾ......ആ വാശിക്ക് നെമ്മാറക്കാര് ഇറക്കിയ ആനയാ ഇന്നത്തെ തെച്ചിക്കോട് രാമേന്ദ്രൻ.......അന്ന് ഒന്നും അല്ല ആന, അവര് ആ കാശ് ഇറക്കി മൂന്നാല് മാസം വെറുതെ തിന്നാനൊക്കെ കൊടുത്ത് ഈ കോലത്തിലാക്കി ആനേനെ............ആന ഇത്തിരി പെശകാ, എല്ലാ കൊല്ലോം ഒന്ന് രണ്ട്‌ പേരെ ഒക്കെ തട്ടും........എന്നാലും അന്ന് തൊട്ട് കേസോ എന്ത് കുണ്ടാമണ്ടി ആണെങ്കിലും എല്ലാ വർഷവും  നെമ്മാറക്കാര് രാമേന്ദ്രനെ എഴുന്നള്ളിക്കും.........ഇപ്രാവശ്യം അമ്പത് ലെക്ഷത്തിൽ കൊറഞ്ഞ് ആന പരിപാടിയെ എടുക്കുന്നില്ല.......



(ഇപ്പോ വേറെ ഒരു കാര്യം ഓർമ്മ വരുന്നുണ്ട് നാലഞ്ച് വർഷം മുന്നേ മഞ്ഞുമ്മൽ രംഗനാഥൻ  എന്ന ആനക്ക് അങ്ങാടിപ്പുറത്ത് ഒരു സ്വീകരണം കൊടുത്തിരുന്നു,അന്നവിടെ ഒരാൾ പറയുന്ന കേട്ടു ഇതാണ് മഞ്ഞളാംകുഴി അലിയുടെ ആന , സംഗതി അയാള് മുസ്ലീമാണെങ്കിലും ഭഗവതിക്ക് എഴുന്നള്ളിക്കാൻ ആനയെ ഫ്രീ ആയി കൊടുത്തതാ അതോണ്ടാ ഈ സ്വീകരണം ഒക്കെ........)



ഞാൻ : ഈ ലെക്ഷത്തിനും കോടിക്കും ഒന്നും ഒരു വിലയും ഇല്ലാതെ പൊട്ടിക്കാണ്  ലെ.......കഴിഞ്ഞ വർഷവും ഈ ആന തന്നെ ആണൊ നെമ്മാറക്ക് വന്നത് ? അത്ര ഗംഭീരൻ ആനയാണോ ?? പേപ്പറിലൊക്കെ  ആളെ കൊന്നതൊക്കെ വായിച്ചിട്ടുണ്ട്.......



ഉത്തരം : പിന്നെന്താ എല്ലാ വർഷവും രാമേന്ദ്രൻ തന്നെ, കഴിഞ്ഞകൊല്ലോം ഞാൻ പോയതല്ലേ........അവൻ ഇങ്ങനെ നിന്നാലുണ്ടല്ലോ ഒരു മല പോലെ ആണ്........ആ കൊമ്പിൽ നമ്മക്ക് കിടക്കാം(അയാൾടെ രണ്ടു കയ്യും വീണെടുത്ത  കൊമ്പുകൾ പോലെ ആക്കി) , എത്ര തലപോക്കിയാലും നിലത്ത് ഒരു മീറ്റർ തുമ്പി ചുരുണ്ട് കിടക്കും(അയാൾടെ വലത്തെ കൈ നീട്ടി ഒരു മീറ്റർ)........... !!!!



ഈശ്വരാ...... എന്റെ കണ്ണ് തള്ളിപ്പോയി........ഞാനെന്റെ കൈ നെഞ്ചിൽ നിന്നും തലയിലേക്ക് വെച്ചു....... അപ്പോളേക്കും ഭാഗ്യത്തിന് കാഞ്ഞൂർ ദേശം വെടിക്കെട്ടിനുള്ള സിഗ്നൽ ലാത്തിരി കത്തിച്ചു........ഇതിനോളം വരില്ല ആ വെടിക്കെട്ട് എന്നറിയാമായിരുന്നെങ്കിലും,കാമറയുമായി അങ്ങോട്ടേക്ക് നീങ്ങി...........



സംഗതി ഒരു കാര്യം ഉറപ്പാണ്,അയാൾ  പൂരങ്ങൾകൊക്കെ പോകുന്ന ആളാണ്‌........ പുള്ളിക്കാരന് ഇതിന്റെ ഒക്കെ അറ്റോം , മൂലേം ഒക്കെ കുറേശെ അറിയാം.....ബാക്കി ഇത്തിരി പൊടിപ്പും തൊങ്ങലും ഒക്കെ വെച്ചു സ്വ ശൈലിയിൽ സൃഷ്ടിക്കുന്നതാകാം,അല്ലെങ്കിൽ അങ്ങനെയുള്ള ആരെങ്കിലും പറഞ്ഞു കൊടുക്കുന്നതാകാം........ഒരു കമ്മിറ്റീക്കാരും, ദേശക്കാരും ഇക്കാര്യത്തിൽ മോശമല്ലല്ലോ.......!!!!!! പിന്നെ വെയിലുകൊണ്ട് ക്ഷീണിച്ചും , ഉറക്കം ഒഴിച്ചും ഒക്കെ പൂരം കാണുന്ന നമുക്കും വേണ്ടേ ഇതുപോലെ ചില നേരം പോക്കുകൾ.......പൂരപരമ്പുകളിൽ........                   

Tuesday, December 10, 2013

രണ്ടു ദിവസത്തിനുള്ളിൽ ഞാനും ക്ലബ് മാറുന്നു........

രണ്ടു ദിവസത്തിനുള്ളിൽ ഞാനും ക്ലബ് മാറുന്നു........ ഊരുചുറ്റലും,പൂരകമ്പവും,ആനപ്രേമവും,ഫോട്ടോപിടുത്തവും,അല്ലറചില്ലറ കുരുത്തക്കേടുകളും,കുത്തികുറിക്കലുകളുമായി സാമാന്യം മോശമില്ലാതെ തന്നെ ആഘോഷിച്ച ബാച്ചിലർ ലൈഫ് ഇനി മാറുന്നു......ഇനി എല്ലാത്തിനും കൂടെ ഒരാള് കൂടി,സന്തോഷമുണ്ട്......കാലത്തിനു മാറ്റങ്ങൾ എന്നും ആവശ്യമാണല്ലോ........അതിലൊന്നായി ഇതിനെയും കാണാം.......

പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് പലരും ആശംസകൾ അറിയിക്കുന്നുണ്ട്........അതിൽ നിന്നും ഒരെണ്ണം ഞാനവിടെ എഴുതുന്നു........കാലത്തിന്റെ വേഗതയിൽ ഒരു മോട്ടോർ സൈക്കിളിന്റെ രൂപത്തിൽ നിശ്ചലമാക്കി കിടക്കയിൽ തന്നെ ജീവിതം തള്ളി നീക്കുന്ന,എന്നെ പഠിപ്പിചിട്ടില്ലെങ്കിലും അധ്യാപക തുല്യനായ,ഒരു പാടു പ്രോത്സാഹനങ്ങൾ നല്കിയിട്ടുള്ള ഒരു പാവം മനുഷ്യന്റെതാണ്.......അദ്ദേഹത്തിനു കല്യാണത്തിന് പങ്കെടുക്കുവാൻ സാധിക്കുകയില്ല, ഇതയച്ചത് പോലും ഒരു പക്ഷെ അദ്ദേഹം പറഞ്ഞുകൊടുത്ത് മറ്റാരെങ്കിലും ആവാനേ തരമുള്ളൂ........എങ്കിലും ഞാനിതിനു മറ്റേതൊരാശംസകളെക്കാളും,സമ്മാനങ്ങളേക്കാളും വിലകൽപ്പിക്കുന്നു.........

Try to glow the fire in you
Let sky be your goal
Let words be your weapon
And love be your aim

ഈ സ്നേഹത്തിൽ കുതിർന്ന വാക്കുകളിൽ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ് ഞാൻ.........

Sunday, June 16, 2013

പ്രണയം , സ്നേഹം , പ്രേമം

പ്രണയം , സ്നേഹം , പ്രേമം


 ശ്രീരാജേട്ടന്റെ ഫേസ്ബുക് സ്റ്റാറ്റസിൽ കണ്ട ""ഇന്നലെമുതൽ ഒരു സംശയം, ഈ പ്രേമത്തിനും പ്രണയത്തിനും അർത്ഥ വത്യാസം ഉണ്ടോ ? അതോ സ്നേഹത്തിന്റെ പര്യായം ആണോ ഈ രണ്ടു വാക്കും "" ഈ ഡൗട്ട് ആണ് ഈ ഒരു പോസ്റ്റിനു ആധാരം.......ഈ 3 പ്രഷ്യസ് വാക്കുകളെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ള ചിലത് ഞാനിവിടെ കുറിക്കുന്നു.........

പ്രണയം ഒരു ഭാവം ആണ്, അനുഭൂതിയാണ്,അനശ്വരമാണ്.......അത് ആര്ക്കും,ആരോടും, എന്തിനോടും തോന്നാവുന്നതാണ്.........അലകടലും അന്തിനിലാവും പോലെ,ഇളം കാറ്റും ആലിലകളും പോലെ,മഴത്തുള്ളിയും പുതുമണ്ണും പോലെ.......അല്ലെങ്കിൽ ഒരു വരി,വാക്ക്,നോട്ടം,നിറം,ശബ്ദം,ഭാവം അങ്ങനെ മനസ്സിന്റെ ലോല വികാരങ്ങളെ തൊട്ടുണർത്തുന്ന എന്തിനോടും പ്രണയം തോന്നാം........പ്രായഭേദമന്യേ.........സർവസംഘ പരിത്യാഗികൾക്കും പ്രണയം ആവാം.......... :)

സ്നേഹത്തിനു മാതൃസ്നേഹം എന്നൊരുദാഹരണം ആണ് എറ്റവും നല്ല നിർവചനം..........മാംസനിബദ്ധമല്ലാത്ത നിഷ്കളങ്കമായ എല്ലാം സ്നേഹം ആണ്.........കടമകൾ,സൌഹൃദങ്ങൾ,കുടുംബ ബന്ധങ്ങൾ,വളർത്തു മൃഗങ്ങളോടുള്ളത്,ചെറിയ കുട്ടികളോട് തോന്നുന്ന വാത്സല്യം അതൊക്കെ സ്നേഹത്തിലധിഷ്ടിതമാണ്........എന്തിന്റെയും ബേസ് സ്നേഹം തന്നെ..........

പ്രേമം നശ്വരം ആണ്........കുറച്ചു നാളത്തേക്ക് തോന്നുന്ന ഒരു അഭിനിവേശം മാത്രമാണത്.........അറിയാത്തത് അറിയാനുള്ള,കിട്ടാത്തത് കിട്ടാനുള്ള ഒരു ത്വര.........കിട്ടികഴിഞ്ഞാൽ എന്താവണം പ്രേമം എന്നത് ആളുകളുടെ മനസ്സിനനുസരിച്ചാണ്..........പ്രേമത്തിനു വേണമെങ്കിൽ പ്രണയമാവാം,സ്നേഹമാവം അല്ലെങ്കിൽ വേണ്ടെന്നും വെക്കാം........എന്തായാലും പ്രേമത്തിന് ഒരു സ്ഥായി ഇല്ല......കാമത്തിന്റെ അതിപ്രസരം പ്രേമത്തിലുണ്ട്.........
എന്നാൽ ഒരു പ്രായത്തിൽ ഏവര്ക്കും ഈ പ്രേമം എന്ന വികാരം ആവശ്യവുമാണ്..........പ്രേമിക്കാത്തവർ മനുഷ്യരാണോ........??? :)

Monday, December 10, 2012

സ്വാമി ശരണം

സ്വാമി ശരണം........ഇത്തവണത്തെ ശബരിമല യാത്രയും സ്വാമിയുടെ അനുഗ്രഹം കൊണ്ട് നല്ലൊരു അനുഭവം ആയി........നല്ല ദര്‍ശനം..........അയ്യന്റെ നെയ്യഭിഷേകവും,പുഷ്പാഭിഷേകവും ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി.........അഭിഷേക-നിവേദ്യ-താമസ സൗകര്യം.........പമ്പയില്‍ നിന്നും ഉച്ചക്ക് മലകയറിയത്കൊണ്ട് നട തുറക്കാനുള്ള സമയം മാത്രമേ നടപന്തലില്‍ Q നില്‍ക്കേണ്ടി വന്നുള്ളൂ........മാണിക്യപുരം അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും രാവിലെ കെട്ട് നിറച്ച് ഗുരുവായൂര്‍,നാട്ടിക ഹനുമാന്‍കാവ്,തൃപ്രയാര്‍,കൊടുങ്ങല്ലൂര്‍,ചോറ്റാനിക്കര,വൈക്കം,മള്ളിയൂര്‍,ആദിത്യപുരം സൂര്യക്ഷേത്രം,ഏറ്റുമാനൂര്‍,പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രം,പെരുന്ന ശ്രീസുബ്രമണ്യ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ കയറി തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗസ്റ്റ് ഹൌസില്‍ ആദ്യ ദിനം വിരിവെച്ചു..........തൃപ്രയാറപ്പന്റെ പ്രസാദ ഊട്ടു ഗംഭീരം.........വൈക്കത്ത് അഷ്ടമിയും,പെരുന്ന ആറാട്ടും തൊഴുവാന്‍ സാധിച്ചു........അഷ്ടമിക്ക് ഞങ്ങള്‍ എത്തുമ്പോള്‍ മട്ടന്നൂരും,മക്കളും തൃപ്ള്‍ കൊട്ടുന്നു..........പെരുന്നയില്‍ ചിറക്കല്‍ കാളിയും,പെരുവനം സതീശന്റെ മേളവും..........പിറ്റേന്ന് വെളുപ്പിന് എണീറ്റ്‌ ശ്രീ വല്ലഭ സ്വാമിയെ തൊഴുത് യാത്ര വീണ്ടും യാത്ര തുടങ്ങി...........ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം,അങ്ങാടിക്കല്‍ മഹാകാളിക്കാവ്,ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം,പന്തളം ക്ഷേത്രം,കൊട്ടാരം,ഓമല്ലൂര്‍ രക്തകണ്‍ഡ ക്ഷേത്രം,മലയാലപ്പുഴ ദേവീക്ഷേത്രം വഴി ഉച്ചയോടെ പമ്പയില്‍..........അവിടുന്നു കുളിച്ചു മലകയറി.........നടതുറക്കുന്ന വരെ നടപന്തലില്‍..........പിന്നീട് പതിനെട്ടാംപടി കയറി കാത്തുകാത്തിരുന്ന ദര്‍ശനം..........തിരക്ക് താരതമ്യേന കുറവായതിനാല്‍ പലതവണ ദര്‍ശനം സാധ്യമായി............മാളികപ്പുറത്തമ്മയെ ...........പിറ്റേന്ന് വെളുപ്പിന് നെയ്യഭിഷേകം കഴിഞ്ഞു മലയിറക്കം...........ഹില്ടോപ്പില്‍ ആയിരുന്നു പാര്‍ക്കിംഗ്, ഞങ്ങള്‍ വന്നു നോക്കുമ്പോള്‍ കാറിനു മുന്നില്‍ ഒരു തവേര നെഞ്ചും വിരിച്ചു കിടക്കുന്നു..........കാര്‍ എടുക്കാന്‍ ഒരു രക്ഷയും ഇല്ല..........തവേരയില്‍ കണ്ട നമ്പരില്‍ വിളിച്ചപ്പോള്‍ ഡ്രൈവര്‍ സന്നിധാനത്ത്..........സഹായത്തിനു സ്വാമിയെ വിളിക്കല്ലാതെ എന്ത് ചെയ്യും.......???പോലീസ് അയ്യപ്പന്മാരും,അന്യദേശ അയ്യപ്പന്മാരും,മറ്റു ഡ്രൈവര്‍ അയ്യപ്പന്മാരും ഞങ്ങളുടെ സഹായത്തിനെത്തി..........ഭാഗ്യത്തിന് തവേരയുടെ  ഡ്രൈവര്‍ ബാക്കിലെ ഒരു ഡോര്‍ പൂട്ടിയിട്ടില്ല.........എല്ലാവരും ചേര്‍ന്ന് വണ്ടി തല്ലാം എന്നായി,അങ്ങനെ ഡ്രൈവര്‍ ആയി ഒരു പോലീസ് അയ്യപ്പന്‍ തന്നെ തവേരയില്‍ കയറി...........കുറച്ചു തള്ളിയപ്പോളെക്കും അതിന്റെ ഹാന്‍ഡില്‍ ലോക്ക് ആയി,ഇനി തള്ളിയാല്‍ അടുത്ത് നില്‍കുന്ന ഇന്നോവയുടെ ഷേപ്പ് മാറും.........വീണ്ടും പരീക്ഷണം..........അങ്ങനെ ഒരു വഴിയും ഇല്ലാതെ നില്‍കുമ്പോള്‍ ഏതോ ഒരു ഡ്രൈവര്‍ക്ക് ബുദ്ധി ഉദിച്ചു എല്ലാര്‍ക്കും ചേര്‍ന്ന് തവേര പൊക്കി എടുത്ത് വെക്കാം എന്ന്.........സ്വാമി തോന്നിച്ചത് തന്നെ ആവണം ആ ബുദ്ധി..........നീണ്ട അര മണിക്കൂര്‍ നേരത്തെ ഇരുപതോളം സ്വാമിമാരുടെ അധ്വാനത്തിന്റെ ഫലമായി തവേര ഞങ്ങള്‍ക്ക് വണ്ടിയെടുക്കാനുള്ള വഴി തന്നു..........സ്വാമി ശരണം...........തിരിച്ചു യാത്ര തുടങ്ങി........ആദ്യം കോന്നി ആനക്കൂട്ടില്‍ ഇറങ്ങി..........സോമന്‍,പ്രിയദര്‍ശിനി,സുരേന്ദ്രന്‍ എന്നിവരെ കണ്ടു.........സുരേന്ദ്രന്‍,എന്ത് ചന്തമാണ് ആ ആന കുട്ടിയെ കാണാന്‍.......അവിടുന്നു അച്ചന്‍കോവില്‍ ക്ഷേത്രത്തിലേക്ക് കാറ്റ് വഴികളിലൂടെ കുറെ ദൂരം പോവാനുണ്ട് അവിടേക്ക്..........നല്ല റോഡ്‌ ഇല്ലെങ്കിലും യാത്ര രസമാണ്.....കുടുംബസ്ഥനായ,പൂര്‍ണ്ണ-പുഷ്കലാ സമേതനായ ശാസ്താവാണ്‌ അച്ഛന്‍കോവിലില്‍  പ്രതിഷ്ഠ.......വിഷ ദംശനം ഏറ്റവര്‍ക്കുള്ള ഒറ്റമൂലി ചികിത്സയും ഈ ക്ഷേത്രത്തിലുണ്ട്.............വഴി കാട്ടിയായി അവിടുത്തുകാരന്‍ ഒരാളെയും ഞങ്ങള്‍ക്ക് കിട്ടി........കൊട്ടാരക്കര സ്വദേശി നാരായണ പിള്ള.......കേരള കോണ്ഗ്രസ് (ബി) യുടെ സഹായാത്രികാനായ പുള്ളിയും കൂടെ കൂടി അച്ചന്‍കോവില്‍ അമ്പലത്തിലേക്ക്............രാഷ്ട്രീയവും,സാമുദായികവും ഒക്കെ സംസാരിച്ചു പോകുന്ന വഴിയില്‍ അച്ചന്‍കോവില്‍ ആറ്റില്‍ വിസ്തരിച്ചൊരു കുളി.........തണുത്ത തെളിനീരുറവ........അമ്പലത്തില്‍ തൊഴുത് ചെങ്കോട്ട,തെങ്കാശി വഴി മധുരയിലേക്ക്............ആദ്യം തിരുപ്പ്രംകുണ്ട്രം ക്ഷേത്രത്തിലേക്ക്..........പൂര്‍വികരുടെ അധ്വാനത്തിന്റെയും,കരവിരുതിന്റെയും സ്മാരകം പോലെ തലയുയര്‍ത്തി നില്‍കുന്ന ഗോപുരവും,ക്ഷേത്രവും ശരിക്കും അത്ഭുതം ആയിരുന്നു..........അവിടെ നിന്നും മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക്...........തിരുപ്പ്രംകുണ്ട്രം ക്ഷേത്രം കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയതെങ്കില്‍,മധുര മീനാക്ഷി ക്ഷേത്രം കണ്ടപ്പോള്‍ തോന്നിയ വികാരത്തിനു വാക്കുകളില്ല.........."മധുര കാണാത്തവന്‍ മാട്" എന്നൊരു ചൊല്ല് തമിഴ് മക്കള്‍ക്കിടയില്‍ ഉള്ളതായി കേട്ടിട്ടുണ്ട്..........തികച്ചും സത്യം..........അത്രക്ക് മനോഹരം ആണ്,വാക്കുകള്‍ക്കതീതമാണ് ആ ശില്പചാതുരി..........ആയിരം കാല്‍ മണ്ഡപവും,സപ്തസ്വര തൂണും അത്ഭുതത്തിനും അപ്പുറം എന്തൊക്കെയോ അനുഭവപ്പെടുത്തുന്നു...........മനോഹരങ്ങളായ ഗോപുരങ്ങളും,ശില്പങ്ങളും,കുളവും,ചുറ്റുമതിലും എല്ലാം എല്ലാം വാക്കുകള്‍ക്കപ്പുറം..........എത്രയും പെട്ടെന്ന് വീണ്ടും അങ്ങോട്ടേക്ക് എത്തണം എന്ന ആഗ്രഹത്തോടെ അവിടെ നിന്നും യാത്ര തുടങ്ങി...........പഴനിയിലേക്ക്.........സമയം ഒരുപാടു വൈകിയതിനാല്‍ പഴനിയില്‍ താഴെ നിന്ന് തൊഴുതതെയുള്ളൂ.............അവിടെ നിന്നും പൊള്ളാച്ചി,പാലക്കാട്,ചെര്‍പ്പുളശ്ശേരി വഴി നാട്ടിലേക്ക് വെളുപ്പിന് നാല് മണിയോടെ എത്തുമ്പോള്‍ മനസ്സില്‍ അടുത്ത ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ നൊമ്പരം.........സ്വാമി ശരണം..........സ്വാമിയെ ശരണമയ്യപ്പാ.............

Tuesday, August 28, 2012

ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

വയലേലകളിലൂടെ തുമ്പയും,മുക്കുറ്റിയും പറിച്ച്,തുമ്പികളുടെ വാലില്‍ കയറുകെട്ടിയും,കല്ലെടുപ്പിച്ചും നടന്ന ബാല്യത്തിന്റെ മധുരസ്മരണയില്‍ വീണ്ടുമൊരു പൊന്നോണം ...... ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...........

Tuesday, December 6, 2011

വിപ്ലവം


വിപ്ലവം


ചിതറിത്തെറിക്കുന്ന സ്വപ്‌നങ്ങള്‍ക്കിടയില്‍
ചിന്തയുടെ കറുത്ത ഇടനാഴികളിലിരുന്ന്
നരകയറിയ ബലിക്കാക്കകള്‍ കാറുന്നു
വിശ്വാസങ്ങളുടെ മൂന്നാം കണ്ണ്‍ ചുവന്ന്‍
ഉള്‍പ്പോരുകളുടെ ശ്വാസഗതിയുയരുന്നു
വിഭ്രാന്തികള്‍ മറയ്ക്കപ്പെടുന്ന വിപ്ലവം
സാംസ്കാരികതയെ,ആത്മാഭിമാനത്തെ,
അവകാശ ബോധത്തെ മാന്തിപ്പറിക്കുന്നു
വിപ്ലവത്തില്‍ ശരിതെററുകള്‍ക്ക് ഭേദമില്ലത്രേ
പനിക്കുന്ന ഏതോ ഒരു നട്ടുച്ചയില്‍
വിപ്ലവകാരി മരണത്തെക്കുറിച്ച് ചിന്തിച്ചു
ജീവിക്കാന്‍ ഒരവസരം കൂടിയുണ്ടെങ്കില്‍
മരിക്കാന്‍ ആര്‍ക്കാണ് ഭയം
ഭീരുവിന്റെ വിപ്ലവമത്രേ മരണം
പക്ഷെ മരണവും ഒരു വിപ്ലവമല്ല
ചത്തവിപ്ലവത്തിന്റെ ഏററുപറച്ചില്‍
ജീവിതത്തിന്റെ യാഥാര്‍ത്ഥ വിപ്ലവം
ചിന്തയുടെ കറുത്ത ഇടനാഴികളിലിരുന്ന്
നരകയറിയ ബലിക്കാക്കകള്‍ വീണ്ടും കാറുന്നു
അത് ജീവിതത്തിന്റെ ഉണര്‍ത്തു പാട്ട്.

Wednesday, November 16, 2011

"സ്വര്‍ഗത്തിലേക്കൊരു കത്ത്"


"സ്വര്‍ഗത്തിലേക്കൊരു കത്ത്"

രാവിലെ എഴുമണി കഴിഞ്ഞു , എണീററ് പ്രഭാത കര്‍മ്മങ്ങള്‍ എല്ലാം കഴിഞ്ഞു.......ഗ്യാസ് സ്റ്റൌവില്‍ ചായക്കുള്ള വെള്ളം വെച്ച് വാതില്‍ തുറന്നു നോക്കുമ്പോള്‍ പത്രം കാണുന്നില്ല........ഇന്ന് എന്തോ ഗള്‍ഫ് മാധ്യമം എത്തിയിട്ടില്ല.........മുഴുവനും വായിക്കാനൊത്തില്ലേലും രാവിലെ പത്രം ഒന്ന് മറച്ചു നോക്കിയില്ലേല്‍ വല്ലാത്തൊരു അസ്വസ്ഥതയാണ്,പത്രം വരാതെയിപ്പോളെന്തു ചെയ്യാനാ..........എന്തായാലും അപ്പോളേക്കും ചായ റെഡിയായി, ഒരു ഗ്ലാസ്സിലേക്കെടുത്ത് സിററിംഗ് റൂമില്‍ ചെന്നിരുന്നപ്പോളാണ് "സ്വര്‍ഗത്തിലേക്കൊരു കത്ത് " എന്നെഴുതിയ ഏതോ ഒരു വാരികയുടെ ഏടുകള്‍ കിടക്കണത് ശ്രദ്ധിച്ചത്......"സ്വര്‍ഗത്തിലേക്കൊരു കത്ത്" എന്ന് കണ്ടപ്പോളേ എന്തോ ഒരു പ്രത്യേകത തോന്നി.......ഞാന്‍ നാട്ടില്‍ നിന്നും വരുമ്പോള്‍ പഴനിയിലെ പഞ്ചാമൃത പ്രസാദം പൊതിഞ്ഞു തന്ന പേപ്പര്‍ ആയിരുന്നു അത്.........ഇതുവരെ ശ്രദ്ധിക്കാതിരുന്ന ആ ഏടുകള്‍ ഞാന്‍ നിവര്‍ത്തി നോക്കി..........പഴയൊരു വനിതയുടെ പേജുകളാണ്(ആഗസ്റ്റ്‌ 15 -31 2011).............

അതിലിങ്ങനെ വലുതാക്കിയെഴുതിയിക്കുന്നു "ഒരിക്കലും പിരിയില്ലെന്ന് വിചാരിച്ചതായിരുന്നു ശിവദാസ് വിജയലക്ഷ്മി ദമ്പതികള്‍। കഥയും കവിതയും ഒരുപോലെ ആസ്വദിച്ചിരുന്നവര്‍.എന്നും രാവിലെ നാടക്കാനിറങ്ങിയിരുന്നവര്‍. അന്നും പതിവുപോലെ അവര്‍ നടക്കാനിറങ്ങി. മറന്നു വെച്ച മൊബൈല്‍ എടുക്കാന്‍ ശിവദാസ് വീട്ടിലേക്കു തിരിച്ചു കയറിയതിനാല്‍ രണ്ടു മിനിറ്റിന്റെ ദൂരം മുന്‍പിലായിരുന്നു വിജയലക്ഷ്മിയും സഹോദരന്റെ മകള്‍ ശ്രീലക്ഷ്മിയും. പെട്ടെന്നാണത് സംഭവിച്ചത്. ശിവദാസിന്റെ കണ്മുന്നില്‍ വെച്ച് ഗതി തെററിയ ഒരു ലോറി വിജയലക്ഷ്മിയെയും ശ്രീലക്ഷ്മിയെയും ഇടിച്ചു തെറുപ്പിച്ച് ജീവനെടുത്തുകൊണ്ട് കടന്നു പോയി............അതുവരെ ശിവദാസിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വിജയ ലക്ഷ്മിയോട് പറയുമായിരുന്നു. വിജയലക്ഷ്മി മരിച്ച ശേഷം കടന്നു പോയ രണ്ടു മാസത്തെ വിശേഷങ്ങള്‍ പ്രിയതമയോടു പറയാനാവാത്തതിന്റെ പിടച്ചിലിലാണ് ശിവദാസ്‌. വേറെ ആരോടു പറഞ്ഞാലും വിജി കേള്‍ക്കുന്ന അതെ മനസ്സോടെ കേട്ടില്ലെങ്കിലോ ? ഒടുക്കം ശിവദാസ് തീരുമാനിച്ചു ഒരു കത്തെഴുതാം. സ്വര്‍ഗത്തിലേക്ക്. ആത്മാക്കള്‍ക്ക് വായിക്കാനറിയാമെങ്കില്‍ ഈ കത്ത് അവള്‍ വായിക്കാതിരിക്കില്ല എന്ന വിശ്വാസത്തോടെ ശിവദാസ് എഴുതി തുടങ്ങി.........."

ഇത്രയും വായിച്ചപ്പോള്‍ തന്നെ വല്ലാത്തൊരു അനുഭവം.........തുടര്‍ന്നു വായിച്ചു

വിജീ.........
അല്പം നീട്ടി വിളിക്കട്ടെ. അങ്ങ് ദൂരെ സ്വര്‍ഗത്തിലേക്ക് ഈ വിളി കേള്‍ക്കണമല്ലോ ?

തുടര്‍ന്നങ്ങോട്ടുളളത് നൊമ്പരമുണര്‍ത്തുന്നവയാണ്......അവരുടെ ജീവിതത്തില്‍ അന്നുവരെയുണ്ടായ പല സംഭവങ്ങളുടെയും ഓര്‍മ്മപ്പെടുത്തലുകളും, മരണ ശേഷം അയാള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ആകുലതകളും നിറഞ്ഞു നില്‍ക്കുന്ന വരികള്‍ വായിക്കുന്ന ഏതൊരാളിലും നൊമ്പരമുണര്‍ത്തും.....വിജയലക്ഷ്മി ശിവദാസിന് കളിക്കൂട്ടുകാരിയാണ്,സ്നേഹനിധിയാണ്,പ്രണയി
നിയാണ്,ഭാര്യയാണ്,കുട്ടികളുടെ അമ്മയാണ്,അയാളുടെ വേദനകള്‍ക്ക് ആശ്വാസമാണ്.......അങ്ങനെ അങ്ങനെ അയാളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നിറഞ്ഞു നില്‍ക്കുന്നത് അവരാണ്.......കലഹിച്ചും , പിണങ്ങിയും, പിരിഞ്ഞും ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഈ കത്ത് തീര്‍ച്ചയായും ഒരിക്കലെങ്കിലും വായിച്ചിരിക്കണം.......നഷ്ടപ്പെടുമ്പോഴേ പലപ്പോഴും നമ്മള്‍ അതുവരെ ഒപ്പമുണ്ടായിരുന്നതിന്റെ വില അളന്നു നോക്കൂ........

കത്തിന്റെ അവസാനം ഇങ്ങനെയാണ്.............. "വിജീ , നിനക്കറിയാമോ? നിന്നെ ലോറിയിടിപ്പിച്ചു തെറുപ്പിച്ച ആ ഹൈവെയിലേക്കിറങ്ങാന്‍ എനിക്കിപ്പോളും പേടിയാണ്.........അവിടെയിപ്പോഴും ലോറികളും മാറും ചീറിപ്പാഞ്ഞു പോകുന്നു. നമുക്ക് സംഭവിച്ചത് ലോകം മറന്നു കഴിഞ്ഞു. അടുത്ത ഇരകളെ തേടുകയാണ് ലോകം........

അമിത വേഗതയില്‍ വണ്ടിയോടിക്കുന്നവര്‍ അറിയുന്നുണ്ടോ, ഭൂമിയില്‍ ഞാനും സ്വര്‍ഗത്തില്‍ നീയും അനുഭവിക്കുന്ന നെഞ്ചുപറിച്ചെടുത്ത വേദന.

അവിടെ, നിന്റെ ദൈവങ്ങളോട് എന്റെ വിശേഷങ്ങള്‍ കൂടി പറയുക.........

ഭൂമിയിലെ നീറുന്ന ജീവിതത്തില്‍ നിന്ന്...............

നിന്റെ ശിവദാസ്...........




Tuesday, November 1, 2011

പ്രിയ കൈരളിക്ക്‌


പ്രിയ കൈരളിക്ക്‌,


ഇന്ന് നിന്റെ പിറന്നാള്‍ ദിനം........നിനക്കെന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍..........നീ എന്റെ ആത്മാവിന്റെ ഉള്‍ത്തടത്തില്‍ ഉറഞ്ഞുപോയ മോഹമാണ്........എന്റെ ഹൃദയത്തിന്റെയും സത്തയുടെയും ഭാഗമാണ് നീ.........നിനവിലും, കനവിലും നീ മാത്രം.......നിന്റെ കാന്തവലയത്തില്‍ നിന്നും മുക്തി ലഭിക്കാതെ ഞാനീ മണലാരണ്യത്തില്‍ നീറിപ്പുകയുകയാണ്..........നിന്നില്‍ നിന്നകലാന്‍ ശ്രമിച്ചപ്പോഴൊക്കെ ഞാന്‍ തോറ്റുപോയി..........വീണ്ടും നിന്നെ തേടി ഞാനെത്തി,നിന്റെ മാറിന്റെ ചൂടേററു ഞാന്‍ മയങ്ങി.......നീയെനിക്കായി പച്ചപരവതാനി വിരിച്ചു തന്നു,അതില്‍ വസന്തങ്ങള്‍ കൂടുകൂട്ടി.........ഇളം കാറ്റില്‍ നീ താരാട്ടിന്‍ ഈണം മൂളി തന്നു........എന്റെ മനസ്സിന്റെ താളത്തിനൊപ്പം നീ മഴയായെന്നില്‍ പെയ്തിറങ്ങി..........ഞാന്‍ നിന്നിലൂടെ മാത്രം എന്റെ ലോകത്തെ നെയ്തെടുത്തു..........എന്നിട്ടും......

നീയോര്‍ക്കുന്നോ...?? ഒരിക്കല്‍ ഞാന്‍ ""നിന്നെ വെറുക്കുന്നു"" എന്നും പറഞ്ഞു യാത്രയായത്..........അപ്പോള്‍ നീ പറഞ്ഞിരുന്നു എനിക്ക് ഭ്രാന്താണെന്ന്.......അതെ എനിക്ക് ഭ്രാന്ത് തന്നെയാവണം......ഏതു കല്‍തുറങ്കിലടച്ചാലും, ഏതു ചങ്ങലയില്‍ ബന്ധിച്ചാലും നിന്നെ തേടി വരുന്ന ഭ്രാന്ത്........മറക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കൂടുതല്‍ കൂടുതല്‍ നിന്നിലേക്ക്‌ വലിച്ചടുപ്പിക്കുന്ന ഭ്രാന്ത്.......ഇപ്പോള്‍ വീണ്ടും നീയെന്നെ യാത്രയാക്കിയിരിക്കുന്നു..........അതും കടലിനക്കരയിലേക്ക്........

ഞാനിത് ഇവിടെ അവസാനിപ്പിക്കുന്നു.......ഇത് തുടരുവാന്‍ എനിക്കാവുന്നില്ല........ഞാന്‍ തളര്‍ന്നു പോകുന്നു.........തളര്‍ച്ച ഞാന്‍ കാര്യമാക്കുന്നില്ല, എന്നാല്‍ തകര്‍ച്ച അത് പാടില്ലത്രെ ഒരു പ്രവാസിക്ക്.........ഇവിടെ ഞാനെന്ന സഞ്ചാരി ഒററക്കാണ്.........ഇപ്പോള്‍ സമയം പാതിരാവായിരിക്കുന്നു, എങ്ങും ഇരുട്ടുമാത്രം...........ഈ കൂരിരുട്ടില്‍ നിന്റെതായ, നീ എനിക്കായി മാത്രം സമ്മാനിച്ച കുറെ ഓര്‍മ്മകളുമായി ഞാന്‍ പതുക്കെ.......പതുക്കെ.......ഉറക്കത്തിലേക്ക്..........

Saturday, October 29, 2011

അങ്ങനെ ഞാനും കടല്‍ കടന്നു

അങ്ങനെ ഞാനും കടല്‍ കടന്നു

2011 ഒക്ടോബര്‍ 26 ബുധനാഴ്ച എന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിന്റെ ആരംഭം...........ആദ്യ വിമാന യാത്ര, കടല്‍ കടന്ന് അറബി നാട്ടിലേക്ക്.............ഇതൊരു നിയോഗം, ആഗ്രഹിക്കാതെ എങ്ങനെയൊക്കെയോ സംഭവിച്ചു പോയത്..........

കുറെയേറെ എഴുതുവാനുണ്ട് , സമയത്തിനനുസരിച്ച് ഇത് മുഴുവനാക്കാം..........

അങ്ങനെ ഞാനും കടല്‍ കടന്നു

അങ്ങനെ ഞാനും കടല്‍ കടന്നു

2011 ഒക്ടോബര്‍ 26 ബുധനാഴ്ച എന്റെ ജീവിതത്തിലെ പുതിയ ഘട്ടത്തിന്റെ ആരംഭം...........ആദ്യ വിമാന യാത്ര, കടല്‍ കടന്ന് അറബി നാട്ടിലേക്ക്.............ഇതൊരു നിയോഗം, ആഗ്രഹിക്കാതെ എങ്ങനെയൊക്കെയോ സംഭവിച്ചു പോയത്..........

കുറെയേറെ എഴുതുവാനുണ്ട് , സമയത്തിനനുസരിച്ച് ഇത് മുഴുവനാക്കാം..........

Monday, October 24, 2011


അയനം.....

പ്രണയം ഒരു യാത്ര
ജലാശയങ്ങളിലൂടെ
നക്ഷത്ര സാമ്രാജ്യങ്ങളിലൂടെ
ആരും കാണാതെ പൂത്തുനില്‍കുന്ന
കൊടുങ്കാററിന്റെ മനസ്സിലൂടെ
മേഘം മഴയെ പുണരുന്ന പോലെ
സ്വപ്നങ്ങള്‍ക്ക് കാവലായി
മനസ്സിലൊരു കുളിര്‍മഴയായ്
ജീവനയാത്രയില്‍ വഴിവെട്ടമായ്
ഭാഷകള്‍ക്കപ്പുറം,കാതങ്ങള്‍ക്കപ്പുറം
എന്റെയും നിന്റെയും മൌനം
കഥ പറയുന്ന പ്രണയം
രണ്ട് ശരീരവും ഒരാത്മാവുമായി
ഞാനെന്നതില്ലാതാവുന്ന പ്രണയം
എന്നില്‍ നിന്നും നിന്നിലേക്കുള്ള
നിന്നില്‍ നിന്നും എന്നിലേക്കുള്ള
പ്രാണന്റെ അയനം.....പ്രണയം


കടപ്പാട് : വിശ്വ സാഹിത്യകാരന്‍ പാബ്ലോ നെരൂദക്ക്

Oh, Love is a journey with waters and stars,

with drowning air and storms of flour:

Love is a war of lightning,

two bodies subdued by one honey.

Kiss by kiss I travel your tiny infinity,

your margins, your rivers, your tiny villages,

and a genital fire, transformed by delight.......

(100 Love Sonnets )

Thursday, October 20, 2011

കാലം എന്നെ പ്രവാസിയാക്കാന്‍ ഒരുങ്ങുന്നു...........


കാലം എന്നെ പ്രവാസിയാക്കാന്‍ ഒരുങ്ങുന്നു...........
പകല്‍ സ്വപ്നങ്ങളില്‍ എന്നല്ലാ ഉറങ്ങികിടക്കുമ്പോള്‍ കണ്ട സ്വപ്നങ്ങളില്‍ പോലും അങ്ങനൊരു ആഗ്രഹം തോന്നിയിട്ടില്ല.........എന്നിട്ടും കാലം എന്നോടെന്തിനീ ക്രൂരത കാണിക്കുന്നു..........??? കുട്ടിക്കാലത്ത് ജാതകം നോക്കിയപ്പോള്‍ കടല്‍ കടക്കാനുള്ള യോഗം ഉണ്ടെന്ന് പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട് ആ യോഗം തീര്‍ന്നല്ലേ പററൂ......അധികം കാലം അവിടെ പിടിച്ചു നില്‍ക്കാന്‍ എന്നെകൊണ്ട്‌ പറ്റും എന്ന് തോന്നണില്ല........ഇതിലൂടെ എനിക്ക് നഷ്ടപെടാനുള്ളതെല്ലാം എന്റെ ഇഷ്ടങ്ങളാകും........ദൈവത്തിനു മുന്നില്‍ നിവേദനങ്ങള്‍ കുറെ നിരത്തിയിട്ടുണ്ട് എത്രയും പെട്ടെന്ന് നാട്ടിലേക്ക് തന്നെ തിരിച്ചെത്തിക്കുവാന്‍.....കനിയുമോ ആവോ.....എന്തായാലും ഇപ്പോള്‍ പോകുന്നത് വിസിററിംഗ് വിസയിലാണ്..........കുറച്ചു നാള്‍ കഴിഞ്ഞാല്‍ എന്തായാലും വിസ മാറാന്‍ നാട്ടില്‍ വരാം ലോ..........ആ സമാധാനത്തില്‍ പോവാനൊരുങ്ങുകയാണ്........നിങ്ങളോടൊന്നും യാത്ര പറയേണ്ട ആവശ്യം ഇല്ലല്ലോ, ലോകത്തിന്റെ ഏതു കോണിലായാലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ നമ്മള്‍ ഇതുപോലെ ഒക്കെ കാണും...........എന്നെപ്പോലെ തന്നെ ആയിരക്കണക്കിനാളുകള്‍ അവിടെ ഇതുപോലെ മനസ്സില്ലാ മനസ്സോടെ ജീവിക്കുന്നുണ്ടാവും അല്ലെ...........അതിലേക്കിനി ഒരാളും കൂടി.........ജീവിതം ഇങ്ങനൊക്കെ അല്ലെ നമ്മള്‍ ചിലത് ആഗ്രഹിക്കുന്നു, കാലം മറ്റൊന്ന് നല്‍കുന്നു.........എന്തായാലും കാലത്തിന്റെ ഒഴുക്കില്‍ കടല്‍ താണ്ടി,സ്ഥലം ഒക്കെ കണ്ട്‌, ഗള്‍ഫ് വിശേഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാം.........ററാ ററാ