Friday, April 29, 2011

കാന്‍സര്‍

കാന്‍സര്‍

ഞാനിന്ന് അമല മെഡിക്കല്‍ കോളേജില്‍ പോയി.....പോയത് മറ്റൊരു കാര്യത്തിനാനെങ്കിലും, കണ്ണിലുടക്കിയതും, മനസ്സിനെ സ്വാധീനിച്ചതും മറ്റു ചില കാഴ്ചകളായിരുന്നു......കാലത്തിനൊപ്പം നടക്കവെ ഇടറി തളര്‍ന്നു പോയ ഒരുപാട് ജീവിതങ്ങള്‍.......റേഡിയേഷന്‍ തെറാപ്പി റൂമുകള്‍ക്ക് മുന്നില്‍ കാത്തിരിക്കുന്ന കറുത്തു കരുവാളിച്ച മുഖങ്ങള്‍......മുലപ്പാല്‍ നുണയേണ്ട പ്രായത്തില്‍ വേദന സംഹാരികളുടെ കയ്പ്പറിയുന്ന കുരുന്നുകള്‍.....കീമോ തെറപ്പിയുടെ അനന്തര ഫലമായി വികൃതമായ മുഖവും, കൊഴിഞ്ഞു പോയ തലമുടിയും തൂവാല കൊണ്ട് മറച്ചുപിടിച്ച് , ആയുസ്സൊരു ദിവസമെങ്കില്‍ ഒരു ദിവസം നീട്ടി കിട്ടാന്‍ പ്രതീക്ഷയോടെ വീണ്ടും കീമോ തെറാപ്പി ചെയ്യുവാനായെത്തിയവര്‍....... ആശുപത്രി വരാന്തകളിലെ ഉറ്റവരുടേയും, ഉടയവരുടേയും നിശബ്ദമായ പ്രാര്‍ത്ഥനകള്‍........ കണ്ടു നില്‍ക്കുന്നവരുടെ കരളലിയിപ്പിക്കുന്ന കാഴ്ചകള്‍......

കാന്‍സര്‍ - ഒരായിരം സ്വപ്നങ്ങള്‍ക്കുമേല്‍ കണ്ണുനീരിന്റെ പേമാരിയായി തിമിര്‍ത്തു പെയ്യുന്നു.....ലോകത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുന്നു.......പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏവരും ഏതു നിമിഷവും രോഗത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വരുന്നു........ഏതു രോഗവും അവസാനം ചെന്നെത്തുന്നത് കാന്‍സര്‍ എന്ന കടലിലേക്കാണ്.....ആരാണിതിനു ഉത്തരവാധി.....?? എന്താണിതിനൊരു പ്രതിവിധി.....??

Friday, April 1, 2011

ചെമ്പരത്തി



ചെമ്പരത്തി

വാക്കിനാല്‍ തീര്‍ത്ത
വസന്തങ്ങളില്‍
പൂത്ത ചെമ്പരത്തീ
വാക്കൊടുങ്ങിലും
നീ വാടി വീഴാതിരിക്കണം
വേരറ്റ പ്രണയത്തിന്‍ ചുവപ്പുമായ്

ഇനിയെന്റെ പുലരികളില്‍
നീ ചുവന്നു പൂക്കില്ല
എന്റെ ചക്രവാളങ്ങളില്‍
നീ അസ്തമിക്കുമ്പോള്‍
അവശേഷിക്കുന്നത്
ചിതറിയ പ്രണയാക്ഷരങ്ങളില്‍
കുറുങ്ങി മുറിവേറ്റ
പാതി ഹൃദയം മാത്രം

അരുത്,നീ എന്നില്‍ നിറച്ച
സ്നേഹത്തിന്റെ ഒരു കണികപോലും
തിരിച്ചെടുക്കരുത്
അകാരണമായി മഴപെയ്യുന്ന
ഹേമന്ത രാത്രിയില്‍
ഞാന്‍ സ്വസ്ഥമായുറങ്ങട്ടെ

നീയെന്റെ സ്വപ്നങ്ങളില്‍
വിരുന്നു വരിക.......എന്നെ
തഴുകിയുണര്‍ത്തുക....പിന്നെ
എനിക്കു വേണ്ടി മാത്രമൊരു
വസന്തം തീര്‍ക്കുക......!!!