Saturday, October 9, 2010

താളമേളവാദ്യങ്ങള്‍.......




ഈ ലേഖനം എന്റെ ഒരു സ്വപ്ന സാഫല്യമാണ് എന്ന് ആദ്യമേ അറിയിക്കട്ടെ, ഒരുപാട് കാലമായി എഴുതാന്‍ ആഗ്രഹിക്കുന്ന, എന്നാല്‍ ഈ മേഖലയിലെ അറിവുകളുടെ പരിമിതികള്‍ മൂലം ഇതുവരെ എഴുതുവാന്‍ കഴിയാതെ പോയ ഒരു ലേഖനം......താളമേളവാദ്യങ്ങള്‍ എന്നും എനിക്കു ഹരമായിരുന്നു, ഒരു തരം ലഹരി എന്നു വേണമെങ്കില്‍ പറയാം.......ആ ലഹരിയുടെ മധുരം തേടി അതിലെ സത്തയെ തേടി ഒരുപാട് ഉത്സവപറമ്പുകളിലൂടെ ഞാന്‍ അലഞ്ഞു, ഒരു തീര്‍ത്ഥാടകനായി.......ഉത്സവപറമ്പുകളിലൂടെയൊരു തീര്‍ത്ഥയാത്ര........എല്ലാ വാദ്യോപകരണങ്ങളും പഠിക്കുവാന്‍ സാധിച്ചില്ലെങ്കിലും, ഏതെങ്കിലും ഒരെണ്ണം എങ്കിലും പഠിക്കുവാന്‍ കഴിയുക എന്നത് കുഞ്ഞുനാള്‍ തൊട്ടേയുള്ള ആഗ്രഹമായിരുന്നു, ചില പ്രത്യേക ജീവിത സാഹചര്യങ്ങള്‍ മൂലം ഇതുവരെയും അതൊന്നും സാധിച്ചില്ല.......അതും ഒരു കാരണമായി ഈ ലേഖനം ഇത്രയും വൈകിയതിനു........എന്തായാലും ഇന്നതെ ശുഭമുഹൂര്‍ത്തത്തില്‍ ഞാനിതിനു തുടക്കം കുറിക്കുകയാണ്.......ഒറ്റയിരിപ്പിലോ,ഒരു മാസംകൊണ്ടോ ഇതു തീരും എന്നു പറയാന്‍ കഴിയില്ല........ഞാനിപ്പോളും അന്വേഷണത്തിലാണ്.......കൂടുതല്‍ അറിവുകള്‍ ലഭിക്കുന്നതിനനുസരിച്ച് ഈ ലേഖനത്തില്‍ എഴുതി ചേര്‍ക്കാം എന്നാണ് ഇപ്പോള്‍ കരുതുന്നതു........എല്ലാവരുടെയും സഹകരണവും, പ്രാര്‍ത്ഥനയും കൂടെ ദൈവനുഗ്രഹവും ഉണ്ടെങ്കില്‍ ഈ ലേഖനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്നെനിക്കു പൂര്‍ണ്ണ വിശ്വാസമുണ്ട്........



താളമേളവാദ്യങ്ങള്‍.......


നമുക്കറിയാം താളവാദ്യങ്ങള്‍ ക്ഷേത്ര സംസ്കൃതിയുടെ ഭാഗമാണ്........അതുകൊണ്ടുതന്നെ കല എന്നതിലുപരി ഇതൊരു അനുഷ്ടാനമാണ്, ആരാധനയാണ്, പ്രാര്‍ത്ഥനയാണ്, ഉപാസനയാണ്.........
കുളിച്ച് കുറിതൊട്ട് ചന്ദനലേപനങ്ങള്‍ ചാര്‍ത്തി, മേല്‍ വസ്ത്രം ധരിക്കാതെ കലാകാരന്മാര്‍ നിര്‍വഹിക്കുന്ന താളമേള വിന്യാസങ്ങള്‍ പൂജാരിയുടേത്പോലെ ഒരു താന്ത്രിക കര്‍മ്മം തന്നെയാണ്........കേരളത്തില്‍ ഉത്സവം,പൂരം,വേല തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് വാദ്യമേളങ്ങള്‍ അധികവും അരങ്ങേറുന്നത്.......കേരളത്തിലെ താളവാദ്യകലകളില്‍ ഏറ്റവും മനോഹരവും, ആസ്വാദ്യവുമായിട്ടുള്ളത് ചെണ്ടമേളങ്ങള്‍, പഞ്ചവാദ്യം, തായമ്പക എന്നിവയാണ്.........

മേളങ്ങള്‍ സാധാരണ ശ്രോതാക്കള്‍ക്കു പൊതുവില്‍ ഒന്നാണെന്നു തോന്നിയേക്കാമെങ്കിലും, ശൈലിയിലുള്ള വ്യത്യാസം കൊണ്ടും, താളത്തിന്റേയും, താളം പിടിക്കുന്ന രീതിയുടെയും വ്യത്യസ്തതകൊണ്ടൂം മേളങ്ങള്‍ പലതരം ഉണ്ട്......നമുക്കറിയാം മേളങ്ങളില്‍ പ്രസിദ്ധവും, സര്‍വ്വസാധാരണവുമായത് പഞ്ചാരിയും, പാണ്ടിയും ആണ്.......എന്നാ‍ല്‍ ഇവ
യില്‍ തന്നെ വ്യത്യസ്തമായ മേളശൈലികളും, താളം പിടിക്കുന്ന രീതിയില്‍ വ്യത്യാസവും ഉണ്ട്.......വള്ളുവനാടന്‍, കോഴിക്കോടന്‍, ഏറനാടന്‍, മലമക്കാവ്, തൃശൂര്‍ തുടങ്ങിയ വ്യത്യസ്ഥ വാദന ശൈലികള്‍ കേരളത്തിന്റെ മേളസംസ്കൃതിക്ക് വൈവിദ്യം നല്‍കുന്നു........ഈ ശൈലികളില്‍ ഇന്നു ഏറ്റവും പ്രശസ്തിയില്‍ നില്‍കുന്നത് തൃശൂര്‍ ശൈലിയും , മലമക്കാവു ശൈലിയും (മലമക്കാവു - വള്ളുവനാട് സംയുക്ത ശൈലി എന്നും പറയാം) ആണ്....... അതിനുള്ള പ്രധാന കാരണം ഈ ശൈലികളില്‍ സ്വന്തം ജീവിതം തന്നെ മേള തപസ്യയാക്കിയ ഒട്ടനേകം മഹാരഥന്മാര്‍ ജീവിച്ചിരുന്നു എന്നതാണ്........ഞാനടക്കമുള്ള ഈ തലമുറക്ക് അവരുടെയൊന്നും വാദനം ആസ്വദിക്കുവാനുള്ള ഭാഗ്യം ലഭിച്ചില്ല എങ്കിലും, അവര്‍ കൊളുത്തിവെച്ച വാദ്യമേള
പ്രപഞ്ചങ്ങളുടെ അലയൊലികള്‍ ഇ
ന്നും ക്ഷേത്ര-ഉത്സവപറമ്പുകളില്‍ അവരുടെ പിന്മുറക്കാരാല്‍ അനുഭവിക്കുവാന്‍ സാധിക്കുന്നു എന്നതു തന്നെ മഹാഭാഗ്യം..........തൃപ്പേക്കുളം ഗോവിന്ദമാരാര്‍,ചക്കംകുളം ശങ്കുണ്ണിമാരാര്‍,പെരുവനം നാരായണന്‍ മാരാര്‍,പരിയാരത്ത് കുഞ്ഞന്മാരാര്‍ എന്നിങ്ങനെ പഴയകാല മേള കുലപതികളുടെ പേരുകള്‍ , പ്രായം ചെന്ന മേളാസ്വാദകര്‍ പലരും ഒരു നിര്‍വൃതിയോടെ ഇന്നും ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ നമുക്കുറപ്പിക്കാം അവരൊരുക്കിയ മേള പ്രപഞ്ചത്തിന്റെ വശ്യത.........ഇവരുടെ ശിഷ്യന്മാരും, പിന്‍കാ വാദ്യകുലപതികളുമായ പല്ലാവൂര്‍ അപ്പുമാരാര്‍,തൃപ്പേക്കുളം അച്യുതമാരാര്‍, ചക്കംകുളം അപ്പുമാരാര്‍,പല്ലശ്ശന പദ്മനാഭമാരാര്‍ തുടങ്ങിയവരുടെ മേളപ്പെരുമ ആസ്വദിക്കുവാന്‍ നമ്മളില്‍ പലര്‍ക്കും സാധിച്ചിട്ടുണ്ടാകും........അവരെല്ലാം തൃശ്ശൂര്‍ ശൈലിയുടെ വക്താക്കളാണ്.......ഇവരുടെ പിന്മുറക്കാരാണ് ഇപ്പോളത്തെ മേള പ്രമാണികളായ കിഴക്കൂട്ട് അനിയന്‍ മാരാര്‍, പെരുവനം കുട്ടന്‍ മാരാര്‍, കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍,ചെറുശ്ശേരി കുട്ടന്‍ മാരാര്‍ തുടങ്ങിയവര്‍ ...... ഇവരുടെ സമകാലികനായ, എന്നാല്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ അധികകാലം വിരാചിക്കുവാന്‍ കഴിയാതെ മരണം കവര്‍ന്നെടുത്ത മഹാനായൊരു കലാകാരന്‍ കൂടിയുണ്ട് കാച്ചാംകുറിശ്ശി കണ്ണന്‍ മാരാര്‍, ത്രൂശ്ശൂര്‍ പൂരം അടക്കം പല പൂരത്തിന്റെയും പ്രമാണം അലങ്കരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ മേളങ്ങളാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്........കാച്ചാം കുറിശ്ശി - കിഴക്കൂട്ട് - കേളത്ത് അതായിരുന്നു എന്റെ പ്രിയ മേളക്കൂട്ട്, ഇന്നതു കിഴക്കൂട്ട് - കേളത്ത് - ചേരാനെല്ലൂര്‍ ആയിട്ടുണ്ട് എന്നു മാത്രം .......


മലമക്കാവ് - വള്ളുവനാട് ശൈലിയുടെ വക്താക്കളില്‍ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച കലാകാരന്‍ ആലിപറമ്പ് ശിവരാമ പൊതുവാള്‍ ആയിരിക്കും എന്നു തോന്നുന്നു....... തൃത്താല
കേശവപൊതുവാള്‍ ആണ് ഈ ശൈലി ആവിഷ്കരിച്ചത് എന്നാണ് കേട്ടിരിക്കുന്നത്.......പോരൂര്‍ അപ്പുമാരാര്‍, സദനം വാസുദേവന്‍ നായര്‍, പൂക്കാട്ടിരി ദിവാകര പൊതുവാള്‍ , കല്ലൂര്‍ രാമന്‍ കുട്ടിമാരാര്‍,
കലാമണ്ഡലം ഹരിദാസ്, പനമണ്ണ ശശി,പോരൂര്‍ ഹരിദാസ് തുടങ്ങിയവരും ഈ ശൈലിയിലെ പ്രശസ്തരാണ്........മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ ശൈലി ഇതാണെന്നും, അല്ലെന്നും രണ്ട് ശ്രുതികള്‍ കേള്‍ക്കുന്നു, അതിനെക്കുറിച്ച് ആധികാരികമായി പറായാനുള്ള ജ്ഞാനം എനിക്കും ഇല്ല.....പലയിടത്തും കണ്ടിരിക്കുന്നത് അതാതു സ്ഥലങ്ങളിലെ ട്രെന്റിനനുസരിച്ച് കൊട്ടുന്നതാണ് ,അതുകൊണ്ട് തന്നെ അദ്ദേഹത്തിനും ഏതു ശൈലിയുടെ വക്താവാണ് താനെന്ന് പറയാന്‍ കഴിയും എന്നു തോന്നുന്നില്ല ....ഒരാസ്വാദകന്‍ എന്ന നിലയില്‍ മട്ടന്നൂരിന്റെ മേളത്തോട് എനിക്കു താല്പര്യം കുറവാണ്........അദ്ദേഹത്തിന്റെ തായമ്പകള്‍ ആദ്യമൊക്കെ എനിക്ക്
ഹരമായിരുന്നു.......ഇപ്പോളത്ര താല്പര്യം തോന്നാറില്ലെങ്കിലും, റോസ് പൌഡറൊക്കെയിട്ട്, മുഖത്ത് നവരസങ്ങളുമായി അച്ഛനും മക്കളും അരങ്ങത്ത് നിന്നാല്‍ അതൊരു കാഴ്ചതന്നെയാണ്........


താളത്തിന്റേയും, താളം പിടിക്കുന്ന
രീതിയുടേയും അടിസ്ഥാനത്തില്‍ മേളങ്ങള്‍ ഏഴുതരം ഉണ്ടത്രെ........പഞ്ചാരി, പാണ്ടി, ചെമ്പട, അഞ്ചടന്ത, അടന്ത, ധ്രുവം, ചമ്പ ....... അടിസ്ഥാന താളത്തിന്റെ അക്ഷരകാല സംഖ്യ അനുസരിച്ചാണ് ഇവയെ വേര്‍ തിരിക്കുന്നത്, പല കാലങ്ങളിലായി കൊട്ടി വരുന്ന മേളങ്ങളില്‍ അവസാന കാലത്തിലാണ് മൌലിക താളത്തിന്റെ അക്ഷരകാല സംഖ്യ പ്രകടമാകുന്നത്......... 6, 7, 8, 10 അക്ഷരകാലങ്ങളിലാണ് വ്യത്യസ്തമേളങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളത്. പഞ്ചാരിക്കു 6ഉം , പാണ്ടി , അടന്ത എന്നിവക്ക് 7 വീതവും, ചെമ്പട, അഞ്ചടന്ത എന്നിവക്ക് 8 വീതവും, ചമ്പക്ക് 10ഉം എന്നിങ്ങനെയാണ് അവസാന കാലങ്ങളിലെ അക്ഷരകാല കണക്ക്...... ധ്രുവം മേളത്തിനു 7ന്റെ ഇരട്ടിയായ 14 അക്ഷര കാലത്തിലാണ് അവസാനത്തെ കാലം. ഈ അക്ഷര കാലങ്ങളെ ഇരട്ടിപ്പിച്ചാണ് മേളങ്ങള്‍ക്ക് വ്യത്യസ്ത കാലഘടനകളുണ്ടാക്കുന്നത്. നിലവിലുള്ള സംവിധാനത്തില്‍ പാണ്ടിക്കു 14ഉം, പഞ്ചാരിക്കു 96ഉം, ചമ്പക്ക് 80ഉം, ചെമ്പടക്കും, അഞ്ചടന്തക്കും 64ഉം, അടന്തക്കും , ധ്രുവത്തിനും 56 വീതവും അക്ഷരകാലങ്ങളാണ് ഒന്നാം ഘട്ടത്തിലുള്ളത്..........


ഈ അക്ഷരകാലങ്ങളുടെ ദൈര്‍ഘ്യത്തില്‍ താളവട്ടങ്ങള്‍ ആവര്‍ത്തിക്കുകയും, കലാശിക്കുകയും, വ്യത്യസ്ത ഘട്ടങ്ങള്‍ കടന്ന് അവസാന കാലത്തിലെത്തുകയും, ക്രമേണ കാലം മുറുകി സ്ഥാപിക്കുകയും ചെയ്യുന്ന രീതിയാണ് എല്ലാ മേളങ്ങള്‍ക്കും ഉള്ളത്.........ചെണ്ട, വലന്തല, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവയാണ് മേളത്തിലെ വാദ്യങ്ങള്‍......ഒരു ചെണ്ടക്ക് രണ്ടു വലന്തല, ഒരു ഇലത്താളം, ഒരു കൊമ്പ്, ഒരു കുഴല്‍ ഇതാണ് മേള വാദ്യങ്ങളുടെ എണ്ണത്തിലെ കണക്ക്, ഈ കണക്കനുസ്സരിച്ച് ഉരുട്ടു ചെണ്ടയുടെ എണ്ണത്തിനനുസരിച്ച് ബാക്കിയെല്ലാ
ത്തിന്റെയും എണ്ണം കണക്കാക്കിയാണ് പങ്കെടുക്കുന്നവരുടെ എണ്ണം നിശ്ചയിക്കുന്നത്, 15 ഉരുട്ടു ചെണ്ടക്കനുസരിച്ച് 90 പേരുടെ മേളം ആയാല്‍ അതൊരു ശരാശരിക്കു മുകളിലുള്ള മേളം ആയി, അതു 250ലധികം പേരുടേതാകുമ്പോള്‍ ഗംഭീരം ആകുന്നു..........തൃശ്ശൂര്‍ ഇലഞ്ഞിത്തറ മേളം, ആറാട്ടുപുഴ - പെരുവനം മേളങ്ങളൊക്കെ ഇത്തരത്തില്‍ പെട്ടതാണ്..........


പാഞ്ചാരിയുടെ വാദനം രൂപക താളത്തിലാണ്. ഇതു ക്ഷേത്രത്തിനുള്ളില്‍ അനുഷ്ടാന കലയായി ഉപാസിക്കുന്നതാണ്........പാഞ്ചാരിയല്ലാത്തതെല്ലാം പാണ്ടിയെന്നു പൊതുവില്‍ പറയും, കാരണം ബാക്കിയെല്ലാം ക്ഷേത്ര മതില്‍ക്കു പുറത്തെ ചെയ്യുക പതിവുള്ളൂ‍.........ഇവയുടെ താളക്രമങ്ങള്‍ അനുഷ്ടാന മേളങ്ങളുടേതല്ല എന്നാണ് വെയ്പ്പ്.........എന്നാല്‍ യഥാര്‍ത്ഥത്തില്‍ താളവിന്യാസങ്ങളുടെ ഘടനയിലുള്ള വ്യത്യാസം കൊണ്ട് പാണ്ടിയാണ് മറ്റു മേളങ്ങളില്‍ നിന്നും വേറിട്ടു നില്‍കുന്നതത്രെ.......പാണ്ടിമേളത്തെ ഒരൊറ്റയാന്‍ മേളം എന്നു പറയാം.......പാണ്ടിയുടെ പ്രൌഡഗംഭീരമായ “ കൊലുമ്പല്‍ “ എന്ന പ്രാരംഭ ചടങ്ങ് ശ്രദ്ധിച്ചാല്‍ തന്നെ ഏതൊരാള്‍ക്കും പാണ്ടിയെ പെട്ടെന്ന് തിരിച്ചറിയാം.........
ഈ ഒരു പ്രത്യേകത കൊണ്ടു തന്നെ മറ്റുക്ഷേത്ര മതില്‍ക്കകത്തൊന്നും പതിവില്ലാത്ത പാണ്ടിമേളം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കൊട്ടാറുണ്ട്.........എന്നാല്‍ ക്ഷേത്ര മതിലിനപ്പുറം നടക്കുന്ന പൂര - വേലകല്‍ക്കും, താലപ്പൊലികള്‍ക്കും സാധാരണയായി നടത്തുന്നധികവും പാണ്ടിമേളം ആണ്.........തുടക്കത്തില്‍ നിന്നും അനുക്രമമായി കാലം മുറുകി കലാശിക്കുന്ന ഏകമേളവും പാണ്ടിതന്നെ..........ചെമ്പടമേളം എന്ന പൂര്‍വ്വാംശം കഴിഞ്ഞു മാത്രമേ പാണ്ടിമേളം തുടങ്ങാറുള്ളൂ‍.........എന്നാല്‍ പെരുവനം പൂരത്തോടനബന്ധിച്ചുള്ള ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പിനോടോപ്പമുള്ള പാണ്ടിമേളത്തിനു മാത്രം ചെമ്പട പൂര്‍വാംശമായി കൊട്ടുന്ന പതിവില്ല..........


പാണ്ടിയുടെ സവിശേഷത അതിന്റെ പ്രൌഡഗാംഭീര്യം ആണെങ്കില്‍, പാഞ്ചാരിയുടേത് അതിന്റെ ശാലീന സൌന്ദര്യമാണ്..........വശ്യമോഹനവും, ലാസ്യരസപ്രധാനവുമായ ഒരു വിശിഷ്ടമേളം ആണ് പഞ്ചാരി, അതുകൊണ്ടു തന്നെ “ മേളങ്ങളുടെ രാജാവ് “ എന്നാണ് പഞ്ചാരി അറിയപ്പെടുന്നത്........”പഞ്ചാരി തുട
ങ്ങിയാല്‍ അഞ്ചു നാഴിക” എന്നാണ് പ്രമാണം, കാരണം മറ്റു മേളങ്ങളില്‍ നിന്നും വ്യത്യസ്തമായി 5 കാലങ്ങളിലായാണ് പഞ്ചാരി അവതരിപ്പിക്കുന്നത്..........ചമ്പുകര്‍ത്താവായ മഴമംഗലത്ത് നമ്പൂതിരിയുടെ വംശ പരമ്പരയില്‍പെട്ട, നല്ലൊരു മേളാസ്വാദകന്‍ കൂടിയായ ഒരു നമ്പൂതിരിയുടെ സംവിധാനത്തില്‍ ചരിത്ര പ്രസിദ്ധമായ പെരുവനം പൂര ദിവസം ക്ഷേത്രനടവഴിയില്‍(ഇന്നും പ്രശസ്തമായ പെരുവനം പൂരത്തിന്റെ മേളം നടക്കുന്ന നടവഴിയില്‍) വെച്ച് ആദ്യമായി പഞ്ചാരിമേളം അവതരിപ്പിച്ചു എന്നാണ് ഐതിഹ്യം..........എന്നാല്‍ പാണ്ടിമേളത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് വ്യക്തമായ രേഖകളൊന്നും ഇല്ലെന്നാണ് കേട്ടിരിക്കുന്നത്...........



ഇപ്പോള്‍ തല്‍കാലം നിര്‍ത്തട്ടെ........അഭിപ്രായങ്ങളും, തെറ്റുകളും ദയവായി അറിയിക്കുക..........