Wednesday, August 18, 2010

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം

ഈ ഫോട്ടോ കാണുമ്പോള്‍ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും എന്റെ കുട്ടിക്കാലം എങ്ങനെ ആയിരിക്കും എന്നത്....അതിലെ എറ്റവും അവസാനം നില്‍കുന്ന ചെറിയ പയ്യന്‍ ആണ് ഈ ഞാന്‍.....അന്നത്തെ ഏറ്റവും ചെറിയകുട്ടി ഞാനായിരുന്നു....പിന്നീട് എനിക്കു താഴെ കുടുംബത്തില്‍ ഉണ്ടായവരെല്ലാം പെണ്‍കുട്ടികളായിരുന്നു.....ഞങ്ങള്‍ സഹോദരീ സഹോദരന്മാറ് എല്ലാം കൂടിയാല്‍ തന്നെ ഒരു ചെറിയ ജാഥക്കുള്ള ആളായി...ഹി ഹി....ശരിക്കും ആഘോഷമായിരുന്നു അന്നൊക്കെ എല്ലാവരും ഒത്തുകൂടുന്ന വെക്കേഷനുകള്‍......രണ്ടുമാസ വെക്കേഷന്‍ മിക്കവാറും തിരുവില്വാമലയില്‍ ആണ്....അവിടെ ആയാല്‍ ചുറ്റുവട്ടത്തെല്ലാം ആ സമയത്തു കുറെ പൂരങ്ങളുണ്ട്, പറക്കോട്ടുകാവും, നെമ്മാറയും, ഉത്രാളിയും, വിഷു വേലകളൂം ഒക്കെയായി.....പിന്നെ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഷുവിനു അവിടെ ആണെങ്കില്‍ കുറെ പടക്കം കിട്ടും, ഉണ്ടാക്കുന്നവരും, പൂരങ്ങള്‍ക്ക് കരാറെടുക്കുന്നവരും ഒക്കെ കൊണ്ടുതരും, അച്ഛനും , അച്ച്ന്റെ ഏട്ടനും ഒക്കെ വെടിക്കെട്ട് കമ്പക്കാരാണ്.....അതോണ്ട് കുറേ വാങ്ങിത്തരും......വിഷുവിനുള്ള പടക്കം മെയ് മാസത്തില്‍ നടക്കുന്ന താലപ്പൊലി കഴിയുന്ന വരെ സൂക്ഷിക്കും, താലപ്പൊലിക്ക് പൊട്ടിക്കുന്ന അമിട്ടുകളുടെ പല നിറത്തിലുള്ള ഗുളികകള്‍ പെറുക്കി കൊണ്ടു വന്ന് അതു വിഷുവിനു ബാക്കി വെച്ച പടക്കത്തിന്റെ മരുന്നുമായി കൂട്ടി സ്വയം പരീക്ഷിക്കും,മിക്കവാറും കയ്യും,കാലും പൊള്ളും, പിന്നാലെ കിട്ടുന്ന അടിയും, അടി എന്നു പറഞ്ഞാല്‍ അങ്ങനത്തെ അടിയാ കിട്ടുന്നത്...ഒരു മയവും കാണില്ല അടിക്ക്...ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ ഒരു വല്ലാത്ത നൊമ്പരം ആണ്.....അന്നൊക്കെ കരഞ്ഞിരുന്നെങ്കിലും, മനസ്സിനു വേദനയോ , ദേഷ്യമോ തൊന്നിയിരുന്നില്ല, പിന്നേം അടി വാങ്ങാന്‍ ഒരു മടിയും കാണിച്ചിരുന്നില്ല ഞങ്ങള്‍.......തല്ലുകൊണ്ടാല്‍ നന്നാവും എന്നു പറയണതൊക്കെ വെറുതെയാ, അങ്ങനാണെങ്കില്‍ ഞാനൊക്കെ ആയിരിക്കണം ഈ ലോകത്തെ ഏറ്റവും നല്ല ആള്‍.........ഹിഹിഹി


സൈക്കിള്‍ ചവിട്ടാന്‍ പടിച്ചതും, അതിനോടനുബന്ധിച്ചു കിട്ടിയ അടികള്‍ക്കും, മുറിവുകള്‍ക്കും ഒരു കണക്കും ഉണ്ടായിരുന്നില്ല........കണ്ണുകെട്ടിക്കളി
, വില്ലസ്സും തോണ്ടിയും,പമ്പരം,ഗോട്ടി കളി ,ഏറു പന്തു എന്തെല്ലാം രസമുള്ള കളികള്‍ ആയിരുന്നു......ഓരോ സീസണിലും ഓരോ കളികള്‍...അലര്‍ജിയും,ശ്വാസം മുട്ടലും പലപ്പോഴും എനിക്കു ഈ കളികളൊക്കെ വിലക്കിയിരുന്നെങ്കിലും, വീട്ടുകാരുടെ കണ്ണുവെട്ടിച്ചും അല്ലാതെയും പറ്റുമ്പോളെല്ലാം ഞങ്ങള്‍ കളിച്ചിരുന്നു....ഇന്ന് കുട്ടികള്‍ക്ക് അതൊക്കെ അറിയുമോ എന്നതു തന്നെ സംശയമാണ്........


ഓണത്തിനു അങ്ങാടിപ്പുറത്തു ആണ് അന്നൊക്കെ ഉണ്ടാവുക, അമ്മമ്മയുണ്ടല്ലൊ അന്നു.....പിന്നെ ബോംബയില്‍ നിന്നു വലിയ അമ്മാവന്‍ വരുന്നതും ഓണത്തിനാണ്..... പണ്ടുകാലത്തെ ദാരിദ്ര്യത്തില്‍ നിന്നും കുടുംബത്തെ രക്ഷിക്കാനുള്ള കഷ്ടാപ്പാടുകളില്‍ അദ്ദേഹത്തിന് കല്യാണം കഴിക്കാനൊന്നും പറ്റിയില്ല.....അതോണ്ട് ഞങ്ങളോക്കെ തന്നെ കുട്ടികള്‍...എല്ലാവരും ആ പത്തു ദിവസം ഒന്നിച്ചുണ്ടാകണം...ചോകൊളേറ്റ്സ് ഒക്കെ തിന്നു മതിയാവും...ഓണപ്പൂവും,മുക്കുറ്റിയും,ഒടിച്ചുറ്റിയും മാത്രം എടുത്താണ്‍ അന്നൊക്കെ ഞങ്ങള്‍ പൂക്കളം ഇട്ടിരുന്നതു( ഇത്തവണ നോക്കുമ്പോള്‍ തൊടിയില്‍ മുക്കുറ്റി തന്നെ കാണാത്ത അവസ്ഥയാണ്, ഓണപ്പൂവിന്റ കാര്യം പറയേ വേണ്ട..)..പിന്നെ തൃക്കാക്കരയപ്പനെ മണ്ണുകൊണ്ടൂണ്ടാക്കി വെക്കും,പാണ സമുദായത്തില്‍ പെട്ടവറ് ഉത്രാട രാത്രിയില്‍ പാട്ടു പാടാന്‍ വരും....(തിരുവാതിരക്കു ചോഴികെട്ടല്‍ ഒരു ചടങ്ങുണ്ടായിരുന്നു തിരുവില്വാമലയില്‍, ഇപ്പോളുണ്ടോ എന്നറിയില്ല.....ശരീരം മുഴുവന്‍ ഉണങ്ങിയ വാഴയില വെചുകെട്ടി കൊട്ടും പാട്ടും ആയി...)..അതു ശരിക്കും ഒരു ഉത്സവകാലം തന്നെ ആയിരുന്നു, അമ്മമ്മ മരിക്കുന്നതു വരെ....പിന്നീട് പലരും സ്വന്തം വീടുകളില്‍ തന്നെ ഓണം ആഘോഷിക്കുവാന്‍ തുടങ്ങി എങ്കിലും അമ്മാവന്‍ എല്ലാവര്‍ഷവും വരുമായിരുന്നു, ഞങ്ങടെ ഓണം എപ്പോഴും ഒന്നിച്ചായിരുന്നു.....2008 ലെ ഓണത്തിനാണ് അമ്മാവന്‍ അവസാനം നാട്ടില്‍ വന്നത്.....2009 ജനുവരിയില്‍ അദ്ദേഹം എന്നെന്നേക്കുമായി യാത്രയായി.....ഞങ്ങടെ ഓണക്കാലവും....


പണ്ടൊക്കെ ഓണത്തിനും, വിഷുവിനും മറ്റു വിശേഷങ്ങള്‍ക്കും ഒത്തുകൂടിയിരുന്ന കുടുംബക്കാറ്, ശ്രാദ്ധത്തിനു ബലിയിടാനും, ആരുടെയെങ്കിലും മരണങ്ങള്‍ക്കോ കല്യാണങ്ങള്‍ക്കോ, ആയി ഒത്തുകൂടുന്നത് എന്നതു കാലത്തിന്റെ മറ്റൊരു വികൃതി...


ഇനി വിദ്യാ എന്ന അഭ്യാസത്തെ കുറിച്ച് ലേശം പറയാം....അതുംകൂടി ചേറ്ന്നാലല്ലേ കുട്ടിക്കാലം മുഴുവനാകൂ....ഞാന്‍ ജനിച്ചത് ഒറ്റപ്പാലത്തെ സെവന്ത് ഡേ ആശുപത്രിയിലാണ്....തുടര്‍ന്ന് സ്കൂളില്‍ ചേരുന്നതു വരെ എന്റെ അചന്റെ വീടായ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ ആയിരുന്നു....അവിടെ നിന്നും 4 വയസ്സുകാരനായ എന്നെ ബാലവാടിയില്‍ ചേര്‍ക്കാനായി അമ്മയുടെ നാടായ,അങ്ങാടിപ്പുറത്തേക്ക് കൊണ്ടുവരുന്നു...വിദ്യാനികേതന്‍ എന്ന ബാലവാടിയില്‍ നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക്.....ഒരു വര്‍ഷത്തെ അവിടുത്തെ പഠനകാലം ഇന്നും ഓര്‍മ്മയിലെങ്ങോ പൊടിപിടിച്ചു കിടപ്പുണ്ട്....ഞാനിടക്കൊക്കെ പൊടിതട്ടി ഓര്‍മ്മിക്കാറുണ്ട് ആ വസന്തകാലം...കളവുകാണിച്ച് ക്ലാസ്സില്‍ പോകാതിരുന്നതും, അമ്മാവന്‍ ചൂരലും പിടിച്ച് ബാലവാടിവരെ വലിച്ചോണ്ടു പോയതും എല്ലാം....അന്ന് വീട്ടില്‍ അമ്മമ്മയും, അമ്മമ്മയുടെ ഒരു അനിയത്തിയും ഉണ്ട്, ആച്ചി അമ്മമ്മ എന്നു ഞങ്ങള്‍ വിളിക്കും...പിന്നെ പശു ഉണ്ട്....പാലും,തൈരും ആവശ്യത്തിനുണ്ട്...പുളിയുള്ള മോര് എനിക്കു കുടിക്കാന്‍ ഇഷ്ടാണ് , എന്നും ബാലവാടിക്ക് പോവാന്‍ മടിയാണ് ...വയറു വേദനയാണ് അന്നറിയുന്ന ഏറ്റവും വലി അസുഖം, അതു പറഞ്ഞാല്‍ അമ്മമ്മ തൈരു കടഞ്ഞു നെയ്യ് എടുക്കുന്നതിനിടയില്‍ കുറ്ച്ചു മോരും തരും....അതു കുടിച്ചാലും വേദന മാറില്ലെന്നെ ചിലപ്പോള്‍.....ഹിഹി...ഒരു ചേച്ചി ബാലവാടിക്ക് കൊണ്ടുപോവാന്‍ വരും,കരഞ്ഞു പിടിച്ച് പോവാതിരിക്കാന്‍ കുറെ നോക്കും...അമ്മക്കതു കണ്ടാല്‍ ചിലപ്പോളോക്കെ മനസ്സലിയും.....അങ്ങനെയുള്ളപ്പോളാണ് അമ്മാവന്‍ വരുമ്പോള്‍ വടിയും പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത്.....അന്നത്തെ ആ മടി ഇന്നും എന്നെ വിട്ടു പോയിട്ടില്ല....ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലെ പറയാറ്.....

അച്ചനന്ന് ശനിയും ഞായറും ആണ് അധികവും അങ്ങാടിപ്പുറത്ത് വരൂ.....പെരിന്തല്‍മണ്ണയിലെ കെ. ആറ് ബേക്കറി തുടങ്ങണതൊക്കെ ആ സമയത്താണ്...പഫ്സ്സും, തേങ്ങ മുകളിലിട്ട ബണ്ണും, പൊട്ടറ്റൊ ചിപ്പ്സും ഒക്കെയാണ് അന്നത്തെ കെ ആറ് സ്പെഷ്യല്‍....അതിനുള്ള കാത്തിരിപ്പുകളും ഒരോറ്മ്മയാണ്..... ഒന്നാം ക്ലാസ്സുമുതല്‍ തരകന്‍ ഹൈസ്കൂളില്‍ പത്താം തരം വരെ, തരകന്‍ ഹൈസ്കൂള്‍ 2009ല്‍ നൂറാം വാര്‍ഷികം ആഘോഷിച്ചു എന്നു കേള്‍ക്കുമ്പോളെ മനസ്സിലാകുമല്ലോ ആ നാടിനും,നാട്ടുകാര്‍ക്കും ആ സ്കൂളുമായുള്ള ആത്മബന്ധത്തിന്റെ ആഴം എത്രയായിരിക്കുമെന്നു...എന്റെയും എല്ലാ നന്മകളുടേയും, കുരുത്തക്കേടുകളുടെയും തുടക്കവും, ഒടുക്കവും ആ സരസ്വതീ ക്ഷേത്രം തന്നെ.....


അന്നു കണ്ടതെല്ലാം ഇന്നുമുണ്ട്കണ്ണില്‍
അന്നു കേട്ടതെല്ലാം ഇന്നുമുണ്ട് കാതില്‍
മറക്കുവതെങ്ങനെ ആ മലറ് വസന്തം...??
അന്നെന്റെ മാനസ ജാലക വാതിലില്‍
മുട്ടിവിളിച്ചൊരു പെണ്മുഖമിന്നും ഓറ്ക്കുന്നു ഞാന്‍...

എന്നു കൈതപ്രം തിരുമേനി എഴുതിയതു പോലെ അതൊന്നും ആറ്ക്കും മറക്കാന്‍ കഴിയുന്നതല്ല.......അപ്പൊ ഞാന്‍ തല്‍കാലം നിര്‍ത്തട്ടെ , ശനിയാഴ്ചമുതല്‍ പരീക്ഷ തുടങ്ങുകയാണ്....ഏവറ്ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍...

1 comment:

jab! said...

vayikan nalla rasamund to..

veendum varum munp word vrfctn maattoole... ctn maattoole...