Friday, March 20, 2009

അന്നു ആ സന്ധ്യയില്‍........

അന്നു ആ സന്ധ്യയില്‍........

ഈ ഇരുട്ടുമുറിയുടെ കോണില്‍ നിര്‍വികാരനായ് ഇരിക്കുമ്പോള്‍, എനിക്കു കേള്‍ക്കാം അവളുടെ പൊട്ടിചിരിയുടെ മനം കുളിര്‍പ്പിക്കുന്ന ശബ്ദം. ഇരുമ്പഴി വാതിലിനുള്ളിലൂടെ എന്നെ നോക്കുന്ന എല്ലാ കണ്ണുകള്‍ക്കും അവളുടെ കണ്ണുകളിലെ തിളക്കം.

എന്നെ മടിയിലേക്കു ചായ്ച്ച് താരാട്ടുപാടുന്ന ഈ ഇരുട്ടിനോട് എനിക്കൊരു കഥ പറയാനുണ്ട്. നിറക്കൂട്ടുകളില്‍ നെയ്തുകൂട്ടിയ സ്വപ്നങ്ങളെ കടലിന്റെ നെഞ്ചോടൊതുക്കിയ ഒരു പ്രിയ കൂട്ടുകാരിയുടെ കഥ.

ഞങ്ങളുടെ പ്രിയപ്പെട്ട ആ കടല്‍ക്കരയിലിരിക്കുമ്പോള്‍ ഒരോ സായാഹ്നവും, ഞങ്ങള്‍ക്കോരോ ജന്മങ്ങളായിരുന്നു. ഓരൊ തവണ അവളെന്നെ നോക്കി ചിരിക്കുമ്പോഴും, അവളുടെ പ്രണയത്തിന്റെ ഭാഷ കൂടുതല്‍ ലളിതമായെനിക്കു തോന്നിയിരുന്നു. ഒരു നിമിഷം പോലും , ചുണ്ടില്‍ ചെറുപുഞ്ചിരിയില്ലാതെ ഞാനവളെ കണ്ടിട്ടില്ല.

അന്ന് ആ സന്ധ്യയില്‍ തിരക്കൊഴിഞ്ഞ കടല്‍ക്കരയില്‍ ഞങ്ങളേറെ നേരം വെറുതെയിരുന്നു. അവളെന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി, എന്നിട്ട് പതിയെ പറഞ്ഞു നിന്റെ കണ്ണിലെ ഈ തിളക്കം, അതിന്റെ പ്രകാശത്തിലൂടെ ഞാന്‍ നിന്റെ മനസ്സിനെ കാണുന്നു, അറിയുന്നു. ദാ, അവിടെ നിറയെ ഞാനാണ്, ഞാന്‍ മാത്രെയുള്ളൂ.... നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു, എന്തിനാ നീയെന്നെ ഇത്രത്തോളം സ്നേഹിക്കുന്നത്....എന്നോട് ഇത്രമാത്രം ആത്മാര്‍ത്ഥത കാണിക്കുന്നത്.....ഞാന്‍........ഞാന്‍ നിന്നെ ഉപേക്ഷിച്ചാലോ........! സത്യത്തില്‍ അവളുടെ ആ നിഷ്കളങ്ക ചോദ്യങ്ങള്‍ക്കൊന്നും എന്റെ പക്കല്‍ ഉത്തരമില്ലായിരുന്നു. എങ്കിലും എന്നിലേക്കു തുളച്ചിറങ്ങിയ അവളുടെ കണ്ണുകളിലേക്കു നോക്കി ഞാന്‍ പറഞ്ഞു, “ നീ കള്ളം പറയുന്നു, ഒരിക്കലും നീയെന്നെ ഉപേക്ഷിച്ചു പോവില്ല.....നിനക്കതിനാവില്ല..........”

പെട്ടെന്നവള്‍ അവളുടെ കണ്ണുകളെ എന്നില്‍ നിന്നും പിന്‍വലിച്ചു. കടലിന്റെ നെഞ്ചില്‍ ആര്‍ത്തുല്ലസിക്കുന്ന തിരമാലകളെ നോക്കി പറഞ്ഞു........” ഇല്ലെടാ, നിനക്കെന്നെ അറിയില്ല, നിന്നെ ഞാന്‍ തനിച്ചാക്കി പോകും......എനിക്കറിയാം ഞാന്‍ പോയാല്‍ എന്നോടുള്ള സ്നേഹം നിന്നെ ഭ്രാന്തനാക്കും, നിന്നിലെ ഭ്രാന്തന്‍ എന്നെ പിന്നേയും സ്നേഹിക്കും....... ആ സ്നേഹം നിന്നെ എന്റെ അരികിലേക്കെത്തിക്കും, പിന്നൊരിക്കലും നിന്നെ ഞാന്‍ തനിച്ചാക്കില്ല............”

അവളുടെ മുഖത്തുനിന്നും പുഞ്ചിരി പതിയെ അകലുന്നതു ഞാനറിഞ്ഞു. “എടോ, എന്താ താനിങ്ങനൊക്കെ പറയുന്നത്.....” ഒരു ദീര്‍ഘനിശ്വാസത്തോടുകൂടി ഞാന്‍ ചോദിച്ചു. വീണ്ടും അവളെന്നെ നോക്കി, തുടുത്ത കൈകളാല്‍ എന്റെ കവിളില്‍ പതിയെ തലോടി......എന്നിട്ടു ഒരു നിശ്വാ‍സത്തോടെ പറഞ്ഞു “ നിനക്കു വേണ്ടി എനിക്കിതു ചെയ്തെ പറ്റൂ......ഇല്ലെങ്കില്‍ നിന്നെ എനിക്കു നഷ്ടപ്പെടും.......അതെനിക്കു വയ്യ.......” മുഴുവനാക്കും മുമ്പെ അവളുടെ ശബ്ദം ഇടറിയിരുന്നു, കണ്ണില്‍ നിന്നൊരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞു......

പെട്ടെന്ന് അവളെണീറ്റു നടന്നു, നടന്നുകൊണ്ടേയിരുന്നു. ഒരിക്കല്‍ പോലും അവളെന്നെ തിരിഞ്ഞു നോക്കിയില്ല. കടലിന്റെ നെഞ്ചിലേക്കവള്‍ ഒരു തിരമാലയെപ്പോലെ അവളലിഞ്ഞു ചേര്‍ന്നപ്പോഴും , ഒന്നും മിണ്ടാനാവാതെ, അവളുടെ അരികിലേക്കു ഓടിയടുക്കാനാവാതെ, ഞാനിരുന്നു. എന്റെ നാക്കും, കൈകാലുകളും തളര്‍ന്നിരുന്നു.

പിന്നീടെപ്പൊഴോ ഈ ഭ്രാന്താശുപത്രിയിലെ ഇരുട്ടുമുറിയുടെ നാലു ചുമരുകള്‍‍ക്കുള്ളില്‍ , ആ ഇടനാഴിയുടെ വാതില്‍ തുറക്കുന്നതും കാത്ത്, വരാന്തയിലെ ഓരോ കാല്‍ചുവടുകള്‍‍ക്കും കാതോര്‍ത്തിരിക്കുകയാണ്.

പക്ഷെ എനിക്കിപ്പോഴും മനസ്സിലാവുന്നില്ല........എന്തിനുവേണ്ടിയാണ്, അവളെന്നെ തനിച്ചാക്കിയത്......? അവള്‍ക്കിനിയുമെന്നോടെന്തൊക്കെയോ പറയാനുണ്ടായിരുന്നു.......പാവം.......ആ കടല്‍ക്കരയില്‍ എന്നെയും കാത്ത്........അവള്‍ തനിച്ചു.............