Thursday, December 31, 2009

2009-ലേക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍

2009-ലേക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍

2009 , ഈ അവസാന ദിവസത്തിലെ, അവസാന നിമിഷങ്ങളില്‍ ഈ വര്‍ഷത്തെ എന്റെ ജീവിതത്തെ മുന്‍ നിര്‍ത്തി ഒരു ആത്മവിചിന്തനം നടത്തുമ്പോള്‍,ഓര്‍മ്മയില്‍ സൂക്ഷിക്കാനും, ജീവിതാവസാനം വരെ മറക്കാനും കഴിയാത്ത ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നു...ഉതിര്‍ന്നുപോകുന്ന നിശ്വാസങ്ങളും,പൊഴിഞ്ഞു വീഴുന്ന പൂക്കളും,കൊഴിഞു പോകുന്ന ദിനങ്ങളും ഒന്നും തിരിച്ചു വരില്ലല്ലോ...നിഴലായും,നിലാവയും കൂടെവരുന്നതു കുറെയേറെ ഓര്‍മ്മകള്‍ മാത്രം.....നഷ്ടത്തിന്റെയും, ലാഭത്തിന്റെയും ബാലന്‍സ് ഷീറ്റ് നോക്കിയാല്‍ ഒരു പക്ഷെ നഷ്ടത്തിന്റേതാകും കൂടുതല്‍....കാരണം നഷ്ടപ്പെട്ടതെല്ലാം എനിക്കു വളരെ പ്രിയപ്പെട്ടതും, പ്രിയപ്പെട്ടവരും ആയിരുന്നു.....എങ്കിലും ലാഭത്തിന്റെ കള്ളിയിലും എഴുതാന്‍,ഒരുപാട് അനുഭവങ്ങളും,ബന്ധങ്ങളും,യാത്രകളും എനിക്ക് ഈ 2009 സമ്മാനിച്ചു....അതോരോന്നായി ചികഞ്ഞു ഞാന്‍ ഇവിടെ എഴുതുന്നില്ല(ഹി ഹി ഹി), പക്ഷെ എന്റെ മനസ്സില്‍ ഓരൊരുത്തരുടേയും മുഖങ്ങളിങ്ങനെ ഓടികളിക്കുന്നുണ്ട്...യാത്രകളിലെ അസുലഭ മുഹൂര്‍ത്തങ്ങളും.....അതിലധികവും ഓര്‍ക്കുട്ട് എന്ന വിസ്മയത്തില്‍ നിന്നും ലഭിച്ചവയാണ്....അവിടെയെനിക്കു ഗുരുസ്ഥാനീയരുണ്ട്,സുഹൃത്തുക്കളുണ്ട്,സഹോദരന്മാരുണ്ട്,സഹോദരിമാരുണ്ട്,അതിലുമപ്പുറം മനസ്സിനോടടുത്തവരും ഉണ്ട്.....ഗൂഗിളിനു ഒരായിരം നന്ദി.....

ഈ പുതുവത്സരത്തില്‍ എനിക്കു പ്രത്യേക ആഗ്രഹങ്ങളോ, ലക്ഷ്യങ്ങളോ ഒന്നും മനസ്സില്‍ ഇല്ല......2009-ല്‍ ചില ചെറിയ പ്രതീക്ഷകളൊക്കെ ഉണ്ടാര്‍ന്നു,അതിലും വലിയ പലതും ആണ് ലഭിച്ചത്.......എല്ലയ്പ്പോഴും അങ്ങനെ ആകണം എന്നില്ലല്ലോ അല്ലേ...??ഹിഹിഹി.......പ്രതീക്ഷകള്‍ നടക്കാതെ വരുന്നതു എനിക്കു വല്ലാത്ത നൊമ്പരം ഉണ്ടാക്കും......അതുകൊണ്ടു തന്നെ അമിത പ്രതീക്ഷകള്‍ ഒന്നിലും വെക്കാറില്ല.......അമിതാഗ്രഹങ്ങളും.....ഇതുപോലെ ഒക്കെ ജീവിച്ചു പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെ...........ഉപയോഗിക്കുന്ന വാക്കുകള്‍,ചെയ്യുന്ന പ്രവൃത്തികള്‍,ഏര്‍പ്പെടുന്ന കര്‍മ്മങ്ങള്‍ ഇവകൊണ്ടൊന്നും മറ്റുള്ളവര്‍ക്കൊരു പ്രശനങ്ങളോ,വിഷമങ്ങളോ ഉണ്ടാകരുത് എന്നു ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ട്.....പലപ്പോഴും അതിനു നേരെ വിപരീതമാണ് സംഭവിക്കാറ് എങ്കിലും........!!!.......വര്‍ഷത്തില്‍ കുറച്ചു പൂരങ്ങളും, വൃശ്ചിക മാസത്തിലും, പിന്നെ പറ്റുമ്പോളെല്ലാം ശബരീശ ദര്‍ശനവും അതാണ് കുറച്ചു വര്‍ഷങ്ങളായുള്ള എന്റെ ഓരോ വര്‍ഷത്തിലെയും പ്രധാന അജണ്ട എന്നു വേണമെങ്കില്‍ പറയാം........ഓരോ വര്‍ഷത്തെയും കലണ്ടര്‍ കിട്ടിയാല്‍ ആദ്യം തന്നെ നോക്കുന്നതും, മുന്‍കൂട്ടി തീരുമാനിക്കുന്നതും ഇതു മാത്രമാണ്..........ബാക്കിയെല്ലാം വരുന്നപാട് ചന്തം.........ഇത്തരം യാത്രകള്‍ക്കെല്ലാം നമുക്ക് ആരോഗ്യം,ആയുസ്സ്, പിന്നെ കുറച്ച് പണം അതെല്ലാം വേണം.......അതു മൂന്നും ഉണ്ട് എന്നാല്‍ നമ്മുടെ ജീവിതം ഒരുപരിധി വരെ സന്തോഷപ്രദം തന്നെയല്ലേ..........അതിനെയെല്ലാം ആണ് ഞാന്‍ ദൈവാനുഗ്രഹം ആയി കണക്കാക്കുന്നത്.......

പിന്നെ ഈ 2009 ഒരു പ്രധാന ലക്ഷ്യം കൂടി എനിക്ക് സ്വന്തം ജീവിതത്തില്‍ തന്നു......അതെത്രത്തോളം വിജയിക്കും എന്നതു കണ്ടറിയണം........എന്കിലും അതിനായി പരമാവധി ഞാന്‍ ശ്രമിക്കും.........ഇപ്പോള്‍ സംഗതിയുടെ ഏകദേശ രൂപം കിട്ടിക്കാണുമല്ലോ‍ാ???? അതുമതി.........

പിന്നെ കൃസ്തുമസ്സ് , ന്യൂ ഇയര്‍ ഫ്രണ്ട് ആയി ഒരുപാട് കഴിവുകളുള്ള ഒരാളെ കിട്ടി........ഞാന്‍ കുറച്ചു നാളായി സ്ഥിരം വായിക്കുന്ന ഒരു ബ്ലോഗിന്റെ ഉടമയാണ്.......എന്റെ ആശയങ്ങളോടും,ചിന്തകളൊടും,ലോകത്തോടും ചില സാമ്യങ്ങളൊക്കെ അവിടെ കണ്ടു, അവരിലും........നമ്മടെ കാര്യങ്ങളൊക്കെ കേള്‍ക്കാനും, ഉള്‍ക്കൊള്ളാനും ഒക്കെ ഒരാള്‍.........അതു വലിയൊരു കാര്യം തന്നെയാണ് എല്ലായ്പ്പോഴും........പക്ഷെ ഈ കക്ഷി എത്രത്തോളം എന്റെ കത്തി സഹിക്കും എന്നു കണ്ട് തന്നെ അറിയണം............


എന്തൊക്കെയോ കുറെ എഴുതണം എന്നു വെച്ച് ഇരുന്നതാണ്....പക്ഷെ ഇപ്പോളൊരു സുഖം തോന്നണില്ല.....ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നൊരു തോന്നല്‍......അതു ഇടക്കൊക്കെ ഉള്ളതാണ്......കഴിഞ്ഞ പുതുവര്‍ഷം ഞാന്‍ ഓണലൈനില്‍ ആ‍യിരുന്നു ഈ വര്‍ഷത്തെ പോലെ തന്നെ തുടങ്ങിയത്.......അന്നെന്റെ നല്ലൊരു ചാറ്റ് ഫ്രെണ്ട് കമ്പനി തന്നിരുന്നു,ഇന്നും ഞാനതു പ്രതീക്ഷിച്ചു വന്നതാണ്......പക്ഷെ അവിചാരിതമായി ഞങ്ങളിപ്പോള്‍ പിണങ്ങി....അതോടെ സകല മൂഡും പോയി.....ഹിഹിഹി......പ്രതീക്ഷകള്‍ നടക്കാതെ വരുമ്പോള്‍, എന്റെ താളം മൊത്തത്തില്‍ തെറ്റുന്നു....ഹി ഹി ഹി



2010 ഏവര്‍ക്കും ഐശ്വര്യവും,സമ്പല്‍ സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ.......പുതുവത്സരാശംസകള്‍........

Monday, August 24, 2009

ഒരു യാത്രാമൊഴി....









ഒരു യാത്രാമൊഴി.....

ഞാന്‍ നിന്നോട് യാത്ര പറയാതെ പോയാല്‍.......
നീ എന്നോട് പിണങ്ങരുത്...ഞാന്‍ നിന്‍റെ മുന്‍പില്‍ എപ്പോഴോ വന്നു നിന്നിരുന്നു...മറ്റു മുഖങ്ങള്‍ക്കിടയില്‍
നീയെന്നെയുമെണ്ണി... കാലത്തിനുമപ്പുറം കാണുന്ന കണ്ണുകളെ നീയറിഞ്ഞില്ല... പ്രപഞ്ചമോന്നടങ്കമെരിക്കാന്‍ പോന്ന സ്നേഹാഗ്നി
നീയറിഞ്ഞു കാണില്ല...വിട...
മരണവും അസ്ഥിത്വവുമെല്ലാം ഒന്നെന്നറിയുന്ന നേരം ആരോടും പറയാതെ ഞാന്‍ യാത്രക്കിറങ്ങും..
പുറത്തു അപ്പോള്‍ ഒരു പക്ഷെ
മഴ പെയ്യുകയായിരിക്കും......


DewDrops....




എന്റെ ഓണാശംസകള്‍.....


Tuesday, June 9, 2009

സ്നേഹം....


സ്നേഹം........
.................

മഴയോടും.......മാമലകളോടും.......പുഴയോടും.......
പുമരങ്ങളോടും...... പച്ചപ്പുനിറഞ്ഞ വയലേലകളോടും....... വയല്‍ വരമ്പില്‍ ഇളകിയാടുന്ന........തുമ്പപ്പൂക്കളോടും........
അവയിലെ തേനുണ്ണാനെത്തുന്ന.........ശലഭങ്ങളോടും....... പാറിപ്പറക്കുന്ന.......... പറവകളോടും.......... പുതുമഴയില്‍ കിളിര്‍ക്കുന്ന പച്ച പുല്‍കൊടികളോടും.......
അവയില്‍ ചാടികളിക്കുന്ന പുല്‍ച്ചാടികളോടും.......കുത്തിയൊലിച്ചു പായുന്ന നീര്‍ച്ചോലകളോടും........ അതില്‍......തുള്ളിക്കളിക്കുന്ന പരല്‍ മീനുകളോടും..........മഞ്ഞുകാലങ്ങളില്‍...... തളിരിലകളില്‍........നിന്നും കുതിര്‍ന്നു വീഴുന്ന.......... മഞ്ഞു തുള്ളികളോടും..... ഇതെല്ലാം......
ആസ്വദിക്കുന്ന.......മനുഷ്യമനസുകളോടും...........

സ്നേഹം.....
........

Friday, June 5, 2009

മഴത്തുള്ളികള്‍.............Mazhathullikal.............

മഴത്തുള്ളികള്‍....Mazhathullikal....

വരണ്ടുണങ്ങിയ ഭൂമി, ഭൂമിക്കു ദാഹം തീര്‍ക്കാനുള്ള ആകാശ തീര്‍ത്ഥമത്രെ മഴ......മഴക്കാലം, അത് ഓര്മകളുടെവസന്തകാലമല്ലേ ......മഴയെ കുറിച്ച് ഓര്ക്കാന്‍ , അല്ലെങ്കില്‍ മഴയെ ഇഷ്ടപെടാത്ത മലയാളികള്‍ഉണ്ടാകുമോ.....മുന്കാലങ്ങളില്‍ എന്തായാലും ഉണ്ടായിരുന്നില്ല , കാരണം ഭാരതീയരാ നമ്മുടെ മുന്‍ഗാമികള്‍ , അല്ലെങ്കില്‍ നമ്മുടെ പൂര്‍വ്വസൂരികള്‍ മഴയെആരാധിച്ചിരുന്നതായി , മഴയെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടിയാഗങ്ങള്‍ നടത്തിയിരുന്നതായി പുരാണങ്ങളിലും , വേദങ്ങളിലും പരാമര്‍ശിക്കുന്നുണ്ട് (യാഗങ്ങള്‍ ലോകനന്മക്കു വേണ്ടിയുള്ളതാണ് എന്നാണു പറയപ്പെടുന്നത്, ഇദം മമ : അതാണ് യാഗ തത്വം , എന്നാല്‍ ഇന്നോ , ഏതേലുംസോമയജിപാട് , ഇത്ര രൂപ എന്ന് മുന്കൂട്ടിനിശ്ചയിക്കാതെ യജമാനന് ആകാന് തയ്യാറാകുമോ , ചിലവുകള്‍ അവര്ക്കും ഉണ്ട് എന്നത് ശരി തന്നെ, എങ്കിലുംഅതു ലോക നന്മയെ ഉദ്ദേശിച്ചുകൊണ്ടാണെന്നുപറയാനൊക്കുമോ...)....അവര്‍ ഇന്ദ്രനെ മഴയുടെ ദേവനായിസങ്കല്‍പിച്ചിരുന്നു, ആരാധിച്ചിരുന്നു, അദ്ദേഹം വില്ലുകുലച്ചാല്‍ മഴയായി എന്നത് കവിഭാവന ……അതുകൊണ്ട്തന്നെയായിരിക്കണം അന്നൊക്കെ മനുഷ്യനു പ്രകൃതിയുമായി നല്ല ബന്ധമുണ്ടായിരുന്നതും......മണ്ണ് ഒരിക്കലുംചതിക്കില്ല എന്ന് വരെ അന്നത്തെ ജനങ്ങള്‍ പറഞ്ഞിരുന്നു , എന്നാല്‍ ഇന്നോ ………? അന്നൊക്കെ പ്രകൃതിമനുഷ്യനായി ഞാറ്റുവേലകളും മറ്റും കൃത്യമായി എത്തിച്ചിരുന്നു , കൃഷിക്ക് വേണ്ട സമയങ്ങളില്‍ മാത്രം വൃഷ്ടി .... എന്നാല്‍ ഇന്നത്തെ സ്ഥിതിയോ ....... ? നാം അടക്കമുള്ളന്യൂ ജനറേഷന്‍എന്നറിയപ്പെടുത്ത തലമുറയില്‍ഉള്ളവര്‍ക്ക് മഴയെ പ്രാകാന്‍ മാത്രമേ നേരമുള്ളൂ, നമ്മുടെ ജീവിതരീതികള്‍ക്ക് വേഗത വര്‍ധിച്ചത് കൊണ്ടായിരിക്കാം, ഇങ്ങനെഒരു നശിച്ച മഴഎന്ന് പറയാത്ത എത്ര കൂട്ടുകാരുണ്ടാകും നമ്മുടെ കൊച്ചു കേരളത്തില്‍ …….. നമുക്ക്നമ്മുടെ കാര്യം മാത്രേ നോക്കാന്‍ സമയമുള്ളൂ ........ മഴയില്ലെങ്കില്‍ , വെള്ളമില്ലെങ്കില്‍ മനുഷ്യന്‍ എന്നല്ല ഒരൊറ്റസസ്യ ജീവജാലങ്ങളും ഉണ്ടാകില്ല എന്ന് പോലും നാം മറക്കുന്നു, പണ്ടുള്ളവര്‍ ആരാധിച്ചിരുന്നതിനെയും മറ്റുംപുച്ഛിക്കുന്നവര്‍ക്ക് , ഇന്നത്തെ ശാസ്ത്ര ലോകം തന്നെ തെളിയിച്ചിട്ടുള്ളതാണ് ജീവന്‍ ഉല്‍ഭവിച്ചിട്ടുള്ളത് ജലത്തില്‍നിന്നാണ് എന്നത് ........ ചാള്‍സ് ഡാര്‍വിന്റേയും മറ്റും സിദ്ധാന്തങ്ങള്‍ അതിനു തെളിവാണ്............

ജലം, വായു, തീ (Fire) എല്ലാം പ്രകൃതിയുടെതാണ്, അവിടെ ദൈവ വിശ്വാസത്തിനോ , നിരീശ്വര വാദത്തിനോസ്ഥാനം ഇല്ല ........ പ്രകൃതി പ്രകൃതിയായി തന്നെ നിലനില്‍കുന്നു ........... അതുകൊണ്ട് തന്നെയല്ലേ ഭൌതികലോകത്തെ ഏറ്റവും വലിയ വിവേകികള്‍ എന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യര്‍ക്ക് ഇന്നും പ്രകൃതിയുടെ സത്തകളെമനസിലാക്കാന്‍ കഴിയാത്തത് ……… ജലം, വായു, തീ (Fire) ഇവയോടോന്നും കളിക്കരുത് എന്ന് ആദിമ മനുഷ്യന്‍പോലും മനസിലാക്കിയതാണ്...... ഇതിനെ കുറിച്ചൊക്കെ പഠിക്കുന്ന ശാസ്ത്രശാഖകളും, ശാസ്ത്രജ്ഞന്മാരും ഒക്കെഉള്ള ഇന്നത്തെ ലോകത്തില്‍ ഇവര്‍ക്ക് ഇതിന്റെ ഉല്‍ഭവങ്ങളെ കുറിച്ചോ, അല്ലെങ്കില്‍ കൃത്യസമയത് ഇത് നടക്കുംഎന്നോ പറയാന്‍ പറ്റുന്നുണ്ടോ…………? കഴിയുമായിരുന്നെങ്കില്‍ സുനാമി വന്നു കുറെ ജീവന്‍ പോവില്ലായിരുന്നല്ലൊ, അഗ്നി പര്‍വതങ്ങല്‍ ഇന്നു പൊട്ടും, നാളെ പൊട്ടുംമെന്നും പറഞ്ഞ് ജനങ്ങളെ കഷ്ടപ്പെടുത്തേണ്ടിവരില്ലായിരുന്നല്ലൊ.......... എന്നും വാര്‍ത്തകളില്‍ പറയുന്നത് കേള്‍ക്കാം മഴ പെയ്യാനും, പെയ്യാതിരിക്കാനുംസാധ്യതയുണ്ടെന്ന്…………ഇത് പറയാന്‍ വേണ്ടി ഇങ്ങനെ ഒരു സ്ഥാപനം എന്തിനാണ്, അല്ലെങ്കില്‍അവിടെയുള്ളവരെ ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കുന്നത്‌ എന്തിനാണ് .........ഇത് ഏതു കുട്ടിക്കും പറയാവുന്നതല്ലെയുള്ളൂ , പെയ്യാനും, പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന്……………നമ്മുടെ നാട്ടിന്‍പുറത്തുള്ള പഴയ കര്‍ഷകര്‍ ഇവരേക്കാള്‍ നന്നായി ആകാശം നോക്കി കാലാവസ്ഥ പ്രവചിക്കും…………കാരണം അവര്‍ക്ക് പ്രകൃതിയെഅറിയാം………പണ്ട് ബ്രിട്ടീഷുകാര്‍ കേരളത്തിലെസുഗന്ധവ്യഞ്ജനങ്ങള്‍ മുഴുവന്‍ കട്ടുകൊണ്ടു പോയപ്പോള്‍അന്നത്തെ രാജാവ്‌ പറ
ഞ്ഞത്രേ, അവര്‍ക്ക് നമ്മള്‍കൊയ്തെടുത്ത വസ്തുക്കള്‍ മാത്രമല്ലെ കൊണ്ട് പോകാന്‍ പറ്റൂ, നമ്മുടെ ഞാറ്റുവേലകളെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോഎന്ന്........ അത് സത്യമായിരുന്നു ..... പക്ഷെ ഇന്ന് നമ്മള്‍പ്രകൃതിയോടു ചെയ്യുന്ന ക്രൂരതകള്‍ക്കനുസരിച്ച് പ്രകൃതിതിരിച്ചടിക്കുന്നത് കൊണ്ടുതന്നെയാണ് ക്രമം തെറ്റിയമഴയും, മഴക്കാലവും, ജല ദൌര്‍ലഭ്യവും ഒക്കെ .....


നമ്മുടെ
പുരാണങ്ങളില്‍ പറയുന്നു സൃഷ്ടിയില്‍ സംഹാരമുണ്ട് , സംഹാരത്തില്‍ സൃഷ്ടിയും എന്ന്………… ഇത്തന്നെയല്ലേ ജലത്തിനെ കുറിച്ചും പറയേണ്ടത്………ജലം അഗ്നിയുടെ ശത്രുവാണെന്നാണ് നമ്മള്‍ കരുതുന്നത്, അതുകൊണ്ട് തന്നെയാണ് തീ കെടുത്താന്‍ നമ്മള്‍ ജലം ഉപയോഗിക്കുന്നതും, എന്നാല്‍ നിയന്ത്രണാതീതമായതീയാണെങ്കിലോ... ? ജലം ഒഴിക്കുന്നത് തീ ആളികത്തുന്നതിനേ സഹായിക്കൂ…………Water H2O ആണ് ........ രണ്ടു ഹൈഡ്രജന്‍ ആറ്റവും, ഒരു ഓക്സിജന്‍ ആറ്റവും ........ നമുക്കറിയാം ഹൈഡ്രജന്‍ കത്തുന്ന വാതകം ആണ്, ഓക്സിജന്‍ ജീവന്റെ നിലനില്പിനാധാരമെങ്കിലും, അതും കത്തുവാന്‍ സഹായിക്കുന്ന വാതകം ആണ് ……ഇവ രണ്ടുംചേര്‍ന്നുണ്ടാകുന്ന ഓരോ തുള്ളി ജലവും അഗ്നിയെ കെടുത്തും……….എന്തൊരത്ഭുതം അല്ലെ…………

നിള
നദിയെ അറിയില്ലേ .......? ഭാരതപ്പുഴ എന്ന് പറയും........ എനിക്കേറ്റവും ഇഷ്ടപെട്ട നദിയാണ് ............. അല്ലെങ്കില്‍ ആയിരുന്നു .......... കേരളത്തിലെ ഏറ്റവും അധികം ജലസംഭത്തുള്ള നദികളില്‍ രണ്ടാമത്തെ നദിയാണ്എന്റെ കുട്ടിക്കാലത്തൊക്കെ നിള വളരെ സുന്ദരിയായിരുന്നു, പഞ്ചാരമണലും , ഉരുളന്‍ കല്ലുകളുംഒക്കെയായി............എന്നാല്‍ ഇന്നത്തെ നിളയുടെ അവസ്ഥയെന്താണ്........... മണലെടുപ്പും, ജലദൌര്‍ലഭ്യവും , പുഴയോരം കയ്യേറിയും ഒക്കെ മഹാ നദി നശിച്ചുനാമാവശേഷമായി കൊണ്ടിരിക്കുന്നു ............ഇന്ന് നദിയുടെ സ്ഥാനത്ത് ചെങ്ങണ കാടുകള്‍ ആണ് കാണുന്നത് ............ഒറ്റപ്പാലം, തിരുനാവായ, പട്ടാമ്പി, കുറ്റിപ്പുറം , ചമ്രവട്ടം തുടങ്ങിയ സ്ഥലങ്ങളിലെ നിളയുടെ മനോഹരമായ കാഴ്ചകളാണ് പല സിനിമകളുടെയും ലൊക്കേഷനുകള്‍ ആയിരുന്നത് ......... ഒറ്റപ്പാലം എന്ന നാടിനെ ........ സിനിമയുടെ ഭാഗ്യ ലൊക്കേഷന്‍ ആക്കിയതിന് പിന്നില്‍ നിളക്കും പ്രധാന പങ്കുണ്ടെന്ന് പറയാതെ വയ്യ, നിള തന്നെയാണ് പ്രിയദര്‍ശന്‍ പടമായ കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മരുഭൂമിയായി മാറിയതും........! പട്ടാമ്പി മണല്‍ എന്നതിന് ബില്‍ഡിംഗ്‌ തൊഴിലാളികള്‍ക്കിടയില്‍ പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു...............അന്നൊക്കെ പട്ടാമ്പി മണലില്‍ അരിച്ചു കളയാന്‍ കല്ലോ, ചവറോ അധികം ഉണ്ടായിരുന്നില്ല, നല്ല പഞ്ചാര മണല്‍തരികള്‍ .................ഇന്നോ ഏറ്റവും അധികം മണ്ണു കലര്‍ന്ന മണലാണ്‌ അവിടെയുള്ളത്......... ആയിരം പാദസരങ്ങള്‍ കിലുങ്ങി.............എന്ന് തുടങ്ങി എത്ര മനോഹര ഗാനങ്ങളാണ് ആലുവ പുഴയെ കുറിച്ച് വയലാര്‍ എഴുതിയിട്ടുള്ളത് , ഇന്നത്തെ ആലുവ പുഴയുടെ അവസ്ഥ എന്താണെന്ന് അറിയാമല്ലോ .............ഒരു ഫിലിം തമാശയില്‍ കണ്ടിട്ടുണ്ട്, സലിംകുമാര്‍ കാറിനുള്ളില്‍ കിടന്നു ഉറങ്ങുമ്പോള്‍, ശ്വാസം വലിച്ചു കൊച്ചിയെത്തി എന്ന് പറയുന്നത്, അത് കോമഡി ആണെങ്കിലും അതില്‍ സത്യമുണ്ടെന്ന്, ആലുവ പുഴയോരത്തുകൂടി പോകുന്ന ആര്‍കും മനസിലാകും.......കൊച്ചിയുടെ മണം......ഇതു അവിറ്റുത്തെ മാത്രം പ്രശ്നം അല്ല, കേരളത്തില്‍ പലയിടത്തും ഉള്‍ലതാണ്.........നാട്ടിന്‍ പ്രദേശങ്ങളില്‍ ആണെങ്കില്‍ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നുരാത്രിയില്‍ കോഴി അവശിഷ്ടങ്ങള്‍ കൊണ്ടു തള്ളുന്നതു പോലുള്ള പ്രശനങ്ങള്‍ ഉണ്ട്........നാറിയിട്ടു അതിനുചുറ്റുവട്ടത്തുകൂടി പോലും പോകാന്‍ കഴിയാത്ത അവസ്ഥയുണ്ട് പലയിടത്തും.........


മഞ്ഞിന്റെ പ്രണയഭാവത്തേക്കാള്‍ , മഴയുടെ മായികഭാവത്തോടാണ് എനിക്ക് ഇഷ്ടം, നല്ല മഴയുള്ള രാത്രിയില്‍ മനോഹരങ്ങളായ സ്വപ്നങ്ങളും കണ്ടു മൂടിപ്പുതച്ചുറങ്ങാന്‍ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ മഞ്ഞിന്റെ തണുപ്പ് ശരീരത്തെയാണ് ബാധിക്കുന്നത്, എന്നാല്‍ മഴയുടെ തണുപ്പും, സംഗീതവും മനസിനെയാണ് സ്വാധീനിക്കുന്നത്, നിങ്ങള്‍ വായിച്ചിട്ടുണ്ടോ എം . ടി യുടെ മഞ്ഞ് ....... നല്ലൊരു വായനാനുഭവം ആണ് അത് .........മഴയെ കുറിച്ച് വര്‍ണ്ണിക്കാത്തകവികളുണ്ടാവില്ല , അത്പോലെ മഴയ്ക്ക് കെട്ടാന്‍ പറ്റാത്തവേഷങ്ങളും ഇല്ല…… മഴയ്ക്ക്ഓരോ സമയത്ത് ഓരോഭാവങ്ങള്‍ ആണ് …….. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ നമ്മുടെ മാനസീകാവസ്ഥക്കനുസരിച്ചാണ് മഴയുടെ ഭാവങ്ങള്‍ ........ പ്രണയം, വിരഹം, സന്തോഷം, ദു:ഖം , ലാഭം, നഷ്ടം എന്നിങ്ങനെ എല്ലാ വികാരങ്ങള്‍ക്കും അനുസരിച്ചാണ് മഴപെയ്യുന്നത്………. നമ്മള്‍ അതിനെ ശ്രദ്ധിക്കണം എന്ന് മാത്രം, അപ്പോള്‍ നമുക്ക് തോന്നും മഴ നമുക്ക് വേണ്ടിമാത്രമാണ് പെയ്യുന്നത് എന്ന് ……നമ്മെ സാന്ത്വനിപ്പിക്കാന്‍, സന്തോഷിപ്പിക്കാന്‍ അങ്ങനെ അങ്ങനെ……. മഴയില്‍ സംഗീതവും ഉണ്ട്…………ജീവന്റെ ഓരോ തുടിപ്പുകളും മഴയെ ആശ്രയിച്ചാണ് …………. കേട്ടിട്ടില്ലേ, ഓരോരുത്തരും തുടങ്ങുന്നതും, ഒടുങ്ങുന്നതും മണ്ണിലാണെന്നു, മണ്ണില്‍ നമ്മുടെ നശ്വര ശരീരം ലയിപ്പിക്കുന്നതിനും മഴക്കു പങ്കുണ്ട് . പിന്നെ മറ്റൊരു സത്യം മഴ ഇത്രയും സുന്ദരിയായി, പെയ്തിറങ്ങുന്നത് നമ്മുടെ കൊച്ചു കേരളത്തില്‍ മാത്രാണ്, ദൈവത്തിന്റെ സ്വന്തം നാട് (…….? ദൈവത്തിന്റെ നാടും, ചെകുത്താന്റെ സന്തതികളും എന്നാരോ പറഞ്ഞിട്ടുണ്ട്..... ) ആയതു കൊണ്ടായിരിക്കും, മറ്റെവിടെയും മഴക്കിത്രയും സൌന്ദര്യമില്ല എന്ന് തോന്നുന്നു…….. മഴയെ സ്നേഹിക്കൂ, ആസ്വദിക്കൂ……….. എനിക്കുറപ്പുണ്ട് അത് നിങ്ങളുടെ മാനസീകാരോഗ്യംവര്‍ധിപ്പിക്കും, ഇന്നത്തെ ലോകത്ത് ആര്‍ക്കും ഇല്ലാത്തതു അതാണെന്നാണ് മാനസീകരോഗ വിദഗ്ധര്‍ പറയുന്നത്..........


എല്ലാവര്ക്കും നല്ലൊരു മഴ അനുഭവം ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട്…….ഇപ്പൊ വല്ലാത്ത മടിയാണ് എന്തേലും ചെയ്യുന്നതിന്, അതുകൊണ്ടാണ് ഓരോ ഭ്രാന്തുകള്‍ എഴുതികൂട്ടുന്നത്.......ഇവിടെ നല്ല മഴയാണെയ്........

Monday, June 1, 2009

ആത്മ സൌന്ദര്യം....

ആത്മ സൌന്ദര്യം....
......

നിന്നോടെനിക്കിഷ്ടമാണ്
വിടര്‍ന്ന മിഴികളോ, പുഞ്ചിരിയാല്‍-
തെളിയുന്ന നുണക്കുഴികളോ, അല്ല
എന്നെ നിന്നിലേക്കാകര്‍ഷിച്ചത്.
നിന്റെ ജീവിതം ചൈതന്യ പൂര്‍ണ്ണം
നിന്റെ ആത്മാ‍ര്‍ത്ഥതയും, ലക്ഷ്യ ബോധവും
സ്ഥിരോന്മേഷവും അതു നിനക്കേകി
അന്യരുടെ പ്രചോദനം നീ ആഗ്രഹിക്കുന്നില്ല
ഹ്രുദയവും,ബുദ്ധിയും, ഇന്ദ്രിയങ്ങളും
ആത്മാര്‍ത്ഥമായ് പ്രവര്‍ത്തിക്കുമ്പോഴുള്ള
ആനന്ദത്തില്‍ നീ ജീവിക്കുന്നു.
നിന്റെ വ്യക്തിത്വം എനിക്കു സ്വാഗതാര്‍ഹം
ഞാനെന്ന വ്യക്തിക്കു സമം
മാനസികവും, ശാരീരികവുമായ നാമെന്ന രണ്ട്
വ്യക്തിത്വങ്ങള്‍ ഈ നിമിഷങ്ങളില്‍
പൂര്‍ണ്ണതയിലേക്കടുക്കുന്നുവോ.......???

.....

Friday, March 20, 2009

അന്നു ആ സന്ധ്യയില്‍........

അന്നു ആ സന്ധ്യയില്‍........

ഈ ഇരുട്ടുമുറിയുടെ കോണില്‍ നിര്‍വികാരനായ് ഇരിക്കുമ്പോള്‍, എനിക്കു കേള്‍ക്കാം അവളുടെ പൊട്ടിചിരിയുടെ മനം കുളിര്‍പ്പിക്കുന്ന ശബ്ദം. ഇരുമ്പഴി വാതിലിനുള്ളിലൂടെ എന്നെ നോക്കുന്ന എല്ലാ കണ്ണുകള്‍ക്കും അവളുടെ കണ്ണുകളിലെ തിളക്കം.

എന്നെ മടിയിലേക്കു ചായ്ച്ച് താരാട്ടുപാടുന്ന ഈ ഇരുട്ടിനോട് എനിക്കൊരു കഥ പറയാനുണ്ട്. നിറക്കൂട്ടുകളില്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളെ കടലിന്റെ നെഞ്ചോടൊതുക്കിയ ഒരു പ്രിയ കൂട്ടുകാരിയുടെ കഥ.

ഞങ്ങളുടെ പ്രിയപ്പെട്ട ആ കടല്‍ക്കരയിലിരിക്കുമ്പോള്‍ ഒരോ സായാഹ്നവും, ഞങ്ങള്‍ക്കോരോ ജന്മങ്ങളായിരുന്നു. ഓരൊ തവണ അവളെന്നെ നോക്കി ചിരിക്കുമ്പോഴും, അവളുടെ പ്രണയത്തിന്റെ ഭാഷ കൂടുതല്‍ ലളിതമായെനിക്കു തോന്നിയിരുന്നു. ഒരു നിമിഷം പോലും , ചുണ്ടില്‍ ചെറുപുഞ്ചിരിയില്ലാതെ ഞാനവളെ കണ്ടിട്ടില്ല.

അന്ന് ആ സന്ധ്യയില്‍ തിരക്കൊഴിഞ്ഞ കടല്‍ക്കരയില്‍ ഞങ്ങളേറെ നേരം വെറുതെയിരുന്നു. അവളെന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി, എന്നിട്ട് പതിയെ പറഞ്ഞു നിന്റെ കണ്ണിലെ ഈ തിളക്കം, അതിന്റെ പ്രകാശത്തിലൂടെ ഞാന്‍ നിന്റെ മനസ്സിനെ കാണുന്നു, അറിയുന്നു. ദാ, അവിടെ നിറയെ ഞാനാണ്, ഞാന്‍ മാത്രെയുള്ളൂ.... നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു, എന്തിനാ നീയെന്നെ ഇത്രത്തോളം സ്നേഹിക്കുന്നത്....എന്നോട് ഇത്രമാത്രം ആത്മാര്‍ത്ഥത കാണിക്കുന്നത്.....ഞാന്‍........ഞാന്‍ നിന്നെ ഉപേക്ഷിച്ചാലോ........! സത്യത്തില്‍ അവളുടെ ആ നിഷ്കളങ്ക ചോദ്യങ്ങള്‍ക്കൊന്നും എന്റെ പക്കല്‍ ഉത്തരമില്ലായിരുന്നു. എങ്കിലും എന്നിലേക്കു തുളച്ചിറങ്ങിയ അവളുടെ കണ്ണുകളിലേക്കു നോക്കി ഞാന്‍ പറഞ്ഞു, “ നീ കള്ളം പറയുന്നു, ഒരിക്കലും നീയെന്നെ ഉപേക്ഷിച്ചു പോവില്ല.....നിനക്കതിനാവില്ല..........”

പെട്ടെന്നവള്‍ അവളുടെ കണ്ണുകളെ എന്നില്‍ നിന്നും പിന്‍വലിച്ചു. കടലിന്റെ നെഞ്ചില്‍ ആര്‍ത്തുല്ലസിക്കുന്ന തിരമാലകളെ നോക്കി പറഞ്ഞു........” ഇല്ലെടാ, നിനക്കെന്നെ അറിയില്ല, നിന്നെ ഞാന്‍ തനിച്ചാക്കി പോകും......എനിക്കറിയാം ഞാന്‍ പോയാല്‍ എന്നോടുള്ള സ്നേഹം നിന്നെ ഭ്രാന്തനാക്കും, നിന്നിലെ ഭ്രാന്തന്‍ എന്നെ പിന്നേയും സ്നേഹിക്കും....... ആ സ്നേഹം നിന്നെ എന്റെ അരികിലേക്കെത്തിക്കും, പിന്നൊരിക്കലും നിന്നെ ഞാന്‍ തനിച്ചാക്കില്ല............”

അവളുടെ മുഖത്തുനിന്നും പുഞ്ചിരി പതിയെ അകലുന്നതു ഞാനറിഞ്ഞു. “എടോ, എന്താ താനിങ്ങനൊക്കെ പറയുന്നത്.....” ഒരു ദീര്‍ഘനിശ്വാസത്തോടുകൂടി ഞാന്‍ ചോദിച്ചു. വീണ്ടും അവളെന്നെ നോക്കി, തുടുത്ത കൈകളാല്‍ എന്റെ കവിളില്‍ പതിയെ തലോടി......എന്നിട്ടു ഒരു നിശ്വാ‍സത്തോടെ പറഞ്ഞു “ നിനക്കു വേണ്ടി എനിക്കിതു ചെയ്തെ പറ്റൂ......ഇല്ലെങ്കില്‍ നിന്നെ എനിക്കു നഷ്ടപ്പെടും.......അതെനിക്കു വയ്യ.......” മുഴുവനാക്കും മുമ്പെ അവളുടെ ശബ്ദം ഇടറിയിരുന്നു, കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു......

പെട്ടെന്ന് അവളെണീറ്റു നടന്നു, നടന്നുകൊണ്ടേയിരുന്നു. ഒരിക്കല്‍ പോലും അവളെന്നെ തിരിഞ്ഞു നോക്കിയില്ല. കടലിന്റെ നെഞ്ചിലേക്കവള്‍ ഒരു തിരമാലയെപ്പോലെ അവളലിഞ്ഞു ചേര്‍ന്നപ്പോഴും , ഒന്നും മിണ്ടാനാവാതെ, അവളുടെ അരികിലേക്കു ഓടിയടുക്കാനാവാതെ, ഞാനിരുന്നു. എന്റെ നാക്കും, കൈകാലുകളും തളര്‍ന്നിരുന്നു.

പിന്നീടെപ്പൊഴോ ഈ ഭ്രാന്താശുപത്രിയിലെ ഇരുട്ടുമുറിയുടെ നാലു ചുമരുകള്‍‍ക്കുള്ളില്‍ , ആ ഇടനാഴിയുടെ വാതില്‍ തുറക്കുന്നതും കാത്ത്, വരാന്തയിലെ ഓരോ കാല്‍ചുവടുകള്‍‍ക്കും കാതോര്‍ത്തിരിക്കുകയാണ്.

പക്ഷെ എനിക്കിപ്പോഴും മനസ്സിലാവുന്നില്ല........എന്തിനുവേണ്ടിയാണ്, അവളെന്നെ തനിച്ചാക്കിയത്......? അവള്‍ക്കിനിയുമെന്നോടെന്തൊക്കെയോ പറയാനുണ്ടായിരുന്നു.......പാവം.......ആ കടല്‍ക്കരയില്‍ എന്നെയും കാത്ത്........അവള്‍ തനിച്ചു.............

Thursday, November 27, 2008

എന്റെ വരികള്‍

എന്റെ വരികള്‍

പലരും പറയുന്നു
ഞാന്‍ കവിതയെഴുതുമെന്ന്
മറ്റു ചിലര്‍ “കട്ട് ആന്റ് പേയ്സ്റ്റ്” ആണെന്ന്
അവരോടെനിക്ക് ആത്മാര്‍ത്ഥതയുണ്ട്
മനസ്സില്‍ തോന്നുന്നതവര്‍ തുറന്നു പറയുന്നല്ലൊ
എന്റെ മനസ്സിനെ മദിക്കുന്ന കാര്യങ്ങള്‍
പൊടിപ്പും തൊങ്ങലുമായ് ഞാന്‍
കടലാസ്സില്‍ കുറിക്കുന്ന
വാക്കുകളുടെ കൂമ്പാരങ്ങളാണോ
എന്റെ കവിതകള്‍.............???
എങ്കിലെന്റെ പ്രിയ വരികളെ,
അല്ലെങ്കിലെന്റെ മോഹങ്ങളേ....
നിങ്ങലോടെനിക്ക് സ്നേഹമാണ്
ജീവിതത്തില്‍ ഞാനിന്നും നിസ്സഹായനാണ്
എന്റെ നശ്വര ആശയങ്ങള്‍
ഞാനാരോട് പറയും..........???
ആയിരമായിരം സ്വപ്നങ്ങള്‍ ചിരകറ്റുവീണു
ഞാനിന്ന് കൂരിരുട്ടിന്റെ
കാരാഗൃഹത്തില്‍ അകപ്പെട്ടവനാണ്
ഇവിടെയെനിക്കെന്നും ആശ്രയം
വികലമായ നിങ്ങള്‍മാത്രം.................

ഓരോ ഭ്രാന്തുകള്‍.........

ഓരോ ഭ്രാന്തുകള്‍.........

വര്‍ണ്ണ ശലഭങ്ങളെ കണ്ണുരുട്ടി കാണിച്ച്
പടിഞ്ഞാറ്റിലെ പൂക്കാതിരുന്നൊരാ
കണിക്കൊന്നചോട്ടില്‍
ഓര്‍ഗാനിക് കെമിസ്റ്റ്രിയുടെ
താളുകള്‍ മറച്ചിരുന്നപ്പോഴെന്നെ നോക്കി
കൊഞ്ഞനം കുത്തിയ, അന്തിച്ചോപ്പിലലിഞ്ഞ
സൂര്യന്റെ കനല്‍ക്കണ്ണുകളില്‍
രക്തക്കറ പുരണ്ടിറുന്നുവോ........????

റെയില്‍പ്പാളത്തിനു നടുവിലൂടെ
വെറുതെ നടന്നപ്പോള്‍ , പിടിച്ചു മാറ്റിയ
അപരിചിതരെ നോക്കി
കൊഞ്ഞനം കുത്തിയാലോ.......???
അല്ലെങ്കിലൊന്നു കൂക്കിയാര്‍ത്താലോ........???
അവരെന്തു കരുതി ?
ആത്മഹത്യക്കൊരുങ്ങുന്ന ഭീരുവായ
പൈങ്കിളി പയ്യന്റെ ഭ്രാന്തെന്നോ........??

കടല്‍ക്കരയിലെ പൂഴിമണലില്‍ വെറുതെ
കോറിക്കുറിച്ച വരകളും, നിരര്‍ത്ഥമായ്
നിര്‍മ്മിച്ച രൂപവും കടലമ്മ മായ്ച്ചതെന്തേ....????

കാറ്റും, കടലും, ശലഭവും പൂക്കളു-
മെല്ലാം എന്നോട് പരിഭവിക്കുകയാണോ....?
അവര്‍ മാത്രമോ.......????
ഭാരമോഴിഞ മനസ്സില്‍ നേര്‍മ്മയുടെ നിറക്കൂട്ടുകളുമായ്,
പരീക്ഷാ ഹാളിലെത്തിയപ്പോള്‍
ചോദ്യക്കടലാസ്സും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു
എഴുതാനൊന്നുമില്ലാതെ പൂജ്യം വെട്ടിക്കളിച്ചപ്പോള്‍
അവിടിരുന്ന മാഷും കണ്ണുരുട്ടിക്കാണിക്കുന്നു
ഉത്തരക്കടലാസ്സു ചുരുട്ടികൂട്ടി മാഷെയെറിഞ്ഞാലോ....???
പക്ഷെ, വെറുതെ ചിരിച്ചു,

ഒടുവിലാ പഴയ റെയില്‍പ്പാളങ്ങള്‍ക്കു
നടുവിലൂടെ വീണ്ടും നടന്നു ഞാന്‍
വെറുതെ
ഇന്നും തീരാത്ത അതേ നടത്തം..........

Wednesday, November 26, 2008

ഓര്‍മ്മകളുടെ തീരത്ത്................


ഓര്‍മ്മകളുടെ തീരത്ത്................

ഇന്നീ മഴയുടെ അവാച്യ സംഗീതം കേള്‍‍ക്കെ
എന്റെമനമേതോ ഗതകാലസ്മ്രുതികളിലുണരുന്നു
ഈ ഓര്‍മ്മകളുടെ തീരത്തു ഞാനറിയുന്നു
മഞ്ഞുപോല്‍ മന്ത്രിക്കും നിന്‍ സ്വരങ്ങള്‍
മനസ്സിന്റെ മണിമുറ്റത്തൊരു മഞ്ഞുതുള്ളിയുടെ
കുളിരണിഞ്ഞെത്തിയ നിന്‍ നിസ്സ്വനങ്ങള്‍
മനസ്സിലൊരു മയില്‍പ്പീലിത്തുണ്ടുപോല്‍
കാത്തുവെച്ച മധുരമാം പ്രണയ നിമിഷങ്ങളില്‍
തളിരുടുന്നൊരാ ജീവിത സ്പന്ധനങ്ങളും
മൂകസന്ധ്യയില്‍ നീയോടിയെത്തുമ്പോള്‍
ഞാനറിഞ്ഞിരുന്നു നിന്‍ ഹൃദയതാളവും
എങ്കിലും ഏതൊ നിമിഷത്തിന്‍ ക്രൂരതയില്‍
നമ്മളിന്നു രണ്ടു ധ്രുവങ്ങളിലായിരിക്കുന്നു
മനസ്സില്‍ മോഹങ്ങള്‍ തുളുമ്പുമീ നിമിഷത്തില്‍
മായാതെ നില്‍പ്പൂ നീയെന്ന പനി നീര്‍പ്പൂവും
നിന്റെ ചുണ്ടിലെ തേന്‍കണങ്ങളും
എങ്കിലുമെന്തേ നമ്മളിന്നു തനിച്ചായി
സ്വന്തമെന്നോര്‍ത്തു ഞാന്‍ നെഞ്ചോടു ചേര്‍ത്ത
നീയിന്നെന്നെ കാത്തുനില്‍ക്കാതകന്നിരിക്കുന്നു
അനന്തതക്കര്‍ഥം നല്‍കുന്നയീ വാനിനു കീഴെ
ഏകാന്തമെന്‍ രാവുകളിന്നും നിന്നെ തേടുകയാണ്
നിന്റെ പദനിസ്വനത്തിനായ് കാതോര്‍ക്കുകയാണ്

Thursday, October 30, 2008

തത്വമസി.....അതു നീ തന്നെയാകുന്നു.........

തത്വമസി.....അതു നീ തന്നെയാകുന്നു.....



സ്വാമിയേ ശരണമയ്യപ്പാ........

ഇനി വ്രതാനുഷ്ടാനങ്ങളുടെ 41 ദിനരാത്രങ്ങള്‍, മണ്ഡലകാലം , വൃശ്ചികം 1 മുതല്‍ ധനുമാസം 12 വരെ....... തത്വമസി.....അതു നീ തന്നെയാകുന്നു.........എന്ന പ്രപഞ്ച സത്യം തേടിയുള്ള യാത്ര....... അയ്യപ്പ മുദ്ര രുദ്രാക്ഷമാലയില്‍ ധരിച്ച്, കറുപ്പുടുത്ത് വ്രതശുദ്ധിയോടെ, ജീവിതത്തില്‍ ഇന്നു വരെ ചെയ്തുപോന്ന സകല പാപപുണ്യങ്ങളെയും ഇരുമുടികെട്ടായി ശിരസ്സിലേറ്റി, ഭഗവാന്റെ കാലക്കല്‍ സമര്‍പ്പിച്ച് മോക്ഷപ്രാപ്തിക്കായൊരു യാത്ര........ ലോകാ‍ സമസ്താ സുഗിനോ ഭവന്തു : എന്ന ഭാരതീയ ആപ്തവാക്യം , സര്‍വമത സാഹോദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ശബരീശ സന്നിധിയില്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്നു.........കാര്‍ത്തിക മാസത്തെ വരവേല്‍ക്കാന്‍ പ്രകൃതിപോലും കുളിരണിഞ്ഞ് ഒരുങ്ങിക്കഴിഞ്ഞു..........ഇനി കേരളീയ പ്രഭാതങ്ങള്‍ക്കെന്നും ശരണം വിളിയുടെ ശംഖൊലികള്‍, വായുവിന് കര്‍പ്പൂരത്തിന്റെയും, പനിനീരിന്റെയും അനവദ്യ ഗന്ധം...........സായന്തനങ്ങള്‍ക്ക് ഭജനകളുടെ താളം...........

തത്വമസി.....അതു നീ തന്നെയാകുന്നു.........
എന്ന പ്രപഞ്ച സത്യത്തിന്റെ പൊരുളാണ് കലിയുഗവരതനായ അയ്യപ്പസ്വാമിയുടെ സന്ദേശം, എന്നു വെച്ചാല്‍ നാം ആരെ അന്വേഷിച്ച്, കാണാനായി പോകുന്നുവോ അതു നാം തന്നെയാണ് എന്നതാണ് തത്വമസി.....ഇത്തരത്തിലൊരു വാക്യം മറ്റെവിടെ കാണാന്‍ കഴിയും...........???....... 41 ദിവസത്തെ വ്രതം എന്നതുകോന്റുദ്ദേശിക്കുന്നതിത്രമാത്രം, മനസ്സും ശരീരവും ശുദ്ധമാക്കുക......കാമ-ക്രോധ-മോഹങ്ങളെ അടക്കിനിര്‍ത്തുക, ഇവയെ അടക്കി നിര്‍ത്താന്‍ സാധിച്ചു എന്നാല്‍ തന്നെ ഈ ലോകത്തിന്നു നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായി.....ഏതൊരുവനാണോ മനസ്സും, ശരീരവും എല്ലായ്പ്പോഴും ശുദ്ധമായിരിക്കുന്നതു അവന്‍ ദൈവതുല്യനാണ് എന്ന് പറയപ്പെടുന്നു......... ദൈവം എന്നതു പുറത്തല്ല, നമ്മുടെ ഓരൊരുത്തരുടെയും ഉള്ളില്‍ തന്നെയാണ് വസിക്കുന്നതു, അതു നമ്മുടെ കര്‍മ്മ-ധര്‍മ്മാധികള്‍ക്കനുസ്സരിച്ചായിരിക്കും എന്നു മാത്രം...........



വ്രതാനുഷ്ടാനം, നൊയമ്പ് എന്നതു എതെങ്കിലും പ്രത്യേക മത വിഭാഗത്തിന്റെ മാത്രം കുത്തകയല്ല.......... എല്ലാ മതങ്ങളും വ്രതശുദ്ധിയെ ജീവിത ധര്‍മ്മമായി അനുശാസിക്കുന്നുണ്ട്.......... മുസ്ലിം സമുദായത്തിനിത് പെരുന്നാളിനോടനുബന്ധിച്ചും, ക്രിസ്ത്യന്‍ സമുദായത്തിനു ക്രിസ്തുമസ്സിനോടനുബന്ധിച്ചും ആണ് എന്നു മാത്രം...........ഇതില്‍ നിന്നൊരു കാര്യം നമുക്കു മനസ്സിലാക്കവുന്നതാണ്, എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം ഒന്നു തന്നെയാണ്.......... സ്നേഹമാണ് എല്ലാ മതങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത്........... പക്ഷെ ഇന്നതെല്ലാം പരിവര്‍ത്തനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.........


ശബരിമലയില്‍ ശ്രി ധര്‍മ്മശാസ്താവിന്റെ വിഗ്രഹത്തിന്റെ പ്രതിഷ്ടയിലും കുറച്ചു പ്രത്യേകതകളുണ്ട്.......... സര്‍വ്വ സംഗപരിത്യാഗിയായ ഭഗവാന്‍ വലത്തെ കൈയില്‍ “ ചിന്മുദ്ര ” അടയാളം പിടിച്ചാണ് ഇരിക്കുന്നത്.........“ചിന്മുദ്ര” എന്നു വെച്ചാല്‍, വലത്തെ കൈയിലെ ചൂണ്ടുവിരലും, തള്ളവിരലും ചേര്‍ത്തു വൃത്താകൃതിയില്‍ പിടിച്ചിരിക്കുന്നു.........നമ്മളെല്ലാം കണക്കില്‍ പടിച്ചിട്ടുണ്ട് വൃത്തം എന്നാല്‍ അവസാനം ഇല്ലാത്തത് എന്നാണെന്ന്........ ഇവിടെ “ചിന്മുദ്ര” കൊണ്ട് സ്വാമി ഉദ്ദേശിക്കുന്നതും അതു തന്നെയാണ്, നമുക്കൊന്നും അവസാനമില്ലെന്നും, നമ്മളോരോരുത്തരും എന്നതു ശരീരം മാത്രമാല്ല, ആത്മാവും കൂടിയാണ്..........ശരീരം എന്നതു നശ്വരമാണ്(എന്നു വെച്ചാല്‍ കാലാന്തരത്തില്‍ , നശിക്കപ്പെടുന്നതു), എന്നാല്‍ ആത്മാവിനു ഒരിക്കലും നാശമില്ല..........അതു ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു...........നരനില്‍ നിന്നു നരിയിലെക്കും, നരിയില്‍ നിന്നു ഈച്ചയിലേക്കും, ഈച്ചയില്‍ നിന്നു ആനയിലേക്കും അങ്ങനെയങ്ങനെ, അതൊന്നില്‍ നിന്നു മറ്റൊന്നിലേക്കു ലയിക്കപ്പെടുന്നു..........

“ചിന്മുദ്രയെ” കുറിച്ചു പിന്നീടുള്ള ഐതിഹ്യം നമ്മുടെ കൈവിരലുകളെ ചെറുവിരലില്‍ നിന്നു തുടങ്ങുമ്പോള്‍ , ചെറുവിരലിനെ മണ്ണ് അല്ലെങ്കില്‍ ഭൂമിയായും, മൊതിരവിരലിനെ പൊന്ന് അല്ലെങ്കില്‍ സ്വത്ത് ആയും, നടുവിരലിനെ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ ആയും ചൂണ്ടുവിരലിനെ നമ്മള്‍ തന്നെയായും, തള്ളവിരലിനെ ദൈവം ആയും കണക്കാക്കുന്നു. നമുക്കു തന്നെ കൈ ശ്രദ്ധിച്ചാല്‍ അറിയാന്‍ കഴിയും ആദ്യത്തെ മൂന്നുവിരലുകളും നമ്മള്‍ തന്നെയെന്നു വിശ്വസിക്കുന്ന ചൂണ്ട് വിരലിനോട് ചേര്‍ന്നാണ് ഉള്ളത്, എന്നാല്‍ ദൈവം ആകുന്ന തള്ളവിരല്‍ നമ്മില്‍ നിന്നും കുറച്ച് അകലത്തിലായാണുള്ളത്..........“ചിന്മുദ്ര”യിലൂടെ സ്വാമി നമ്മളെ ദൈവത്തോടടുപ്പിക്കുന്നു............ചെറിയൊരു മുദ്രകൊണ്ട് സ്വാമി എത്ര വലിയ കാര്യങ്ങളാണല്ലെ നമ്മെ പടിപ്പിക്കുന്നത്...............


ഇരുമുടി കെട്ടിനും ഉണ്ട് ഇതു പോലുള്ള ചില തത്വങ്ങള്‍ പറയാന്‍.......... ജീവിതത്തില്‍ അന്നു വരെ ചെയ്ത സകല പാപപുണ്യങ്ങളുമാണ് നമ്മള്‍ ഇരിമുടികെട്ടായി , ശിരസ്സിലേട്ടി കൊണ്ടു പോകുന്നത്........ ഇരുമുടിയില്‍ വെക്കുന്ന മുദ്ര (നെയ് തേങ്ങ) നമ്മള്‍ തന്നെയാണ് എന്നാണ് സങ്കല്‍പ്പം.......... അതിലെ തേങ്ങ(നാളികേരം) നമ്മുടെ ശരീരവും, നെയ് നമ്മുടെ ആത്മാവും ആകുന്നു.......വളരെ ഉദാത്തമായ ഒരു സങ്കല്‍പ്പമാണിത്..........നെയ്യഭിഷേകം ചെയ്യുമ്പോള്‍ ആത്മാവ് ഭഗവാനില്‍ അര്‍പ്പിക്കപ്പെടുന്നു...........അതുപോലെ തന്നെ ശരീരമാകുന്ന നെയ്തേങ്ങ ആഴിയാകുന്ന(ഹോമകുണ്ടം) അഗ്നിയിലും സമര്‍പ്പിക്കുന്നു........ആത്മാവും , ശരീരവും ഒത്തുചേരുന്ന ധന്യ നിമിഷങ്ങള്‍........ ((( മക്കയില്‍ പോയാലും , മലയാറ്റൂരില്‍ പോയാലും ഇതു തന്നെയാണ് സങ്കല്‍പ്പം..........എല്ലാ മതങ്ങളും ഒന്നില്‍ നിന്നുറവയെടുത്തതാണ് എന്നു നമുക്കിതില്‍ നിന്നും അടിവരയിട്ടു പറയാം .....അല്ലെ.......))) എന്നിട്ട് പവിത്രമായ ആത്മാവുമായി മലയിറങ്ങുന്നു...... മരണാ‍നന്തരം നടക്കുന്ന കാര്യങ്ങള്‍ സ്വാമി ജീവിതത്തില്‍ തന്നെ നമുക്ക് പടിപ്പിച്ചുതരുകയാണ്........പക്ഷെ ഇന്നിതിനെ പലരും ഭാവിയില്‍ പാപങ്ങള്‍ ചെയ്യാനുള്ള ഒരു ലൈസന്‍സ് ആയാണോ കാണുന്നതു എന്നൊരു സംശയം ഉണ്ട്..........!!!!!!



അതുപോലെ തന്നെ 18 പടികള്‍ എന്നാല്‍ 18 തത്വങ്ങളാണത്രെ........18 എന്ന സംഘ്യക്ക് ഭാരതീയ പുരാണങ്ങളില്‍ വളരെ പ്രാധാന്യം കല്പിച്ചിരിക്കുന്നു.........നമുക്ക് പുരാണങ്ങള്‍ 18 ആണ്, വേഥങ്ങള്‍ നാലും , ഉപനിഷത്തുകളും കൂടി 18 ആണ്, ഭഗവത് ഗീതയില്‍ അധ്യായങല്‍ 18 ആണ്, അയ്യപ്പസ്വാമിക്ക് ആയുധങ്ങള്‍ 18 ആണ്, കളരിയില്‍ അടവുകള്‍ 18 ആണ്, പര്‍വതങ്ങള്‍ 18 ആണ്, പ്രധാന നദികള്‍ 18 ആണ്, മനുഷ്യ ശരീരത്തില്‍ ബുദ്ധി, മനസ്സ് എന്നിവയടക്കം ഇന്ദ്രിയങ്ങള്‍ 18 ആണ്..........ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ 18 എന്ന സംഘ്യയുമായി ബന്ധപെട്ടിട്ടുണ്ട്...........യഥാര്‍ത്ഥത്തില്‍ വ്രതശുദ്ധിയോടെ , അനുഷ്ടാനങ്ങളോടെ(ഇന്നങ്ങനെയുള്ളവര്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്നു തോന്നുന്നു....) ഈ 18 പടികളും കയറുന്ന ഭക്തന്‍, ബ്രഹ്മത്തെ അറിയുന്നു എന്നാണ് വിശ്വാസം.........
ബ്രഹ്മത്തെ അറിയുന്നവന്‍ എന്നാല്‍ ബ്രാഹ്മണന്‍........അവര്‍ ദൈവ തുല്യരാണ്..........ജന്മം കൊണ്ടല്ല, പകരം കര്‍മ്മ-ധര്‍മ്മാതികള്‍ കൊണ്ടാണ് ഒരാള്‍ ബ്രാഹ്മണന്‍ ആകുന്നത്........ എന്നാണ് സ്വാമിയുടെ സന്ദേശം........ ബ്രാഹ്മണ്യം എന്നതു രണ്ടര മുഴം നൂലിനെ, മാറിനു കുറുകെ ധരിക്കലല്ല.......... ഇദം ന മമ : , ഇതെനിക്കു വേണ്ടിയല്ല എന്നതാണ് ഓരൊ പൂജ ചെയ്യുമ്പോളും യധാര്‍ത്ഥ ബ്രാഹ്മണര്‍ ചിന്തിക്കേണ്ടത്........... ഇന്നങ്ങനെ ചിന്തിക്കുന്നവര്‍ ഉണ്ടാകുമോ..........അവരെയും കുറ്റം പറയാനൊക്കില്ലല്ലോ.........വര്‍ധിച്ചു വരുന്ന ജീവിത ചിലവുകള്‍, അവര്‍ക്കും ബാധകമല്ലെ............

ഉച്ചത്തിലുള്ള ശരണം വിളിയിലൂടെ സ്വാമി നമ്മുടെ ഉള്ളിലുള്ള അപകര്‍ഷതാ ബോധത്തെ അല്ലെങ്കില്‍ സഭാകമ്പത്തെ ഇല്ലാതാക്കുന്നു. നമ്മള്‍ ഓരൊ തവണ ശരണം വിളിക്കുമ്പോളും നമ്മുടെ സ്വാമിയോടുള്ള വിശ്വാസം ശരീരത്തിലെ ഓരൊ കോശങ്ങളേയും ഉദ്ദീപിപ്പിക്കുന്നു, ആ ശക്തി നമ്മെ ഏതു മലയും കയറ്റാന്‍ പ്രാപ്തനാക്കുന്നു.........വിശ്വാസത്തോളം വലിയ മരുന്നില്ലെന്നല്ലെ..........അത്തരത്തിലുള്ള വിശ്വാസമാണ് ഓരൊ തവണയും ഭക്തരെ പ്രായഭേദമന്യെ അവിടേക്കു നയിക്കുന്നത്...........


ശബരീശ സന്നിധിയില്‍ യഥാവിഥി ശയന പ്രദക്ഷിണം ചെയ്യുന്ന ഭക്തന് മോക്ഷ പ്രാപ്തി ലഭിക്കും എന്നാണ് ഐതിഹ്യം........ അവര്‍ക്കു പിന്നീട് ജീവിതത്തില്‍ കാശിയിലോ, മഥുരയിലോ( പണ്ടു കാലത്തു, ഒരു പ്രായം കഴിഞ്ഞാല്‍ തറവാട്ടു കാരണവര്‍ കാശിയില്‍ പോകുന്ന പതിവുണ്ടത്രെ.........) പോകേണ്ടതില്ലത്രെ...........
അതുപോലെ പമ്പാ നദിയിലെ വെള്ളത്തിനും ഉണ്ട് പ്രത്യേകതകള്‍(ത്രിവേണി പാലം കടക്കുന്നതിനു മുന്നെയുള്ള കാര്യമാണു......ട്ടോ......), ഇതു ആധുനീക ശാസ്ത്രങ്ങളും തെളിയിച്ച്അതാണ്.......കാട്ടിലെ ഔഷധ സസ്യങ്ങളിലും, സുഘന്ധ ദ്രവ്യങ്ങളിലൂടേയും ഒഴുകി വരുന്നതുകൊണ്ടാണത്രെയത്.........അയ്യപ്പ ഭക്തനമാരുടെ പമ്പാസ്നാനം കൊണ്ട് ആ നദി മലിനപ്പെടുകയും, കോളീഫോം പോലുള്ള അപകടകാരികളായ ബാക്റ്റീരിയങ്ങള്‍ ആ ജലത്തില്‍ ഉണ്ടാവുന്നുണ്ട് എന്നതു സത്യമാണ്.......എങ്കിലും ലക്ഷകണക്കിനു ഭക്തര്‍ വന്നു പോകുന്ന പമ്പയില്‍ ഇത്രയല്ലെ മലിനീകരണം നടക്കുന്നുള്ളൂ എന്നതു അല്‍ഭുതകരമായൊരു കാര്യം തന്നെയാണ്..........


അയ്യപ്പ സ്വാമിയെ ഒരു ദൈവം എന്നതിനപ്പുറം, ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്, മാര്‍ക്സിനും, ഏങ്കത്സിനും മുന്നേ ഈ ലോകത്തു കമ്മൂണിസം പ്രചരിപ്പിച്ചയാളായിട്ടാണ്.........അദ്ദേഹത്തിന്റെ കൂട്ടുകാരേയും, ഗുരുസ്താനീയരെയും നോക്കിയാല്‍ തന്നെ നമുക്കതു മനസ്സിലാകുന്നതാണ്......... അതില്‍ പല ജാതിയിലും, മതത്തിലും പെട്ടവരും, പണമുള്ളവരും, ഇല്ലാത്തവരും എല്ലാം ഉണ്ടായിരുന്നു എന്നതിനു ഇന്നും നിലനില്‍കുന്ന ശേഷിപ്പുകളും ഉണ്ട്..........അതുപോലെതന്നെ ശ്രീ ബുദ്ധന്റെ ആശയങ്ങളൂമായും സ്വാമിക്ക് സാമ്യമുണ്ട്, ബുദ്ധനും അന്വേഷിചു നടന്നതു ഇതേ കാര്യം തന്നെയായിരുന്നു........താനാര് ....?? എന്ന ചോദ്യത്തിനുള്ള ഉത്തരം..........അതുപോലെ തന്നെ അദ്ദേഹവും കൊട്ടാരത്തില്‍ നിന്നും സര്‍വസംഗ പരിത്യാഗിയായി കാട്ടിലേക്കിറങ്ങിയതു തന്നെ..........അദ്ദേഹത്തിന്റെ ഭക്തരും ലളിതമായ ജീവിതം കാംക്ഷിക്കുന്നവര്‍ തന്നെ...............


എന്നാല്‍ ഇന്നവിടെ എന്താണ് നടക്കുന്നത്..........ഓരൊ മണ്ടല കാലവും തുടങ്ങുന്നത് വിവാദങ്ങളുടെ ഘോഷയാത്രകളില്‍ അല്ലെ...........ഇപ്പോള്‍ തന്നെ എന്തൊക്കെ കോലാഹലങ്ങള്‍ ആണ്........സ്ത്രീകളെ അവിടെ കയറ്റണം എന്നു ചില കൂട്ടര്‍, വെണ്ടെന്ന് മറ്റൊരു കൂട്ടര്‍.........ഭരണകര്‍ത്തക്കളും, ദേവസ്വം ബോര്‍ഡ് അംഗങ്ങളും തമ്മില്‍, തമ്മില്‍ ഉള്ള വാക്പയറ്റുകള്‍ മറ്റൊരു വശത്ത്........... പൂജയറിയാത്ത പൂജാരിമാരും, അവരുടെ കേസ്സുകളും കോടതിയില്‍..........എന്തിനധികം പൂജാരിമാരുടെ തിരഞ്ഞെടുപ്പുപോലും കോടതിയില്‍..........മാസ്റ്റര്‍ പ്ലാന്‍ എന്ന പേരില്‍ കാടിനെ നശിപ്പിക്കാന്‍ നടക്കുന്ന മസ്റ്റര്‍ ബ്രൈനുകള്‍ വേറേ............മകരവിളക്കിനെ ചൊല്ലിയും അനാവശ്യമായ വാഗ്വാദങ്ങള്‍.........അതു മകരുവിളക്കു കാലത്തെ വരുമാനം മാത്രം ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ പരിഹരിക്കാത്തത് എന്നതുറപ്പാണ്.............

അയ്യപ്പസ്വാമിയുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിലും മകരജ്യോതി സ്വയം തെളിയുന്നതാണ് എന്നു പറയുന്നില്ല , മറിച്ച് മകരസംക്രാന്തി സമയത്ത് മാനത്ത് തെളിയുന്ന നക്ഷത്രത്തെയാണ് പ്രതിപാതിക്കുന്നത്...........ഈ നക്ഷത്രത്തെ കാട്ടുവാസികള്‍ അയ്യപ്പ സ്വാമിയോടുള്ള ആരാധനയുടെ ഭാഗമായി 3 തവണ ആരതിയുഴിഞ്ഞ് പൂജിക്കുകയാണ് എന്നാണ്..........ഈ സത്യം ഒരു പത്രസമ്മേളനത്തിലോ മറ്റോ പറഞ്ഞാല്‍ തീരാവുന്നതാണ് ഈ പ്രശ്നങ്ങള്‍............ഇതു നമ്മുടെ മന്ത്രിമാര്‍ക്ക് അറിയാത്തതാണോ എന്തൊ..........എന്തായാലും എല്ലാ മാസവും സംക്രമ സമയത്തു മാനത്തു നക്ഷത്രം ഉദിക്കുന്നതാണ്, അതാരും കത്തിക്കുന്നതല്ല എന്നതുറപ്പല്ലെ...........അതുപോലെ തന്നെ തിരുവാഭരണ ഘോഷയാത്രയില്‍ പരുന്തു പറക്കുന്നതും ഒരു അല്‍ഭുതം തന്നെയാണ്, അതിനെയാരും പറത്തുന്നതല്ലല്ലൊ..........ഐതിഹ്യത്തില്‍ പറയുന്നതു അമ്മയായ ഹരിയുടെ അഭ്യര്‍ത്ഥനയനുസരിച്ച് ഗരുഡന്‍ അയ്യപ്പസ്വാമിയുടെ സംരക്ഷകനായി ഉണ്ടായിരുന്നു എന്നാണ്..........ഇപ്പോള്‍ പൊന്നമ്പലമേട് എന്നു പറയുന്ന മകരജ്യോതി ദര്‍ശിക്കുന്ന ഇടം K.S.E.B യുടെ കയ്യിലാണ്........അവിടെ അവര്‍ സ്ഥലം ഏറ്റെടുക്കുന്ന സമയത്ത് കാട്ടുവാസികളുടെ അഭ്യര്‍ത്ഥനയനുസരിച്ച് K.S.E.B ക്കാരാണത്രെ അന്നുമുതല്‍ മകരജ്യോതി തെളിയിക്കുന്നത്............ഇക്കാര്യം ഒരിക്കല്‍ ശ്രീ നായനാരും, ഇപ്പോള്‍ നമ്മുടെ ശ്രീ സുധാകരനും മന്ത്രിസഭയില്‍ സമ്മതിച്ചിതാണ്, പക്ഷെ ഭക്തരുടെ വിശ്വാസങ്ങളെ ഹനിക്കും എന്നു പറഞ്ഞു ഈ സത്യം മൂടി വെക്കുന്നു, യാഥാര്‍ത്തത്തില്‍ ഇതിനെവിടെയാണ് ഭക്തരെ ഹനിക്കുന്നത്.........??? ഈ സത്യം പറഞ്ഞു മനസ്സിലാക്കാത്തിടത്തോളം ഭക്തര്‍ക്ക് തെറ്റിധാരണയല്ലെ നമ്മുടെ സര്‍ക്കാര്‍ നല്‍കുന്നത്...............ഒരു പക്ഷെ ഇതു തുറന്നു പറഞ്ഞാല്‍ മകരവിള്‍ക്കുകാലത്തു കിട്ടുന്ന വരുമാനം കുറയുമോ എന്ന ഭയം ആയിരിക്കും അവര്‍ക്ക്..........ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രമേ നമ്മുടെ സര്‍ക്കാറിനു ലക്ഷ്യമുള്ളൂ , അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ അവിടേക്ക് സ്ത്രീകളെയും കയറ്റണം എന്നു പറയുന്നത്...........ഇന്നു ഈ കേരള‍ത്തില്‍ എത്രയോ പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല, അവിടേക്കൊന്നും സ്ത്രീകളെകയറ്റാത്തതില്‍ നമ്മുടെ മന്ത്രിക്കോ, ഏതുകാര്യത്തിലും കുറ്റം മാത്രം കണ്ടുപിടിക്കാന്‍ നടക്കുന്ന പ്രാസംഗികന്‍ കൂടിയായ സാംസ്കാരിക നേതാവിനോ ഒരു പരാതിയും ഇല്ല...........പിന്നെ ഇവിടെക്കു മാത്രം എന്താ ഇത്ര പ്രത്യേകത.........അവിടെ നിന്നു ഇവര്‍ക്കു കൈയിട്ടുവാരാന്‍ കഴിയില്ല അതു തന്നെ...........

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണോ........??? ആ ക്ഷേത്രത്തിന്റെ ആചാരങ്ങളോ, അനുഷ്ടാനങ്ങളോ ഒന്നും ഞാന്‍ നൊക്കുന്നില്ല, അതിനെ കുറിച്ചൊന്നും ആധികാരികമായി പറയാന്‍ എനിക്കറിവും ഇല്ല..........എന്നാലും എന്റെ മനസ്സില്‍ തോന്നിയ, വായിചും, അന്വേഷിച്ചും മനസ്സിലാക്കിയ ചില അഭിപ്രായങ്ങള്‍ ഞാനിവിടെ എഴുതുകയാണ്............

ശബരിമലയുടെ ഭൂപ്രകൃതിയും, അവിടുത്തെ ഇന്നത്തെ അവസ്ഥയും കാണുമ്പോള്‍ സ്ത്രീകളെ അങ്ങോട്ട് കയറ്റുന്നതിനോട് എനിക്കു യോജിപ്പില്ല അതു മറ്റൊന്നും കൊണ്ടല്ല.........പുരുഷന്മാര്‍ മാത്രം പോയിട്ടുതന്നെ നമ്മുടെ സര്‍ക്കാറിന് അവര്‍ക്ക് വേണ്ടുന്ന പ്രാഥമിക സൊവ്കര്യങ്ങള്‍ (കുളിമുറി,കക്കൂസ്സ് ......) പോലും പലപ്പോഴും നല്‍കാന്‍ കഴിയുന്നില്ല.........എന്തു തന്നെയായാലും ഒരു സാധാരണ യുവതിക്ക് ഒരു പുരുഷന്‍ ചെയ്യുന്നപോലെ പൊതുസ്ഥലത്തു അത്തരം കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയും എന്നെനിക്കു തോന്നുന്നില്ല(ഒരു പക്ഷെ അങ്ങനെ ചെയ്യാം എന്നുള്ളവരുണ്ടാകാം.......എന്തായാലും അധികം ഉണ്ടാകാന്‍ സാധ്യതയില്ല, പിന്നെ കലികാലം അല്ലെ...........)........ഇങ്ങനൊരു അവസ്ഥയില്‍ അവിടേക്ക് സ്ത്രീകളെ കൂടി പ്രവേശിപ്പിച്ചാല്‍ , ഇപ്പോള്‍ ശബരിമലക്ക് ഒരു നിശ്ചിത കാലയളവില്‍ ഏറ്റവുംകൂടുതല്‍ ഭക്തര്‍ എത്തുന്ന തീര്‍ഥാടന കേന്ദ്രം എന്ന റെകോര്‍ഡ് ആണ് ഉള്ളതെങ്കില്‍ അതു ഒരുപക്ഷെ ഒരു നിശ്ചിത കാലയളവില്‍ ഏറ്റവുംകൂടുതല്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്ന സ്ഥലം എന്നാകും...........

പിന്നെ സ്ത്രീകളെ കയറ്റാത്തതിനു കാരണമായി പല സങ്കല്‍പ്പങ്ങളും പറഞ്ഞു കേള്‍ക്കുന്നുണ്ട്, അതെത്രമാത്രം സത്യമാണ് എന്നൊന്നും അറിയില്ല.........ഒന്നാമതായി പറയപ്പെടുന്നത് 41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്കു എടുക്കാന്‍ കഴിയില്ല എന്നതാണ് , പക്ഷെ അതുമാത്രമായിരിക്കും അതിനുള്ള കാരണം എന്നെനിക്കു തോന്നുന്നില്ല, അല്ലെങ്കില്‍ തന്നെ ഇന്നു എത്ര പുരുഷ കേസരികളുണ്ട് 41 ദിവസം ചിട്ടയായി വ്രതം എടുത്തു പോകുന്നവര്‍........???? പണ്ടുണ്ടായിരുന്നു കൃത്യമായി വ്രതം എടുക്കുന്ന ഭക്തര്‍, ഇന്നതു മുഴുവനായി ഒരാള്‍ക്കും സാധ്യമാകും എന്നു തോന്നുന്നില്ല.........പിന്നെ പറഞ്ഞുകേട്ട്റ്റിരിക്കുന്ന മറ്റൊരു കാരണം പണ്ടുകാലത്തു അവിടെ പോകുന്ന വഴിമുഴുവന്‍ കൊടുംകാടായിരുന്നു, അന്നു സ്ത്രീകള്‍ക്ക് അവിടേക്കുള്ള യാത്ര ദുഷ്കരമായിരുന്നു അതുകൊണ്ടായിരിക്കാം പ്രവേശനം ഇല്ലാതായതു എന്നാണ്.........അതില്‍ കുറെയൊക്കെ സത്യം ഉണ്ടാകാം എന്നു തൊന്നുന്നു.....ഇന്നു നമ്മുടെ കേരളത്തില്‍ സ്ത്രീകള്‍ക്ക് കാടിലൂടെയല്ല, പൊതുവഴിയിലൂടെ പോലും സ്വസ്തമായി പോകാന്‍ പറ്റില്ല എന്നവസ്തയല്ലെ...........നമ്മള്‍ ഓരൊ തവണ ശരണം വിളിക്കുമ്പോളും നമ്മുടെ സ്വാമിയോടുള്ള വിശ്വാസം ശരീരത്തിലെ ഓരൊ കോശങ്ങളിലും പരമാവതി വായു ഊര്‍ജമായി സംഭരിക്കപ്പെടുന്നു, ആ ശക്തിയില്‍ കുത്തനെയുള്ള മലകയറുമ്പോള്‍ നമ്മുടെ ഊര്‍ദ്ധ്വവായു ഒന്നിച്ച് മുകളിലേക്കുയരുന്നു , ആ ശക്തി ഏതു മലയും കയറാന്‍ നമ്മെ പ്രാപ്തനാക്കുന്നു.........ഇത്തരത്തില്‍ ഊര്‍ദ്ധ്വ വായു മുകളിലേക്കുയരുന്നതു സ്ത്രീകളിലെ പ്രത്യുല്പാദന ശക്തിയെ ദുര്‍ബലപ്പെടുത്തും എന്നതു ആധുനീക ശാസ്ത്രം തെളിയിച്ചതാണ്......10 മുതല്‍ 55 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് അവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നതു, എന്നാല്‍ ഇന്നത്തെ മാറിവരുന്ന ഭക്ഷണ സംസ്കാരം നമ്മുടെ കുട്ടികള്‍ക്കു 10 വയസ്സില്‍പോലും പ്രവേശനം നല്‍കാത്ത അവസ്ഥയാണ് നല്‍കിയിരിക്കുന്നത് എന്നതൊരു ചിന്താവിഷയം തന്നെയാണ്......ഈ തുലാം ഒന്നിനു ഞങ്ങള്‍ മലക്കു പോയപ്പോള്‍ അവിടെ ഉണ്ടായ ഒരു സംഭവം അതിനു ചെറിയൊരുദാഹരണം ആണ്, ഒരു ചെറിയ പെണ്‍കുട്ടിയെയും, കൂടെവന്നവരെയും പോലീസ്സുകാര്‍ പമ്പയില്‍ തടഞ്ഞിരിക്കുന്നു....അവസാനം കുട്ടിയുടെ വയസ്സുകാണിക്കുന്ന എന്തോ പേപ്പര്‍ കാണിച്ചാണ് അവരെ മലകയറാന്‍ അനുവധിച്ചത്......പക്ഷെ അക്കാര്യത്തില്‍ ഒരിക്കലും തടഞ്ഞ ആ പോലീസുകാരെ കുറ്റം പറയാനൊക്കില്ല, ആ കുട്ടിയുടെ വളര്‍ച്ച അത്തരത്തിലാണ്.......ഫാസ്റ്റ്ഫുഡ് സംസ്കാരത്തിന്റെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നു ഇതാണ്((സാധാരണ നമ്മുടെ വീടുകളില്‍ കോഴിയെ വളര്‍ത്തുന്നവര്‍ക്കു അറിയാം, മുട്ട അടയിരുന്നു വിരിയുന്നതിനു തന്നെ 21 ദിവസം വേണം, പിന്നെ ആ കുഞു വളര്‍ന്ന് ഇറച്ചിപ്രായം ആകണമെങ്കില്‍ ചുരുങ്ങിയതു 2 വര്‍ഷമെങ്കിലും എടുക്കും, ആ സ്ഥാനത്താണ് ഇന്നത്തെ ബ്രോയിലര്‍ ചിക്കെന്‍ വെറും 2മാസം കൊണ്ട് ഇറ്ച്ചിയാക്കാന്‍ തയ്യാറായി സ്റ്റാളുകളില്‍ എത്തുന്നതു......എല്ലാം ഹോര്‍മോണ്‍ പ്രയോഗങ്ങള്‍ ആണ്, ഇതു കഴിക്കുന്ന കുട്ടികള്‍ക്കും അതുപോലെ പെട്ടെന്നുള്ള വളര്‍ച്ച സ്വാഭാവികമല്ലെ.........???)) .....ഒരു പക്ഷെ സ്വാമിയെപോലൊരു ദീര്‍ഘവീക്ഷണം ഉള്ള ഒരാള്‍ ഇതൊക്കെ തീര്‍ച്ചയായും മുന്‍ കൂട്ടികണ്ടതു കൊണ്ടാകാം സ്ത്രീകളെ പ്രവേശിപ്പിക്കാത്തത്..........ശബരിമലയിലേക്കും, പള്ളികളിലെക്കും സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനു എന്തേലും വ്യക്തമായ കാര്യങ്ങള്‍ ഉണ്ടാകും, അതു മനസ്സിലാക്കുന്നതിനു പകരം , “വിശ്വാസ്സികള്‍ക്കു വേണ്ടി , അവിശ്വാസ്സികള്‍ നടത്തുന്ന സമരം” എന്നൊക്കെ പറഞ്ഞു കാട്ടിക്കൂട്ടുന്ന ഈ കലാപരിപാടികള്‍ വെറും സ്വാര്‍ത്ഥ ലാക്കാണ് എന്നു പറയാതെ വയ്യ...........

പിന്നെ അവിടുത്തെ മാളികപ്പുറത്തമ്മയുടെ ഐതിഹ്യവും നമുക്കറിയാവുന്നതല്ലെ..........ഓരൊ വര്‍ഷവും ആനപ്പുറത്തേറി ശരംകുത്തിയിലേക്കു പ്രതീക്ഷയോടേ വരുന്ന മാളികപ്പുറത്തമ്മയുടെ ദുര്‍വിധിയൊന്നോര്‍ത്തു നോക്കൂ..........ഓരൊ തവണയും ശരംകുത്തിയാലില്‍ കാണുന്ന കന്നി അയ്യപ്പന്മാരുടെ ശരങ്ങള്‍ കണ്ട് വിഷമത്തോടെ, അല്ലെങ്കില്‍ അടുത്തവര്‍ഷമെങ്കിലും തന്റെ മനസ്സിലെ മോഹങ്ങള്‍ പൂവണിയും എന്ന പ്രതീക്ഷയോടെയുള്ള മടക്കം........എത്ര ദുഖം നിറഞ്ഞതാണല്ലെ..........

നമുക്കറിയാം ഇന്നു കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറക്ക്ശബരിമലയില്‍ നിന്നു കിട്ടുന്ന വരുമാനം എത്രത്തോളം ആണ് എന്നത്, പക്ഷെഅതിനുമാത്രം പ്രത്യുപകാരങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ ഭക്തര്‍ക്ക്നല്‍കുന്നുണ്ടോ...........ശബരിമല ക്ഷേത്രവുമായി കാര്യമായ ബന്ധമൊന്നുംഇല്ലെങ്കിലും അവിടെ നിന്നും ലഭിക്കുന്ന അരവണയും , അപ്പവും ജനകോടികള്‍ക്ക്പ്രസാദം തന്നെയാണ്...........പക്ഷെ അതുപോലും വേണ്ട വിധം വിതരണം ചെയ്യാന്‍അധികാരികള്‍ക്ക് പലപ്പോഴും കഴിയുന്നില്ല, കഴിഞ്ഞ മണ്ടലകാലത്തു വ്രിശ്ചികംആദ്യ ആഴ്ചയില്‍ പോയവര്‍ക്കു പോലും പ്രസാദം ലഭിക്കുന്നതിനുബുദ്ധിമിട്ടുണ്ടായി എന്നതാണ് സത്യം...........എന്താ അധികാരികള്‍ക്ക്അയ്യപ്പന്മാര്‍ വറ്രും എന്നതറിവില്ലാത്തതുകൊണ്ടാണോ അങ്ങനെസംഭവിച്ചത്..........??? ഒരു ബോട്ടില്‍ അരവണ ഉണ്ടാക്കുന്നതിനുള്ള ചിലവു15 രൂപയില്‍ താഴെയാണ്, അതു വില്‍കുന്നതോ 50 രൂപക്കും, ഒരു ബോട്ടിലില്‍തന്നെ 35 രൂപയുടെ മേല്‍ ലാഭമുണ്ടായിട്ടാണ് ഇത്തരത്തിലുള്ള നടപടികള്‍എന്ന് ചിന്തിക്കേണ്ടതുണ്ട്...............അതുപോലെ തന്നെ k.S.R.T.C യുടെനഷ്ടങ്ങള്‍ നികത്തുന്നതും, കട്ടപ്പുറത്തിരിക്കുന്ന പല ബസ്സുകളുംപുറത്തിറക്കുന്നതും, ശബരിമല സീസ്സണിലാണ്, എന്നിട്ടും നിരക്കല്‍-പമ്പറൂട്ടില്‍ വെറും 12.5 കിലോമീറ്റെറിന് കഴിഞ്ഞ സീസ്സണില്‍ ഈടാക്കിയിരുന്നതു13 രൂപയായിരുന്നു.........ശബരിമല വഴിയുണ്ടാക്കവുന്നതിന്റെ പരമാവതിഅയ്യപ്പന്മാരെ പിഴിഞ്ഞു ഉണ്ടാക്കുക എന്ന നയത്തിന്റെ ഭാഗമാണോ ഇതെന്ന്സംശയിക്കേണ്ടീയിരിക്കുന്നു..............നമ്മുടെ ഇപ്പോളത്തെ ദേവസ്വം മന്ത്രി പറയുന്ന പലകാര്യങ്ങളും നൂറു ശതമാനവുംശരിയാണ്(അദ്ദേഹത്തിന്റെ ഭാഷ പലപ്പോഴും പദവിക്കുയോജിച്ചതല്ലെങ്കിലും.......), ദേവസ്വം ബോര്‍ഡിലും, പൂജാരിമാരിലും ഉള്ളകള്ളനാണയങ്ങളെ അടിച്ചു പുറത്താക്കി ചാണകം തളിക്കേണ്ടതുതന്നെയാണ്..........എങ്കിലും കഴിഞ്ഞ മണ്ടല വിളക്കു ദിവസം സോപാനപടിയുടെമുന്നില്‍ നിന്നും കൊണ്ട് നമ്മുടെ മന്ത്രികാണിച്ച പ്രവൃത്തിയെ ഒരിക്കലുംന്യായീകരിക്കാന്‍ കഴിയുന്നില്ല, അദ്ദേഹം അവിടെ നിന്നു നടതുറന്ന സമയത്ത്അയ്യപ്പനെ ദര്‍ശിക്കുന്നതിനു പകരം എന്തോവലിയ കാര്യം ചെയ്യുന്നദാര്‍ഷ്ട്യത്തോടെ എതിര്‍ഭാഗത്തേക്കു നോക്കി നില്‍ക്കുകയായിരുന്നു,അദ്ദേഹത്തിനു വിശ്വാസം ഇല്ലായിരിക്കാം , അങ്ങനെയെങ്കില്‍ ദേവസ്വം വകവിശ്രമകേന്ദ്രത്തില്‍ വിശ്രമിക്കമായിരുന്നു, അവിടെ നിന്നാല്‍ നല്ല വീഡിയോകവറേജ് ഉള്ള്തുകൊണ്ട് ശബരീശ സന്നിധിയില്‍ നിന്നിട്ടുപോലും തൊഴുതില്ലഎന്ന് ലോകത്തെ കാണിക്കാനാണോ എന്തോ........അദ്ദേഹവും, അദ്ദേഹത്തിന്റെസുരക്ഷക്കായി നിന്നവരും ഇല്ലായിരുന്നെങ്കില്‍ ചുരുങ്ങിയത് 15ഭക്തര്‍ക്കെങ്കിലും ദര്‍ശനം നടത്താമയിരുന്നു, എത്രയോ കഷ്ടപ്പാടുകള്‍സഹിച്ചാണ് പലരും അയ്യപ്പ ദര്‍ശനത്തിനായി എത്തുന്നതു എന്നെങ്കിലുംഅദ്ദേഹത്തിനു ഓര്‍ക്കമായിരുന്നു.............ആര് എന്തൊക്കെ പറഞ്ഞാലും ഈ പ്രകൃതിയേയും നമ്മളേയും നിയന്ത്രിക്കുന്ന ഒരുശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, അതു ഏതു രൂപത്തിലോ, ഭാവത്തിലോഎന്നൊന്നും എനിക്കറിയില്ല...........പക്ഷെ അതുപോലൊരു ശക്തി ശബരിമലയില്‍ഉണ്ടെന്ന് എന്റെ ചെറിയ ആനുഭവങ്ങളില്‍ നിന്നും, അവിടേക്കൊഴുകിയെത്തുന്നകോടിക്കണക്കായ ഭക്ത ജനങ്ങളില്‍ നിന്നും മനസ്സിലാക്കുന്നു...........ഈലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹംഅനുഭവവേധ്യമാകട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട്................ഓം ശ്രീഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ സ്വാമിയേയ്....................ശരണമയ്യപ്പാ......................