Sunday, July 31, 2011

പ്രാര്‍ത്ഥന



പ്രാര്‍ത്ഥന

പ്രാര്‍ത്ഥന എന്ന വാക്കിനര്‍ത്ഥം ആവശ്യപ്പെടുക എന്നത്രെ......ഈശ്വരനോടോ, ഈശ്വര ചൈതന്യം വിലസുന്ന ഗുരു തുല്യരായ മനുഷ്യരോടോ ചെയ്യുന്ന അപേക്ഷക്കാണ് സാധാരണ പ്രാര്‍ത്ഥന എന്നു പറയാറുള്ളത്.......വാക്കുകളല്ല, മനോവിചാരങ്ങളാണ് പ്രാര്‍ത്ഥനയില്‍ പരമ പ്രധാനമായിട്ടുള്ളത്.....എല്ലാ മതവിശ്വാസങ്ങളും ദൈവിക കടാക്ഷങ്ങള്‍ക്കായി അവലംബിക്കുന്ന മാര്‍ഗമാണ് പ്രാര്‍ത്ഥന, എങ്കിലും ഓരോ മതവിഭാഗങ്ങള്‍ക്കും പ്രാര്‍ത്ഥനയും, പ്രാര്‍ത്ഥനാ രീതികളും വ്യത്യസ്ഥമാണ്......അതില്‍ നിന്നു തന്നെ മനസ്സിലാക്കാം ആരോടു പ്രാര്‍ത്ഥിക്കുന്നു, എങ്ങനെ പ്രാര്‍ത്ഥിക്കുന്നു, ഏതു മതത്തെ വിശ്വസിക്കുന്നു എന്നതല്ല നമ്മുടെ മനസ്സ് ആ സങ്കല്‍പ്പത്തോട് എത്രമാത്രം നീതിപുലര്‍ത്തുന്നു, വിശ്വാസം അര്‍പ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.......


വിശ്വാസിയും, അവിശ്വാസിയും, പ്രാര്‍ത്ഥിക്കുന്നവനും, പ്രാര്‍ത്ഥിക്കാത്തവനും ദൈവീക സമക്ഷത്തില്‍ തുല്യരാണെന്ന് എല്ലാ മത ഗ്രന്ധങ്ങളും ഉല്‍ഘോഷിക്കുന്നുണ്ട്......പിന്നെന്തിനു ഈ പ്രാര്‍ത്ഥന.......??? സ്വന്തമായി മാനസീകോന്മേഷം ആര്‍ജ്ജിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് പ്രാര്‍ഥനയിലൂടെ അതു സാധ്യമാകുന്നു........തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് താങ്ങായി, തണലായി ഒരാള്‍ ഉണ്ടെന്ന വിശ്വാസം , അതിലൂടെ മനസ്സിനു ലഭിക്കുന്ന അവാച്യമായ ആനന്ദ ഹര്‍ഷം......അതാകണം പ്രാര്‍ത്ഥനയിലൂടെ ഉദ്ദേശിക്കുന്നത്........

Thursday, July 14, 2011

ദാസേട്ടന്


ദാസേട്ടന്


തെളിനീരുറവ പോലെ മാനസീകോ-
ല്ലാസം നല്‍കുന്നൊരു സംഗീതം
അഴകാര്‍ന്ന ശബ്ദവൈചിത്ര്യ താളത്തിലൊഴുകും
പദങ്ങളില്‍ സപ്തസ്വരലയവിന്യാസം
മലയാള നാടിന്റെ ചലച്ചിത്ര ഗാനങ്ങള്‍
ഇടിനാദമുണര്‍ത്തുന്നയീ ഗംഭീര ശബ്ദത്തില്‍
ഹരിതാഭപൂരിതം നാടിന്‍ പ്രകൃതിയില്‍
സുരലോകതുല്യമാം ദിവ്യാനുഭൂതികള്‍
ഭക്തിസുധാമൃത ഗാന തരംഗങ്ങള്‍
രക്തത്തിലേറ്റം ലയിപ്പിച്ച ഗായകന്‍
വയലാറിന്‍ ഭാവന ദേവസംഗീതമായൊഴുകുമ്പോള്‍
ലാവണ്യധാരാദ്യുതി പ്രവാഹത്തില്‍
മുങ്ങിക്കുളിക്കുന്നു ആസ്വാദക വൃന്ദങ്ങള്‍
രവീന്ദ്ര സംഗീത ലളിതസുന്ദര ഗീതങ്ങളില്‍
ശാസ്ത്രീയത്തിലാനന്ദ തേന്‍ നിറക്കുന്നു
സ്വര്‍ഗീയമീ ഗന്ധര്‍വ്വ നാദ പ്രവാഹത്തിന്‍
വഞ്ചിയിലേറി നാം, അനര്‍ഘനിമിഷത്തിന്‍
സപ്തസ്വര സാഗരമെത്ര താണ്ടി നാം
നിത്യവും നവോന്മേഷമേകും നിന്‍
ക്ഷിര സാഗര സ്വരരാഗസുധയെന്നും
ശപ്ത കര്‍ണ്ണത്തിലും തേന്‍ പൊഴിച്ചീടട്ടെ

Tuesday, July 5, 2011

സ്വാര്‍ഥത

സ്വാര്‍ഥത

അകതാരില്‍ എവിടെയോ
നീറുന്ന സ്നേഹത്തിന്റെ
അതിലോല ഭാവം
ആടിത്തിമിര്‍ക്കും
വേഷങ്ങളില്‍
പെയ്തു തീരാത്ത
ഹൃദയത്തിന്റെ ഭാഷ
ഇപ്പോള്‍,
നിസ്വാര്‍ഥനാകാതിരിക്കാന്‍
ശ്രമിക്കയാണു ഞാന്‍
ഒരു മാത്രയെങ്കിലും അതിന്റെ
നോവെന്നെ തിന്നുമ്പോള്‍
ഞാന്‍ ആശ്വസിക്കയാണ്
സ്വാര്‍ഥത എന്നിലില്ലല്ലോ...!!

Tuesday, June 28, 2011

നിശാഗന്ധി



നിശാഗന്ധി


ഞാന്‍ രാത്രിയെ സ്നേഹിക്കുന്നു
അതിന്റെ നനുത്ത മര്‍മ്മരങ്ങളും
ചീവീടുകളുടെ മുഴക്കങ്ങളും എന്നില്‍
പല പല ഭാവങ്ങള്‍ ഉണര്‍ത്താറുണ്ട്
അതായിരിക്കാം എന്റെ മനസ്സെന്നും
രാത്രിയെ ആവാഹിക്കാന്‍ ശ്രമിക്കുന്നത്
എനിക്ക് ബാല്യത്തിലൊരു
ഒരു പക്ഷെ ഇപ്പോഴും അവളെയുള്ളൂ
അന്നവളെന്റെ സ്വകാര്യ സ്വപ്നങ്ങളില്‍
ഒരു നിശാഗന്ധി പൂപോലെ തണുത്ത
നിലാവില്‍ കുളിച്ചു നില്‍ക്കുമായിരുന്നു
വര്‍ഷങ്ങള്‍ പലതും മാറി വന്നെങ്കിലും
എന്റെ മനസ്സ് ഞാനോ,
അവളുടേതവളോ തുറന്നുവെച്ചില്ല
എങ്കിലും ഞങ്ങള്‍ക്കിടയിലൊരു
പ്രണയം മൊട്ടിട്ടു വിടര്‍ന്നിരുന്നു
ഇന്ന് സ്കൂളും, കോളേജും കഴിഞ്ഞ്
പട്ടണത്തിന്റെ ഒരു മൂലയിലിങ്ങനെ
ചടഞ്ഞിരിക്കുമ്പോള്‍
ഒരു നിശാഗന്ധി പൂവായി
അവളെന്നില്‍ വിരിയാറുണ്ട്
പക്ഷെ അവളിന്നൊരു മണവാട്ടിയാണ്
കര്‍ത്താവിന്റെ മണവാട്ടി
അവള്‍ക്കാകുമോ പരിശുദ്ധ
വസ്ത്രത്തിനുള്ളില്‍ നിന്നൊരിക്കലെങ്കിലും
എന്നെ ഓര്‍മ്മിക്കാതിരിക്കുവാന്‍.......

Friday, April 29, 2011

കാന്‍സര്‍

കാന്‍സര്‍

ഞാനിന്ന് അമല മെഡിക്കല്‍ കോളേജില്‍ പോയി.....പോയത് മറ്റൊരു കാര്യത്തിനാനെങ്കിലും, കണ്ണിലുടക്കിയതും, മനസ്സിനെ സ്വാധീനിച്ചതും മറ്റു ചില കാഴ്ചകളായിരുന്നു......കാലത്തിനൊപ്പം നടക്കവെ ഇടറി തളര്‍ന്നു പോയ ഒരുപാട് ജീവിതങ്ങള്‍.......റേഡിയേഷന്‍ തെറാപ്പി റൂമുകള്‍ക്ക് മുന്നില്‍ കാത്തിരിക്കുന്ന കറുത്തു കരുവാളിച്ച മുഖങ്ങള്‍......മുലപ്പാല്‍ നുണയേണ്ട പ്രായത്തില്‍ വേദന സംഹാരികളുടെ കയ്പ്പറിയുന്ന കുരുന്നുകള്‍.....കീമോ തെറപ്പിയുടെ അനന്തര ഫലമായി വികൃതമായ മുഖവും, കൊഴിഞ്ഞു പോയ തലമുടിയും തൂവാല കൊണ്ട് മറച്ചുപിടിച്ച് , ആയുസ്സൊരു ദിവസമെങ്കില്‍ ഒരു ദിവസം നീട്ടി കിട്ടാന്‍ പ്രതീക്ഷയോടെ വീണ്ടും കീമോ തെറാപ്പി ചെയ്യുവാനായെത്തിയവര്‍....... ആശുപത്രി വരാന്തകളിലെ ഉറ്റവരുടേയും, ഉടയവരുടേയും നിശബ്ദമായ പ്രാര്‍ത്ഥനകള്‍........ കണ്ടു നില്‍ക്കുന്നവരുടെ കരളലിയിപ്പിക്കുന്ന കാഴ്ചകള്‍......

കാന്‍സര്‍ - ഒരായിരം സ്വപ്നങ്ങള്‍ക്കുമേല്‍ കണ്ണുനീരിന്റെ പേമാരിയായി തിമിര്‍ത്തു പെയ്യുന്നു.....ലോകത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരുന്നു.......പ്രായ-ലിംഗ വ്യത്യാസമില്ലാതെ ഏവരും ഏതു നിമിഷവും രോഗത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വരുന്നു........ഏതു രോഗവും അവസാനം ചെന്നെത്തുന്നത് കാന്‍സര്‍ എന്ന കടലിലേക്കാണ്.....ആരാണിതിനു ഉത്തരവാധി.....?? എന്താണിതിനൊരു പ്രതിവിധി.....??

Friday, April 1, 2011

ചെമ്പരത്തി



ചെമ്പരത്തി

വാക്കിനാല്‍ തീര്‍ത്ത
വസന്തങ്ങളില്‍
പൂത്ത ചെമ്പരത്തീ
വാക്കൊടുങ്ങിലും
നീ വാടി വീഴാതിരിക്കണം
വേരറ്റ പ്രണയത്തിന്‍ ചുവപ്പുമായ്

ഇനിയെന്റെ പുലരികളില്‍
നീ ചുവന്നു പൂക്കില്ല
എന്റെ ചക്രവാളങ്ങളില്‍
നീ അസ്തമിക്കുമ്പോള്‍
അവശേഷിക്കുന്നത്
ചിതറിയ പ്രണയാക്ഷരങ്ങളില്‍
കുറുങ്ങി മുറിവേറ്റ
പാതി ഹൃദയം മാത്രം

അരുത്,നീ എന്നില്‍ നിറച്ച
സ്നേഹത്തിന്റെ ഒരു കണികപോലും
തിരിച്ചെടുക്കരുത്
അകാരണമായി മഴപെയ്യുന്ന
ഹേമന്ത രാത്രിയില്‍
ഞാന്‍ സ്വസ്ഥമായുറങ്ങട്ടെ

നീയെന്റെ സ്വപ്നങ്ങളില്‍
വിരുന്നു വരിക.......എന്നെ
തഴുകിയുണര്‍ത്തുക....പിന്നെ
എനിക്കു വേണ്ടി മാത്രമൊരു
വസന്തം തീര്‍ക്കുക......!!!

Wednesday, March 30, 2011

സച്ചിന്‍ എന്ന ഇതിഹാസം

സച്ചിന്‍ എന്ന ഇതിഹാസം


ഇന്ന് രാവിലെ എന്നെ ഉറക്കത്തില്‍ നിന്നുണര്‍ത്തിയത് ഒരു സുഹൃത്തിന്റെ എസ് എം എസ് ആയിരുന്നു......അതിന്റെ ഉള്ളടക്കം “”അഫ്രിദി എന്ന പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് , ഇന്നെത്തെ കളിയില്‍ ഇന്‍ഡ്യയെ തോല്‍പ്പിക്കാന്‍ കഴിയണേ എന്ന്......അതിനു മറുപടിയായി ദൈവം പറയുന്നത് ഇന്‍ഡ്യയുടെ ഓപ്പണര്‍ ആയി ഞാന്‍ തന്നെയാണ് ഇന്നിറങ്ങുന്നത്, പിന്നെ എങ്ങനെ നിങ്ങള്‍ ജയിക്കും.....??......

ആരുടേയോ ഭാവനയില്‍ വിരിഞ്ഞ ഈ എസ് എം നിങ്ങളില്‍ പലര്‍ക്കും കിട്ടിക്കാണും (മുന്നെ ഈ എസ് എം എസ് ഫൂട്ബാള്‍ ലോകകപ്പ് നടക്കുമ്പോള്‍ അര്‍ജന്റീന കോച്ച് സാക്ഷാല്‍ മറഡോണയെ കുറിച്ചും വന്നിരുന്നു)......പക്ഷെ മൊഹാലിയിലെ സ്റ്റേഡിയത്തില്‍ ആ എസ് എം എസ് തികച്ചും സത്യമായിരിക്കുന്നു.......സച്ചിനൊപ്പം ഇന്നു ദൈവം തന്നെയാണ് കളത്തിലിറങ്ങിയത് എന്നു വിശ്വസിക്കാതിരിക്കാനാവുന്നില്ല....സച്ചിന
്റെ മൂന്ന് ക്യാച്ചുകളാണ് ഇന്നു പാക്ക് കളിക്കാരുടെ കൈയ്യില്‍ നിന്നു ചോര്‍ന്നു പോയത്....അതു തന്നെയാണ് അവരുടെ വിധിയെഴുതിയതും......അനാവശ്യ അപ്പീലുകള്‍ വിളിച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ പാക്ക് കളിക്കാര്‍ പരമാവധി ശ്രമിച്ചിട്ടും, “”തന്റെ മറുപടി നാവുകൊണ്ടല്ല, ബാറ്റുകൊണ്ടാണെന്നു“” ഒരിക്കല്‍ കൂടി തെളിയിച്ച് 85 റ്ണ്‍സോടെ സച്ചിന്‍ കളിയിലെ കേമനായി......ഇതു ടീം ഇന്‍ഡ്യയുടെ വിജയം.....കോടിക്കണക്കായ ഇന്‍ഡ്യക്കാരുടെ വിജയം.......

രണ്ടാം തിയ്യതി ശ്രീലങ്കയുമായി മുംബയില്‍ വെച്ചു നടക്കുന്ന ഫൈനലിലും ഇന്‍ഡ്യ വിജയിച്ച് ലോക കിരീടം സ്വന്തമാക്കും എന്നു നമുക്ക് പ്രത്യാശിക്കാം.....സച്ചിന്‍ എന്ന ഇതിഹാസത്തിനു വേണ്ടി ധോണിയും സങ്കവും അതു നേടും....ദൈവം അപ്പോളും ഓപ്പണറായി ഇന്‍ഡ്യക്കൊപ്പം ഉണ്ടാക്കും........നമുക്ക് അതിനായി പ്രാര്‍ത്ഥിക്കാം.......





Wednesday, March 23, 2011

ചോദ്യോത്തരങ്ങള്‍


ചോദ്യോത്തരങ്ങള്‍



കാറ്റിലാടുന്ന ഇലതന്‍
മര്‍മ്മരമറിയാതേയും
കുളിര്‍കാറ്റിന്റെ നനുത്ത
തലോടലറിയാതേയും
ഏകനായ്
ഒന്നുമാത്രം തിരയുന്നു
മനസ്സിന്റെ അനന്തതയില്‍
നിന്നുയരുന്ന
ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍......

Sunday, March 6, 2011

ഓര്‍മ്മകള്‍......

ഓര്‍മ്മകള്‍......

ഇളം കാറ്റില്‍ ഇളകിയാടുന്ന ആലിലകളുടെ ഈരടികള്‍.......നടക്കുമ്പോള്‍ പാദം പുതയുന്ന പൂഴിമണ്ണ്......പന്തംകണക്കെ പടര്‍ന്നു കത്തുന്ന കല്‍വിളക്കുകളില്‍ എണ്ണ പകരുന്ന നീണ്ട വിരലുകളുള്ള പെണ്‍കുട്ടി......പ്രദക്ഷിണവഴികളിലൂടെ പ്രാര്‍ത്ഥനയോടെ നടന്നു നീങ്ങുന്ന പ്രായംചെന്നവര്‍........ചുറ്റുവിളക്കിന്റെ നിഴല്‍വീണ വഴികളില്‍ചന്ദനത്തിന്റെ കുളിരും സുഗന്ധവുമുള്ള ഒരുപാട് ഓര്‍മ്മകള്‍.........



വേനല്‍ മഴ.......

നിനച്ചിരിക്കാത്ത സമയത്ത് ഒരു വേനല്‍ മഴ..........ചുട്ടുപഴുത്തു കിടക്കുന്ന ഭൂമിയിലേക്ക് മഴ പെയ്തിറങ്ങിയപ്പോള്‍നനഞ്ഞത് മണ്ണുമാത്രമല്ല.......മനസ്സും കൂടിയാണ്........ ജാലകത്തിനരുകില്‍ കയ്യെത്താ ദൂരത്ത് മഴയെനോക്കിയിരിക്കുമ്പോള്‍ അതു പറയുന്നതുപോലെ തോന്നി.......” ഞാന്‍ പെയ്യുന്നത് നിനക്കുവേണ്ടിയാണ് കുട്ടീ, നിനക്കുവേണ്ടി മാത്രം“........ തപിക്കുന്ന ആത്മാവിനു ഒരു കുളിര്‍ സ്പര്‍ശമായി, സാന്ത്വനമായി ഒരു മഴ.........വേനല്‍മഴ.......


മൌനം.....

വര്‍ഷകാല ആകാശം പോലെ മനസ്സ് മൂടികെട്ടിയിരിക്കുന്നു.......
ചിലപ്പോള്‍ ഇങ്ങനെയാണ്.....
കാര്‍മേഘം മൂടിക്കെട്ടിയ മാനം പോലെയാകും മനസ്സ്........
മൌനം ഉരുണ്ടുകൂടും......
ഉരുണ്ടുകൂടിയ മൌനം കനത്ത് മഞ്ഞായി.....മഴത്തുള്ളിയായി......
ഒന്നു പെയ്തു തോര്‍ന്നെന്കില്‍........!!!



അപ്പൂപ്പന്‍ താടി

ചില്ലുജാലകത്തിനരുകിലിരുന്ന് മുറ്റത്തെ ചെടികളിലേക്കും
പിന്നെ ആകാശത്തിന്റെ അനന്തതയിലേക്കും നോക്കി
പഞ്ഞിക്കെട്ടുപോലെ മനസ്സ് പറന്നുയരാന്‍ വെമ്പുകയാണ്
മല മരത്തിനോട് പറഞ്ഞ, മരം കാടിനോടും, കാട് കാറ്റിനോടും
പറഞ്ഞ കഥകളിലലിഞ്ഞ്........
കടലുകള്‍ താണ്ടി......തട്ടിപ്പില്ലാത്ത ലോകം തേടി.....
കരുണയുള്ള മാനസ്സുകള്‍ തേടി.....കണ്ണുകള്‍ക്ക് വെളിച്ചം തേടി......
കാലുകള്‍ക്ക് വേഗത തേടി....
ഒരു അപ്പൂപ്പന്‍ താടി പോലെ.....അങ്ങനെ.........
അങ്ങനെ.........



ഉത്സവക്കാഴ്ചകള്‍......

ഉരുകിയൊലിക്കുന്ന വേനലിലും ഉത്സാഹം ചോരാത്ത ഉത്സവക്കാഴ്ചകള്‍........
ചമയങ്ങളണിഞ്ഞ്, ചെവികളാട്ടി, കൊമ്പും കുമ്പയും കുലുക്കി, തലയെടുപ്പോടെ
നില്‍ക്കുന്ന ഗജ കേസരികള്‍.......
താള-മേള-വാദ്യക്കാരൊരുക്കുന്ന നാദഗോപുര പെരുക്കങ്ങള്‍.....
ദേശ പ്രൌഢിക്കു പെരുമയേറ്റാന്‍ വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ച ബഹുനില പന്തലുകള്‍........
ആകാശസീമയില്‍ വര്‍ണ്ണ-ശബ്ദ മുഖരിതമായ കരിമരുന്ന് പ്രയോഗങ്ങള്‍.......
ഇവയെല്ലാം ആസ്വദിക്കുന്ന കൌതുക കണ്ണുകള്‍......ആന-പൂര ഭ്രാന്തന്മാര്‍.........
മേള-വാദ്യ ആസ്വാദകര്‍......കച്ചവടക്കാര്‍......ആന പാപ്പാന്മാര്‍,വാദ്യക്കാര്‍,
ഉത്സവ നടത്തിപ്പുക്കാര്‍,ആന-പൂര പ്രേമികള്‍ എന്നിങ്ങനെ പരിചിതരായ മുഖങ്ങള്‍.....
വാഴയില ചീന്തില്‍ പ്രസാദവുമായി നടന്നു നീങ്ങുന്ന ഭക്തര്‍......
പട്ടുപാവാടയും, ധാവണിയും അണിഞ്ഞെത്തുന്ന വെള്ളുവനാടന്‍ പെണ്‍കൂട്ടികള്‍.......
അവരെ കാണാനെത്തുന്ന പൂവാലന്മാര്‍.....വ്യാജനടിച്ച് ഇഴയുന്ന മനുഷ്യ പാമ്പുകള്‍.......
അങ്ങനെ എന്തെല്ലാം എന്തെല്ലാം കാഴ്ചകളാണ്.......!!!






കാത്തിരിപ്പ്.......

നമ്മിലേറെപ്പേരും കാത്തിരിക്കുന്നവരാണ്.....കാത്തിരിപ്പിന്റെ രസം തന്നെയാണ് ജീവിതം.....പ്രതീക്ഷകളില്ലാത്ത മനസ്സ് പാഴ് നിലമാണ്.......കാത്തിരിക്കുവാന്‍ ഒന്നുമില്ലാത്ത മനസ്സ് മരിച്ചവരുടേതിനു സമമാണ്.......

നല്ലകാലത്തിനായി കഠിനപ്രയത്നം ചെയ്യുന്നവര്‍......നല്ല നാളേക്കായി പോരാടുന്നവര്‍......ഒരിക്കലും വരില്ലെന്നുറപ്പുള്ള സൌഭാഗ്യത്തിനായി മുന്നിലെ വഴിയിലേക്ക് കണ്ണുംനട്ടിരിക്കുന്നവര്‍......അങ്ങനെ കാത്തിരിപ്പിനുള്ള കാരണങ്ങള്‍ നീളുകയാണ്......എന്നാല്‍ ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാത്ത കാലം പ്രയാണം തുടരുകയാണ്........കാത്തിരിക്കുന്നവരെ കാലഹരണപ്പെടുത്തികൊണ്ട്, കാലത്തെ പഴിപറയുന്നവരേയും, കാലത്തോട് പടവെട്ടുന്നവരേയും പരിഹസിച്ചുകൊണ്ട് കാലം കടന്നുപോവുകയാണ്.......





Saturday, February 19, 2011

പൈങ്കിളി....



നീ വന്ന് ഈ കൊമ്പില്‍
വിരലൂന്നിയപ്പോള്‍
എന്‍ ഹൃദയം പിടഞ്ഞതേത്
വേദനയാലാവാം....പൈങ്കിളി....??
നിന്നെ പോലൊരുവള്‍
പുസ്തകതാളുകളിലൊളിപ്പിച്ച
മയില്പ്പീലികളില്‍
സ്വപ്നങ്ങളൊരുക്കി
നീലമിഴിയില് പ്രണയം നിറച്ച്
രാധയായി പാറികളിച്ചിരുന്നു
വന ജ്യോത്സ്ന
അവളെ ഇറുകെ പുണര്ന്നു
വസന്തം
അവളില്‍ വര്ണ്ണങ്ങള്‍ നിറച്ചു
ഒരു പുതുമഴ വന്നപ്പോള്‍ അവളൊരു
വേഴാമ്പലിനെ പോലെ പൊട്ടിച്ചിരിച്ചു
പുതുമണ്ണിന്‍ മണം അവളില്‍
ലഹരി നിറച്ചു.....
പറന്നുല്ലസ്സിച്ചവളുടെ
നാണത്തിന്‍ ചിറകുകളോരോന്നായ്
ഉരിഞ്ഞേതോ വേടന്മാര്‍
ചുട്ടെടുത്തതീ
മരത്തിനു കീഴിലായിരുന്നു....

Saturday, February 12, 2011

ഫെബ്രുവരി-14

ചെമ്പനീര്‍ പൂവേ
നീ അന്നേതോ രാവില്‍
നീലമഞ്ഞില്‍ വിരിഞ്ഞെന്‍
കണ്മുന്നില്‍ മിഴിചിമ്മിയോ.....
പൊഴിഞ്ഞുവീഴുന്ന മഞ്ഞുതുള്ളികള്‍
പ്രണയപാരവശ്യത്താല്‍
നിന്റെ ചുവന്ന ദളങ്ങള്‍ക്കുള്ളി-
ലൊളിക്കുവാന്‍ വെമ്പുന്നോ.....
ഓ, മറന്നുപോയി
നാളെയാണല്ലോ അല്ലെ
ആ ദിനം....ഫെബ്രുവരി-14
നിനക്കതിരാവിലെ ഒരുങ്ങണമല്ലൊ
പ്രണയാക്ഷരങ്ങളാല്‍ നിറച്ച ബഹു-
വര്‍ണ്ണപത്രങ്ങള്‍ പലതും ധരിച്ച്
ചിത്രനൂലുകള്‍ കൊണ്ട് ടൈ കെട്ടി
പ്രണയനാടകങ്ങള്‍ക്ക് ചെവിയോര്‍ത്ത്
ആണില്‍ നിന്നു പെണ്ണിലേക്കും
പെണ്ണില്‍ നിന്നു ആണിലേക്കും
പല കൈ മറിഞ്ഞ്
പല മെയ് ഉരുമ്മി
ചവറു കൂനയിലേക്ക്.......
ഇനി ഞാന്‍ തന്നെ മുഴക്കാം
നിന്റെ യാത്രക്കുള്ള ആദ്യ വിസില്‍.....

Sunday, January 30, 2011

വസന്തം


മൌനത്തിന്റെ മഞ്ഞു പടര്‍പ്പിനിടയിലെവിടെയോ
ഇരുന്നാണ് ഞാന്‍ വസന്തത്തെ അറിഞ്ഞത്

എന്നിലെ പ്രണയത്തെ അറിഞ്ഞത്

കണ്ണുകളിലുണരുന്ന കാന്തതരംഗങ്ങളും,
ചുണ്ടുകളില്‍ പടരുന്ന മുന്തിരിചുവപ്പും
അതുവരെയെനിക്ക് അന്യമായിരുന്നു

വസന്തം ഒരു പെരുമഴയായ്
എന്നിലേക്ക് പെയ്തിറങ്ങി
ആ സ്പര്‍ശമേകിയ ഉന്മാദത്തിലതു-
വരെ കാണാത്തൊരു കനി തേടി ഞാന്‍
തണുപ്പുള്ള ആകാശത്തിലൂടെ പറന്നുയര്‍ന്നു.
മഴവില്ലു കവര്‍ന്നു ഛായം മിനുക്കിയ എന്റെ
സ്വപ്നച്ചിറകുകള്‍ കൊണ്ട് അലയൊലികള്‍ തീര്‍ത്തു.

ഏതോ ഒരു നിമിഷത്തില്‍ ഒച്ചയില്ലാത്ത
മഴത്തുള്ളികള്‍ക്കായ് കാതോര്‍ത്തപ്പോള്‍
വേനലിന്‍ വെളുത്തപൂക്കളെ തേടാനായെന്നെ
ഒറ്റക്കു വിട്ടു, നീ മറഞ്ഞിരുന്നു.

എങ്കിലും വസന്തമേ,നീയൊന്നോര്‍ക്കുക
എന്റെ ചിറകടിയില്‍ പൊഴിഞ്ഞുവീണ
ഒരു തൂവല്‍ മതി നിനക്ക് ഈ താഴ്വരയെ
വീണ്ടുമൊരു വസന്തത്തിലാറാടിക്കുവാന്‍
മഴവില്ലുകൊണ്ട് പൂക്കാലമൊരുക്കുവാന്‍

വേനലൊടുങ്ങിയ ഈ ഹൃദയത്തില്‍ നിന്റെ
മഴത്തരികളെ കാത്തുവെക്കാമെങ്കില്‍
എന്തുകൊണ്ടെനിക്കു വിശ്വസിച്ചുകൂടാ
വീണ്ടുമൊരു പുലരിയില്‍ പനിനീര്‍
പൂവിരിയുമെന്നും, അതിന്റെയിതളിലൊരു
ഹിമകണം എനിക്കായ് ചിരിക്കുമെന്നും.....