Thursday, December 31, 2009

2009-ലേക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍

2009-ലേക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍

2009 , ഈ അവസാന ദിവസത്തിലെ, അവസാന നിമിഷങ്ങളില്‍ ഈ വര്‍ഷത്തെ എന്റെ ജീവിതത്തെ മുന്‍ നിര്‍ത്തി ഒരു ആത്മവിചിന്തനം നടത്തുമ്പോള്‍,ഓര്‍മ്മയില്‍ സൂക്ഷിക്കാനും, ജീവിതാവസാനം വരെ മറക്കാനും കഴിയാത്ത ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നു...ഉതിര്‍ന്നുപോകുന്ന നിശ്വാസങ്ങളും,പൊഴിഞ്ഞു വീഴുന്ന പൂക്കളും,കൊഴിഞു പോകുന്ന ദിനങ്ങളും ഒന്നും തിരിച്ചു വരില്ലല്ലോ...നിഴലായും,നിലാവയും കൂടെവരുന്നതു കുറെയേറെ ഓര്‍മ്മകള്‍ മാത്രം.....നഷ്ടത്തിന്റെയും, ലാഭത്തിന്റെയും ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ ഒരു പക്ഷെ നഷ്ടത്തിന്റേതാകും കൂടുതല്‍....കാരണം നഷ്ടപ്പെട്ടതെല്ലാം എനിക്കു വളരെ പ്രിയപ്പെട്ടതും, പ്രിയപ്പെട്ടവരും ആയിരുന്നു.....എങ്കിലും ലാഭത്തിന്റെ കള്ളിയിലും എഴുതാന്‍,ഒരുപാട് അനുഭവങ്ങളും,ബന്ധങ്ങളും,യാത്രകളും എനിക്ക് ഈ 2009 സമ്മാനിച്ചു....അതോരോന്നായി ചികഞ്ഞു ഞാന്‍ ഇവിടെ എഴുതുന്നില്ല(ഹി ഹി ഹി), പക്ഷെ എന്റെ മനസ്സില്‍ ഓരൊരുത്തരുടേയും മുഖങ്ങളിങ്ങനെ ഓടികളിക്കുന്നുണ്ട്...യാത്രകളിലെ അസുലഭ മുഹൂര്‍ത്തങ്ങളും.....അതിലധികവും ഓര്‍ക്കുട്ട് എന്ന വിസ്മയത്തില്‍ നിന്നും ലഭിച്ചവയാണ്....അവിടെയെനിക്കു ഗുരുസ്ഥാനീയരുണ്ട്,സുഹൃത്തുക്കളുണ്ട്,സഹോദരന്മാരുണ്ട്,സഹോദരിമാരുണ്ട്,അതിലുമപ്പുറം മനസ്സിനോടടുത്തവരും ഉണ്ട്.....ഗൂഗിളിനു ഒരായിരം നന്ദി.....

ഈ പുതുവത്സരത്തില്‍ എനിക്കു പ്രത്യേക ആഗ്രഹങ്ങളോ, ലക്ഷ്യങ്ങളോ ഒന്നും മനസ്സില്‍ ഇല്ല......2009-ല്‍ ചില ചെറിയ പ്രതീക്ഷകളൊക്കെ ഉണ്ടാര്‍ന്നു,അതിലും വലിയ പലതും ആണ് ലഭിച്ചത്.......എല്ലയ്പ്പോഴും അങ്ങനെ ആകണം എന്നില്ലല്ലോ അല്ലേ...??ഹിഹിഹി.......പ്രതീക്ഷകള്‍ നടക്കാതെ വരുന്നതു എനിക്കു വല്ലാത്ത നൊമ്പരം ഉണ്ടാക്കും......അതുകൊണ്ടു തന്നെ അമിത പ്രതീക്ഷകള്‍ ഒന്നിലും വെക്കാറില്ല.......അമിതാഗ്രഹങ്ങളും.....ഇതുപോലെ ഒക്കെ ജീവിച്ചു പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെ...........ഉപയോഗിക്കുന്ന വാക്കുകള്‍,ചെയ്യുന്ന പ്രവൃത്തികള്‍,ഏര്‍പ്പെടുന്ന കര്‍മ്മങ്ങള്‍ ഇവകൊണ്ടൊന്നും മറ്റുള്ളവര്‍ക്കൊരു പ്രശനങ്ങളോ,വിഷമങ്ങളോ ഉണ്ടാകരുത് എന്നു ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ട്.....പലപ്പോഴും അതിനു നേരെ വിപരീതമാണ് സംഭവിക്കാറ് എങ്കിലും........!!!.......വര്‍ഷത്തില്‍ കുറച്ചു പൂരങ്ങളും, വൃശ്ചിക മാസത്തിലും, പിന്നെ പറ്റുമ്പോളെല്ലാം ശബരീശ ദര്‍ശനവും അതാണ് കുറച്ചു വര്‍ഷങ്ങളായുള്ള എന്റെ ഓരോ വര്‍ഷത്തിലെയും പ്രധാന അജണ്ട എന്നു വേണമെങ്കില്‍ പറയാം........ഓരോ വര്‍ഷത്തെയും കലണ്ടര്‍ കിട്ടിയാല്‍ ആദ്യം തന്നെ നോക്കുന്നതും, മുന്‍കൂട്ടി തീരുമാനിക്കുന്നതും ഇതു മാത്രമാണ്..........ബാക്കിയെല്ലാം വരുന്നപാട് ചന്തം.........ഇത്തരം യാത്രകള്‍ക്കെല്ലാം നമുക്ക് ആരോഗ്യം,ആയുസ്സ്, പിന്നെ കുറച്ച് പണം അതെല്ലാം വേണം.......അതു മൂന്നും ഉണ്ട് എന്നാല്‍ നമ്മുടെ ജീവിതം ഒരുപരിധി വരെ സന്തോഷപ്രദം തന്നെയല്ലേ..........അതിനെയെല്ലാം ആണ് ഞാന്‍ ദൈവാനുഗ്രഹം ആയി കണക്കാക്കുന്നത്.......

പിന്നെ ഈ 2009 ഒരു പ്രധാന ലക്ഷ്യം കൂടി എനിക്ക് സ്വന്തം ജീവിതത്തില്‍ തന്നു......അതെത്രത്തോളം വിജയിക്കും എന്നതു കണ്ടറിയണം........എന്കിലും അതിനായി പരമാവധി ഞാന്‍ ശ്രമിക്കും.........ഇപ്പോള്‍ സംഗതിയുടെ ഏകദേശ രൂപം കിട്ടിക്കാണുമല്ലോ‍ാ???? അതുമതി.........

പിന്നെ കൃസ്തുമസ്സ് , ന്യൂ ഇയര്‍ ഫ്രണ്ട് ആയി ഒരുപാട് കഴിവുകളുള്ള ഒരാളെ കിട്ടി........ഞാന്‍ കുറച്ചു നാളായി സ്ഥിരം വായിക്കുന്ന ഒരു ബ്ലോഗിന്റെ ഉടമയാണ്.......എന്റെ ആശയങ്ങളോടും,ചിന്തകളൊടും,ലോകത്തോടും ചില സാമ്യങ്ങളൊക്കെ അവിടെ കണ്ടു, അവരിലും........നമ്മടെ കാര്യങ്ങളൊക്കെ കേള്‍ക്കാനും, ഉള്‍ക്കൊള്ളാനും ഒക്കെ ഒരാള്‍.........അതു വലിയൊരു കാര്യം തന്നെയാണ് എല്ലായ്പ്പോഴും........പക്ഷെ ഈ കക്ഷി എത്രത്തോളം എന്റെ കത്തി സഹിക്കും എന്നു കണ്ട് തന്നെ അറിയണം............


എന്തൊക്കെയോ കുറെ എഴുതണം എന്നു വെച്ച് ഇരുന്നതാണ്....പക്ഷെ ഇപ്പോളൊരു സുഖം തോന്നണില്ല.....ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നൊരു തോന്നല്‍......അതു ഇടക്കൊക്കെ ഉള്ളതാണ്......കഴിഞ്ഞ പുതുവര്‍ഷം ഞാന്‍ ഓണലൈനില്‍ ആ‍യിരുന്നു ഈ വര്‍ഷത്തെ പോലെ തന്നെ തുടങ്ങിയത്.......അന്നെന്റെ നല്ലൊരു ചാറ്റ് ഫ്രെണ്ട് കമ്പനി തന്നിരുന്നു,ഇന്നും ഞാനതു പ്രതീക്ഷിച്ചു വന്നതാണ്......പക്ഷെ അവിചാരിതമായി ഞങ്ങളിപ്പോള്‍ പിണങ്ങി....അതോടെ സകല മൂഡും പോയി.....ഹിഹിഹി......പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍, എന്റെ താളം മൊത്തത്തില്‍ തെറ്റുന്നു....ഹി ഹി ഹി



2010 ഏവര്‍ക്കും ഐശ്വര്യവും,സമ്പല്‍ സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ.......പുതുവത്സരാശംസകള്‍........

Monday, August 24, 2009

ഒരു യാത്രാമൊഴി....









ഒരു യാത്രാമൊഴി.....

ഞാന്‍ നിന്നോട് യാത്ര പറയാതെ പോയാല്‍.......
നീ എന്നോട് പിണങ്ങരുത്...ഞാന്‍ നിന്‍റെ മുന്‍പില്‍ എപ്പോഴോ വന്നു നിന്നിരുന്നു...മറ്റു മുഖങ്ങള്‍ക്കിടയില്‍
നീയെന്നെയുമെണ്ണി... കാലത്തിനുമപ്പുറം കാണുന്ന കണ്ണുകളെ നീയറിഞ്ഞില്ല... പ്രപഞ്ചമോന്നടങ്കമെരിക്കാന്‍ പോന്ന സ്നേഹാഗ്നി
നീയറിഞ്ഞു കാണില്ല...വിട...
മരണവും അസ്ഥിത്വവുമെല്ലാം ഒന്നെന്നറിയുന്ന നേരം ആരോടും പറയാതെ ഞാന്‍ യാത്രക്കിറങ്ങും..
പുറത്തു അപ്പോള്‍ ഒരു പക്ഷെ
മഴ പെയ്യുകയായിരിക്കും......


DewDrops....




എന്റെ ഓണാശംസകള്‍.....


Tuesday, June 9, 2009

സ്നേഹം....


സ്നേഹം........
.................

മഴയോടും.......മാമലകളോടും.......പുഴയോടും.......
പുമരങ്ങളോടും...... പച്ചപ്പുനിറഞ്ഞ വയലേലകളോടും....... വയല്‍ വരമ്പില്‍ ഇളകിയാടുന്ന........തുമ്പപ്പൂക്കളോടും........
അവയിലെ തേനുണ്ണാനെത്തുന്ന.........ശലഭങ്ങളോടും....... പാറിപ്പറക്കുന്ന.......... പറവകളോടും.......... പുതുമഴയില്‍ കിളിര്‍ക്കുന്ന പച്ച പുല്‍കൊടികളോടും.......
അവയില്‍ ചാടികളിക്കുന്ന പുല്‍ച്ചാടികളോടും.......കുത്തിയൊലിച്ചു പായുന്ന നീര്‍ച്ചോലകളോടും........ അതില്‍......തുള്ളിക്കളിക്കുന്ന പരല്‍ മീനുകളോടും..........മഞ്ഞുകാലങ്ങളില്‍...... തളിരിലകളില്‍........നിന്നും കുതിര്‍ന്നു വീഴുന്ന.......... മഞ്ഞു തുള്ളികളോടും..... ഇതെല്ലാം......
ആസ്വദിക്കുന്ന.......മനുഷ്യമനസുകളോടും...........

സ്നേഹം.....
........

Friday, June 5, 2009

മഴത്തുള്ളികള്‍.............Mazhathullikal.............

മഴത്തുള്ളികള്‍....Mazhathullikal....

വരണ്ടുണങ്ങിയ ഭൂമി, ഭൂമിക്കു ദാഹം തീര്‍ക്കാനുള്ള ആകാശ തീര്‍ത്ഥമത്രെ മഴ......മഴക്കാലം, അത് ഓര്മകളുടെവസന്തകാലമല്ലേ ......മഴയെ കുറിച്ച് ഓര്ക്കാന്‍ , അല്ലെങ്കില്‍ മഴയെ ഇഷ്ടപെടാത്ത മലയാളികള്‍ഉണ്ടാകുമോ.....മുന്കാലങ്ങളില്‍ എന്തായാലും ഉണ്ടായിരുന്നില്ല , കാരണം ഭാരതീയരാ നമ്മുടെ മുന്‍ഗാമികള്‍ , അല്ലെങ്കില്‍ നമ്മുടെ പൂര്‍വ്വസൂരികള്‍ മഴയെആരാധിച്ചിരുന്നതായി , മഴയെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടിയാഗങ്ങള്‍ നടത്തിയിരുന്നതായി പുരാണങ്ങളിലും , വേദങ്ങളിലും പരാമര്‍ശിക്കുന്നുണ്ട് (യാഗങ്ങള്‍ ലോകനന്മക്കു വേണ്ടിയുള്ളതാണ് എന്നാണു പറയപ്പെടുന്നത്, ഇദം മമ : അതാണ് യാഗ തത്വം , എന്നാല്‍ ഇന്നോ , ഏതേലുംസോമയജിപാട് , ഇത്ര രൂപ എന്ന് മുന്കൂട്ടിനിശ്ചയിക്കാതെ യജമാനന് ആകാന് തയ്യാറാകുമോ , ചിലവുകള്‍ അവര്ക്കും ഉണ്ട് എന്നത് ശരി തന്നെ, എങ്കിലുംഅതു ലോക നന്മയെ ഉദ്ദേശിച്ചുകൊണ്ടാണെന്നുപറയാനൊക്കുമോ...)....അവര്‍ ഇന്ദ്രനെ മഴയുടെ ദേവനായിസങ്കല്‍പിച്ചിരുന്നു, ആരാധിച്ചിരുന്നു, അദ്ദേഹം വില്ലുകുലച്ചാല്‍ മഴയായി എന്നത് കവിഭാവന ……അതുകൊണ്ട്തന്നെയായിരിക്കണം അന്നൊക്കെ മനുഷ്യനു പ്രകൃതിയുമായി നല്ല ബന്ധമുണ്ടായിരുന്നതും......മണ്ണ് ഒരിക്കലുംചതിക്കില്ല എന്ന് വരെ അന്നത്തെ ജനങ്ങള്‍ പറഞ്ഞിരുന്നു , എന്നാല്‍ ഇന്നോ ………? അന്നൊക്കെ പ്രകൃതിമനുഷ്യനായി ഞാറ്റുവേലകളും മറ്റും കൃത്യമായി എത്തിച്ചിരുന്നു , കൃഷിക്ക് വേണ്ട സമയങ്ങളില്‍ മാത്രം വൃഷ്ടി .... എന്നാല്‍ ഇന്നത്തെ സ്ഥിതിയോ ....... ? നാം അടക്കമുള്ളന്യൂ ജനറേഷന്‍എന്നറിയപ്പെടുത്ത തലമുറയില്‍ഉള്ളവര്‍ക്ക് മഴയെ പ്രാകാന്‍ മാത്രമേ നേരമുള്ളൂ, നമ്മുടെ ജീവിതരീതികള്‍ക്ക് വേഗത വര്‍ധിച്ചത് കൊണ്ടായിരിക്കാം, ഇങ്ങനെഒരു നശിച്ച മഴഎന്ന് പറയാത്ത എത്ര കൂട്ടുകാരുണ്ടാകും നമ്മുടെ കൊച്ചു കേരളത്തില്‍ …….. നമുക്ക്നമ്മുടെ കാര്യം മാത്രേ നോക്കാന്‍ സമയമുള്ളൂ ........ മഴയില്ലെങ്കില്‍ , വെള്ളമില്ലെങ്കില്‍ മനുഷ്യന്‍ എന്നല്ല ഒരൊറ്റസസ്യ ജീവജാലങ്ങളും ഉണ്ടാകില്ല എന്ന് പോലും നാം മറക്കുന്നു, പണ്ടുള്ളവര്‍ ആരാധിച്ചിരുന്നതിനെയും മറ്റുംപുച്ഛിക്കുന്നവര്‍ക്ക് , ഇന്നത്തെ ശാസ്ത്ര ലോകം തന്നെ തെളിയിച്ചിട്ടുള്ളതാണ് ജീവന്‍ ഉല്‍ഭവിച്ചിട്ടുള്ളത് ജലത്തില്‍നിന്നാണ് എന്നത് ........ ചാള്‍സ് ഡാര്‍വിന്റേയും മറ്റും സിദ്ധാന്തങ്ങള്‍ അതിനു തെളിവാണ്............

ജലം, വായു, തീ (Fire) എല്ലാം പ്രകൃതിയുടെതാണ്, അവിടെ ദൈവ വിശ്വാസത്തിനോ , നിരീശ്വര വാദത്തിനോസ്ഥാനം ഇല്ല ........ പ്രകൃതി പ്രകൃതിയായി തന്നെ നിലനില്‍കുന്നു ........... അതുകൊണ്ട് തന്നെയല്ലേ ഭൌതികലോകത്തെ ഏറ്റവും വലിയ വിവേകികള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യര്‍ക്ക് ഇന്നും പ്രകൃതിയുടെ സത്തകളെമനസിലാക്കാന്‍ കഴിയാത്തത് ……… ജലം, വായു, തീ (Fire) ഇവയോടോന്നും കളിക്കരുത് എന്ന് ആദിമ മനുഷ്യന്‍പോലും മനസിലാക്കിയതാണ്...... ഇതിനെ കുറിച്ചൊക്കെ പഠിക്കുന്ന ശാസ്ത്രശാഖകളും, ശാസ്ത്രജ്ഞന്മാരും ഒക്കെഉള്ള ഇന്നത്തെ ലോകത്തില്‍ ഇവര്‍ക്ക് ഇതിന്റെ ഉല്‍ഭവങ്ങളെ കുറിച്ചോ, അല്ലെങ്കില്‍ കൃത്യസമയത് ഇത് നടക്കുംഎന്നോ പറയാന്‍ പറ്റുന്നുണ്ടോ…………? കഴിയുമായിരുന്നെങ്കില്‍ സുനാമി വന്നു കുറെ ജീവന്‍ പോവില്ലായിരുന്നല്ലൊ, അഗ്നി പര്‍വതങ്ങല്‍ ഇന്നു പൊട്ടും, നാളെ പൊട്ടുംമെന്നും പറഞ്ഞ് ജനങ്ങളെ കഷ്ടപ്പെടുത്തേണ്ടിവരില്ലായിരുന്നല്ലൊ.......... എന്നും വാര്‍ത്തകളില്‍ പറയുന്നത് കേള്‍ക്കാം മഴ പെയ്യാനും, പെയ്യാതിരിക്കാനുംസാധ്യതയുണ്ടെന്ന്…………ഇത് പറയാന്‍ വേണ്ടി ഇങ്ങനെ ഒരു സ്ഥാപനം എന്തിനാണ്, അല്ലെങ്കില്‍അവിടെയുള്ളവരെ ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കുന്നത്‌ എന്തിനാണ് .........ഇത് ഏതു കുട്ടിക്കും പറയാവുന്നതല്ലെയുള്ളൂ , പെയ്യാനും, പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന്……………നമ്മുടെ നാട്ടിന്‍പുറത്തുള്ള പഴയ കര്‍ഷകര്‍ ഇവരേക്കാള്‍ നന്നായി ആകാശം നോക്കി കാലാവസ്ഥ പ്രവചിക്കും…………കാരണം അവര്‍ക്ക് പ്രകൃതിയെഅറിയാം………പണ്ട് ബ്രിട്ടീഷുകാര്‍ കേരളത്തിലെസുഗന്ധവ്യഞ്ജനങ്ങള്‍ മുഴുവന്‍ കട്ടുകൊണ്ടു പോയപ്പോള്‍അന്നത്തെ രാജാവ്‌ പറ
ഞ്ഞത്രേ, അവര്‍ക്ക് നമ്മള്‍കൊയ്തെടുത്ത വസ്തുക്കള്‍ മാത്രമല്ലെ കൊണ്ട് പോകാന്‍ പറ്റൂ, നമ്മുടെ ഞാറ്റുവേലകളെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോഎന്ന്........ അത് സത്യമായിരുന്നു ..... പക്ഷെ ഇന്ന് നമ്മള്‍പ്രകൃതിയോടു ചെയ്യുന്ന ക്രൂരതകള്‍ക്കനുസരിച്ച് പ്രകൃതിതിരിച്ചടിക്കുന്നത് കൊണ്ടുതന്നെയാണ് ക്രമം തെറ്റിയമഴയും, മഴക്കാലവും, ജല ദൌര്‍ലഭ്യവും ഒക്കെ .....


നമ്മുടെ
പുരാണങ്ങളില്‍ പറയുന്നു സൃഷ്ടിയില്‍ സംഹാരമുണ്ട് , സംഹാരത്തില്‍ സൃഷ്ടിയും എന്ന്………… ഇത്തന്നെയല്ലേ ജലത്തിനെ കുറിച്ചും പറയേണ്ടത്………ജലം അഗ്നിയുടെ ശത്രുവാണെന്നാണ് നമ്മള്‍ കരുതുന്നത്, അതുകൊണ്ട് തന്നെയാണ് തീ കെടുത്താന്‍ നമ്മള്‍ ജലം ഉപയോഗിക്കുന്നതും, എന്നാല്‍ നിയന്ത്രണാതീതമായതീയാണെങ്കിലോ... ? ജലം ഒഴിക്കുന്നത് തീ ആളികത്തുന്നതിനേ സഹായിക്കൂ…………Water H2O ആണ് ........ രണ്ടു ഹൈഡ്രജന്‍ ആറ്റവും, ഒരു ഓക്സിജന്‍ ആറ്റവും ........ നമുക്കറിയാം ഹൈഡ്രജന്‍ കത്തുന്ന വാതകം ആണ്, ഓക്സിജന്‍ ജീവന്റെ നിലനില്പിനാധാരമെങ്കിലും, അതും കത്തുവാന്‍ സഹായിക്കുന്ന വാതകം ആണ് ……ഇവ രണ്ടുംചേര്‍ന്നുണ്ടാകുന്ന ഓരോ തുള്ളി ജലവും അഗ്നിയെ കെടുത്തും……….എന്തൊരത്ഭുതം അല്ലെ…………

നിള
നദിയെ അറിയില്ലേ .......? ഭാരതപ്പുഴ എന്ന് പറയും........ എനിക്കേറ്റവും ഇഷ്ടപെട്ട നദിയാണ് ............. അല്ലെങ്കില്‍ ആയിരുന്നു .......... കേരളത്തിലെ ഏറ്റവും അധികം ജലസംഭത്തുള്ള നദികളില്‍ രണ്ടാമത്തെ നദിയാണ്എന്റെ കുട്ടിക്കാലത്തൊക്കെ നിള വളരെ സുന്ദരിയായിരുന്നു, പഞ്ചാരമണലും , ഉരുളന്‍ കല്ലുകളുംഒക്കെയായി............എന്നാല്‍ ഇന്നത്തെ നിളയുടെ അവസ്ഥയെന്താണ്........... മണലെടുപ്പും, ജലദൌര്‍ലഭ്യവും , പുഴയോരം കയ്യേറിയും ഒക്കെ മഹാ നദി നശിച്ചുനാമാവശേഷമായി കൊണ്ടിരിക്കുന്നു ............ഇന്ന് നദിയുടെ സ്ഥാനത്ത് ചെങ്ങണ കാടുകള്‍ ആണ് കാണുന്നത് ............ഒറ്റപ്പാലം, തിരുനാവായ, പട്ടാമ്പി, കുറ്റിപ്പുറം , ചമ്രവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ നിളയുടെ മനോഹരമായ കാഴ്ചകളാണ് പല സിനിമകളുടെയും ലൊക്കേഷനുകള്‍ ആയിരുന്നത് ......... ഒറ്റപ്പാലം എന്ന നാടിനെ ........ സിനിമയുടെ ഭാഗ്യ ലൊക്കേഷന്‍ ആക്കിയതിന് പിന്നില്‍ നിളക്കും പ്രധാന പങ്കുണ്ടെന്ന് പറയാതെ വയ്യ, നിള തന്നെയാണ് പ്രിയദര്‍ശന്‍ പടമായ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മരുഭൂമിയായി മാറിയതും........! പട്ടാമ്പി മണല്‍ എന്നതിന് ബില്‍ഡിംഗ്‌ തൊഴിലാളികള്‍ക്കിടയില്‍ പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു...............അന്നൊക്കെ പട്ടാമ്പി മണലില്‍ അരിച്ചു കളയാന്‍ കല്ലോ, ചവറോ അധികം ഉണ്ടായിരുന്നില്ല, നല്ല പഞ്ചാര മണല്‍തരികള്‍ .................ഇന്നോ ഏറ്റവും അധികം മണ്ണു കലര്‍ന്ന മണലാണ്‌ അവിടെയുള്ളത്......... ആയിരം പാദസരങ്ങള്‍ കിലുങ്ങി.............എന്ന് തുടങ്ങി എത്ര മനോഹര ഗാനങ്ങളാണ് ആലുവ പുഴയെ കുറിച്ച് വയലാര്‍ എഴുതിയിട്ടുള്ളത് , ഇന്നത്തെ ആലുവ പുഴയുടെ അവസ്ഥ എന്താണെന്ന് അറിയാമല്ലോ .............ഒരു ഫിലിം തമാശയില്‍ കണ്ടിട്ടുണ്ട്, സലിംകുമാര്‍ കാറിനുള്ളില്‍ കിടന്നു ഉറങ്ങുമ്പോള്‍, ശ്വാസം വലിച്ചു കൊച്ചിയെത്തി എന്ന് പറയുന്നത്, അത് കോമഡി ആണെങ്കിലും അതില്‍ സത്യമുണ്ടെന്ന്, ആലുവ പുഴയോരത്തുകൂടി പോകുന്ന ആര്‍കും മനസിലാകും.......കൊച്ചിയുടെ മണം......ഇതു അവിറ്റുത്തെ മാത്രം പ്രശ്നം അല്ല, കേരളത്തില്‍ പലയിടത്തും ഉള്‍ലതാണ്.........നാട്ടിന്‍ പ്രദേശങ്ങളില്‍ ആണെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നുരാത്രിയില്‍ കോഴി അവശിഷ്ടങ്ങള്‍ കൊണ്ടു തള്ളുന്നതു പോലുള്ള പ്രശനങ്ങള്‍ ഉണ്ട്........നാറിയിട്ടു അതിനുചുറ്റുവട്ടത്തുകൂടി പോലും പോകാന്‍ കഴിയാത്ത അവസ്ഥയുണ്ട് പലയിടത്തും.........


മഞ്ഞിന്റെ പ്രണയഭാവത്തേക്കാള്‍ , മഴയുടെ മായികഭാവത്തോടാണ് എനിക്ക് ഇഷ്ടം, നല്ല മഴയുള്ള രാത്രിയില്‍ മനോഹരങ്ങളായ സ്വപ്നങ്ങളും കണ്ടു മൂടിപ്പുതച്ചുറങ്ങാന്‍ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ മഞ്ഞിന്റെ തണുപ്പ് ശരീരത്തെയാണ് ബാധിക്കുന്നത്, എന്നാല്‍ മഴയുടെ തണുപ്പും, സംഗീതവും മനസിനെയാണ് സ്വാധീനിക്കുന്നത്, നിങ്ങള്‍ വായിച്ചിട്ടുണ്ടോ എം . ടി യുടെ മഞ്ഞ് ....... നല്ലൊരു വായനാനുഭവം ആണ് അത് .........മഴയെ കുറിച്ച് വര്‍ണ്ണിക്കാത്തകവികളുണ്ടാവില്ല , അത്പോലെ മഴയ്ക്ക് കെട്ടാന്‍ പറ്റാത്തവേഷങ്ങളും ഇല്ല…… മഴയ്ക്ക്ഓരോ സമയത്ത് ഓരോഭാവങ്ങള്‍ ആണ് …….. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മുടെ മാനസീകാവസ്ഥക്കനുസരിച്ചാണ് മഴയുടെ ഭാവങ്ങള്‍ ........ പ്രണയം, വിരഹം, സന്തോഷം, ദു:ഖം , ലാഭം, നഷ്ടം എന്നിങ്ങനെ എല്ലാ വികാരങ്ങള്‍ക്കും അനുസരിച്ചാണ് മഴപെയ്യുന്നത്………. നമ്മള്‍ അതിനെ ശ്രദ്ധിക്കണം എന്ന് മാത്രം, അപ്പോള്‍ നമുക്ക് തോന്നും മഴ നമുക്ക് വേണ്ടിമാത്രമാണ് പെയ്യുന്നത് എന്ന് ……നമ്മെ സാന്ത്വനിപ്പിക്കാന്‍, സന്തോഷിപ്പിക്കാന്‍ അങ്ങനെ അങ്ങനെ……. മഴയില്‍ സംഗീതവും ഉണ്ട്…………ജീവന്റെ ഓരോ തുടിപ്പുകളും മഴയെ ആശ്രയിച്ചാണ് …………. കേട്ടിട്ടില്ലേ, ഓരോരുത്തരും തുടങ്ങുന്നതും, ഒടുങ്ങുന്നതും മണ്ണിലാണെന്നു, മണ്ണില്‍ നമ്മുടെ നശ്വര ശരീരം ലയിപ്പിക്കുന്നതിനും മഴക്കു പങ്കുണ്ട് . പിന്നെ മറ്റൊരു സത്യം മഴ ഇത്രയും സുന്ദരിയായി, പെയ്തിറങ്ങുന്നത് നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രാണ്, ദൈവത്തിന്റെ സ്വന്തം നാട് (…….? ദൈവത്തിന്റെ നാടും, ചെകുത്താന്റെ സന്തതികളും എന്നാരോ പറഞ്ഞിട്ടുണ്ട്..... ) ആയതു കൊണ്ടായിരിക്കും, മറ്റെവിടെയും മഴക്കിത്രയും സൌന്ദര്യമില്ല എന്ന് തോന്നുന്നു…….. മഴയെ സ്നേഹിക്കൂ, ആസ്വദിക്കൂ……….. എനിക്കുറപ്പുണ്ട് അത് നിങ്ങളുടെ മാനസീകാരോഗ്യംവര്‍ധിപ്പിക്കും, ഇന്നത്തെ ലോകത്ത് ആര്‍ക്കും ഇല്ലാത്തതു അതാണെന്നാണ് മാനസീകരോഗ വിദഗ്ധര്‍ പറയുന്നത്..........


എല്ലാവര്ക്കും നല്ലൊരു മഴ അനുഭവം ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട്…….ഇപ്പൊ വല്ലാത്ത മടിയാണ് എന്തേലും ചെയ്യുന്നതിന്, അതുകൊണ്ടാണ് ഓരോ ഭ്രാന്തുകള്‍ എഴുതികൂട്ടുന്നത്.......ഇവിടെ നല്ല മഴയാണെയ്........

Monday, June 1, 2009

ആത്മ സൌന്ദര്യം....

ആത്മ സൌന്ദര്യം....
......

നിന്നോടെനിക്കിഷ്ടമാണ്
വിടര്‍ന്ന മിഴികളോ, പുഞ്ചിരിയാല്‍-
തെളിയുന്ന നുണക്കുഴികളോ, അല്ല
എന്നെ നിന്നിലേക്കാകര്‍ഷിച്ചത്.
നിന്റെ ജീവിതം ചൈതന്യ പൂര്‍ണ്ണം
നിന്റെ ആത്മാ‍ര്‍ത്ഥതയും, ലക്ഷ്യ ബോധവും
സ്ഥിരോന്മേഷവും അതു നിനക്കേകി
അന്യരുടെ പ്രചോദനം നീ ആഗ്രഹിക്കുന്നില്ല
ഹ്രുദയവും,ബുദ്ധിയും, ഇന്ദ്രിയങ്ങളും
ആത്മാര്‍ത്ഥമായ് പ്രവര്‍ത്തിക്കുമ്പോഴുള്ള
ആനന്ദത്തില്‍ നീ ജീവിക്കുന്നു.
നിന്റെ വ്യക്തിത്വം എനിക്കു സ്വാഗതാര്‍ഹം
ഞാനെന്ന വ്യക്തിക്കു സമം
മാനസികവും, ശാരീരികവുമായ നാമെന്ന രണ്ട്
വ്യക്തിത്വങ്ങള്‍ ഈ നിമിഷങ്ങളില്‍
പൂര്‍ണ്ണതയിലേക്കടുക്കുന്നുവോ.......???

.....

Friday, March 20, 2009

അന്നു ആ സന്ധ്യയില്‍........

അന്നു ആ സന്ധ്യയില്‍........

ഈ ഇരുട്ടുമുറിയുടെ കോണില്‍ നിര്‍വികാരനായ് ഇരിക്കുമ്പോള്‍, എനിക്കു കേള്‍ക്കാം അവളുടെ പൊട്ടിചിരിയുടെ മനം കുളിര്‍പ്പിക്കുന്ന ശബ്ദം. ഇരുമ്പഴി വാതിലിനുള്ളിലൂടെ എന്നെ നോക്കുന്ന എല്ലാ കണ്ണുകള്‍ക്കും അവളുടെ കണ്ണുകളിലെ തിളക്കം.

എന്നെ മടിയിലേക്കു ചായ്ച്ച് താരാട്ടുപാടുന്ന ഈ ഇരുട്ടിനോട് എനിക്കൊരു കഥ പറയാനുണ്ട്. നിറക്കൂട്ടുകളില്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളെ കടലിന്റെ നെഞ്ചോടൊതുക്കിയ ഒരു പ്രിയ കൂട്ടുകാരിയുടെ കഥ.

ഞങ്ങളുടെ പ്രിയപ്പെട്ട ആ കടല്‍ക്കരയിലിരിക്കുമ്പോള്‍ ഒരോ സായാഹ്നവും, ഞങ്ങള്‍ക്കോരോ ജന്മങ്ങളായിരുന്നു. ഓരൊ തവണ അവളെന്നെ നോക്കി ചിരിക്കുമ്പോഴും, അവളുടെ പ്രണയത്തിന്റെ ഭാഷ കൂടുതല്‍ ലളിതമായെനിക്കു തോന്നിയിരുന്നു. ഒരു നിമിഷം പോലും , ചുണ്ടില്‍ ചെറുപുഞ്ചിരിയില്ലാതെ ഞാനവളെ കണ്ടിട്ടില്ല.

അന്ന് ആ സന്ധ്യയില്‍ തിരക്കൊഴിഞ്ഞ കടല്‍ക്കരയില്‍ ഞങ്ങളേറെ നേരം വെറുതെയിരുന്നു. അവളെന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി, എന്നിട്ട് പതിയെ പറഞ്ഞു നിന്റെ കണ്ണിലെ ഈ തിളക്കം, അതിന്റെ പ്രകാശത്തിലൂടെ ഞാന്‍ നിന്റെ മനസ്സിനെ കാണുന്നു, അറിയുന്നു. ദാ, അവിടെ നിറയെ ഞാനാണ്, ഞാന്‍ മാത്രെയുള്ളൂ.... നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു, എന്തിനാ നീയെന്നെ ഇത്രത്തോളം സ്നേഹിക്കുന്നത്....എന്നോട് ഇത്രമാത്രം ആത്മാര്‍ത്ഥത കാണിക്കുന്നത്.....ഞാന്‍........ഞാന്‍ നിന്നെ ഉപേക്ഷിച്ചാലോ........! സത്യത്തില്‍ അവളുടെ ആ നിഷ്കളങ്ക ചോദ്യങ്ങള്‍ക്കൊന്നും എന്റെ പക്കല്‍ ഉത്തരമില്ലായിരുന്നു. എങ്കിലും എന്നിലേക്കു തുളച്ചിറങ്ങിയ അവളുടെ കണ്ണുകളിലേക്കു നോക്കി ഞാന്‍ പറഞ്ഞു, “ നീ കള്ളം പറയുന്നു, ഒരിക്കലും നീയെന്നെ ഉപേക്ഷിച്ചു പോവില്ല.....നിനക്കതിനാവില്ല..........”

പെട്ടെന്നവള്‍ അവളുടെ കണ്ണുകളെ എന്നില്‍ നിന്നും പിന്‍വലിച്ചു. കടലിന്റെ നെഞ്ചില്‍ ആര്‍ത്തുല്ലസിക്കുന്ന തിരമാലകളെ നോക്കി പറഞ്ഞു........” ഇല്ലെടാ, നിനക്കെന്നെ അറിയില്ല, നിന്നെ ഞാന്‍ തനിച്ചാക്കി പോകും......എനിക്കറിയാം ഞാന്‍ പോയാല്‍ എന്നോടുള്ള സ്നേഹം നിന്നെ ഭ്രാന്തനാക്കും, നിന്നിലെ ഭ്രാന്തന്‍ എന്നെ പിന്നേയും സ്നേഹിക്കും....... ആ സ്നേഹം നിന്നെ എന്റെ അരികിലേക്കെത്തിക്കും, പിന്നൊരിക്കലും നിന്നെ ഞാന്‍ തനിച്ചാക്കില്ല............”

അവളുടെ മുഖത്തുനിന്നും പുഞ്ചിരി പതിയെ അകലുന്നതു ഞാനറിഞ്ഞു. “എടോ, എന്താ താനിങ്ങനൊക്കെ പറയുന്നത്.....” ഒരു ദീര്‍ഘനിശ്വാസത്തോടുകൂടി ഞാന്‍ ചോദിച്ചു. വീണ്ടും അവളെന്നെ നോക്കി, തുടുത്ത കൈകളാല്‍ എന്റെ കവിളില്‍ പതിയെ തലോടി......എന്നിട്ടു ഒരു നിശ്വാ‍സത്തോടെ പറഞ്ഞു “ നിനക്കു വേണ്ടി എനിക്കിതു ചെയ്തെ പറ്റൂ......ഇല്ലെങ്കില്‍ നിന്നെ എനിക്കു നഷ്ടപ്പെടും.......അതെനിക്കു വയ്യ.......” മുഴുവനാക്കും മുമ്പെ അവളുടെ ശബ്ദം ഇടറിയിരുന്നു, കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു......

പെട്ടെന്ന് അവളെണീറ്റു നടന്നു, നടന്നുകൊണ്ടേയിരുന്നു. ഒരിക്കല്‍ പോലും അവളെന്നെ തിരിഞ്ഞു നോക്കിയില്ല. കടലിന്റെ നെഞ്ചിലേക്കവള്‍ ഒരു തിരമാലയെപ്പോലെ അവളലിഞ്ഞു ചേര്‍ന്നപ്പോഴും , ഒന്നും മിണ്ടാനാവാതെ, അവളുടെ അരികിലേക്കു ഓടിയടുക്കാനാവാതെ, ഞാനിരുന്നു. എന്റെ നാക്കും, കൈകാലുകളും തളര്‍ന്നിരുന്നു.

പിന്നീടെപ്പൊഴോ ഈ ഭ്രാന്താശുപത്രിയിലെ ഇരുട്ടുമുറിയുടെ നാലു ചുമരുകള്‍‍ക്കുള്ളില്‍ , ആ ഇടനാഴിയുടെ വാതില്‍ തുറക്കുന്നതും കാത്ത്, വരാന്തയിലെ ഓരോ കാല്‍ചുവടുകള്‍‍ക്കും കാതോര്‍ത്തിരിക്കുകയാണ്.

പക്ഷെ എനിക്കിപ്പോഴും മനസ്സിലാവുന്നില്ല........എന്തിനുവേണ്ടിയാണ്, അവളെന്നെ തനിച്ചാക്കിയത്......? അവള്‍ക്കിനിയുമെന്നോടെന്തൊക്കെയോ പറയാനുണ്ടായിരുന്നു.......പാവം.......ആ കടല്‍ക്കരയില്‍ എന്നെയും കാത്ത്........അവള്‍ തനിച്ചു.............