Sunday, January 30, 2011

വസന്തം


മൌനത്തിന്റെ മഞ്ഞു പടര്‍പ്പിനിടയിലെവിടെയോ
ഇരുന്നാണ് ഞാന്‍ വസന്തത്തെ അറിഞ്ഞത്

എന്നിലെ പ്രണയത്തെ അറിഞ്ഞത്

കണ്ണുകളിലുണരുന്ന കാന്തതരംഗങ്ങളും,
ചുണ്ടുകളില്‍ പടരുന്ന മുന്തിരിചുവപ്പും
അതുവരെയെനിക്ക് അന്യമായിരുന്നു

വസന്തം ഒരു പെരുമഴയായ്
എന്നിലേക്ക് പെയ്തിറങ്ങി
ആ സ്പര്‍ശമേകിയ ഉന്മാദത്തിലതു-
വരെ കാണാത്തൊരു കനി തേടി ഞാന്‍
തണുപ്പുള്ള ആകാശത്തിലൂടെ പറന്നുയര്‍ന്നു.
മഴവില്ലു കവര്‍ന്നു ഛായം മിനുക്കിയ എന്റെ
സ്വപ്നച്ചിറകുകള്‍ കൊണ്ട് അലയൊലികള്‍ തീര്‍ത്തു.

ഏതോ ഒരു നിമിഷത്തില്‍ ഒച്ചയില്ലാത്ത
മഴത്തുള്ളികള്‍ക്കായ് കാതോര്‍ത്തപ്പോള്‍
വേനലിന്‍ വെളുത്തപൂക്കളെ തേടാനായെന്നെ
ഒറ്റക്കു വിട്ടു, നീ മറഞ്ഞിരുന്നു.

എങ്കിലും വസന്തമേ,നീയൊന്നോര്‍ക്കുക
എന്റെ ചിറകടിയില്‍ പൊഴിഞ്ഞുവീണ
ഒരു തൂവല്‍ മതി നിനക്ക് ഈ താഴ്വരയെ
വീണ്ടുമൊരു വസന്തത്തിലാറാടിക്കുവാന്‍
മഴവില്ലുകൊണ്ട് പൂക്കാലമൊരുക്കുവാന്‍

വേനലൊടുങ്ങിയ ഈ ഹൃദയത്തില്‍ നിന്റെ
മഴത്തരികളെ കാത്തുവെക്കാമെങ്കില്‍
എന്തുകൊണ്ടെനിക്കു വിശ്വസിച്ചുകൂടാ
വീണ്ടുമൊരു പുലരിയില്‍ പനിനീര്‍
പൂവിരിയുമെന്നും, അതിന്റെയിതളിലൊരു
ഹിമകണം എനിക്കായ് ചിരിക്കുമെന്നും.....