Saturday, October 9, 2010

താളമേളവാദ്യങ്ങള്‍.......




ഈ ലേഖനം എന്റെ ഒരു സ്വപ്ന സാഫല്യമാണ് എന്ന് ആദ്യമേ അറിയിക്കട്ടെ, ഒരുപാട് കാലമായി എഴുതാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ ഈ മേഖലയിലെ അറിവുകളുടെ പരിമിതികള്‍ മൂലം ഇതുവരെ എഴുതുവാന്‍ കഴിയാതെ പോയ ഒരു ലേഖനം......താളമേളവാദ്യങ്ങള്‍ എന്നും എനിക്കു ഹരമായിരുന്നു, ഒരു തരം ലഹരി എന്നു വേണമെങ്കില്‍ പറയാം.......ആ ലഹരിയുടെ മധുരം തേടി അതിലെ സത്തയെ തേടി ഒരുപാട് ഉത്സവപറമ്പുകളിലൂടെ ഞാന്‍ അലഞ്ഞു, ഒരു തീര്‍ത്ഥാടകനായി.......ഉത്സവപറമ്പുകളിലൂടെയൊരു തീര്‍ത്ഥയാത്ര........എല്ലാ വാദ്യോപകരണങ്ങളും പഠിക്കുവാന്‍ സാധിച്ചില്ലെങ്കിലും, ഏതെങ്കിലും ഒരെണ്ണം എങ്കിലും പഠിക്കുവാന്‍ കഴിയുക എന്നത് കുഞ്ഞുനാള്‍ തൊട്ടേയുള്ള ആഗ്രഹമായിരുന്നു, ചില പ്രത്യേക ജീവിത സാഹചര്യങ്ങള്‍ മൂലം ഇതുവരെയും അതൊന്നും സാധിച്ചില്ല.......അതും ഒരു കാരണമായി ഈ ലേഖനം ഇത്രയും വൈകിയതിനു........എന്തായാലും ഇന്നതെ ശുഭമുഹൂര്‍ത്തത്തില്‍ ഞാനിതിനു തുടക്കം കുറിക്കുകയാണ്.......ഒറ്റയിരിപ്പിലോ,ഒരു മാസംകൊണ്ടോ ഇതു തീരും എന്നു പറയാന്‍ കഴിയില്ല........ഞാനിപ്പോളും അന്വേഷണത്തിലാണ്.......കൂടുതല്‍ അറിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് ഈ ലേഖനത്തില്‍ എഴുതി ചേര്‍ക്കാം എന്നാണ് ഇപ്പോള്‍ കരുതുന്നതു........എല്ലാവരുടെയും സഹകരണവും, പ്രാര്‍ത്ഥനയും കൂടെ ദൈവനുഗ്രഹവും ഉണ്ടെങ്കില്‍ ഈ ലേഖനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്നെനിക്കു പൂര്‍ണ്ണ വിശ്വാസമുണ്ട്........



താളമേളവാദ്യങ്ങള്‍.......


നമുക്കറിയാം താളവാദ്യങ്ങള്‍ ക്ഷേത്ര സംസ്കൃതിയുടെ ഭാഗമാണ്........അതുകൊണ്ടുതന്നെ കല എന്നതിലുപരി ഇതൊരു അനുഷ്ടാനമാണ്, ആരാധനയാണ്, പ്രാര്‍ത്ഥനയാണ്, ഉപാസനയാണ്.........
കുളിച്ച് കുറിതൊട്ട് ചന്ദനലേപനങ്ങള്‍ ചാര്‍ത്തി, മേല്‍ വസ്ത്രം ധരിക്കാതെ കലാകാരന്മാര്‍ നിര്‍വഹിക്കുന്ന താളമേള വിന്യാസങ്ങള്‍ പൂജാരിയുടേത്പോലെ ഒരു താന്ത്രിക കര്‍മ്മം തന്നെയാണ്........കേരളത്തില്‍ ഉത്സവം,പൂരം,വേല തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് വാദ്യമേളങ്ങള്‍ അധികവും അരങ്ങേറുന്നത്.......കേരളത്തിലെ താളവാദ്യകലകളില്‍ ഏറ്റവും മനോഹരവും, ആസ്വാദ്യവുമായിട്ടുള്ളത് ചെണ്ടമേളങ്ങള്‍, പഞ്ചവാദ്യം, തായമ്പക എന്നിവയാണ്.........

മേളങ്ങള്‍ സാധാരണ ശ്രോതാക്കള്‍ക്കു പൊതുവില്‍ ഒന്നാണെന്നു തോന്നിയേക്കാമെങ്കിലും, ശൈലിയിലുള്ള വ്യത്യാസം കൊണ്ടും, താളത്തിന്റേയും, താളം പിടിക്കുന്ന രീതിയുടെയും വ്യത്യസ്തതകൊണ്ടൂം മേളങ്ങള്‍ പലതരം ഉണ്ട്......നമുക്കറിയാം മേളങ്ങളില്‍ പ്രസിദ്ധവും, സര്‍വ്വസാധാരണവുമായത് പഞ്ചാരിയും, പാണ്ടിയും ആണ്.......എന്നാ‍ല്‍ ഇവ
യില്‍ തന്നെ വ്യത്യസ്തമായ മേളശൈലികളും, താളം പിടിക്കുന്ന രീതിയില്‍ വ്യത്യാസവും ഉണ്ട്.......വള്ളുവനാടന്‍, കോഴിക്കോടന്‍, ഏറനാടന്‍, മലമക്കാവ്, തൃശൂര്‍ തുടങ്ങിയ വ്യത്യസ്ഥ വാദന ശൈലികള്‍ കേരളത്തിന്റെ മേളസംസ്കൃതിക്ക് വൈവിദ്യം നല്‍കുന്നു........ഈ ശൈലികളില്‍ ഇന്നു ഏറ്റവും പ്രശസ്തിയില്‍ നില്‍കുന്നത് തൃശൂര്‍ ശൈലിയും , മലമക്കാവു ശൈലിയും (മലമക്കാവു - വള്ളുവനാട് സംയുക്ത ശൈലി എന്നും പറയാം) ആണ്....... അതിനുള്ള പ്രധാന കാരണം ഈ ശൈലികളില്‍ സ്വന്തം ജീവിതം തന്നെ മേള തപസ്യയാക്കിയ ഒട്ടനേകം മഹാരഥന്മാര്‍ ജീവിച്ചിരുന്നു എന്നതാണ്........ഞാനടക്കമുള്ള ഈ തലമുറക്ക് അവരുടെയൊന്നും വാദനം ആസ്വദിക്കുവാനുള്ള ഭാഗ്യം ലഭിച്ചില്ല എങ്കിലും, അവര്‍ കൊളുത്തിവെച്ച വാദ്യമേള
പ്രപഞ്ചങ്ങളുടെ അലയൊലികള്‍ ഇ
ന്നും ക്ഷേത്ര-ഉത്സവപറമ്പുകളില്‍ അവരുടെ പിന്മുറക്കാരാല്‍ അനുഭവിക്കുവാന്‍ സാധിക്കുന്നു എന്നതു തന്നെ മഹാഭാഗ്യം..........തൃപ്പേക്കുളം ഗോവിന്ദമാരാര്‍,ചക്കംകുളം ശങ്കുണ്ണിമാരാര്‍,പെരുവനം നാരായണന്‍ മാരാര്‍,പരിയാരത്ത് കുഞ്ഞന്മാരാര്‍ എന്നിങ്ങനെ പഴയകാല മേള കുലപതികളുടെ പേരുകള്‍ , പ്രായം ചെന്ന മേളാസ്വാദകര്‍ പലരും ഒരു നിര്‍വൃതിയോടെ ഇന്നും ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ നമുക്കുറപ്പിക്കാം അവരൊരുക്കിയ മേള പ്രപഞ്ചത്തിന്റെ വശ്യത.........ഇവരുടെ ശിഷ്യന്മാരും, പിന്‍കാ വാദ്യകുലപതികളുമായ പല്ലാവൂര്‍ അപ്പുമാരാര്‍,തൃപ്പേക്കുളം അച്യുതമാരാര്‍, ചക്കംകുളം അപ്പുമാരാര്‍,പല്ലശ്ശന പദ്മനാഭമാരാര്‍ തുടങ്ങിയവരുടെ മേളപ്പെരുമ ആസ്വദിക്കുവാന്‍ നമ്മളില്‍ പലര്‍ക്കും സാധിച്ചിട്ടുണ്ടാകും........അവരെല്ലാം തൃശ്ശൂര്‍ ശൈലിയുടെ വക്താക്കളാണ്.......ഇവരുടെ പിന്മുറക്കാരാണ് ഇപ്പോളത്തെ മേള പ്രമാണികളായ കിഴക്കൂട്ട് അനിയന്‍ മാരാര്‍, പെരുവനം കുട്ടന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍,ചെറുശ്ശേരി കുട്ടന്‍ മാരാര്‍ തുടങ്ങിയവര്‍ ...... ഇവരുടെ സമകാലികനായ, എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ അധികകാലം വിരാചിക്കുവാന്‍ കഴിയാതെ മരണം കവര്‍ന്നെടുത്ത മഹാനായൊരു കലാകാരന്‍ കൂടിയുണ്ട് കാച്ചാംകുറിശ്ശി കണ്ണന്‍ മാരാര്‍, ത്രൂശ്ശൂര്‍ പൂരം അടക്കം പല പൂരത്തിന്റെയും പ്രമാണം അലങ്കരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മേളങ്ങളാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്........കാച്ചാം കുറിശ്ശി - കിഴക്കൂട്ട് - കേളത്ത് അതായിരുന്നു എന്റെ പ്രിയ മേളക്കൂട്ട്, ഇന്നതു കിഴക്കൂട്ട് - കേളത്ത് - ചേരാനെല്ലൂര്‍ ആയിട്ടുണ്ട് എന്നു മാത്രം .......


മലമക്കാവ് - വള്ളുവനാട് ശൈലിയുടെ വക്താക്കളില്‍ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച കലാകാരന്‍ ആലിപറമ്പ് ശിവരാമ പൊതുവാള്‍ ആയിരിക്കും എന്നു തോന്നുന്നു....... തൃത്താല
കേശവപൊതുവാള്‍ ആണ് ഈ ശൈലി ആവിഷ്കരിച്ചത് എന്നാണ് കേട്ടിരിക്കുന്നത്.......പോരൂര്‍ അപ്പുമാരാര്‍, സദനം വാസുദേവന്‍ നായര്‍, പൂക്കാട്ടിരി ദിവാകര പൊതുവാള്‍ , കല്ലൂര്‍ രാമന്‍ കുട്ടിമാരാര്‍,
കലാമണ്ഡലം ഹരിദാസ്, പനമണ്ണ ശശി,പോരൂര്‍ ഹരിദാസ് തുടങ്ങിയവരും ഈ ശൈലിയിലെ പ്രശസ്തരാണ്........മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ ശൈലി ഇതാണെന്നും, അല്ലെന്നും രണ്ട് ശ്രുതികള്‍ കേള്‍ക്കുന്നു, അതിനെക്കുറിച്ച് ആധികാരികമായി പറായാനുള്ള ജ്ഞാനം എനിക്കും ഇല്ല.....പലയിടത്തും കണ്ടിരിക്കുന്നത് അതാതു സ്ഥലങ്ങളിലെ ട്രെന്റിനനുസരിച്ച് കൊട്ടുന്നതാണ് ,അതുകൊണ്ട് തന്നെ അദ്ദേഹത്തിനും ഏതു ശൈലിയുടെ വക്താവാണ് താനെന്ന് പറയാന്‍ കഴിയും എന്നു തോന്നുന്നില്ല ....ഒരാസ്വാദകന്‍ എന്ന നിലയില്‍ മട്ടന്നൂരിന്റെ മേളത്തോട് എനിക്കു താല്പര്യം കുറവാണ്........അദ്ദേഹത്തിന്റെ തായമ്പകള്‍ ആദ്യമൊക്കെ എനിക്ക്
ഹരമായിരുന്നു.......ഇപ്പോളത്ര താല്പര്യം തോന്നാറില്ലെങ്കിലും, റോസ് പൌഡറൊക്കെയിട്ട്, മുഖത്ത് നവരസങ്ങളുമായി അച്ഛനും മക്കളും അരങ്ങത്ത് നിന്നാല്‍ അതൊരു കാഴ്ചതന്നെയാണ്........


താളത്തിന്റേയും, താളം പിടിക്കുന്ന
രീതിയുടേയും അടിസ്ഥാനത്തില്‍ മേളങ്ങള്‍ ഏഴുതരം ഉണ്ടത്രെ........പഞ്ചാരി, പാണ്ടി, ചെമ്പട, അഞ്ചടന്ത, അടന്ത, ധ്രുവം, ചമ്പ ....... അടിസ്ഥാന താളത്തിന്റെ അക്ഷരകാല സംഖ്യ അനുസരിച്ചാണ് ഇവയെ വേര്‍ തിരിക്കുന്നത്, പല കാലങ്ങളിലായി കൊട്ടി വരുന്ന മേളങ്ങളില്‍ അവസാന കാലത്തിലാണ് മൌലിക താളത്തിന്റെ അക്ഷരകാല സംഖ്യ പ്രകടമാകുന്നത്......... 6, 7, 8, 10 അക്ഷരകാലങ്ങളിലാണ് വ്യത്യസ്തമേളങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളത്. പഞ്ചാരിക്കു 6ഉം , പാണ്ടി , അടന്ത എന്നിവക്ക് 7 വീതവും, ചെമ്പട, അഞ്ചടന്ത എന്നിവക്ക് 8 വീതവും, ചമ്പക്ക് 10ഉം എന്നിങ്ങനെയാണ് അവസാന കാലങ്ങളിലെ അക്ഷരകാല കണക്ക്...... ധ്രുവം മേളത്തിനു 7ന്റെ ഇരട്ടിയായ 14 അക്ഷര കാലത്തിലാണ് അവസാനത്തെ കാലം. ഈ അക്ഷര കാലങ്ങളെ ഇരട്ടിപ്പിച്ചാണ് മേളങ്ങള്‍ക്ക് വ്യത്യസ്ത കാലഘടനകളുണ്ടാക്കുന്നത്. നിലവിലുള്ള സംവിധാനത്തില്‍ പാണ്ടിക്കു 14ഉം, പഞ്ചാരിക്കു 96ഉം, ചമ്പക്ക് 80ഉം, ചെമ്പടക്കും, അഞ്ചടന്തക്കും 64ഉം, അടന്തക്കും , ധ്രുവത്തിനും 56 വീതവും അക്ഷരകാലങ്ങളാണ് ഒന്നാം ഘട്ടത്തിലുള്ളത്..........


ഈ അക്ഷരകാലങ്ങളുടെ ദൈര്‍ഘ്യത്തില്‍ താളവട്ടങ്ങള്‍ ആവര്‍ത്തിക്കുകയും, കലാശിക്കുകയും, വ്യത്യസ്ത ഘട്ടങ്ങള്‍ കടന്ന് അവസാന കാലത്തിലെത്തുകയും, ക്രമേണ കാലം മുറുകി സ്ഥാപിക്കുകയും ചെയ്യുന്ന രീതിയാണ് എല്ലാ മേളങ്ങള്‍ക്കും ഉള്ളത്.........ചെണ്ട, വലന്തല, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവയാണ് മേളത്തിലെ വാദ്യങ്ങള്‍......ഒരു ചെണ്ടക്ക് രണ്ടു വലന്തല, ഒരു ഇലത്താളം, ഒരു കൊമ്പ്, ഒരു കുഴല്‍ ഇതാണ് മേള വാദ്യങ്ങളുടെ എണ്ണത്തിലെ കണക്ക്, ഈ കണക്കനുസ്സരിച്ച് ഉരുട്ടു ചെണ്ടയുടെ എണ്ണത്തിനനുസരിച്ച് ബാക്കിയെല്ലാ
ത്തിന്റെയും എണ്ണം കണക്കാക്കിയാണ് പങ്കെടുക്കുന്നവരുടെ എണ്ണം നിശ്ചയിക്കുന്നത്, 15 ഉരുട്ടു ചെണ്ടക്കനുസരിച്ച് 90 പേരുടെ മേളം ആയാല്‍ അതൊരു ശരാശരിക്കു മുകളിലുള്ള മേളം ആയി, അതു 250ലധികം പേരുടേതാകുമ്പോള്‍ ഗംഭീരം ആകുന്നു..........തൃശ്ശൂര്‍ ഇലഞ്ഞിത്തറ മേളം, ആറാട്ടുപുഴ - പെരുവനം മേളങ്ങളൊക്കെ ഇത്തരത്തില്‍ പെട്ടതാണ്..........


പാഞ്ചാരിയുടെ വാദനം രൂപക താളത്തിലാണ്. ഇതു ക്ഷേത്രത്തിനുള്ളില്‍ അനുഷ്ടാന കലയായി ഉപാസിക്കുന്നതാണ്........പാഞ്ചാരിയല്ലാത്തതെല്ലാം പാണ്ടിയെന്നു പൊതുവില്‍ പറയും, കാരണം ബാക്കിയെല്ലാം ക്ഷേത്ര മതില്‍ക്കു പുറത്തെ ചെയ്യുക പതിവുള്ളൂ‍.........ഇവയുടെ താളക്രമങ്ങള്‍ അനുഷ്ടാന മേളങ്ങളുടേതല്ല എന്നാണ് വെയ്പ്പ്.........എന്നാല്‍ യഥാര്‍ത്ഥത്തില്‍ താളവിന്യാസങ്ങളുടെ ഘടനയിലുള്ള വ്യത്യാസം കൊണ്ട് പാണ്ടിയാണ് മറ്റു മേളങ്ങളില്‍ നിന്നും വേറിട്ടു നില്‍കുന്നതത്രെ.......പാണ്ടിമേളത്തെ ഒരൊറ്റയാന്‍ മേളം എന്നു പറയാം.......പാണ്ടിയുടെ പ്രൌഡഗംഭീരമായ “ കൊലുമ്പല്‍ “ എന്ന പ്രാരംഭ ചടങ്ങ് ശ്രദ്ധിച്ചാല്‍ തന്നെ ഏതൊരാള്‍ക്കും പാണ്ടിയെ പെട്ടെന്ന് തിരിച്ചറിയാം.........
ഈ ഒരു പ്രത്യേകത കൊണ്ടു തന്നെ മറ്റുക്ഷേത്ര മതില്‍ക്കകത്തൊന്നും പതിവില്ലാത്ത പാണ്ടിമേളം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കൊട്ടാറുണ്ട്.........എന്നാല്‍ ക്ഷേത്ര മതിലിനപ്പുറം നടക്കുന്ന പൂര - വേലകല്‍ക്കും, താലപ്പൊലികള്‍ക്കും സാധാരണയായി നടത്തുന്നധികവും പാണ്ടിമേളം ആണ്.........തുടക്കത്തില്‍ നിന്നും അനുക്രമമായി കാലം മുറുകി കലാശിക്കുന്ന ഏകമേളവും പാണ്ടിതന്നെ..........ചെമ്പടമേളം എന്ന പൂര്‍വ്വാംശം കഴിഞ്ഞു മാത്രമേ പാണ്ടിമേളം തുടങ്ങാറുള്ളൂ‍.........എന്നാല്‍ പെരുവനം പൂരത്തോടനബന്ധിച്ചുള്ള ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പിനോടോപ്പമുള്ള പാണ്ടിമേളത്തിനു മാത്രം ചെമ്പട പൂര്‍വാംശമായി കൊട്ടുന്ന പതിവില്ല..........


പാണ്ടിയുടെ സവിശേഷത അതിന്റെ പ്രൌഡഗാംഭീര്യം ആണെങ്കില്‍, പാഞ്ചാരിയുടേത് അതിന്റെ ശാലീന സൌന്ദര്യമാണ്..........വശ്യമോഹനവും, ലാസ്യരസപ്രധാനവുമായ ഒരു വിശിഷ്ടമേളം ആണ് പഞ്ചാരി, അതുകൊണ്ടു തന്നെ “ മേളങ്ങളുടെ രാജാവ് “ എന്നാണ് പഞ്ചാരി അറിയപ്പെടുന്നത്........”പഞ്ചാരി തുട
ങ്ങിയാല്‍ അഞ്ചു നാഴിക” എന്നാണ് പ്രമാണം, കാരണം മറ്റു മേളങ്ങളില്‍ നിന്നും വ്യത്യസ്തമായി 5 കാലങ്ങളിലായാണ് പഞ്ചാരി അവതരിപ്പിക്കുന്നത്..........ചമ്പുകര്‍ത്താവായ മഴമംഗലത്ത് നമ്പൂതിരിയുടെ വംശ പരമ്പരയില്‍പെട്ട, നല്ലൊരു മേളാസ്വാദകന്‍ കൂടിയായ ഒരു നമ്പൂതിരിയുടെ സംവിധാനത്തില്‍ ചരിത്ര പ്രസിദ്ധമായ പെരുവനം പൂര ദിവസം ക്ഷേത്രനടവഴിയില്‍(ഇന്നും പ്രശസ്തമായ പെരുവനം പൂരത്തിന്റെ മേളം നടക്കുന്ന നടവഴിയില്‍) വെച്ച് ആദ്യമായി പഞ്ചാരിമേളം അവതരിപ്പിച്ചു എന്നാണ് ഐതിഹ്യം..........എന്നാല്‍ പാണ്ടിമേളത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നും ഇല്ലെന്നാണ് കേട്ടിരിക്കുന്നത്...........



ഇപ്പോള്‍ തല്‍കാലം നിര്‍ത്തട്ടെ........അഭിപ്രായങ്ങളും, തെറ്റുകളും ദയവായി അറിയിക്കുക..........

Thursday, August 19, 2010

“മിഴികള്‍ സാക്ഷി“

എന്റെ ലോകം എന്നു ഞാന്‍ വിളിക്കാനാഗ്രഹിക്കുന്ന എന്റെ മിഴികള്‍ സാക്ഷി എന്ന ചെറിയ ബ്ലോഗ് ഇന്നു സന്ദര്‍ശകരുടെ എണ്ണത്തില്‍ 5000 നു അടുത്തെത്തിയിരിക്കുന്നു ....5000 എന്നത് ബ്ലോഗ് സന്ദര്‍ശകരുടെകാര്യത്തില്‍ അത്ര വലിയ കാര്യം ഒന്നും അല്ല എന്നെനിക്കറിയാം......ഭാവനകളെയും, വിഷയങ്ങളെയും അക്ഷരങ്ങള്‍ കൊണ്ട് അമ്മാനമാടി , തകര്‍പ്പന്‍ സ്രുഷ്ടികള്‍ ഇടക്കിടെ പ്രസിദ്ധീകരിക്കുന്നവരുടെബ്ലോഗുകളുണ്ട്,ഞാനടക്കം എത്രയോ പേര്‍ അവരുടെ രചനകള്‍ക്കായി കാത്തിരിക്കുന്നു.....അവരുടെയെല്ലാംബ്ലോഗുകളെ വെച്ചു നോക്കുമ്പോള്‍ ഇതു വളരെ ചെറുത്......എന്റെ ബ്ലോഗിലെ സന്ദര്‍ശകരില്‍ ഏറെയും വഴിതെറ്റി വന്നവരാകും എന്നെനിക്കറീയാം, എങ്കിലും ഞാന്‍ വളരെ സന്തുഷ്ടനാണ്.....ഞാന്‍ പറയുന്നത്കേള്‍ക്കാന്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ച അവസരങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.....വല്ലപ്പോഴും പറയാന്‍ ശ്രമിച്ചപ്പോളാകട്ടെ കേള്‍ക്കുന്നവര്‍ക്ക് ഒരു തരം പുച്ഛഭാവമായിരുന്നു.....ഓഹ് അവന്റെ ഒരു കണ്ടുപിടുത്തം, അല്ലെങ്കില്‍ ഒരു ഓഞ്ഞ സാഹിത്യം എന്ന മട്ടില്‍......സത്യത്തില്‍ മടുപ്പ് ആയിരുന്നുഅന്നൊക്കെ, എന്തിനോടും, ഏതിനോടും.....


അങ്ങനെയിരിക്കെ ആണ് 4 വര്‍ഷങ്ങള്‍ക്ക് മുന്നെ ഓര്‍ക്കുട്ട് എന്ന മഹാവിസ്മയത്തില്‍, സൌഹൃദകൂട്ടായ്മയില്‍ചേരുന്നതും, പിന്നീട് ബ്ലോഗടക്കം പല ഉദ്യമങ്ങള്‍ക്കും നാന്ദി കുറിക്കുന്നതും......അവിടെ നിന്നെനിക്ക് കുറെ നല്ലകൂട്ടുകാരെ കിട്ടി...
അതിനേക്കാള്‍ ഏറെ എന്നെ സ്നേഹിക്കുന്ന കുറെ നല്ല അനിയന്മാരെയും,അനിയത്തിമാരെയും കിട്ടി...ഒരു ദിവസംകാണാതായാല്‍ എവിടെ എന്ന് അന്വേഷിക്കാന്‍ കുറെ ഏട്ടന്മാരെ കിട്ടി,ചേച്ചിമാരെ കിട്ടി...പലപ്പോഴും സംഭവിച്ചുപോകുന്ന തെറ്റുകളില്‍ നിന്നു തിരുത്താന്‍ ഗുരുതുല്യരായവരെയും കിട്ടി......എന്റെ സ്വപ്നങ്ങളെ പറ്റി എനിക്കവരോട്പറയാം, അവരത് കേള്‍ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു...പലപ്പോഴും ആത്മാര്‍ത്ഥത ഇല്ലാത്ത ഒരു ലോകത്തിരുന്ന്ആതമാര്‍ത്ഥമായ്‌ ഞാന്‍ കാണുന്ന സ്വപ്നങ്ങളായിരിക്കാം അതു, അല്ലെങ്കില്‍ ഏകാന്തത വേട്ടയാടുന്ന മനസ്സിന്റെജല്പനങ്ങളാവാം.....അതുമല്ലെങ്കില്‍ എനിക്കിഷ്ടപ്പെട്ടതോ,അല്ലാത്തതോ ആയ ഏതെങ്കിലും വിഷയങ്ങളെ പറ്റിയുള്ളതര്‍ക്കങ്ങളാകാം.....എന്തുതന്നെയായാലും എന്റെ ആശയങ്ങളെ സ്നേഹിക്കുന്ന കുറെ ആളുകള്‍ എന്റെ കൂടെഉണ്ടെന്നുള്ളതാണ് ഇന്ന് എന്റെ ഏറ്റവും വലിയ മൂലധനം.....
അവരുടെ ഉള്ളില്‍ ഒരു ചെറിയ മഞ്ഞുതുള്ളിയുടെയെങ്കിലും കുളിര്‍മ്മ പകരാന്‍ കഴ്യുന്നു എന്നറിയുമ്പോള്‍ ഞാന്‍എന്റെ തോല്‍വികളെ പോലും സ്നേഹിക്കുന്നു.......


കവിതകള്‍ എന്ന ഓര്‍ക്കുട്ട് കമ്മൂണിറ്റിയിലൂടെയാണ് ഞാന്‍ ഓണ്‍ലൈനിലെഅക്ഷരലോകത്തേക്കിറങ്ങുന്നത്......സുഹൃത്തുക്കള്‍ എന്നു പറയാന്‍ അവിടെ നിന്നും ഒരുപാട് പേരെ ഒന്നുംകിട്ടിയില്ലെങ്കിലും, ആദ്യകാലത്ത് എനിക്കവിടെ കവിതകള്‍ പ്രസിദ്ധീകരിക്കഉമ്പോള്‍ തെറ്റുകള്‍ചൂണ്ടിക്കാണിക്കനും, അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും തരാനും, പ്രോത്സാഹിപ്പിക്കുവാനും ഒരുപാട്പേരുണ്ടായിരുന്നു.......ഗിരീഷ് വര്‍മ്മ, ഖരീം ഭായ്,സനല്‍‍, ശ്രുതി, മെറിന്‍, ശ്രീകുമാര്‍, ഷംസ്, ജോയ്സ് അങ്ങനെകുറച്ചു പേര്‍.....ഒപ്പം ഹന്നല്ലലത്ത് ഭായ്, പുള്ളിയാണ് ആദ്യമായി എന്റെ ഒരു കവിത മലയാളത്തിലേക്ക്ആക്കിത്തരുന്നതും, മലയാളം എങ്ങനെ റ്റൈപ്പ് ചെയ്യാം എന്ന് മനസ്സിലാക്കി തരുന്നതും......ഇവര്‍ക്കെല്ലാം ഉപരിഎനിക്കു കടപ്പാട് ഉള്ളത് നമ്മുടെയെല്ലാം പ്രിയപെട്ടകാവ്യശലഭംരമ്യയോടാണ്....രമ്യയാണ് ഒരു ബ്ലോഗ്തുടങ്ങാനുള്ള ആശയം ആദ്യം പറയുന്നതും, ലേഖനങ്ങള്‍ മാത്രം ഉണ്ടായിരുന്ന ബ്ലോഗ്ഗിലേക്ക് കവിതകളേയുംമറ്റും ചേര്‍ക്കാന്‍ പറയുന്നതും....എന്റെ രചനകള്‍ അന്നൊക്കെ ആദ്യം വായിക്കാന്‍ കൊടുത്തിരുന്നതുംഅവള്‍ക്കായിരുന്നു.....ഇന്ന് ലോകത്തു അവളില്ലെന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു നൊമ്പരംഅനുഭവപ്പെടുന്നു...അക്ഷരങ്ങളുടെ ലോകത്തു നിന്നും മാറി നക്ഷത്രങ്ങളുടെ ലോകത്തിരുന്നു അവളിതെല്ലാംഅറിയുന്നുണ്ടായിരിക്കും....അല്ലെ...

നന്ദി
.....ഒരായിരം നന്ദി.....എന്നെ സ്നേഹിക്കുന്ന, മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കും നന്ദി........

Wednesday, August 18, 2010

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം

ഈ ഫോട്ടോ കാണുമ്പോള്‍ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും എന്റെ കുട്ടിക്കാലം എങ്ങനെ ആയിരിക്കും എന്നത്....അതിലെ എറ്റവും അവസാനം നില്‍കുന്ന ചെറിയ പയ്യന്‍ ആണ് ഈ ഞാന്‍.....അന്നത്തെ ഏറ്റവും ചെറിയകുട്ടി ഞാനായിരുന്നു....പിന്നീട് എനിക്കു താഴെ കുടുംബത്തില്‍ ഉണ്ടായവരെല്ലാം പെണ്‍കുട്ടികളായിരുന്നു.....ഞങ്ങള്‍ സഹോദരീ സഹോദരന്മാറ് എല്ലാം കൂടിയാല്‍ തന്നെ ഒരു ചെറിയ ജാഥക്കുള്ള ആളായി...ഹി ഹി....ശരിക്കും ആഘോഷമായിരുന്നു അന്നൊക്കെ എല്ലാവരും ഒത്തുകൂടുന്ന വെക്കേഷനുകള്‍......രണ്ടുമാസ വെക്കേഷന്‍ മിക്കവാറും തിരുവില്വാമലയില്‍ ആണ്....അവിടെ ആയാല്‍ ചുറ്റുവട്ടത്തെല്ലാം ആ സമയത്തു കുറെ പൂരങ്ങളുണ്ട്, പറക്കോട്ടുകാവും, നെമ്മാറയും, ഉത്രാളിയും, വിഷു വേലകളൂം ഒക്കെയായി.....പിന്നെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഷുവിനു അവിടെ ആണെങ്കില്‍ കുറെ പടക്കം കിട്ടും, ഉണ്ടാക്കുന്നവരും, പൂരങ്ങള്‍ക്ക് കരാറെടുക്കുന്നവരും ഒക്കെ കൊണ്ടുതരും, അച്ഛനും , അച്ച്ന്റെ ഏട്ടനും ഒക്കെ വെടിക്കെട്ട് കമ്പക്കാരാണ്.....അതോണ്ട് കുറേ വാങ്ങിത്തരും......വിഷുവിനുള്ള പടക്കം മെയ് മാസത്തില്‍ നടക്കുന്ന താലപ്പൊലി കഴിയുന്ന വരെ സൂക്ഷിക്കും, താലപ്പൊലിക്ക് പൊട്ടിക്കുന്ന അമിട്ടുകളുടെ പല നിറത്തിലുള്ള ഗുളികകള്‍ പെറുക്കി കൊണ്ടു വന്ന് അതു വിഷുവിനു ബാക്കി വെച്ച പടക്കത്തിന്റെ മരുന്നുമായി കൂട്ടി സ്വയം പരീക്ഷിക്കും,മിക്കവാറും കയ്യും,കാലും പൊള്ളും, പിന്നാലെ കിട്ടുന്ന അടിയും, അടി എന്നു പറഞ്ഞാല്‍ അങ്ങനത്തെ അടിയാ കിട്ടുന്നത്...ഒരു മയവും കാണില്ല അടിക്ക്...ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു വല്ലാത്ത നൊമ്പരം ആണ്.....അന്നൊക്കെ കരഞ്ഞിരുന്നെങ്കിലും, മനസ്സിനു വേദനയോ , ദേഷ്യമോ തൊന്നിയിരുന്നില്ല, പിന്നേം അടി വാങ്ങാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല ഞങ്ങള്‍.......തല്ലുകൊണ്ടാല്‍ നന്നാവും എന്നു പറയണതൊക്കെ വെറുതെയാ, അങ്ങനാണെങ്കില്‍ ഞാനൊക്കെ ആയിരിക്കണം ഈ ലോകത്തെ ഏറ്റവും നല്ല ആള്‍.........ഹിഹിഹി


സൈക്കിള്‍ ചവിട്ടാന്‍ പടിച്ചതും, അതിനോടനുബന്ധിച്ചു കിട്ടിയ അടികള്‍ക്കും, മുറിവുകള്‍ക്കും ഒരു കണക്കും ഉണ്ടായിരുന്നില്ല........കണ്ണുകെട്ടിക്കളി
, വില്ലസ്സും തോണ്ടിയും,പമ്പരം,ഗോട്ടി കളി ,ഏറു പന്തു എന്തെല്ലാം രസമുള്ള കളികള്‍ ആയിരുന്നു......ഓരോ സീസണിലും ഓരോ കളികള്‍...അലര്‍ജിയും,ശ്വാസം മുട്ടലും പലപ്പോഴും എനിക്കു ഈ കളികളൊക്കെ വിലക്കിയിരുന്നെങ്കിലും, വീട്ടുകാരുടെ കണ്ണുവെട്ടിച്ചും അല്ലാതെയും പറ്റുമ്പോളെല്ലാം ഞങ്ങള്‍ കളിച്ചിരുന്നു....ഇന്ന് കുട്ടികള്‍ക്ക് അതൊക്കെ അറിയുമോ എന്നതു തന്നെ സംശയമാണ്........


ഓണത്തിനു അങ്ങാടിപ്പുറത്തു ആണ് അന്നൊക്കെ ഉണ്ടാവുക, അമ്മമ്മയുണ്ടല്ലൊ അന്നു.....പിന്നെ ബോംബയില്‍ നിന്നു വലിയ അമ്മാവന്‍ വരുന്നതും ഓണത്തിനാണ്..... പണ്ടുകാലത്തെ ദാരിദ്ര്യത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാനുള്ള കഷ്ടാപ്പാടുകളില്‍ അദ്ദേഹത്തിന് കല്യാണം കഴിക്കാനൊന്നും പറ്റിയില്ല.....അതോണ്ട് ഞങ്ങളോക്കെ തന്നെ കുട്ടികള്‍...എല്ലാവരും ആ പത്തു ദിവസം ഒന്നിച്ചുണ്ടാകണം...ചോകൊളേറ്റ്സ് ഒക്കെ തിന്നു മതിയാവും...ഓണപ്പൂവും,മുക്കുറ്റിയും,ഒടിച്ചുറ്റിയും മാത്രം എടുത്താണ്‍ അന്നൊക്കെ ഞങ്ങള്‍ പൂക്കളം ഇട്ടിരുന്നതു( ഇത്തവണ നോക്കുമ്പോള്‍ തൊടിയില്‍ മുക്കുറ്റി തന്നെ കാണാത്ത അവസ്ഥയാണ്, ഓണപ്പൂവിന്റ കാര്യം പറയേ വേണ്ട..)..പിന്നെ തൃക്കാക്കരയപ്പനെ മണ്ണുകൊണ്ടൂണ്ടാക്കി വെക്കും,പാണ സമുദായത്തില്‍ പെട്ടവറ് ഉത്രാട രാത്രിയില്‍ പാട്ടു പാടാന്‍ വരും....(തിരുവാതിരക്കു ചോഴികെട്ടല്‍ ഒരു ചടങ്ങുണ്ടായിരുന്നു തിരുവില്വാമലയില്‍, ഇപ്പോളുണ്ടോ എന്നറിയില്ല.....ശരീരം മുഴുവന്‍ ഉണങ്ങിയ വാഴയില വെചുകെട്ടി കൊട്ടും പാട്ടും ആയി...)..അതു ശരിക്കും ഒരു ഉത്സവകാലം തന്നെ ആയിരുന്നു, അമ്മമ്മ മരിക്കുന്നതു വരെ....പിന്നീട് പലരും സ്വന്തം വീടുകളില്‍ തന്നെ ഓണം ആഘോഷിക്കുവാന്‍ തുടങ്ങി എങ്കിലും അമ്മാവന്‍ എല്ലാവര്‍ഷവും വരുമായിരുന്നു, ഞങ്ങടെ ഓണം എപ്പോഴും ഒന്നിച്ചായിരുന്നു.....2008 ലെ ഓണത്തിനാണ് അമ്മാവന്‍ അവസാനം നാട്ടില്‍ വന്നത്.....2009 ജനുവരിയില്‍ അദ്ദേഹം എന്നെന്നേക്കുമായി യാത്രയായി.....ഞങ്ങടെ ഓണക്കാലവും....


പണ്ടൊക്കെ ഓണത്തിനും, വിഷുവിനും മറ്റു വിശേഷങ്ങള്‍ക്കും ഒത്തുകൂടിയിരുന്ന കുടുംബക്കാറ്, ശ്രാദ്ധത്തിനു ബലിയിടാനും, ആരുടെയെങ്കിലും മരണങ്ങള്‍ക്കോ കല്യാണങ്ങള്‍ക്കോ, ആയി ഒത്തുകൂടുന്നത് എന്നതു കാലത്തിന്റെ മറ്റൊരു വികൃതി...


ഇനി വിദ്യാ എന്ന അഭ്യാസത്തെ കുറിച്ച് ലേശം പറയാം....അതുംകൂടി ചേറ്ന്നാലല്ലേ കുട്ടിക്കാലം മുഴുവനാകൂ....ഞാന്‍ ജനിച്ചത് ഒറ്റപ്പാലത്തെ സെവന്ത് ഡേ ആശുപത്രിയിലാണ്....തുടര്‍ന്ന് സ്കൂളില്‍ ചേരുന്നതു വരെ എന്റെ അചന്റെ വീടായ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ ആയിരുന്നു....അവിടെ നിന്നും 4 വയസ്സുകാരനായ എന്നെ ബാലവാടിയില്‍ ചേര്‍ക്കാനായി അമ്മയുടെ നാടായ,അങ്ങാടിപ്പുറത്തേക്ക് കൊണ്ടുവരുന്നു...വിദ്യാനികേതന്‍ എന്ന ബാലവാടിയില്‍ നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക്.....ഒരു വര്‍ഷത്തെ അവിടുത്തെ പഠനകാലം ഇന്നും ഓര്‍മ്മയിലെങ്ങോ പൊടിപിടിച്ചു കിടപ്പുണ്ട്....ഞാനിടക്കൊക്കെ പൊടിതട്ടി ഓര്‍മ്മിക്കാറുണ്ട് ആ വസന്തകാലം...കളവുകാണിച്ച് ക്ലാസ്സില്‍ പോകാതിരുന്നതും, അമ്മാവന്‍ ചൂരലും പിടിച്ച് ബാലവാടിവരെ വലിച്ചോണ്ടു പോയതും എല്ലാം....അന്ന് വീട്ടില്‍ അമ്മമ്മയും, അമ്മമ്മയുടെ ഒരു അനിയത്തിയും ഉണ്ട്, ആച്ചി അമ്മമ്മ എന്നു ഞങ്ങള്‍ വിളിക്കും...പിന്നെ പശു ഉണ്ട്....പാലും,തൈരും ആവശ്യത്തിനുണ്ട്...പുളിയുള്ള മോര് എനിക്കു കുടിക്കാന്‍ ഇഷ്ടാണ് , എന്നും ബാലവാടിക്ക് പോവാന്‍ മടിയാണ് ...വയറു വേദനയാണ് അന്നറിയുന്ന ഏറ്റവും വലി അസുഖം, അതു പറഞ്ഞാല്‍ അമ്മമ്മ തൈരു കടഞ്ഞു നെയ്യ് എടുക്കുന്നതിനിടയില്‍ കുറ്ച്ചു മോരും തരും....അതു കുടിച്ചാലും വേദന മാറില്ലെന്നെ ചിലപ്പോള്‍.....ഹിഹി...ഒരു ചേച്ചി ബാലവാടിക്ക് കൊണ്ടുപോവാന്‍ വരും,കരഞ്ഞു പിടിച്ച് പോവാതിരിക്കാന്‍ കുറെ നോക്കും...അമ്മക്കതു കണ്ടാല്‍ ചിലപ്പോളോക്കെ മനസ്സലിയും.....അങ്ങനെയുള്ളപ്പോളാണ് അമ്മാവന്‍ വരുമ്പോള്‍ വടിയും പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത്.....അന്നത്തെ ആ മടി ഇന്നും എന്നെ വിട്ടു പോയിട്ടില്ല....ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലെ പറയാറ്.....

അച്ചനന്ന് ശനിയും ഞായറും ആണ് അധികവും അങ്ങാടിപ്പുറത്ത് വരൂ.....പെരിന്തല്‍മണ്ണയിലെ കെ. ആറ് ബേക്കറി തുടങ്ങണതൊക്കെ ആ സമയത്താണ്...പഫ്സ്സും, തേങ്ങ മുകളിലിട്ട ബണ്ണും, പൊട്ടറ്റൊ ചിപ്പ്സും ഒക്കെയാണ് അന്നത്തെ കെ ആറ് സ്പെഷ്യല്‍....അതിനുള്ള കാത്തിരിപ്പുകളും ഒരോറ്മ്മയാണ്..... ഒന്നാം ക്ലാസ്സുമുതല്‍ തരകന്‍ ഹൈസ്കൂളില്‍ പത്താം തരം വരെ, തരകന്‍ ഹൈസ്കൂള്‍ 2009ല്‍ നൂറാം വാര്‍ഷികം ആഘോഷിച്ചു എന്നു കേള്‍ക്കുമ്പോളെ മനസ്സിലാകുമല്ലോ ആ നാടിനും,നാട്ടുകാര്‍ക്കും ആ സ്കൂളുമായുള്ള ആത്മബന്ധത്തിന്റെ ആഴം എത്രയായിരിക്കുമെന്നു...എന്റെയും എല്ലാ നന്മകളുടേയും, കുരുത്തക്കേടുകളുടെയും തുടക്കവും, ഒടുക്കവും ആ സരസ്വതീ ക്ഷേത്രം തന്നെ.....


അന്നു കണ്ടതെല്ലാം ഇന്നുമുണ്ട്കണ്ണില്‍
അന്നു കേട്ടതെല്ലാം ഇന്നുമുണ്ട് കാതില്‍
മറക്കുവതെങ്ങനെ ആ മലറ് വസന്തം...??
അന്നെന്റെ മാനസ ജാലക വാതിലില്‍
മുട്ടിവിളിച്ചൊരു പെണ്മുഖമിന്നും ഓറ്ക്കുന്നു ഞാന്‍...

എന്നു കൈതപ്രം തിരുമേനി എഴുതിയതു പോലെ അതൊന്നും ആറ്ക്കും മറക്കാന്‍ കഴിയുന്നതല്ല.......അപ്പൊ ഞാന്‍ തല്‍കാലം നിര്‍ത്തട്ടെ , ശനിയാഴ്ചമുതല്‍ പരീക്ഷ തുടങ്ങുകയാണ്....ഏവറ്ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍...

Monday, July 26, 2010

എന്റെ പൂരക്കാഴ്ചകള്‍ മൂന്നാം ഭാഗം



ചെട്ടിക്കുളങ്ങര ഭരണി









ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്

Thursday, July 8, 2010

എന്റെ പൂരക്കാഴ്ച്ചകള്‍ രണ്ടാം ഭാഗം


എന്റെ പൂരക്കാഴ്ച്ചകള്‍ .....

എന്ന ലേഖനത്തിന്റെ ("http://subinn.blogspot.com/2008/06/ente-poorakaazhchakal.html" ) രണ്ടാം ഭാഗം ഇവിടെ തുടങ്ങുകയാണ്..........ആദ്യ ഭാഗം വായിച്ച് നേരിട്ടും,അല്ലാതെയും അഭിപ്രായം അറിയിച്ച പ്രിയ വായനക്കാരുടെയും, പൂരകമ്പക്കാരുടേയും പ്രോത്സാഹനമാണ് ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്....... ഈ കഴിഞ്ഞ പൂരക്കാലം എന്നെ സമ്പന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരുപാട് നല്ല അനുഭവങ്ങള്‍ ‍സമ്മാനിച്ചാണ് കടന്നു പോയത്...........ആ അനുഭവങ്ങളെ കുറിച്ച് വിശദമായി പിന്നീടൊരിക്കല്‍ പറയണം എന്നുണ്ട്..........സമയവും,സന്ദര്‍ഭവും ഒത്തുചേരുമ്പോള്‍ തീര്‍ച്ചയായും ഈ ബ്ലോഗിലൂടെ അതെല്ലാം നിങ്ങളുമായി പങ്കുവെക്കാം.........

പതിവു പോലെ ശ്രീ വില്വദ്രിനാഥന്റെ നിറമാലയില്‍ തുടങ്ങി, കണ്ണമ്പ്ര വേലയില്‍ തന്നെയാണ് എന്റെയും പൂരക്കാലം അവസാനിച്ചതെങ്കിലും, ഈ കഴിഞ്ഞ പൂരക്കാലത്ത് എനിക്കു പങ്കെടുക്കാന്‍ കഴിഞ്ഞ പൂരങ്ങള്‍ വളരെ കുറഞ്ഞു, അതിലെ ഏറ്റവും വലിയ നഷ്ടം നെമ്മാറ വേല തന്നെ......ഞാനൊരുപാട് ആഗ്രഹിച്ചിരുന്ന കാഴ്ച, നമ്മടെ പ്രിയപ്പെട്ട ശിവന്‍ വല്ലങ്ങിയുടെ പൊന്‍ തിടമ്പുമായി നില്‍ക്കുന്നത്, അതു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല..........ഇതുവരെ കാണാത്ത എറണാംകുളം, ആലപ്പുഴ ജില്ലകളിലെ ചില പൂരങ്ങളില്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ സാധിച്ചു എന്നത് വളരെ ഭാഗ്യമായി കണക്കാക്കുന്നു........... ഒരു സ്വപ്ന സാഫല്യം പോലെ ചെട്ടികുളങ്ങര ഭരണിയോടനുബന്ധിച്ച് ഹരിപ്പാട്, ഓച്ചിറ, മണ്ണാറശാല, മവേലിക്കര ശ്രീ കൃഷ്ണ ക്ഷേത്രം,കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ പോകാന്‍ അവസരം ലഭിച്ചു...........അതിലും വലിയ ഭാഗ്യമായി തോന്നുന്നത് ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചതാണ്........ കര്‍ശന സുരക്ഷയുടെ ഭാഗമായി ഫോട്ടോ എടുക്കുന്നതില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പലവട്ടം വിലക്കുകയും, തള്ളിമാറ്റുകയും, എന്റെ കാമറ പിടിച്ചു വാങ്ങുക കൂടി ചെയ്തു..........പിന്നീടൊരു നിമിത്തമായി ഒരു ക്ഷേത്ര ജീവനക്കാരന്‍ , പത്രപ്രവര്‍ത്തകര്‍ നില്‍കുന്നിടത്തു പോയി ഫോട്ടോ എടുക്കാന്‍ അനുവധിക്കുകയായിരുന്നു.........ആ ഫോട്ടോ അടക്കം , ഞാനെടുത്ത കുറച്ചു ഫോട്ടോസ് ഇത്തവണ നെമ്മാറ ദേശത്തിന്റെ കലണ്ടറില്‍ അച്ചടിച്ചു വന്നിട്ടുണ്ട്, അതു കാണുമ്പോള്‍ സത്യത്തില്‍ വല്ലാത്തൊരു സന്തോഷം ആണ്..........ഇനിയും അതുപോലുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ ജീവിതത്തിലുണ്ടാകണെ എന്ന പ്രാര്‍ത്ഥനയോടെ....ആ ഒരു കാര്യം പറയാന്‍ മറന്നു,നമ്മടെ ലൂമിക്സ് കാമറയുമായി ആദ്യമായി ഞാന്‍ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് പോകുന്നതും ഈ വര്‍ഷമാണ്.......കൊടിയേറ്റവും, സാമ്പിള്‍ വെടിക്കെട്ടും എല്ലാം മുന്‍പും എടുത്തിട്ടുണ്ടെങ്കിലും പൂരം പകര്‍ത്തുന്നത് ആദ്യമാണ്.....അത്യാവശ്യം കുഴപ്പമില്ലാത്ത കുറച്ച് ഫോട്ടോസ് കിട്ടിയിട്ടുണ്ട് എന്ന് പറയാം.......ഇനി നമുക്ക് പൂര വിശേഷങ്ങള്‍ ഓരോന്നായി തുടങ്ങാം അല്ലെ.........?? ആദ്യം ഭൂമിയിലെ ദേവസംഗമത്തെ പറ്റി തന്നെ ആവാം........


ആറാട്ടുപുഴ പൂരം


മകരക്കൊയ്ത്തു കഴിഞ്ഞാല്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ വയലേലകള‍ധികവും പൂരപ്പാടങ്ങളായി മാറുകയാണ് പതിവ്.....കേരളത്തിലെ തന്നെ പ്രശസ്തമാ‍യ പല പൂരങ്ങളും പെയ്തിറങ്ങുന്നത് ഈ വയലുകളിലാണ്...... നെമ്മാറ വല്ലങ്ങി,ഉത്രാളിക്കാവ്,അന്തിമാളന്‍ കാവ്........അങ്ങനെ ഒരു നീണ്ട നിര തന്നെ നമുക്കു കാണാവുന്നതാണ്......അതില്‍ ചിരപുരാതനവും,ചരിത്ര പ്രസിദ്ധവും,ആചാരാനുഷ്ടാനങ്ങളാല്‍ സമ്പന്നവുമായ ഒരു പ്രധാന പൂരമാണ് ഭൂമിയിലെ ദേവമേള എന്ന പേരില്‍ അറിയപ്പെടുന്ന ആറാട്ടുപുഴ പൂരം.............

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാധിച്ചിട്ടുള്ള ഈ പൂരം, എല്ലാ വര്‍ഷവും മീനമാസത്തിലെ പൂരം നാളിലാണ് കൊണ്ടാടുന്നത്......... മീന മാസത്തിലെ പൂരം നാള്‍,പല പ്രധാന പൂ

രങ്ങളും ആഘോഷിക്കുന്ന സുദിനം കൂടിയാണ്........ തിരുമന്ധാംകുന്നിലെ ഏഴാം പൂരം,ചേര്‍ത്തല പൂരം,കാവശ്ശേരി പൂരം അങ്ങനെ ഒരുപാട് പ്രശസ്തമായ പൂരങ്ങള്‍ അന്നെ ദിവസം നടക്കുന്നുണ്ട്......അതുകൊണ്ടു തന്നെ ഈ പൂരങ്ങളില്‍ രണ്ടില്‍ കൂടുതല്‍ ഒരേ ദിവസം കാണാന്‍ കഴിയുക എന്നത് ജീവിതത്തിലെ മറക്കാന്‍ കഴി

യാത്ത ഒരു അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല.......എന്റെ ഇത്തവണത്തെ പൂരം കാണല്‍ അങ്ങനെ ആയിരുന്നു, തിരുമാന്ധാംകുന്നിലും, കാവശ്ശേരിയിലും പോയി ആണ് രാത്രിയില്‍ അപ്രതീക്ഷിതമായി ഞാന്‍ ആറാട്ടുപുഴയിലെത്തുന്നത്.......25 നു പെരുവനം പൂരത്തിനു തുടങ്ങിയ ഉറക്കമൊഴിക്കല്‍, 26ഉം, 27നും തിരുമാന്ധാം കുന്നിലും, അന്തിമാളനിലും ആയി തുടര്‍ന്നതോടെ ക്ഷീണം കൊണ്ട് 28നു ആറാട്ടുപുഴ പൂരത്തിനു ഞാന്‍ പോണില്ല എന്നു വിചാരിച്ചതാണ് .... പക്ഷെ എറണാംകുളത്തു നിന്നുള്ള പ്രിയ സുഹൃത്തുക്കള്‍ രാത്രിയില്‍ തൃശൂരില്‍ വന്നു കൊണ്ടു പോ‍വാം എന്നു പറഞ്ഞ് വിളിച്ചതോടെ, തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങാതിരിക്കാന്‍ എനിക്കായില്ല.......അങ്ങനെ അവരോടൊപ്പം ആറാട്ടുപുഴയിലേക്ക്......പൂരം മുഴുവനായി ആസ്വദിച്ച് പിറ്റേന്നു രാവിലെ 11 മണിയോടെ ഉറങ്ങാന്‍ കിടന്ന ഞാന്‍ എണീക്കുന്നതു രാത്രി 9നു ശേഷം ആയിരുന്നു.....ജീവിതത്തില്‍ ഇന്നു വരെ അതുപോലെ അന്തം വിട്ട് ഞാന്‍ ഉറങ്ങിയിട്ടില്ല...സുഖ നിദ്ര..ഹി ഹി


1428 -ാമത് ആറാട്ടുപുഴ പൂരം ആണ് ഈ വര്‍ഷം (2010) മാര്‍ച്ച് 28 ന് ആഘോഷിച്ചത്. ഭൂമിയിലെ ദേവസംഗമം എന്ന് പുകള്‍പെറ്റ ആറാട്ടുപുഴ പൂരത്തിനു ഇപ്പോള്‍ 23 ദേവീദേവന്മാര്‍ ആണ് പങ്കെടുക്കുന്നത്.....ആറാട്ടുപുഴ ശാസ്താവ്, തൃപ്രയാര്‍ തേവര്‍, ഊരകത്തമ്മത്തിരുവടി, ചേര്‍പ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, അന്തിക്കാട്

ഭഗവതി, തോട്ടിപ്പാള്‍ ഭഗവതി

, പിഷാരിക്കല്‍ ഭഗവതി, എടക്കുന്നി ഭഗവതി, അയ്യുന്നില്‍ ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പുനിലാര്‍ക്കാവില്‍ ഭഗവതി, കാട്ടുപിഷാരിക്കല്‍ ഭഗവതി, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂര്‍ ശാസ്താവ്, നാങ്കുളം ശാസ്താവ്, ശ്രീമാട്ടില്‍ ശാസ്താവ്, നെട്ടിശ്ശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, ചിറ്റിച്ചാത്തകുടം ശാസ്താവ്, മേടംകുളം ശാസ്താവ് എന്നിവരാണ് ഇപ്പോള്‍ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്ന ദേവീ-ദേവന്‍മാര്‍....... ഇന്നു തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പല തട്ടകക്കാരും മുന്‍പ് ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നു എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്......


അസ്തമനം കഴിഞ്ഞ് ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പോടെയാണ് പൂരം തുടങ്ങുന്നത്.......രാത്രി വിടവാങ്ങുകയും,പുലരി വിടരാന്‍ തുടങ്ങുകയും ചെയ്യുന്ന ദിവ്യ മുഹൂര്‍ത്തത്തില്‍ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പോടെയാണ് പൂരം അവസാനിക്കുന്നത്......വാക്കുകള്‍ക്കതീതമായ ഒരു അനുഭവമാണ് പുലര്‍കാലത്തെ ഈ കൂട്ടിയെഴുന്നള്ളിപ്പ് എന്ന ദേവസംഗമം.........

ആറാട്ടുപുഴപൂരത്തി-
ലാറാടുന്നോര്‍ക്കനാരതം
ആറാമിന്ദ്രിയസൌഭാഗ്യ-
മേറാമായുസ്സറുംവരെ

എന്നാണ് ചൊല്ല്.......

സാക്ഷാല്‍ വടക്കുംനാഥന്റെ നിര്‍ദേശപ്രകാരം ആറാട്ടുപുഴ പൂരത്തിനെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക് കൂട്ടിയെഴുന്നള്ളിപ്പ് സമയത്ത് വൈകുണ്ടത്തിലെ അനന്തശായിയായ മഹാവിഷ്ണുവിന്റെ ദര്‍ശനം ലഭിച്ചു എന്നാണ് ഐതിഹ്യം.......സന്തോഷം കൊണ്ട് മതിമറന്ന സ്വാമിയാര്‍ പൂരപ്പാടത്തെ മണ്ണു വാരി ശിരസ്സിലിട്ടു ഇപ്രകാരം അരുളിചെയ്തുവത്രെ........ഈ ഭൂമി വളരെ പരിപാവന
മാണെന്നും, കൂട്ടിയെഴുന്നള്ളിപ്പ് സമയത്ത് ഭൂമിദേവി(സീത) സമേതനായ തൃപ്രയാര്‍ തേവരെ പ്രദക്ഷിണം ചെയ്തു തൊഴുന്നത് മോക്ഷദായകമാണെന്നും.........

മീനമാസത്തിലെ മകയീരം നാളിലെ കൊടിയേറ്റത്തോടെയാണ് ആറാട്ടുപുഴ പൂരം ആരംഭിക്കുന്നത്........തിരുമന്ധാംകുന്നിലെ പൂരപ്പുറപ്പാടും ഇതേ ദിവസം തന്നെയാണ്........കൊടിയേറ്റിയ ശേഷം വാദ്യഘോഷങ്ങളോ, ചമയങ്ങളോ ഇല്ലാതെ കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഒരു ഗജവീരനെ ഏഴുകണ്ടം അതിര്‍ത്തി വരെ ആനയിച്ച്, അവിടെ വെച്ച് പൂരപ്പുറപ്പാട് ഉല്‍ഘോഷിക്കുന്നതിന്റെ ഭാഗമായി ശംഖുധ്വനി മുഴക്കുകയും, പിന്നീട് തൃപുട താളത്തില്‍ വാദ്യഘോഷങ്ങളോടെ തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയും
ചെയ്യുന്നതോടെ ദേശം അക്ഷരാര്‍ത്ഥത്തില്‍ പൂരത്തിനായി ഒരുങ്ങുകയും ചെയ്യുന്നു.......... പിറ്റേന്ന് വെളുപ്പിനു തന്നെ ക്ഷേത്രമതിലകത്ത് തിമലപാണി കൊട്ടി ആരംഭിക്കുന്ന തിരുവാതിര വിളക്ക് , ചെമ്പടയുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളുന്നു......... പിന്നീട് ആചാരങ്ങള്‍ക്കനുസ
രിച്ച് കലാശിക്കുന്നു....... വൈകീട്ട് അഞ്ചാനകളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ശാസ്താവിന്റെ പ്രൌഢഗംഭീരമായ എഴുന്നള്ളിപ്പിനു പാഞ്ചാരിമേളം അതിന്റെ സമസ്തഭാവങ്ങളോടേയും കൊട്ടിക്കലാശിക്കുന്നു........ പുണര്‍തം നാളില്‍ ആറാട്ടുപുഴ ശാസ്താവിന്റെ തൈക്കാട്ടുശ്ശേരിയിലേക്കും, നറുകുളങ്ങരയിലേക്കും , അവിടുന്ന് തിരിച്ചും ഉള്ള എഴുന്നള്ളിപ്പുകള്‍ കാണേണ്ട കാഴ്ചകളാണ്..........ലക്ഷണ തികവുള്ള ഗജവീരന്മാരെയും, മേള-വാദ്യ രംഗത്തെ വിദഗ്ദരെയും മാ
ത്രം അണിനിരത്തുന്നു എന്നതു കൊണ്ട് തന്നെ ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചുള്ള എല്ലാ എഴുന്നള്ളിപ്പുകള്‍ക്കും മാറ്റ് ഏറെയാണ്........

പെരുവനം പൂരം
പൂയ്യം നാളില്‍ നാഗസ്വരത്തിന്റെ അകമ്പടിയോടെ സര്‍വ്വാഭരണവിഭൂഷിതനായി
ശാസ്താവ് ഗ്രാമക്ഷേത്രം നിലകൊള്ളുന്ന പെരുവനത്തേക്ക് എഴുന്നള്ളുന്നു.......വൈകുന്നേരം നാലുമണിയോടെ തുടങ്ങുന്ന എഴുന്നള്ളിപ്പ് സന്ധ്യയോടെ പെരുവനം ക്ഷേത്രത്തിന്റെ തെക്കെനടയില്‍ ഏഴു ഗജവീരന്മാരുടെ അകമ്പടിയോടെ അണിനിരക്കുമ്പോള്‍, പാഞ്ചാരിമേളത്തിന്റെ ഈറ്റില്ലമായ ആ ഗ്രാമവും, ആസ്വാദകരും മേളപെരുമഴയില്‍ ആറാടുവാന്‍ ഒരുങിയിട്ടുണ്ടാകും.........നൂറ്റമ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഈ മേളം അനുഭവിച്ചറിയേണ്ട, വാക്കുകള്‍ക്കതീതമായ ഒന്നാണ്......

പെരുവനം പൂരത്തോടനുബന്ധിച്ചുള്ള ഭക്തി സാന്ദ്രമായ, ആകര്‍ഷകമായ, അനുപമമായ ഒരു എഴുന്ന
ള്ളിപ്പാണ് ഊരകത്തമ്മതിരുവടിയുടേത്.......... ഊരകത്തമ്മയുടെ മകയീരം നാളിലെ ചെമ്പടകൊട്ടി പടിഞ്ഞാറെ ഗോപുരം വഴിയുള്ള പ്രൌഢഗംഭീരമായ എഴുന്നള്ളിപ്പിന് പൊലിസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കുന്ന പതിവുണ്ട്....... അത്യാകര്‍ഷകമായ ഊരകത്തമ്മയുടെ പെരുവനം പൂരത്തിനുള്ള എഴുന്നള്ളിപ്പ് പൂരകാഴ്ചകളിലെ മനോഹര നിമിഷങ്ങളില്‍ ഒന്നാണെന്ന് പറയാതിരിക്കനാവില്ല........തെച്ചി പൂക്കള്‍ കൊണ്ടു മാത്രം അലങ്കരിച്ച സ്വര്‍ണ്ണ കോലത്തില്‍, അമ്മത്തിരുവടിയുടെ സ്വര്‍ണ്ണ തിടമ്പുമേന്തി മാതംഗ കേസരി ശിവസുന്ദര്‍ പാര്‍വതീ ദേവിക്ക് അഭിമുഖമായി പെരുവനം നടവഴിയില്‍ നില്‍ക്കുമ്പോള്‍..........ഊരകത്തമ്മ തിരുവടി, വാഴ്വിനിതു മോക്ഷ തിരുവടി... എന്ന ഭക്തിഗാന വരികള്‍ നമ്മള്‍ സ്വയം അനുഭവിച്ചറിയും............
പെരുവനത്തിന്റെ മേളം മുഴുവനായി ആസ്വദിക്കാന്‍ പെരുവനം പൂരത്തിനു പോകണം എന്നു പറയാറുണ്ട് പലരും.........എന്നലും എനിക്കു പെരുവനം പൂരത്തിലെ ഏറ്റവും ഇഷ്ടപ്പെടുന്ന മേളം ഊരകത്തമ്മ തിരുവടിയുടെ എഴുന്നള്ളിപ്പില്‍ 170ല് പ‍രം കലാകരന്മാര്‍ ചെറുശ്ശേരിയുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന പാണ്ടിമേളം ആണ്..........പിന്നെ വെളുപ്പിന് നടക്കുന്ന വിളക്കെഴു
ന്നള്ളിപ്പിലെ കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തിലെ മേളവും ആണ്..........



തറയ്ക്കല്‍ പൂരം

പെരുവനം പൂ
രം കഴിഞ്ഞ് രണ്ടാം നാള്‍ മകം നക്ഷത്ര ത്തിലാണ് മേള പ്രസിദ്ധമായ തറയ്ക്കല്‍ പൂരം....... അന്നേ ദിവസം രാവിലെ ആറാട്ടുപുഴ ശാസ്താവ് പിടിക്കപ്പറമ്പ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി നിലപാട് നില്‍കുന്ന ചടങ്ങുണ്ട്.........അവിടെ നിലപാടു നില്‍കുന്ന ചാത്തക്കുടം ശാസ്താവിനോട് ഉപചാരം ചൊല്ലല്‍, ആനയോട്ടം,ചാലുകീറല്‍,ചാടിക്കൊട്ട്,പറ സ്വീകരിക്കല്‍ എന്നിവക്കു ശേഷം തിരിച്ച് ക്ഷേത്രത്തിലെത്തി സന്ധ്യയോടെ ഒമ്പത് ആനകളുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നു........തറയ്ക്കല്‍ പൂരത്തിന്റെ പ്രശസ്തമായ
പാണ്ടിമേളം അതിന്റെ പെരുമയിലേക്കെത്തുമ്പോളെക്കും , പടിഞ്ഞാറു നിന്നു ഊരകത്തമ്മയും, തെക്കുനിന്നു തോട്ടിപ്പാള്‍ ഭഗവതിയും എഴുന്നള്ളുന്നു. ഊരകത്തമ്മക്ക് മേളവും, തോട്ടിപ്പാള്‍ ഭഗവതിക്ക് പഞ്ചവാദ്യവും ആണ് പതിവ്..........കൂട്ട പറനിറക്കല്‍ എന്ന ചടങ്ങും ഇന്നെ ദിവസം ആണ്........ശേഷം ഊരകത്തമ്മക്ക് ഉപചാരം ചൊല്ലി തിരിച്ച് ക്ഷേത്രത്തിലെത്തി ശാസ്താവ് പിഷാരിക്കല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു... പിഷാരിക്കല്‍ ക്ഷേത്രത്തില്‍ ശാസ്താവിനെ ഇറക്കിയെഴുന്നള്ളിക്കുന്നു.........


ആറാട്ടുപുഴ പൂരം ദിവസം രാവിലെ ശാസ്താവിനെ പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നിന്നു തോട്ടിപ്പാള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും, അവിടെ പണ്ടുകാലത്ത് ആനയോട്ടം ഉണ്ടായിരുന്നെന്നും, ആദ്യം എത്തുന്ന ആന ഏതു ക്ഷേത്രത്തിലെ ആണോ അവര്‍ക്ക് അവില്‍പ്പറ നല്‍കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നത്രെ.........എന്നാല്‍ ഇന്നു ആനയോട്ടം ഇല്ല, പകരം ഓരോ വര്‍ഷവും ഓരോ ക്ഷേത്രക്കാര്‍ക്ക് അവില്‍പ്പറ നല്‍കുന്നു.........തോട്ടിപ്പാള്‍ പൂരത്തിനു ശേഷം വൈകുന്നേരത്തോടെ ആറാട്ടുപുഴ ശാസ്താവ്, ചാത്തക്കുടം ശാസ്താവിനൊപ്പം ആറാട്ടുപുഴക്ക് പോകുന്നു........
ഉപചാരം ചൊല്ലലിനും,
നിത്യപൂജകള്‍ക്കും ശേഷം ഭൂമിയിലെ ദേവമേളക്ക് ആതിഥേയത്വം വഹിക്കാ
നായി ആറാട്ടുപുഴ ശാസ്താവ് സര്‍വ്വാഭരണ വിഭൂഷിതനായി പുറത്തേക്കെഴുന്നള്ളുമ്പോളേക്കും, 15ഗജവീരന്മാരുടെ അകമ്പടിയില്‍ ശിവസുന്ദറിന്റെ പുറത്തേറി നില്‍ക്കുന്ന ഇഷ്ടദേവന്റെ തിടമ്പും,കോലവും കൈപ്പന്തത്തിന്റെ കണ്ണഞ്ചിപ്പി
ക്കുന്ന ജ്വാലയില്‍ പൊന്‍പ്രഭ ചൊരിയുന്ന കാ‍ഴ്ച കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യമടയാനെത്തിയ ഭക്തജന സഹസ്രങ്ങളെകൊണ്ട് ആറാട്ടുപുഴയിലെ പൂരപ്പാടം നിറഞ്ഞിരിക്കും.........എഴുന്നള്ളിപ്പ് നിരക്കുന്നതോടെ വിശ്വപ്രസിദ്ധമായ പാഞ്ചാരി
മേളം തുടങ്ങുകയായി.........പെരുവനത്തിന്റെ മേല്‍നോട്ടത്തില്‍ പ്രശസ്തരായ 250ലധികം വാദ്യകലാകാരന്മാര്‍ ഒരേമനസ്സായി മേളത്തിന്റെ പ്രപഞ്ചസീമകള്‍ ലംഘിക്കുന്ന ആ അസുലഭ മുഹൂര്‍ത്തങ്ങള്‍, അല്ല മണിക്കൂറുകള്‍ വാക്കുകള്‍ക്കും,വരികള്‍ക്കും അപ്പുറം അനുഭവിച്ചു തന്നെ അറിയേണ്ടതാണ്........തുടര്‍ന്ന് വെടിക്കെട്ടിനു ശേഷം തൃപ്രയാര്‍ തേവര്‍ കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്നറിയാനായി ഏഴുകണ്ടം വരെ എഴുന്നള്ളുന്ന ചടങ്ങുണ്ട്.........മടങ്ങി എത്തുന്നതോടെ എടക്കുനി ഭഗവതിയുടെ പൂരം തുടങ്ങുകയും, ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ചാത്തകുടം ശാസ്താവിനെ നിലപാടു നി
ല്‍ക്കുന്ന ചുമതല ഏല്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയും ചെയ്യുന്നു.....കേളത്തിന്റെ പ്രമാണത്തിലുള്ള എടക്കുനി ഭഗവതിയുടെ മേളവും ഗംഭീരമാണ്.........

ആറാട്ടുപുഴ ശാസ്താവ് നിലപാട് തറയില്‍ തിരിച്ചെത്തുന്നതോടെ ദേവി ദേവന്‍മാരുടെ പൂരങ്ങള്‍ ഓരോന്നായി പൂരപ്പാടത്തേ
ക്ക് എഴുന്നള്ളുകയായി..........തുടര്‍ന്ന് കൂട്ടിയെഴുന്നള്ളിപ്പ് വരെ പാണ്ടി-പാഞ്ചാരി മേളങ്ങളുടെയും, പഞ്ചവാദ്യത്തിന്റേയും താള-വാദ്യ പ്രപഞ്ചം അവിടെ മഹാസാഗരമായി അലയടിക്കും.......

ദേവ സംഗമം എന്ന കൂട്ടിയെഴുന്നള്ളിപ്പ്

ആറാട്ടുപുഴ പൂരം നാളില്‍ അര്‍ദ്ധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥാനീയനായാല്‍ ദേവസംഗമത്തിന് അധ്യക്ഷത വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തും. കൈതവളപ്പുവരെ തേവര്‍ക്ക് 11ആനകളുടെ അകമ്പടിയില്‍ പഞ്ചവാദ്യവും, തുടര്‍ന്ന് 21ആനകളോടെ പാണ്ടിമേളവും ആണ്..........മേളം കലാശിക്കുന്നതോടെ ഇടതു ഭാഗത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മത്തിരുവടിയും, വലതുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും അണിനിരക്കുന്നു..........ആറാട്ടുപുഴ പൂരം ദിവസം അര്‍ദ്ധ്രരാത്രി മുത

ല്‍ മന്ദാരക്കടവില്‍ ഗംഗാദേവിയുടെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം, അതുകൊണ്ടു തന്നെ ദേവി-ദേവന്മാര്‍ക്കെല്ലാം മന്ദാരക്കടവില്‍ ഇറക്കിയെഴുന്നള്ളിപ്പും, ആറാട്ടും ഉണ്ട്......ഇത്രയധികം ദേവീ-ദേവന്മാരും, ഭക്തജനങ്ങളും പങ്കെടുക്കുന്ന പരമ പവിത്രമായ ആറാട്ട് മറ്റെങ്ങും ഉണ്ടാകുമെന്നു

തോന്നുന്നില്ല.........

ആറാട്ടിനു ശേഷം ആതിഥേയനായ ആ‍റാട്ടുപുഴ ശാസ്താവ് യാത്രയാകുന്ന ദേവീ-ദേവന്മാര്‍ക്ക് ഓചാരം ചൊല്ലുന്ന ചടങ്ങാണ്..........ഊരക

ത്തമ്മക്കും,ചേര്‍പ്പ് ഭഗവതിക്കും,തൃപ്രയാര്‍ തേവര്‍ക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടിപോവുകയും, അവിടെ വെച്ച് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തിയ്യതി ദേവസ്വം പ്രതിനിധി വിളംബരം ചെയ്യുകയും ചെയ്യുന്നു........ഗ്രാമത്തിന്റെ രക്ഷക്കായി ആറാട്ടുപുഴ ശാസ്താവ് ഗ്രാമം ചുറ്റുന്ന ഗ്രാമബലി എന്നൊരു ചടങ്ങുണ്ട്.......പിന്നീട് കൊടി ഇറക്കുന്നതോടെ പൂരത്തിന്റെ എല്ലാ ചടങ്ങുകളും ശുഭം.



ആചാരങ്ങള്‍ കൊണ്ടും, അനുഷ്ടാനങ്ങള്‍ കൊണ്ടും സമ്പന്നമായ ആറാട്ടുപുഴ പൂരത്തിന്റെ ചടങ്ങുകള്‍ മുഴുവനായി മനസ്സിലാക്കാനോ, അനുഭവിച്ചറിയാനോ എനിക്ക് സാധിച്ചിട്ടില്ല.....മനസ്സിലാക്കിയ വളരെ കുറച്ചു കാര്യങ്ങള്‍ പോലും മുഴുവനായി ഇവിടെ എഴുതി ഫലിപ്പിക്കാനും എനിക്കായിട്ടില്ല....അതുകൊണ്ട് തന്നെ ഇവിടെ എഴുതിയ കാര്യങ്ങള്‍ ആ വലിയ പൂരത്തെ കുറിച്ചുള്ള ചെറിയ വിവരണം മാത്രം.........ഇതു തന്നെ വിശാലമനസ്കരായ പലരോടും അന്വേഷിച്ച്, അവരുടെ അറിവുകള്‍ പങ്കുവെച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടേയും, മറ്റു ലേഖനങ്ങളുടെയും, നമ്മടെ ചെറിയ അനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിവരണമാണ്.........അഭിപ്രായങ്ങള്‍ അറിയിക്കും എന്ന പ്രതീക്ഷയോടെ..........നന്ദി.........