Monday, July 26, 2010

എന്റെ പൂരക്കാഴ്ചകള്‍ മൂന്നാം ഭാഗം



ചെട്ടിക്കുളങ്ങര ഭരണി









ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്

Thursday, July 8, 2010

എന്റെ പൂരക്കാഴ്ച്ചകള്‍ രണ്ടാം ഭാഗം


എന്റെ പൂരക്കാഴ്ച്ചകള്‍ .....

എന്ന ലേഖനത്തിന്റെ ("http://subinn.blogspot.com/2008/06/ente-poorakaazhchakal.html" ) രണ്ടാം ഭാഗം ഇവിടെ തുടങ്ങുകയാണ്..........ആദ്യ ഭാഗം വായിച്ച് നേരിട്ടും,അല്ലാതെയും അഭിപ്രായം അറിയിച്ച പ്രിയ വായനക്കാരുടെയും, പൂരകമ്പക്കാരുടേയും പ്രോത്സാഹനമാണ് ഈ ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്....... ഈ കഴിഞ്ഞ പൂരക്കാലം എന്നെ സമ്പന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരുപാട് നല്ല അനുഭവങ്ങള്‍ ‍സമ്മാനിച്ചാണ് കടന്നു പോയത്...........ആ അനുഭവങ്ങളെ കുറിച്ച് വിശദമായി പിന്നീടൊരിക്കല്‍ പറയണം എന്നുണ്ട്..........സമയവും,സന്ദര്‍ഭവും ഒത്തുചേരുമ്പോള്‍ തീര്‍ച്ചയായും ഈ ബ്ലോഗിലൂടെ അതെല്ലാം നിങ്ങളുമായി പങ്കുവെക്കാം.........

പതിവു പോലെ ശ്രീ വില്വദ്രിനാഥന്റെ നിറമാലയില്‍ തുടങ്ങി, കണ്ണമ്പ്ര വേലയില്‍ തന്നെയാണ് എന്റെയും പൂരക്കാലം അവസാനിച്ചതെങ്കിലും, ഈ കഴിഞ്ഞ പൂരക്കാലത്ത് എനിക്കു പങ്കെടുക്കാന്‍ കഴിഞ്ഞ പൂരങ്ങള്‍ വളരെ കുറഞ്ഞു, അതിലെ ഏറ്റവും വലിയ നഷ്ടം നെമ്മാറ വേല തന്നെ......ഞാനൊരുപാട് ആഗ്രഹിച്ചിരുന്ന കാഴ്ച, നമ്മടെ പ്രിയപ്പെട്ട ശിവന്‍ വല്ലങ്ങിയുടെ പൊന്‍ തിടമ്പുമായി നില്‍ക്കുന്നത്, അതു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല..........ഇതുവരെ കാണാത്ത എറണാംകുളം, ആലപ്പുഴ ജില്ലകളിലെ ചില പൂരങ്ങളില്‍ ഈ വര്‍ഷം പങ്കെടുക്കാന്‍ സാധിച്ചു എന്നത് വളരെ ഭാഗ്യമായി കണക്കാക്കുന്നു........... ഒരു സ്വപ്ന സാഫല്യം പോലെ ചെട്ടികുളങ്ങര ഭരണിയോടനുബന്ധിച്ച് ഹരിപ്പാട്, ഓച്ചിറ, മണ്ണാറശാല, മവേലിക്കര ശ്രീ കൃഷ്ണ ക്ഷേത്രം,കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ പോകാന്‍ അവസരം ലഭിച്ചു...........അതിലും വലിയ ഭാഗ്യമായി തോന്നുന്നത് ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന ഫോട്ടോ എടുക്കാനുള്ള അവസരം ലഭിച്ചതാണ്........ കര്‍ശന സുരക്ഷയുടെ ഭാഗമായി ഫോട്ടോ എടുക്കുന്നതില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പലവട്ടം വിലക്കുകയും, തള്ളിമാറ്റുകയും, എന്റെ കാമറ പിടിച്ചു വാങ്ങുക കൂടി ചെയ്തു..........പിന്നീടൊരു നിമിത്തമായി ഒരു ക്ഷേത്ര ജീവനക്കാരന്‍ , പത്രപ്രവര്‍ത്തകര്‍ നില്‍കുന്നിടത്തു പോയി ഫോട്ടോ എടുക്കാന്‍ അനുവധിക്കുകയായിരുന്നു.........ആ ഫോട്ടോ അടക്കം , ഞാനെടുത്ത കുറച്ചു ഫോട്ടോസ് ഇത്തവണ നെമ്മാറ ദേശത്തിന്റെ കലണ്ടറില്‍ അച്ചടിച്ചു വന്നിട്ടുണ്ട്, അതു കാണുമ്പോള്‍ സത്യത്തില്‍ വല്ലാത്തൊരു സന്തോഷം ആണ്..........ഇനിയും അതുപോലുള്ള നല്ല മുഹൂര്‍ത്തങ്ങള്‍ ജീവിതത്തിലുണ്ടാകണെ എന്ന പ്രാര്‍ത്ഥനയോടെ....ആ ഒരു കാര്യം പറയാന്‍ മറന്നു,നമ്മടെ ലൂമിക്സ് കാമറയുമായി ആദ്യമായി ഞാന്‍ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് പോകുന്നതും ഈ വര്‍ഷമാണ്.......കൊടിയേറ്റവും, സാമ്പിള്‍ വെടിക്കെട്ടും എല്ലാം മുന്‍പും എടുത്തിട്ടുണ്ടെങ്കിലും പൂരം പകര്‍ത്തുന്നത് ആദ്യമാണ്.....അത്യാവശ്യം കുഴപ്പമില്ലാത്ത കുറച്ച് ഫോട്ടോസ് കിട്ടിയിട്ടുണ്ട് എന്ന് പറയാം.......ഇനി നമുക്ക് പൂര വിശേഷങ്ങള്‍ ഓരോന്നായി തുടങ്ങാം അല്ലെ.........?? ആദ്യം ഭൂമിയിലെ ദേവസംഗമത്തെ പറ്റി തന്നെ ആവാം........


ആറാട്ടുപുഴ പൂരം


മകരക്കൊയ്ത്തു കഴിഞ്ഞാല്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ വയലേലകള‍ധികവും പൂരപ്പാടങ്ങളായി മാറുകയാണ് പതിവ്.....കേരളത്തിലെ തന്നെ പ്രശസ്തമാ‍യ പല പൂരങ്ങളും പെയ്തിറങ്ങുന്നത് ഈ വയലുകളിലാണ്...... നെമ്മാറ വല്ലങ്ങി,ഉത്രാളിക്കാവ്,അന്തിമാളന്‍ കാവ്........അങ്ങനെ ഒരു നീണ്ട നിര തന്നെ നമുക്കു കാണാവുന്നതാണ്......അതില്‍ ചിരപുരാതനവും,ചരിത്ര പ്രസിദ്ധവും,ആചാരാനുഷ്ടാനങ്ങളാല്‍ സമ്പന്നവുമായ ഒരു പ്രധാന പൂരമാണ് ഭൂമിയിലെ ദേവമേള എന്ന പേരില്‍ അറിയപ്പെടുന്ന ആറാട്ടുപുഴ പൂരം.............

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പ്രതിപാധിച്ചിട്ടുള്ള ഈ പൂരം, എല്ലാ വര്‍ഷവും മീനമാസത്തിലെ പൂരം നാളിലാണ് കൊണ്ടാടുന്നത്......... മീന മാസത്തിലെ പൂരം നാള്‍,പല പ്രധാന പൂ

രങ്ങളും ആഘോഷിക്കുന്ന സുദിനം കൂടിയാണ്........ തിരുമന്ധാംകുന്നിലെ ഏഴാം പൂരം,ചേര്‍ത്തല പൂരം,കാവശ്ശേരി പൂരം അങ്ങനെ ഒരുപാട് പ്രശസ്തമായ പൂരങ്ങള്‍ അന്നെ ദിവസം നടക്കുന്നുണ്ട്......അതുകൊണ്ടു തന്നെ ഈ പൂരങ്ങളില്‍ രണ്ടില്‍ കൂടുതല്‍ ഒരേ ദിവസം കാണാന്‍ കഴിയുക എന്നത് ജീവിതത്തിലെ മറക്കാന്‍ കഴി

യാത്ത ഒരു അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല.......എന്റെ ഇത്തവണത്തെ പൂരം കാണല്‍ അങ്ങനെ ആയിരുന്നു, തിരുമാന്ധാംകുന്നിലും, കാവശ്ശേരിയിലും പോയി ആണ് രാത്രിയില്‍ അപ്രതീക്ഷിതമായി ഞാന്‍ ആറാട്ടുപുഴയിലെത്തുന്നത്.......25 നു പെരുവനം പൂരത്തിനു തുടങ്ങിയ ഉറക്കമൊഴിക്കല്‍, 26ഉം, 27നും തിരുമാന്ധാം കുന്നിലും, അന്തിമാളനിലും ആയി തുടര്‍ന്നതോടെ ക്ഷീണം കൊണ്ട് 28നു ആറാട്ടുപുഴ പൂരത്തിനു ഞാന്‍ പോണില്ല എന്നു വിചാരിച്ചതാണ് .... പക്ഷെ എറണാംകുളത്തു നിന്നുള്ള പ്രിയ സുഹൃത്തുക്കള്‍ രാത്രിയില്‍ തൃശൂരില്‍ വന്നു കൊണ്ടു പോ‍വാം എന്നു പറഞ്ഞ് വിളിച്ചതോടെ, തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങാതിരിക്കാന്‍ എനിക്കായില്ല.......അങ്ങനെ അവരോടൊപ്പം ആറാട്ടുപുഴയിലേക്ക്......പൂരം മുഴുവനായി ആസ്വദിച്ച് പിറ്റേന്നു രാവിലെ 11 മണിയോടെ ഉറങ്ങാന്‍ കിടന്ന ഞാന്‍ എണീക്കുന്നതു രാത്രി 9നു ശേഷം ആയിരുന്നു.....ജീവിതത്തില്‍ ഇന്നു വരെ അതുപോലെ അന്തം വിട്ട് ഞാന്‍ ഉറങ്ങിയിട്ടില്ല...സുഖ നിദ്ര..ഹി ഹി


1428 -ാമത് ആറാട്ടുപുഴ പൂരം ആണ് ഈ വര്‍ഷം (2010) മാര്‍ച്ച് 28 ന് ആഘോഷിച്ചത്. ഭൂമിയിലെ ദേവസംഗമം എന്ന് പുകള്‍പെറ്റ ആറാട്ടുപുഴ പൂരത്തിനു ഇപ്പോള്‍ 23 ദേവീദേവന്മാര്‍ ആണ് പങ്കെടുക്കുന്നത്.....ആറാട്ടുപുഴ ശാസ്താവ്, തൃപ്രയാര്‍ തേവര്‍, ഊരകത്തമ്മത്തിരുവടി, ചേര്‍പ്പ് ഭഗവതി, ചാത്തക്കുടം ശാസ്താവ്, അന്തിക്കാട്

ഭഗവതി, തോട്ടിപ്പാള്‍ ഭഗവതി

, പിഷാരിക്കല്‍ ഭഗവതി, എടക്കുന്നി ഭഗവതി, അയ്യുന്നില്‍ ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പുനിലാര്‍ക്കാവില്‍ ഭഗവതി, കാട്ടുപിഷാരിക്കല്‍ ഭഗവതി, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂര്‍ ശാസ്താവ്, നാങ്കുളം ശാസ്താവ്, ശ്രീമാട്ടില്‍ ശാസ്താവ്, നെട്ടിശ്ശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, ചിറ്റിച്ചാത്തകുടം ശാസ്താവ്, മേടംകുളം ശാസ്താവ് എന്നിവരാണ് ഇപ്പോള്‍ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്ന ദേവീ-ദേവന്‍മാര്‍....... ഇന്നു തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പല തട്ടകക്കാരും മുന്‍പ് ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായിരുന്നു എന്നാണ് പറഞ്ഞുകേള്‍ക്കുന്നത്......


അസ്തമനം കഴിഞ്ഞ് ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നള്ളിപ്പോടെയാണ് പൂരം തുടങ്ങുന്നത്.......രാത്രി വിടവാങ്ങുകയും,പുലരി വിടരാന്‍ തുടങ്ങുകയും ചെയ്യുന്ന ദിവ്യ മുഹൂര്‍ത്തത്തില്‍ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പോടെയാണ് പൂരം അവസാനിക്കുന്നത്......വാക്കുകള്‍ക്കതീതമായ ഒരു അനുഭവമാണ് പുലര്‍കാലത്തെ ഈ കൂട്ടിയെഴുന്നള്ളിപ്പ് എന്ന ദേവസംഗമം.........

ആറാട്ടുപുഴപൂരത്തി-
ലാറാടുന്നോര്‍ക്കനാരതം
ആറാമിന്ദ്രിയസൌഭാഗ്യ-
മേറാമായുസ്സറുംവരെ

എന്നാണ് ചൊല്ല്.......

സാക്ഷാല്‍ വടക്കുംനാഥന്റെ നിര്‍ദേശപ്രകാരം ആറാട്ടുപുഴ പൂരത്തിനെത്തിയ വില്വമംഗലം സ്വാമിയാര്‍ക്ക് കൂട്ടിയെഴുന്നള്ളിപ്പ് സമയത്ത് വൈകുണ്ടത്തിലെ അനന്തശായിയായ മഹാവിഷ്ണുവിന്റെ ദര്‍ശനം ലഭിച്ചു എന്നാണ് ഐതിഹ്യം.......സന്തോഷം കൊണ്ട് മതിമറന്ന സ്വാമിയാര്‍ പൂരപ്പാടത്തെ മണ്ണു വാരി ശിരസ്സിലിട്ടു ഇപ്രകാരം അരുളിചെയ്തുവത്രെ........ഈ ഭൂമി വളരെ പരിപാവന
മാണെന്നും, കൂട്ടിയെഴുന്നള്ളിപ്പ് സമയത്ത് ഭൂമിദേവി(സീത) സമേതനായ തൃപ്രയാര്‍ തേവരെ പ്രദക്ഷിണം ചെയ്തു തൊഴുന്നത് മോക്ഷദായകമാണെന്നും.........

മീനമാസത്തിലെ മകയീരം നാളിലെ കൊടിയേറ്റത്തോടെയാണ് ആറാട്ടുപുഴ പൂരം ആരംഭിക്കുന്നത്........തിരുമന്ധാംകുന്നിലെ പൂരപ്പുറപ്പാടും ഇതേ ദിവസം തന്നെയാണ്........കൊടിയേറ്റിയ ശേഷം വാദ്യഘോഷങ്ങളോ, ചമയങ്ങളോ ഇല്ലാതെ കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഒരു ഗജവീരനെ ഏഴുകണ്ടം അതിര്‍ത്തി വരെ ആനയിച്ച്, അവിടെ വെച്ച് പൂരപ്പുറപ്പാട് ഉല്‍ഘോഷിക്കുന്നതിന്റെ ഭാഗമായി ശംഖുധ്വനി മുഴക്കുകയും, പിന്നീട് തൃപുട താളത്തില്‍ വാദ്യഘോഷങ്ങളോടെ തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയും
ചെയ്യുന്നതോടെ ദേശം അക്ഷരാര്‍ത്ഥത്തില്‍ പൂരത്തിനായി ഒരുങ്ങുകയും ചെയ്യുന്നു.......... പിറ്റേന്ന് വെളുപ്പിനു തന്നെ ക്ഷേത്രമതിലകത്ത് തിമലപാണി കൊട്ടി ആരംഭിക്കുന്ന തിരുവാതിര വിളക്ക് , ചെമ്പടയുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളുന്നു......... പിന്നീട് ആചാരങ്ങള്‍ക്കനുസ
രിച്ച് കലാശിക്കുന്നു....... വൈകീട്ട് അഞ്ചാനകളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ശാസ്താവിന്റെ പ്രൌഢഗംഭീരമായ എഴുന്നള്ളിപ്പിനു പാഞ്ചാരിമേളം അതിന്റെ സമസ്തഭാവങ്ങളോടേയും കൊട്ടിക്കലാശിക്കുന്നു........ പുണര്‍തം നാളില്‍ ആറാട്ടുപുഴ ശാസ്താവിന്റെ തൈക്കാട്ടുശ്ശേരിയിലേക്കും, നറുകുളങ്ങരയിലേക്കും , അവിടുന്ന് തിരിച്ചും ഉള്ള എഴുന്നള്ളിപ്പുകള്‍ കാണേണ്ട കാഴ്ചകളാണ്..........ലക്ഷണ തികവുള്ള ഗജവീരന്മാരെയും, മേള-വാദ്യ രംഗത്തെ വിദഗ്ദരെയും മാ
ത്രം അണിനിരത്തുന്നു എന്നതു കൊണ്ട് തന്നെ ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ചുള്ള എല്ലാ എഴുന്നള്ളിപ്പുകള്‍ക്കും മാറ്റ് ഏറെയാണ്........

പെരുവനം പൂരം
പൂയ്യം നാളില്‍ നാഗസ്വരത്തിന്റെ അകമ്പടിയോടെ സര്‍വ്വാഭരണവിഭൂഷിതനായി
ശാസ്താവ് ഗ്രാമക്ഷേത്രം നിലകൊള്ളുന്ന പെരുവനത്തേക്ക് എഴുന്നള്ളുന്നു.......വൈകുന്നേരം നാലുമണിയോടെ തുടങ്ങുന്ന എഴുന്നള്ളിപ്പ് സന്ധ്യയോടെ പെരുവനം ക്ഷേത്രത്തിന്റെ തെക്കെനടയില്‍ ഏഴു ഗജവീരന്മാരുടെ അകമ്പടിയോടെ അണിനിരക്കുമ്പോള്‍, പാഞ്ചാരിമേളത്തിന്റെ ഈറ്റില്ലമായ ആ ഗ്രാമവും, ആസ്വാദകരും മേളപെരുമഴയില്‍ ആറാടുവാന്‍ ഒരുങിയിട്ടുണ്ടാകും.........നൂറ്റമ്പതോളം കലാകാരന്മാര്‍ അണിനിരക്കുന്ന ഈ മേളം അനുഭവിച്ചറിയേണ്ട, വാക്കുകള്‍ക്കതീതമായ ഒന്നാണ്......

പെരുവനം പൂരത്തോടനുബന്ധിച്ചുള്ള ഭക്തി സാന്ദ്രമായ, ആകര്‍ഷകമായ, അനുപമമായ ഒരു എഴുന്ന
ള്ളിപ്പാണ് ഊരകത്തമ്മതിരുവടിയുടേത്.......... ഊരകത്തമ്മയുടെ മകയീരം നാളിലെ ചെമ്പടകൊട്ടി പടിഞ്ഞാറെ ഗോപുരം വഴിയുള്ള പ്രൌഢഗംഭീരമായ എഴുന്നള്ളിപ്പിന് പൊലിസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിക്കുന്ന പതിവുണ്ട്....... അത്യാകര്‍ഷകമായ ഊരകത്തമ്മയുടെ പെരുവനം പൂരത്തിനുള്ള എഴുന്നള്ളിപ്പ് പൂരകാഴ്ചകളിലെ മനോഹര നിമിഷങ്ങളില്‍ ഒന്നാണെന്ന് പറയാതിരിക്കനാവില്ല........തെച്ചി പൂക്കള്‍ കൊണ്ടു മാത്രം അലങ്കരിച്ച സ്വര്‍ണ്ണ കോലത്തില്‍, അമ്മത്തിരുവടിയുടെ സ്വര്‍ണ്ണ തിടമ്പുമേന്തി മാതംഗ കേസരി ശിവസുന്ദര്‍ പാര്‍വതീ ദേവിക്ക് അഭിമുഖമായി പെരുവനം നടവഴിയില്‍ നില്‍ക്കുമ്പോള്‍..........ഊരകത്തമ്മ തിരുവടി, വാഴ്വിനിതു മോക്ഷ തിരുവടി... എന്ന ഭക്തിഗാന വരികള്‍ നമ്മള്‍ സ്വയം അനുഭവിച്ചറിയും............
പെരുവനത്തിന്റെ മേളം മുഴുവനായി ആസ്വദിക്കാന്‍ പെരുവനം പൂരത്തിനു പോകണം എന്നു പറയാറുണ്ട് പലരും.........എന്നലും എനിക്കു പെരുവനം പൂരത്തിലെ ഏറ്റവും ഇഷ്ടപ്പെടുന്ന മേളം ഊരകത്തമ്മ തിരുവടിയുടെ എഴുന്നള്ളിപ്പില്‍ 170ല് പ‍രം കലാകരന്മാര്‍ ചെറുശ്ശേരിയുടെ നേതൃത്വത്തില്‍ അണിനിരക്കുന്ന പാണ്ടിമേളം ആണ്..........പിന്നെ വെളുപ്പിന് നടക്കുന്ന വിളക്കെഴു
ന്നള്ളിപ്പിലെ കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തിലെ മേളവും ആണ്..........



തറയ്ക്കല്‍ പൂരം

പെരുവനം പൂ
രം കഴിഞ്ഞ് രണ്ടാം നാള്‍ മകം നക്ഷത്ര ത്തിലാണ് മേള പ്രസിദ്ധമായ തറയ്ക്കല്‍ പൂരം....... അന്നേ ദിവസം രാവിലെ ആറാട്ടുപുഴ ശാസ്താവ് പിടിക്കപ്പറമ്പ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി നിലപാട് നില്‍കുന്ന ചടങ്ങുണ്ട്.........അവിടെ നിലപാടു നില്‍കുന്ന ചാത്തക്കുടം ശാസ്താവിനോട് ഉപചാരം ചൊല്ലല്‍, ആനയോട്ടം,ചാലുകീറല്‍,ചാടിക്കൊട്ട്,പറ സ്വീകരിക്കല്‍ എന്നിവക്കു ശേഷം തിരിച്ച് ക്ഷേത്രത്തിലെത്തി സന്ധ്യയോടെ ഒമ്പത് ആനകളുടെ അകമ്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കുന്നു........തറയ്ക്കല്‍ പൂരത്തിന്റെ പ്രശസ്തമായ
പാണ്ടിമേളം അതിന്റെ പെരുമയിലേക്കെത്തുമ്പോളെക്കും , പടിഞ്ഞാറു നിന്നു ഊരകത്തമ്മയും, തെക്കുനിന്നു തോട്ടിപ്പാള്‍ ഭഗവതിയും എഴുന്നള്ളുന്നു. ഊരകത്തമ്മക്ക് മേളവും, തോട്ടിപ്പാള്‍ ഭഗവതിക്ക് പഞ്ചവാദ്യവും ആണ് പതിവ്..........കൂട്ട പറനിറക്കല്‍ എന്ന ചടങ്ങും ഇന്നെ ദിവസം ആണ്........ശേഷം ഊരകത്തമ്മക്ക് ഉപചാരം ചൊല്ലി തിരിച്ച് ക്ഷേത്രത്തിലെത്തി ശാസ്താവ് പിഷാരിക്കല്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നു... പിഷാരിക്കല്‍ ക്ഷേത്രത്തില്‍ ശാസ്താവിനെ ഇറക്കിയെഴുന്നള്ളിക്കുന്നു.........


ആറാട്ടുപുഴ പൂരം ദിവസം രാവിലെ ശാസ്താവിനെ പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നിന്നു തോട്ടിപ്പാള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും, അവിടെ പണ്ടുകാലത്ത് ആനയോട്ടം ഉണ്ടായിരുന്നെന്നും, ആദ്യം എത്തുന്ന ആന ഏതു ക്ഷേത്രത്തിലെ ആണോ അവര്‍ക്ക് അവില്‍പ്പറ നല്‍കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നത്രെ.........എന്നാല്‍ ഇന്നു ആനയോട്ടം ഇല്ല, പകരം ഓരോ വര്‍ഷവും ഓരോ ക്ഷേത്രക്കാര്‍ക്ക് അവില്‍പ്പറ നല്‍കുന്നു.........തോട്ടിപ്പാള്‍ പൂരത്തിനു ശേഷം വൈകുന്നേരത്തോടെ ആറാട്ടുപുഴ ശാസ്താവ്, ചാത്തക്കുടം ശാസ്താവിനൊപ്പം ആറാട്ടുപുഴക്ക് പോകുന്നു........
ഉപചാരം ചൊല്ലലിനും,
നിത്യപൂജകള്‍ക്കും ശേഷം ഭൂമിയിലെ ദേവമേളക്ക് ആതിഥേയത്വം വഹിക്കാ
നായി ആറാട്ടുപുഴ ശാസ്താവ് സര്‍വ്വാഭരണ വിഭൂഷിതനായി പുറത്തേക്കെഴുന്നള്ളുമ്പോളേക്കും, 15ഗജവീരന്മാരുടെ അകമ്പടിയില്‍ ശിവസുന്ദറിന്റെ പുറത്തേറി നില്‍ക്കുന്ന ഇഷ്ടദേവന്റെ തിടമ്പും,കോലവും കൈപ്പന്തത്തിന്റെ കണ്ണഞ്ചിപ്പി
ക്കുന്ന ജ്വാലയില്‍ പൊന്‍പ്രഭ ചൊരിയുന്ന കാ‍ഴ്ച കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യമടയാനെത്തിയ ഭക്തജന സഹസ്രങ്ങളെകൊണ്ട് ആറാട്ടുപുഴയിലെ പൂരപ്പാടം നിറഞ്ഞിരിക്കും.........എഴുന്നള്ളിപ്പ് നിരക്കുന്നതോടെ വിശ്വപ്രസിദ്ധമായ പാഞ്ചാരി
മേളം തുടങ്ങുകയായി.........പെരുവനത്തിന്റെ മേല്‍നോട്ടത്തില്‍ പ്രശസ്തരായ 250ലധികം വാദ്യകലാകാരന്മാര്‍ ഒരേമനസ്സായി മേളത്തിന്റെ പ്രപഞ്ചസീമകള്‍ ലംഘിക്കുന്ന ആ അസുലഭ മുഹൂര്‍ത്തങ്ങള്‍, അല്ല മണിക്കൂറുകള്‍ വാക്കുകള്‍ക്കും,വരികള്‍ക്കും അപ്പുറം അനുഭവിച്ചു തന്നെ അറിയേണ്ടതാണ്........തുടര്‍ന്ന് വെടിക്കെട്ടിനു ശേഷം തൃപ്രയാര്‍ തേവര്‍ കൈതവളപ്പില്‍ എത്തിയിട്ടുണ്ടോ എന്നറിയാനായി ഏഴുകണ്ടം വരെ എഴുന്നള്ളുന്ന ചടങ്ങുണ്ട്.........മടങ്ങി എത്തുന്നതോടെ എടക്കുനി ഭഗവതിയുടെ പൂരം തുടങ്ങുകയും, ഭഗവതിയുടെ സാന്നിദ്ധ്യത്തില്‍ ചാത്തകുടം ശാസ്താവിനെ നിലപാടു നി
ല്‍ക്കുന്ന ചുമതല ഏല്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയും ചെയ്യുന്നു.....കേളത്തിന്റെ പ്രമാണത്തിലുള്ള എടക്കുനി ഭഗവതിയുടെ മേളവും ഗംഭീരമാണ്.........

ആറാട്ടുപുഴ ശാസ്താവ് നിലപാട് തറയില്‍ തിരിച്ചെത്തുന്നതോടെ ദേവി ദേവന്‍മാരുടെ പൂരങ്ങള്‍ ഓരോന്നായി പൂരപ്പാടത്തേ
ക്ക് എഴുന്നള്ളുകയായി..........തുടര്‍ന്ന് കൂട്ടിയെഴുന്നള്ളിപ്പ് വരെ പാണ്ടി-പാഞ്ചാരി മേളങ്ങളുടെയും, പഞ്ചവാദ്യത്തിന്റേയും താള-വാദ്യ പ്രപഞ്ചം അവിടെ മഹാസാഗരമായി അലയടിക്കും.......

ദേവ സംഗമം എന്ന കൂട്ടിയെഴുന്നള്ളിപ്പ്

ആറാട്ടുപുഴ പൂരം നാളില്‍ അര്‍ദ്ധരാത്രി ചോതി നക്ഷത്രം ഉച്ചസ്ഥാനീയനായാല്‍ ദേവസംഗമത്തിന് അധ്യക്ഷത വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ കൈതവളപ്പിലെത്തും. കൈതവളപ്പുവരെ തേവര്‍ക്ക് 11ആനകളുടെ അകമ്പടിയില്‍ പഞ്ചവാദ്യവും, തുടര്‍ന്ന് 21ആനകളോടെ പാണ്ടിമേളവും ആണ്..........മേളം കലാശിക്കുന്നതോടെ ഇടതു ഭാഗത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മത്തിരുവടിയും, വലതുഭാഗത്ത് ചേര്‍പ്പ് ഭഗവതിയും അണിനിരക്കുന്നു..........ആറാട്ടുപുഴ പൂരം ദിവസം അര്‍ദ്ധ്രരാത്രി മുത

ല്‍ മന്ദാരക്കടവില്‍ ഗംഗാദേവിയുടെ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം, അതുകൊണ്ടു തന്നെ ദേവി-ദേവന്മാര്‍ക്കെല്ലാം മന്ദാരക്കടവില്‍ ഇറക്കിയെഴുന്നള്ളിപ്പും, ആറാട്ടും ഉണ്ട്......ഇത്രയധികം ദേവീ-ദേവന്മാരും, ഭക്തജനങ്ങളും പങ്കെടുക്കുന്ന പരമ പവിത്രമായ ആറാട്ട് മറ്റെങ്ങും ഉണ്ടാകുമെന്നു

തോന്നുന്നില്ല.........

ആറാട്ടിനു ശേഷം ആതിഥേയനായ ആ‍റാട്ടുപുഴ ശാസ്താവ് യാത്രയാകുന്ന ദേവീ-ദേവന്മാര്‍ക്ക് ഓചാരം ചൊല്ലുന്ന ചടങ്ങാണ്..........ഊരക

ത്തമ്മക്കും,ചേര്‍പ്പ് ഭഗവതിക്കും,തൃപ്രയാര്‍ തേവര്‍ക്കും ശാസ്താവ് ഏഴുകണ്ടം വരെ അകമ്പടിപോവുകയും, അവിടെ വെച്ച് അടുത്ത വര്‍ഷത്തെ പൂരത്തിന്റെ തിയ്യതി ദേവസ്വം പ്രതിനിധി വിളംബരം ചെയ്യുകയും ചെയ്യുന്നു........ഗ്രാമത്തിന്റെ രക്ഷക്കായി ആറാട്ടുപുഴ ശാസ്താവ് ഗ്രാമം ചുറ്റുന്ന ഗ്രാമബലി എന്നൊരു ചടങ്ങുണ്ട്.......പിന്നീട് കൊടി ഇറക്കുന്നതോടെ പൂരത്തിന്റെ എല്ലാ ചടങ്ങുകളും ശുഭം.



ആചാരങ്ങള്‍ കൊണ്ടും, അനുഷ്ടാനങ്ങള്‍ കൊണ്ടും സമ്പന്നമായ ആറാട്ടുപുഴ പൂരത്തിന്റെ ചടങ്ങുകള്‍ മുഴുവനായി മനസ്സിലാക്കാനോ, അനുഭവിച്ചറിയാനോ എനിക്ക് സാധിച്ചിട്ടില്ല.....മനസ്സിലാക്കിയ വളരെ കുറച്ചു കാര്യങ്ങള്‍ പോലും മുഴുവനായി ഇവിടെ എഴുതി ഫലിപ്പിക്കാനും എനിക്കായിട്ടില്ല....അതുകൊണ്ട് തന്നെ ഇവിടെ എഴുതിയ കാര്യങ്ങള്‍ ആ വലിയ പൂരത്തെ കുറിച്ചുള്ള ചെറിയ വിവരണം മാത്രം.........ഇതു തന്നെ വിശാലമനസ്കരായ പലരോടും അന്വേഷിച്ച്, അവരുടെ അറിവുകള്‍ പങ്കുവെച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടേയും, മറ്റു ലേഖനങ്ങളുടെയും, നമ്മടെ ചെറിയ അനുഭവങ്ങളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വിവരണമാണ്.........അഭിപ്രായങ്ങള്‍ അറിയിക്കും എന്ന പ്രതീക്ഷയോടെ..........നന്ദി.........