Sunday, March 6, 2011

ഓര്‍മ്മകള്‍......

ഓര്‍മ്മകള്‍......

ഇളം കാറ്റില്‍ ഇളകിയാടുന്ന ആലിലകളുടെ ഈരടികള്‍.......നടക്കുമ്പോള്‍ പാദം പുതയുന്ന പൂഴിമണ്ണ്......പന്തംകണക്കെ പടര്‍ന്നു കത്തുന്ന കല്‍വിളക്കുകളില്‍ എണ്ണ പകരുന്ന നീണ്ട വിരലുകളുള്ള പെണ്‍കുട്ടി......പ്രദക്ഷിണവഴികളിലൂടെ പ്രാര്‍ത്ഥനയോടെ നടന്നു നീങ്ങുന്ന പ്രായംചെന്നവര്‍........ചുറ്റുവിളക്കിന്റെ നിഴല്‍വീണ വഴികളില്‍ചന്ദനത്തിന്റെ കുളിരും സുഗന്ധവുമുള്ള ഒരുപാട് ഓര്‍മ്മകള്‍.........



വേനല്‍ മഴ.......

നിനച്ചിരിക്കാത്ത സമയത്ത് ഒരു വേനല്‍ മഴ..........ചുട്ടുപഴുത്തു കിടക്കുന്ന ഭൂമിയിലേക്ക് മഴ പെയ്തിറങ്ങിയപ്പോള്‍നനഞ്ഞത് മണ്ണുമാത്രമല്ല.......മനസ്സും കൂടിയാണ്........ ജാലകത്തിനരുകില്‍ കയ്യെത്താ ദൂരത്ത് മഴയെനോക്കിയിരിക്കുമ്പോള്‍ അതു പറയുന്നതുപോലെ തോന്നി.......” ഞാന്‍ പെയ്യുന്നത് നിനക്കുവേണ്ടിയാണ് കുട്ടീ, നിനക്കുവേണ്ടി മാത്രം“........ തപിക്കുന്ന ആത്മാവിനു ഒരു കുളിര്‍ സ്പര്‍ശമായി, സാന്ത്വനമായി ഒരു മഴ.........വേനല്‍മഴ.......


മൌനം.....

വര്‍ഷകാല ആകാശം പോലെ മനസ്സ് മൂടികെട്ടിയിരിക്കുന്നു.......
ചിലപ്പോള്‍ ഇങ്ങനെയാണ്.....
കാര്‍മേഘം മൂടിക്കെട്ടിയ മാനം പോലെയാകും മനസ്സ്........
മൌനം ഉരുണ്ടുകൂടും......
ഉരുണ്ടുകൂടിയ മൌനം കനത്ത് മഞ്ഞായി.....മഴത്തുള്ളിയായി......
ഒന്നു പെയ്തു തോര്‍ന്നെന്കില്‍........!!!



അപ്പൂപ്പന്‍ താടി

ചില്ലുജാലകത്തിനരുകിലിരുന്ന് മുറ്റത്തെ ചെടികളിലേക്കും
പിന്നെ ആകാശത്തിന്റെ അനന്തതയിലേക്കും നോക്കി
പഞ്ഞിക്കെട്ടുപോലെ മനസ്സ് പറന്നുയരാന്‍ വെമ്പുകയാണ്
മല മരത്തിനോട് പറഞ്ഞ, മരം കാടിനോടും, കാട് കാറ്റിനോടും
പറഞ്ഞ കഥകളിലലിഞ്ഞ്........
കടലുകള്‍ താണ്ടി......തട്ടിപ്പില്ലാത്ത ലോകം തേടി.....
കരുണയുള്ള മാനസ്സുകള്‍ തേടി.....കണ്ണുകള്‍ക്ക് വെളിച്ചം തേടി......
കാലുകള്‍ക്ക് വേഗത തേടി....
ഒരു അപ്പൂപ്പന്‍ താടി പോലെ.....അങ്ങനെ.........
അങ്ങനെ.........



ഉത്സവക്കാഴ്ചകള്‍......

ഉരുകിയൊലിക്കുന്ന വേനലിലും ഉത്സാഹം ചോരാത്ത ഉത്സവക്കാഴ്ചകള്‍........
ചമയങ്ങളണിഞ്ഞ്, ചെവികളാട്ടി, കൊമ്പും കുമ്പയും കുലുക്കി, തലയെടുപ്പോടെ
നില്‍ക്കുന്ന ഗജ കേസരികള്‍.......
താള-മേള-വാദ്യക്കാരൊരുക്കുന്ന നാദഗോപുര പെരുക്കങ്ങള്‍.....
ദേശ പ്രൌഢിക്കു പെരുമയേറ്റാന്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ച ബഹുനില പന്തലുകള്‍........
ആകാശസീമയില്‍ വര്‍ണ്ണ-ശബ്ദ മുഖരിതമായ കരിമരുന്ന് പ്രയോഗങ്ങള്‍.......
ഇവയെല്ലാം ആസ്വദിക്കുന്ന കൌതുക കണ്ണുകള്‍......ആന-പൂര ഭ്രാന്തന്മാര്‍.........
മേള-വാദ്യ ആസ്വാദകര്‍......കച്ചവടക്കാര്‍......ആന പാപ്പാന്മാര്‍,വാദ്യക്കാര്‍,
ഉത്സവ നടത്തിപ്പുക്കാര്‍,ആന-പൂര പ്രേമികള്‍ എന്നിങ്ങനെ പരിചിതരായ മുഖങ്ങള്‍.....
വാഴയില ചീന്തില്‍ പ്രസാദവുമായി നടന്നു നീങ്ങുന്ന ഭക്തര്‍......
പട്ടുപാവാടയും, ധാവണിയും അണിഞ്ഞെത്തുന്ന വെള്ളുവനാടന്‍ പെണ്‍കൂട്ടികള്‍.......
അവരെ കാണാനെത്തുന്ന പൂവാലന്മാര്‍.....വ്യാജനടിച്ച് ഇഴയുന്ന മനുഷ്യ പാമ്പുകള്‍.......
അങ്ങനെ എന്തെല്ലാം എന്തെല്ലാം കാഴ്ചകളാണ്.......!!!






കാത്തിരിപ്പ്.......

നമ്മിലേറെപ്പേരും കാത്തിരിക്കുന്നവരാണ്.....കാത്തിരിപ്പിന്റെ രസം തന്നെയാണ് ജീവിതം.....പ്രതീക്ഷകളില്ലാത്ത മനസ്സ് പാഴ് നിലമാണ്.......കാത്തിരിക്കുവാന്‍ ഒന്നുമില്ലാത്ത മനസ്സ് മരിച്ചവരുടേതിനു സമമാണ്.......

നല്ലകാലത്തിനായി കഠിനപ്രയത്നം ചെയ്യുന്നവര്‍......നല്ല നാളേക്കായി പോരാടുന്നവര്‍......ഒരിക്കലും വരില്ലെന്നുറപ്പുള്ള സൌഭാഗ്യത്തിനായി മുന്നിലെ വഴിയിലേക്ക് കണ്ണുംനട്ടിരിക്കുന്നവര്‍......അങ്ങനെ കാത്തിരിപ്പിനുള്ള കാരണങ്ങള്‍ നീളുകയാണ്......എന്നാല്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാത്ത കാലം പ്രയാണം തുടരുകയാണ്........കാത്തിരിക്കുന്നവരെ കാലഹരണപ്പെടുത്തികൊണ്ട്, കാലത്തെ പഴിപറയുന്നവരേയും, കാലത്തോട് പടവെട്ടുന്നവരേയും പരിഹസിച്ചുകൊണ്ട് കാലം കടന്നുപോവുകയാണ്.......





No comments: